Friday, August 22, 2008

കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്നവന്‌

ടാറ്റ ഉൾപ്പെടെയുള്ള വൻകിടക്കാർ കൈവശം വച്ചിരിക്കുന്ന ഭൂമിയും ഹാരിസൺ പ്ലാന്റേഷൻ ഉൾപ്പെടെ തോട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും തിരിച്ചുപിടിച്ച്‌ ഭൂരഹിത കർഷകതൊഴിലാളികൾക്കും നാമമാത്രഭൂമിയുള്ള മണ്ണിൽപ്പണിയെടുക്കുന്ന കർഷകർക്കും വിതരണം ചെയ്യുന്നതിനുവേണ്ടി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ഒന്നിച്ചണിനിരന്ന് പോരാടുന്നതിനുവേണ്ടി സകല പുരോഗമന ശക്‌തികളും തയ്യാറാകണമെന്ന് പ്രേരണ ബഹ്‌റൈൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മൂന്നാർ ഒഴിപ്പിക്കൽ തുടങ്ങിവച്ചുകൊണ്ട്‌ മുഖ്യമന്ത്രി ശ്രീ. അച്ചുതാനന്ദൻ നടത്തിയ പ്രഖ്യാപനങ്ങൾ വെറും വാചകമടിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. മണ്ണിൽ പണിയെടുക്കുന്നവന്‌ കൃഷിയ്ക്കായി ഭൂമി ലഭ്യമാക്കുന്നത്‌ അരാജകത്വമാണെന്ന് ഭരിക്കുന്ന പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു. ഭൂമി മാഫിയാകളും റിയൽ എസ്റ്റേറ്റ്‌ മാഫിയാകളും ഭീകരരൂപത്തിൽ വളർന്ന് ഭൂമി കുത്തകവത്കരിക്കുമ്പോൾ താഴ്‌ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കും വീടുവയ്ക്കുന്നതിനുവേണ്ടിയുള്ള ഒരുതുണ്ട്‌ സ്ഥലത്തിന്‌ ഭീമമായ തുക ഇടാനിലക്കാർ വഴി നല്‌കേണ്ടി വരുന്നു എന്ന യാഥാർത്ഥ്യം ഭരണപക്ഷ പാർട്ടികൾ കണ്ടില്ലെന്ന് നടിക്കുന്നു. സെസ്സിന്റെ പേരിൽ ഭൂമി തട്ടിയെടുക്കുവാൻ റിയൽ എസ്റ്റേറ്റ്‌ മാഫിയ നടത്തുന്ന ഉദ്യമങ്ങൾക്ക്‌ ഒത്താശ ചെയ്‌തുകൊടുക്കുംവിധമാണ്‌ സർക്കാർ നടപടികൾ. വൻകിട വ്യവസായങ്ങളുടെ മറവിൽ മണ്ണിൽപ്പണിയെടുക്കുന്ന കർഷകരെയും കർഷകതൊഴിലാളികളെയും ആട്ടിയോടിക്കുന്ന മനുഷ്യത്വഹീനമായ നടപടികളെക്കുറിച്ച്‌ മുഖ്യധാരാ ഇടതുപക്ഷ കമ്യൂണിസ്റ്റ്‌ പ്രവർത്തകരെങ്കിലും ആത്മവിചിന്തനം നടത്തേണ്ടതാണ്‌. ഭൂരഹിതരോ നാമമാത്രഭൂമിയുള്ളതോ ആയ ആദിവാസി, ദളിത്‌, മറ്റ്‌ കീഴാളജനവിഭാഗങ്ങളും തോട്ടം തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടാക്കി പ്രശ്നം ഗുരുതരമാക്കാനുള്ള ശ്രമവും നടക്കുന്നു. തോട്ടങ്ങൾ ദേശസാത്കരിച്ചോ ഭൂപരിധിയിൽ കവിഞ്ഞ തോട്ടങ്ങൾ ഏറ്റെടുത്ത്‌ തോട്ടം തൊഴിലാളികളുടെ സഹകരണസംഘങ്ങൾക്ക്‌ നല്‌കിയോ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ്‌ സർക്കാർ ശ്രമിക്കേണ്ടത്‌. പതിറ്റാണ്ടുകൾ നീണ്ട സമരത്തിലൂടെ ജന്മിത്വം അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും കൃഷിഭൂമിയുടെ അവകാശം മണ്ണിൽ പണിയെടുക്കുന്നവനും, ഇനിയും പിടിച്ചെടുത്തിട്ടില്ലാത്ത പ്രഖ്യാപിത മിച്ചഭൂമി മുഴുവൻ കണ്ടെത്തി വിതരണം ചെയ്യാനും മൂന്നുസെന്റും ഒരു കൂരയും എന്ന തട്ടിപ്പിന്‌ ഇരയാകാതിരിക്കാൻ ശക്‌തമായ ജനകീയ പ്രതികരണം ഉണ്ടാക്കുന്നതിന്‌ സകല പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അണിനിരക്കണമെന്ന് പ്രേരണ അതിന്റെ പ്രമേയത്തിലൂടെ അഭ്യർത്ഥിക്കുന്നു.

Saturday, August 16, 2008

ബ്ലോഗ് ക്ലാസ്

ബ്ലോഗിനെക്കുറിച്ചും ബ്ലോഗ് തുടങ്ങുന്നതും സംബന്ധിച്ചും നാളെ ( 17.08.08 ഞായറാഴ്ച) പ്രേരണ ഹാളില്‍ ക്ലാസ് നടത്തപ്പെടുന്നു. ബ്ലോഗിനെക്കുറിച്ച് കൂടുതല്‍ അറിയാനും സ്വന്തമായി ബ്ലോഗ് തുടങ്ങാനും ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
സമയം രാത്രി 8 മണി മുതല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : 39643309

Thursday, August 14, 2008

മടക്കയാത്ര - അലറല്‍

കടമ്മനിട്ട കാവ്യോത്സവത്തില്‍ നിന്നും മറ്റ് രണ്ടു കവിതകള്‍:

മടക്കയാത്ര
മൊയ്‌തീന്‍‌കായണ്ണ


മക്കളെ നിങ്ങളുടെ അച്ഛന്‍
കുടുംബത്തെ പച്ച പിടിപ്പിക്കാന്‍
ഒത്തിരി വേദന സഹിച്ചൊരാള്‍
വീണ്ടും യാത്ര പോകുന്നു
ഇനിയില്ല ഒരു മടക്കയാത്ര
എന്നു കരുതിയ ഒരു മൂഢന്‍

ജനിച്ചു വളര്‍‌ന്ന നാടിന്ന്
വെറുമൊരു അതിഥിയായ്
ആര്‍‌ക്കും വേണ്ടാത്ത ഓട്ട നാണയമായ്
സഹികെട്ടു വീണ്ടും യാത്ര പോകുന്നു

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്
ആദ്യമായ് യാത്ര തിരിക്കവെ
കരഞ്ഞു തളര്‍‌ന്ന അമ്മയിന്ന്
എയര്‍‌പോര്‍‌ട്ടിലേക്കുള്ള യാത്രയ്‌ക്ക്
സാരിയുടെ കളര്‍‌തിരയുകയാണ്.

ശത്രുക്കളായ് മൂട്ടയുണ്ടെങ്കിലും
ഉറങ്ങുവാനാകും മക്കളെ
നാട്ടിലെ പുഴയൊക്കെ
ദിശതെറ്റി ഒഴുകുന്നു
മക്കളെ നിങ്ങള്‍ സ്വയം കാക്കുക
അച്‌ഛന്‍‌ വീണ്ടും യാത്ര പോകുന്നു.



അലറല്‍
സജ്ജീവ് കടവനാട്


രാത്രി ഉറങ്ങാന്‍ ‌കിടക്കുമ്പോഴും
ടിക് ടിക്കെന്ന് മിടിച്ചിരുന്നതാണ്
രാവിലെ നേരത്തിന്
വിളിച്ചുണര്‍‌ത്താഞ്ഞപ്പോള്‍
കട്ടിലോട് കട്ടിലുരുമ്മിക്കിടന്ന
കിടപ്പറയിലെ
കന്യാകുമാരിക്കാരന്‍ ‌പങ്കാളി
തെല്ലമര്‍‌ഷത്തോടെ
ബാറ്ററി വീക്കാണെന്ന്
പല്ലിറുമ്മി പ്രസ്‌താവിച്ച്
ആപ്പീസിലേക്കിറങ്ങി

പ്രഭാതത്തില്‍നിന്നു
പ്രദോഷത്തിലേക്കോടിപ്പോകുന്ന
ആകാശപാതയിലെ
ഓട്ടക്കാരന്‍‌ പയ്യനൊരിക്കല്‍
നിശ്ചലനാകുന്നത് സ്വപ്‌നം കണ്ടു.

മഞ്ഞുരുകി
മലയുടെ വേര്‍‌പ്പുചാലായൊലിച്ച്
മലയന്റെ, പുലയന്റെ കുടിനീരായി
സമുദ്രത്തിലലിയുന്ന
നാണം കുണുങ്ങി പെണ്ണൊരിക്കല്‍
നിശ്ചലയാകുന്നത് സ്വപ്‌നം കണ്ടു.

നഗരത്തില്‍നിന്ന്
നഗരത്തിലേക്കൊഴുകുന്ന
സമയത്തിന്റെ
അതിവേഗ പാതയൊരിക്കല്‍
നിശ്ചലയാകുന്നത് സ്വപ്‌നം കണ്ടു.

സ്വപ്‌നം കണ്ട്
സ്വപ്‌നം കണ്ട് ഉറങ്ങവെ
ഉറക്കറപ്പങ്കാളി
വിരസമായ ആവര്‍ത്തനത്തിന്റെ
ഒരു ജോലിദിനം കൂടി പിന്നിട്ട്
കിടപ്പറയില്‍ ‌തിരിച്ചെത്തി
കയ്യിലെ കൊച്ചു ബാറ്ററി
തിരിച്ചും മറിച്ചും സ്ഥാപിച്ചു
അനക്ക മില്ലെന്നുറപ്പാക്കി
പതുക്കെയെന്നെ പൊക്കിയെടുത്ത്
പാതയരികിലെ
അളിഞ്ഞു നാറുന്ന
കുപ്പതൊട്ടിയിലേക്കെറിഞ്ഞ്
പതിയെ തിരിഞ്ഞു നടന്നു പോയ്.

Monday, August 11, 2008

പ്രേരണ സർഗ്ഗവേദി

ബഹ്‌റൈൻ പ്രേരണ എഴുത്തുകാരുടെയും വായനക്കാരുടെയും ഒത്തുകൂടലിനായി സർഗ്ഗവേദി രൂപീകരിച്ചു. 07.08.08 വ്യാഴാഴ്ച പ്രേരണ ഹാളിൽ കൂടിയ യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി ശ്രീ. ബിജു.എം. സതീഷാണ്‌ 'സർഗ്ഗവേദി' ഉദ്ഘാടനം ചെയ്‌തത്‌. തുടർന്ന് മോഹൻ പുത്തൻചിറയും പ്രദീപ്‌ ആഡൂരും സ്വന്തം രചനകൾ അവതരിപ്പിച്ചു. തുടർന്ന് സമകാലിക കവിതകൾ വായിക്കുകയും അവയെക്കുറിച്ച്‌ ചർച്ച നടത്തുകയും ചെയ്‌തു. സർഗ്ഗവേദിയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും:
എഴുത്ത്, വായന, ചിന്ത, അന്വേഷണം, പ്രകാശനം എന്നിവയാണ് പ്രേരണ സര്‍‌ഗ്ഗവേദി എന്ന കൂട്ടായ്‌മയിലൂടെ ലക്ഷ്യമാക്കുന്നത്.

സര്‍‌ഗ്ഗാത്മക രചനകള്‍ നടത്തുന്ന ബഹറിനിലുള്ള മലയാളികള്‍ ഒത്തുകൂടുകയും തങ്ങളുടെ രചനകള്‍ ചര്‍‌ച്ച ചെയ്യുകയും ചെയ്യുക.

സമകാലീന സാഹിത്യം കൂട്ടായിരുന്നു വായിക്കുകയും ചര്‍‌ച്ച ചെയ്യുകയും ചെയ്യുക.

ആനുകാലിക ലോകത്തിന്റെ സൂക്‌ഷ്‌മ നേര്‍ക്കാഴ്‌ചകള്‍ക്ക് കൂട്ടായ പരിശ്രമം.

വ്യവസ്ഥാപിത ചട്ടക്കൂടുകളെ വിമര്‍‌ശനാത്‌മകമായ രീതിയില്‍ വിചിന്തനം ചെയ്യുക.

കൂട്ടായ വായനക്കായുള്ള വായനക്കൂട്ടം.

മുന്‍‌കുട്ടി നിശ്ചയിച്ച ഒരു പ്രത്യയശാസ്‌ത്ര ചട്ടക്കൂട്ടില്‍ നില്‍ക്കാതെ അന്വേഷണത്തിലൂടെ കാഴ്‌ചവട്ടം വിസ്‌താരപ്പെടുത്തുക.

ചിന്തകളേയും അന്വേഷണങ്ങളേയും സര്‍‌ഗ്ഗാത്‌മക രചനകളേയും പ്രകാശിപ്പിക്കാന്‍ പ്രേരണബ്ലോഗ്ഗ് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക.

കവിയരങ്ങും കഥയരങ്ങും നടത്തുക.

ഇതര ഭാഷയിലുള്ള സര്‍‌ഗ്ഗാത്‌മക രചനകള്‍ പരിചയപ്പെടുത്തുകയും വിവര്‍‌ത്തനം ചെയ്യുകയും ചെയ്യുക,

കുട്ടികളുടെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക.

പ്രേരണ സര്‍‌ഗ്ഗവേദിയുടെ മുന്നോട്ടുള്ള ഗതി മുന്‍‌നിശ്ചയങ്ങളാല്‍യാന്ത്രികമായിപ്പോകാതെ ആത്മവിമര്‍‌ശനത്തിന്റെയും ആത്മപരിശോധനയുടേയും ഇടവേളകള്‍ക്ക് ഈ കൂട്ടത്തെ വിധേയമാക്കിക്കൊണ്ടിരിക്കണം.

ഇത് ചലനാത്മകമാകണമെന്നതാണ് പരമ പ്രധാനമായ മാര്‍‌ഗ്ഗവും ലക്ഷ്യവും.


തുടർന്നു വരുന്ന ആഴ്ചകളിൽ സർഗ്ഗവേദിയുടെ പരിപാടികൾ:
14.08.08 - വ്യാഴം രാത്രി 8.00 മണി
ആധുനിക സാഹിത്യചരിത്രം
ചർച്ച - നയിക്കുന്നത്‌ - ശ്രീ. അനിൽ

21.08.08 - വ്യാഴം രാത്രി 8.00 മണി
ബഷീർ വായന - കഥ - മാന്ത്രികപ്പൂച്ച
വായിക്കുന്നത്‌ - നയൻതാര
തുടർന്ന് ചർച്ച

28.08.08 - വ്യാഴം രാത്രി 8.00 മണി
ബ്ലോഗ്‌ സാഹിത്യ ചർച്ച

Friday, August 1, 2008

കവിതകള്‍ - നായാട്ട് - ഒരു കാറ്റിന്റെ കഥ

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട കവിതകള്‍

നായാട്ട്
കവിത കെ. കെ.


ഇരുണ്ട കാനനം
അയഞ്ഞ കടിഞ്ഞാ-
ണമര്‍‌ഷമശ്വങ്ങള്‍
ചുരമാന്തുന്നു

ഇരയാണെനിക്ക്
ഭയമാണെന്റെ
നിഴലു പോലും
വളഞ്ഞിരിക്കുന്നു

ഭയമാണ് പുറകിലിരുട്ടാ
ണവിടെയമ്പിന്‍
മുനത്തിളക്കം

പുറകിലെപ്പോഴാ-
ണമ്പുതറച്ചതെന്നെ-
ക്കൊടിയ വേദന
യെതിരേല്‍‌ക്കുന്നത്
ഭയമാണ്

തണലില്‍‌ തളര്‍‌ച്ചയാറ്റാന്‍
ഇലകള്‍ക്കിടയിലൂ-
ടരിച്ചെത്തും വെളിച്ചവും
ഇവിടെയെന്നെ
ക്കാട്ടിക്കൊടുക്കും.

കുതിച്ചിടുമ്പോള്‍
ഹൃദയമിടിപ്പിന്റെ
ഗതിവേഗം തടയുന്നോ ?
തളരുന്നുവോ മനം
വിഫലമോ

ഇരയല്ല നായാടി
യെന്നറിയുമ്പോള്‍
കുതിക്കയാണു കാമന
ഏതൊരിരയ്‌ക്കു പിമ്പെ ?

ഇവിടെ ഞാനെന്റെ
ശക്തിയറിയുന്നു

തളരുമിരയെ കടന്നെടുത്ത്
മുരളും കാമന
കുടഞ്ഞെറിയുന്നു

ഭയമാണുള്ളിലിരുട്ടാണവിടെ
ഇരയായ്, വേടനായ് ഞാ-
നൊരു കുതിക്കാ
യോങ്ങിയിരിപ്പൂ

ഭയമെന്റെ മിഥ്യാ കവചം
അപ്പടം പൊഴിക്കാനു-
മെനിക്കു ഭയം.


ഒരു കാറ്റിന്റെ കഥ
രാജു ഇരിങ്ങല്‍

ഒരു കാറ്റു വന്നപ്പോഴാണ്
തലയിലെ ഇലയനങ്ങിയത്
ഒരു ഇലയനങ്ങിയപ്പോഴാണ്
ഇരകളെല്ലാം ഓടി മാളത്തിലൊളിച്ചത്

ഒരു മാളം തുരന്നപ്പോളാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ ‌തടഞ്ഞത്.
ഒരു മനുഷ്യന്റേതാകാം
ഒരു കാട്ടു മൃഗത്തിന്റേതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്റെ തെളിവുകളാകാം

കടലിന് തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില് ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍‌ന്നൊരു കിളി എത്തുന്നു
കഥ പറയാനോ
അയവിറക്കാനോ

ഏതോ രാക്ഷസന്റെ ഊതലില്‍‌നിന്ന് ഉറ പൊട്ടിയ
നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതി കുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളം കണ്ടെത്തിയ പോലെ

ഇന്നു മാത്രമല്ലേ...
ഒരു സഹായമല്ലേ...
കരുണയല്ലേ...
എന്നേ കരുതിയുള്ളൂ

തളര്‍‌ന്നിരിക്കാനൊരു ദിവസമെങ്കിലും വേണമല്ലോ
ചാഞ്ഞ കൊമ്പിലല്ലേ കൂടൊരുക്കാന്‍‌പറ്റൂ....

നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങനെ പറയും ?
അറിയാതെ പറന്നെത്തി എന്റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ ?
അതോ തിരിച്ചു പോകാന്‍ ‌വഴിയറിയുമോ ?

ഉപ്പു വെള്ളത്തില്‍‌ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്‌പിക്കാന്‍ ‌കഴിയില്ല
ആയതിനാല്
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍‌ ഞാന്‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടെ....