ഇ.പി. അനില്‍ കുമാര്‍ പ്രേരണയുടെ ഹിരോഷിമാ നാഗസാക്കി ദിന അനുസ്മരനത്തിന് നടത്തിയ പ്രഭാഷണം
ഹിരോഷിമയും നാഗസാക്കിയും ലോകത്തിന്റെ മുന്നില്‍ വരച്ചുകാട്ടുന്നതെന്ത്? അതിന്റെ പിന്നിലെ രാഷ്ട്രീയം എന്ത്? ഇതാണ് ഞാന്‍ പറായാന്‍ ശ്രമിക്കുന്നത്. ദൈനം ദിനം ഇടപെട്ടുകൊണ്ടിരിക്കുന്ന പല പ്രക്രിയകളുടേയും പിന്നില്‍ രാഷ്ട്രീയമുണ്ട്. നാമ്മളിന്ത്യക്കാര്‍ ഇന്ത്യയില്‍ വച്ച് ഒരു പെപ്സി കുടിച്ചാല്‍, നാം ഇന്ത്യയിലെ കരിമ്പുകൃഷിക്കാരെ, മധുരനാരങ്ങ കൃഷിക്കാരെ വറുചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് മാറ്റുകയാണെന്ന് തിരിച്ചറിയിന്നത് ഒരു രാഷ്ട്രീയമാണ്. നാം കാശുകൊടുക്കുന്നത് ഒരു വിഷ വസ്തു കുടിക്കാനാണ് എന്നും, ആ കാശ് ഒരു വിഷസര്‍പ്പത്തെ പാലൂട്ടുന്നു എന്നും നാം തിരിച്ചറിയണം. ഇതു തന്നെയാണ് നാം ഒരു ലൈഫ്ബോയ് സോപ്പ് വാങ്ങുമ്പോഴും സംഭവിക്കുന്നത്. ലൈഫ് ബോയ് സോപ്പ് ഉപയോഗിച്ചാല്‍ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ ലക്ഷോപലക്ഷം കുടില്‍ വ്യവസായികളുടെ ജീവനോപാധിയായ സോപ്പുവ്യവസായം തകരുമെന്നും പകരം ഹിന്ദുസ്ഥാന്‍ ലീവര്‍ എന്ന സാമ്രാജ്യത്വ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ആസ്തി പലമടങ്ങു വര്‍ദ്ധിക്കുമെന്നും തിരിച്ചറിയുന്നത് ഒരു ശരിയായ രാഷ്ട്രീയ ബോധത്തിന്റെ ഭാഗമാണ്.
ചരിത്രം പരിശോധിച്ചാല്‍ സ്വകാര്യസ്വത്ത് ഉണ്ടാകാന്‍ തുടങ്ങിയതുമുതല്‍ക്കാണ് മനുഷ്യന്‍ യുദ്ധം ചെയ്യാന്‍ തുടങ്ങിയത് എന്ന് മനസ്സിലാകും. സ്വകാര്യ സ്വത്ത് സ്വന്തമാക്കാന്‍ വേണ്ടി, അധികാരം പിടിച്ചെടുക്കാന്‍ അതിന്റെ ഭാഗമായ സംസ്ക്കാരങ്ങളെ കീഴടക്കാന്‍ വേണ്ടിയൊക്കെയാണ് വിവിധ കാലഘട്ടങ്ങളില്‍ യുദ്ധങ്ങള്‍ ഉണ്ടായത്. അത് ട്രോജന്‍ യുദ്ധമാണെങ്കിലും ചെങ്കിസ്ഖാന്റെ യുദ്ധങ്ങളാണെങ്കിലും അലക്സാണ്ടറുടെ പടയോട്ടമാണെങ്കിലും കുരിശുയുദ്ധങ്ങളാണെങ്കിലും എല്ലാം അധികാരം പിടിച്ചെടുക്കാനും സ്വത്ത് കൈക്കലാക്കാനുമുള്ള അഭിലാഷത്തിന്റെ ഭാഗമായിരുന്നു. 1867-ല്‍ ലോകത്തിലെ എറ്റവും വലിയ രാഷ്ട്രീയക്കാരന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു മഹാന്‍ തന്റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതി "യുദ്ധം ഒരു കൊടും വഞ്ചനയാണ്" എന്ന്. ആധുനിക യുഗത്തില്‍ ലോകം കണ്ട ഏറ്റവും വലിയ രണ്ടു കൊടും വഞ്ചനകളാണ് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍.
രണ്ടാം ലോകമഹായുദ്ധാവസാനം 1945 ഏപ്രില്‍ മാസത്തോടെ ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ ചേരി പരാജയപ്പെട്ട് പിന്‍വാങ്ങാന്‍ തുടങ്ങി. പരാജയം സമ്മതിച്ച ജപ്പാന്റെ മേലാണ് അമേരിക്ക ആണവായുധം പ്രയോഗിച്ചത്. അതിനവര്‍ പറഞ്ഞ ന്യായം തങ്ങളുടെ പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചു എന്നാണ്. ഹെഗല്‍ പറഞ്ഞ ഒരു വാചകമുണ്ട്. "ലോകത്തിലെ എല്ലാതെറ്റുകളും ചെയ്യുന്നത് ശരിയെന്നു തോന്നിക്കുന്ന ഒരു ന്യായീകരണത്തോടൊപ്പമാണ്". അങ്ങനെ യുദ്ധത്തിന്റെ തികച്ചും അനാവശ്യമായ ഒരു ഘട്ടത്തില്‍ അമേരിക്ക ജപ്പാന്റെ മേല്‍ നിഷ്ഠൂരമായ അണുബോംബ് പ്രയോഗം നടത്തിയത് എന്തിനാണ്? യുദ്ധവിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സോവിയറ്റ് യൂണിയനും അവരുടെ പ്രത്യയശാസ്ത്രവും കൊണ്ട് പോകും എന്നതാണ് അതിനു പ്രേരിപ്പിച്ച ഒരു ഘടകം. യഥാര്‍ഥത്തില്‍ യുദ്ധത്തില്‍ നിന്ന് മാറിനിന്ന ഒരു രാജ്യമാണ് അമേരിക്ക. യുദ്ധത്തില്‍ നിന്ന് മാറിനിന്നുകൊണ്ട് യുദ്ധോപകരണങ്ങളുടെ വില്‍പനയുടെ വന്‍പിച്ച ലാഭം കൊയ്തെടുക്കാനുള്ള അവസരമായി അമേരിക്ക ഈ യുദ്ധത്തെ ഉപയോഗപ്പെടുത്തി. ഈ യുദ്ധത്തിനുശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി അമേരിക്ക ഉയര്‍ന്നു വരുന്നത്. തങ്ങളുടെ സൈന്യത്തെ രക്തസാക്ഷികളാക്കാതെ ലോകത്തെ കൊള്ളയടിക്കാന്‍ രണ്ടാം ലോക മഹായുദ്ധത്തെ ഉപയോഗിച്ച രഷ്ട്രമാണ് അമേരിക്ക.
അമേരിക്കയുടെ ക്രൂരത ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. .എന്തുകൊണ്ടാണ് ലോകസാമ്രാജ്യവം യുദ്ധത്തോട് ഇത്രയധികം താല്‍പര്യം കാണിക്കുന്നത്?
ഇതു മനസ്സിലാക്കാന്‍ ആ മഹാനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ 1867 ലെഴുതിയ പുസ്തകത്തെ സൂചിപ്പികേണ്ടതുണ്ട്. 1867 ല്‍ ലോകമുതലാളിത്തം സാമ്രാജ്യത്വമായി വികസിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.; മൂലധനത്തിന്റെ ലാഭം പത്തുശതമാനമാണെങ്കില്‍ അതു വ്യാപരിക്കും. വാസ്കോഡിഗാമ മൂലധനത്തുന്റെ 10% കിട്ടുമെന്ന ധാരണയിലാണ് ഇന്ത്യലെത്തിയത്. ലാഭം 20% മാണെങ്കില്‍ ആര്‍ത്തി മൂക്കും. ലാഭം 50% മാണെങ്കില്‍ ഏതു സാഹസികതക്കും മുതിരും. ലാഭം 100% മാണെങ്കില്‍ എല്ലാ മാനുഷിക മൂല്യങ്ങളേയും അവര്‍ പിച്ചിചീന്തും. ലാഭം മുന്നൂറു ശതമാനത്തിനു മുകളിലാണെങ്കില്‍ ലോകത്ത് ഏതു പേകൂത്തു കാണികാനും ആരെയും കഴുവേറ്റാനും യുദ്ധവും കൊള്ളിവയ്പും കൊലപാതകവും നടത്താനും മൂലധനത്തിന്റെ ഉടമകള്‍ തയ്യാറാവും.കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടയില്‍ 20 രാജ്യങ്ങളെ അമെരിക്ക ആക്രമിച്ച് കീഴടക്കി. 50 രാജ്യങ്ങളെ ഭീഷണികളിലൂടെയും മറ്റും അവരുടെ കക്ഷികളാക്കി മാറ്റി. ഇത് ലാഭത്തിന്റെ അടിസ്ഥാനത്തിലാണ്. 300% ത്തിലധികം ലാഭം യുദ്ധത്തില്‍ നിന്നും കിട്ടുന്നു എന്നുള്ളത് കൊണ്ട് അമേരിക്ക ഈ പ്രക്രിയ യഥേഷ്ടം തുടര്‍ന്നു കൊണ്ടിരിക്കുന്നു. അമേരിക്ക യുദ്ധത്തിലൂടെ കീഴടക്കിയ രാജ്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ അതു നീണ്ടതാണ്. ആ രാജ്യങ്ങളിലുണ്ടായ ഭീകരത വിവരണാതീതമാണ്. ഉദാഹരണമായി ചിലിയുടെ കാര്യം നോക്കാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെമ്പുഖനിയുള്ള രാജ്യമാണ് ചിലി. ഈ ഖാനികളുടെ ഉടമസ്ഥര്‍ ബ്രിട്ടീഷ്, അമേരിക്കന്‍ മുതലാളിമാരായിരുന്നു. അവിടെ അധികാരത്തില്‍ വന്ന സാല്‍വദോര്‍ അലന്‍ഡേയുടെ ഗവര്‍ണ്‍മന്റ് ചെമ്പുഖനികള്‍ ദേശസാല്‌ക്കരിച്ചു. ഇതു രസിക്കാത്ത അമേരിക്കന്‍, ബ്രിട്ടിഷ് മുതലാളിമാര്‍ക്കുവേണ്ടി അമേരിക്ക പട്ടാളത്തെ അയച്ച് അലന്‍ഡെയെ വെടിവച്ചു കൊന്നു. അദ്ദേഹത്തെ മാത്രമല്ല അദ്ദേഹത്തിന് എല്ലാ പിന്തുണയും കൊടുത്ത നെരൂദ എന്ന മഹാനയ കവിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. അമേരിക്കയുടെ ഈ പ്രവര്‍ത്തികള്‍ക്കെല്ലാം നേതൃത്വം കൊടുത്തത് പിനാഷെ എന്ന പിന്തിരിപ്പന്‍ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. അയാള്‍ ചിലിയിലെ മൂന്നു ലക്ഷം കമ്മ്യൂണിസ്റ്റ്കാരെ കൊന്നൊടുക്കി. പക്ഷേ മൂന്നുലക്ഷം പേരെ കൊന്നൊടുക്കിയ പിനാഷെയെ ആരും തൂക്കിലേറ്റിയില്ല. എല്ലാ സുഖ സൗകര്യങ്ങളോടും 94 വയസ്സുവരെ അയാള്‍ക്ക് ഇംഗ്ലണ്ടില്‍കഴിയാനുള്ള സൗകര്യം ബ്രിട്ടീഷ് അമേരിക്കന്‍ ഗവര്‍ണ്മേന്റുകള്‍ ചെയ്തുകൊടുത്തു.
2
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത് യുദ്ധോപകരണങ്ങള്‍ക്ക് വേണ്ടിയാണ്. ലോകത്താകമാനമുള്ള 650 കോടി ജനങ്ങളില്‍ 250 കോടി ആളുകളുടേയും വരുമാനം 2 ഡോളറിനു താഴെയാണ്. എന്നുപറഞ്ഞാല്‍ ദിവസവും വയറുനിറച്ചുണ്ണാനുള്ള വരുമാനം ഇവര്‍ക്കില്ല എന്നര്‍ഥം. 130 കോടി ജനങ്ങള്‍ക്ക് കുടിവെള്ളം കൂടി കിട്ടുന്നില്ല. ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. ഇങ്ങനെ ലോകത്തെ ഭൂരിഭാഗം വരുന്ന ജനത മുഴുപ്പട്ടിണിക്കാരും അരപ്പട്ടിണിക്കാരുമായിക്കഴിയുമ്പോള്‍ കോടിക്കണക്കിനു രൂപ ലോകരാജ്യങ്ങള്‍ യുദ്ധോപകരണാങ്ങള്‍ക്കായി ചിലവിടുന്നു. ഇങ്ങനെ ചിലവാക്കുന്ന ഒരു വര്‍ഷത്തെ തുക മാത്രം മാറ്റിവച്ചാല്‍ ലോകത്തിലെ മുഴുവനാളുകള്‍ക്കും ഭക്ഷണം, വസ്ത്രം, വീട് തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ പണം കണ്ടെത്താമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. അമേരിക്ക മാത്രം ഒരു വര്‍ഷം യുദ്ധോപകരണങ്ങള്‍ക്കായി ചെലവാക്കുന്നത് 59000 കോടി ഡോളറാണ്. എന്തിനധികം പറയുന്നു, ലോകത്താകെ 159 രാജ്യങ്ങളാണുള്ളത്. അതില്‍ ജീവിത നിലവര സൂചികയുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 129 ആണ്. ഇന്ത്യയേക്കാള്‍ താഴെ 30 രാജ്യങ്ങള്‍ മാത്രമാണുള്ളത്. ലോകത്തിലേറ്റവും കൂടുതല്‍ പട്ടിണിയനുഭവിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന രാജ്യമാണിന്ത്യ. ഇക്കാര്യത്തില്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഉഗാണ്ടായ്ക്കും എത്യോപ്യക്കും സോമാലിയയ്ക്കും ബംഗ്ലാദേശിനുമടുത്താണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഏറ്റവും കൂടുതല്‍ തുക യുദ്ധ സാമഗ്രികള്‍ വാങ്ങാന്‍ ചിലവഴിക്കുന്നരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പതാമത്തേതാണ്. എന്തിനാണ് നമ്മുടെ രാജ്യം ഇത്രയധികം തുക യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനായി ചെലവാക്കുന്നത്. കഴിഞ്ഞ ബഡ്‌ജറ്റില്‍ ഇന്ത്യാ ഗവര്‍ണ്‍മന്റ് യുദ്ധോപകരണങ്ങള്‍ക്കായി മാറ്റിവച്ചത് തൊണ്ണൂറായിരം കോടി രൂപയാണ്. ഇത്രയും തുക യുദ്ധസാമഗ്രികള്‍ക്കായി മാറ്റിവയ്ക്കുമ്പോള്‍ 65% വരുന്ന ഇന്ത്യയിലെ കൃഷിക്കാര്‍ക്ക് സബ്‌സിഡിക്കു വേണ്ടി മാറ്റിവച്ചത് 8000 കോടി രൂപയാണ്. നിങ്ങള്‍ നിങ്ങളുടെ കുടുംബ വരുമനത്തില്‍ 23% നിങ്ങളുടെ അയല്‌ക്കാരനെ ആക്രമിക്കാന്‍ കത്തി വാങ്ങാന്‍ ചെലവാക്കുമ്പോള്‍ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി വെറും 2% ചെലവാക്കുകയും ചെയ്താല്‍ ആ കുടുംബത്തിന്റെ സ്ഥിതി എന്തായിരിക്കും. ഇതു തന്നെയാണ് ഇന്ത്യയുടെ സ്ഥിതി. ബഡ്‌ജറ്റ് തുകയുടെ 23% യുദ്ധോപകരണങ്ങള്‍ വാങ്ങാനും 2% വിദ്യാഭ്യാസത്തിനും 2% ത്തിനടുത്ത് ആരോഗ്യത്തിനും മാറ്റിവയ്ക്കുന്നു.
എന്തിനാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ യുദ്ധോപകരണങ്ങളുടെ കാര്യത്തില്‍ ഇത്രയധികം താല്‍പര്യം കാണിക്കുന്നതെന്നറിയാന്‍ വിഷമമില്ല. ബോഫോഴ്‌സ് അതിനൊരു തെളിവാണ്. തെഹല്‌ക്ക മറ്റൊരു തെളിവാണ്. ഇപ്പോള്‍ നമ്മുടെ പ്രതിരോധ മന്ത്രി പറയുന്നു, നമ്മുടെ പ്രതിരോധ ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന്. അതിനാല്‍ നമ്മുടെ പ്രതിരോധ മേഖല സ്വകാര്യവല്‍ക്കരിക്കണമെന്ന്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നുപറയുന്നതിനു തുല്യമാണിത്. നോക്കൂ നമ്മുടെ ഭരണാധിപന്മാര്‍ എങ്ങനെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കുന്നതെന്ന്.
ലോകത്ത് ഉല്‍പാദിപ്പിക്കുന്ന യുദ്ധോപകരണങ്ങളില്‍ 50%നവും ഉല്‍പാദിപ്പിക്കുന്നത് അമേരിക്കയിലാണ്. ഈയിടെ ജി. സി. സി. രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയ കോണ്ടലിസ റൈസ് 6300 കോടി ഡോളറിന്റെ ആയുധ വില്‍പനയ്ക്ക് ഗള്‍ഫ് രാജ്യങ്ങളുമായി ഉടമ്പടി ഉണ്ടാക്കി. ഇറാന്‍ ശക്തി പ്രാപിക്കുന്നത് പ്രതിരോധിക്കാനെന്നാണ് ന്യായം. യഥാര്‍ഥത്തില്‍ 6300 കോടി ഡോളറിന്റെ ആയുധ കച്ചവടം അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനികള്‍ക്ക് ഒപ്പിച്ചുകൊടുക്കുന്ന പണിയാണ് സ്റ്റേറ്റ് സെക്രട്ടറി ചെയ്‌തത്. ഇറാക്കില്‍ ഒരു മിനിട്ടില്‍ അമേരിക്ക ചെലവാക്കുന്നത് 2.5 ലക്ഷം ഡോളറാണ്. ഇതിനര്‍ഥം അമേരിക്കന്‍ കമ്പനികളുടെ 2.5 ലക്ഷം ആയുധങ്ങള്‍ ഒരു മിനിറ്റില്‍ വിറ്റുപോകുന്നു എന്നാണ്.
ഇറാക്കില്‍ യുദ്ധം ചെയ്യുന്നത് ആയുധങ്ങള്‍ വിറ്റുപോകാന്‍ വേണ്ടി മാത്രമല്ല. ഇറാക്കിലെ പെട്രോളിയം സമ്പത്ത് കൈക്കലാക്കാനും ഒപ്പം യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ ജലസമ്പത്ത് കൊള്ളയടിക്കാനുമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധം വെള്ളത്തിനു വേണ്ടിയായിരിക്കും എന്ന് വ്യക്തമായിക്കഴിഞ്ഞു.
ലോകത്തെ മുഴുവന്‍ യുദ്ധത്തിന്റെ പാതയിലേക്ക് നയിക്കേണ്ടത് മൂലധനശക്തികളുടെ ആവശ്യമാണ്. കാരണം അതിന് ലാഭം കുന്നു കൂട്ടാന്‍ യുദ്ധം ആവശ്യമാണ്. യുദ്ധമില്ലാതെ മുന്നോട്ടു പോകാന്‍ സമ്രാജ്യത്വത്തിന് കഴിയില്ല. ഇത്തരം വഞ്ചനാപരമായ നയസമീപനം വച്ചുപുലര്‍ത്തുന്ന, ലോകത്തെ മുഴുവന്‍ യുദ്ധത്തിലേക്ക് തള്ളിവിടുന്ന അമേരികയുമായി സന്ധി ചെയ്യുന്ന നയ സമീപനമാണ് ഇന്ത്യന്‍ ഭരണകൂടം കൈകൊള്ളുന്നത്.
മുന്‍ കാലങ്ങളിലെ ഇന്ത്യന്‍ വിദേശ നയം പരിശോധിച്ചാല്‍ അമേരിക്കന്‍ സാമ്രാജ്യത്വ ചേരിക്കെതിരെ നിലപാടുകളെടുത്ത പാരമ്പര്യമാണ് ഇന്ത്യക്കുണ്ടായിരുന്നത്. നിര്‍ണ്ണായക ഘട്ടങ്ങളിലൊക്കെ ഇന്ത്യയെ ചതിച്ച പാരമ്പര്യമാണ് അമേരിക്കക്കുമുള്ളത്.
1971 ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അമേരിക്ക അവരുടെ യു.എസ് എന്റര്‍പ്രൈസെസ് എന്ന കപ്പല്‍ വ്യൂഹത്തെ ഇന്ത്യന്‍ സമുദ്രത്തിലേക്കയച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സമീപനം കൈക്കൊണ്ടു. സോവിയറ്റ് യൂണിയന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കപ്പല്‍പട പിന്‍ വാങ്ങിയത്. കാശ്മീരിലും പഞ്ചാബിലും തീവ്രവാദശക്തികള്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നത് അമേരിക്കയാണ്. ഇന്ത്യയ്ക്ക് ക്രയോജനിക്ക് എഞ്ചിന്‍ നല്‍കാന്‍ റഷ്യ തുനിഞ്ഞപ്പോള്‍ അതു തടഞ്ഞത് അമേരിക്കയാണ്. ഇറാനില്‍ നിന്ന് പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതിക്ക് ഇന്ത്യ ശ്രമിചപ്പോള്‍ അതു തടയുക മാത്രമല്ല, ഈ പൈപ്പുലൈന്‍ പദ്ധതിക്കു വേണ്ടി ശ്രമിച്ച മണിശങ്കര അയ്യരില്‍ നിന്ന് വകുപ്പ് തങ്ങളുടെ സ്വാധീനമുപയോഗിച്ച് മാറ്റുവാനും അമേരിക്കക്ക് കഴിഞ്ഞു. അമേരികന്‍ ചായ്‌വ് പുലര്‍ത്താത്തവര്‍ക്ക് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല എന്ന നിലയാണിന്നുള്ളത്. നട്‌വര്‍ സിംഗ് മന്ത്രിസഭയില്‍ നിന്നു മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നു തന്നെ പുറത്തായി. ഇന്ത്യന്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കുമ്പോള്‍ അമേരിക്ക സന്ദര്‍ശിച്ച ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ വച്ച് അടിവസ്ത്രം വരെ ഉരിഞ്ഞ് പരിശോധിച്ചു. ഇത്രയു നീചമായും അവഹേളനപരമായും അമേരിക്കന്‍ ഭരണകൂടം ഇന്ത്യയോട് പെരുമാറുമ്പോള്‍ നമ്മുടെ ഭരാധികാരികള്‍ എടുക്കുന്ന സമീപനം എന്താണ്. അണോവോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന കപ്പല്‍ മദ്രാസ് തുറമുഖത്ത് നങ്കൂരമിടാന്‍ ഇന്ത്യ അനുമതികൊടുത്തത് അടുത്ത കാലത്ത് നടന്ന സംഭവമാണ്. നമ്മുടെ പ്രതിരോധ മന്ത്രിയെ സുരക്ഷാകാരണങ്ങളാല്‍ അടിവസ്ത്രം വരെ ഊരി പരിശോധിച്ചു നമ്മളോ, ഇന്ത്യയില്‍ നങ്കൂരമിട്ട കപ്പലിലെ അമേരിക്കന്‍ സൈനീകര്‍ക്ക് ചെന്നൈയില്‍ യാതൊരു രേഖകളുമില്ലാതെ സ്വൈരവിഹാരം നടത്താന്‍ അനുവാദം കൊടുത്തു. നമ്മുടെ ഭരണകൂടം ഇപ്പോഴും സാമ്രാജ്യത്വ ദാസന്മാര്‍തന്നെ എന്നല്ലേ ഇതു കാണിക്കുന്നത്.
ഏറ്റവും അവസാനമയി വണ്‍ ടൂ ത്രീ ആണവക്കരാര്‍ പരിശോധിച്ചാല്‍ എന്താണ് കാണുന്നത്? ഈ കരാര്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടിനെ തകര്‍ക്കുന്നതാണ്. ദക്ഷിണേഷ്യയിലെ അസ്ഥിരത വര്‍ദ്ധിപ്പിക്കുക എന്ന അമേരിക്കന്‍ അജണ്ടയാണ് കരാറിനു പിന്നിലുള്ളത്. ഇറാനെ ഒറ്റപ്പെടുത്തുക എന്ന അമേരിക്കന്‍ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണ് ഈ കരാറിലൂടെ ഇന്ത്യ ചെയ്യുന്നത്. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും ചേരിചേരാ നയവും ഇല്ലാതാക്കുന്ന ഈ കരാര്‍ ഇന്ത്യ ഇന്നുവരെ തുടര്‍ന്നുപോന്ന നയങ്ങള്‍ക്കെതിരാണ്. ഈ കരാറിനെക്കുറിച്ച് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ വോട്ടെടുപ്പു പാടില്ല എന്നു പറയുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ നോക്കുകുത്തിയാക്കി നിര്‍ത്തുന്നതിന് തുല്യമാണ്.
ഇന്ത്യന്‍ ഭരണാധികാരികള്‍ മുട്ടുമടക്കി നട്ടെല്ലുവളച്ച് സാമ്രാജ്യത്വ ദാശന്മാരായി നില്‍ക്കുമ്പോള്‍ ക്യൂബ, വെനിസ്വേല തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സാമ്രാജ്യത്തിനു മുന്നില്‍ ചോദ്യചിഹ്നമയി ഉയര്‍ന്നു നില്‍ക്കുന്നു.
ഹ്യൂഗോ ഷാവേസ് എന്ന ഭരണാധികാരി തന്റെ രാജ്യത്തിലെ പെട്രോള്‍ ഖാനികളെല്ലാം ദേശസാല്‍ക്കരിക്കുകയും ഐ. എം.എഫിനോടും വേള്‍ഡ് ബാങ്കിനോടും രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. രാജ്യം വിടുന്നതിനു മുന്‍പ് തങ്ങള്‍ക്ക് 390 കോടി ഡോളറിന്റെ നഷ്ടപരിഹാരം തരണമെന്ന് അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ മുഖത്തുനോക്കി പറയുവാനുള്ള തന്റേടമാണ് വെനുസ്വേലയിലെ ഈ ജനനായകന്‍ കാണിച്ചത്. അമേരിക്കന്‍ അധിനിവേശത്തിനിരയായ അഫ്ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെ ശക്തമായ ചെറുത്തുനില്‍പാണ് നാം കാണുന്നത്. അമേരിക്ക പ്രതീക്ഷിക്കാത്ത തരത്തില്‍ തിരിച്ചടികള്‍ ഇവിടന്നൊക്കെ അവര്‍ നേരിടുന്നു.
സാമ്രാജ്യത്വം എന്നത് ഭീകരമായ ഒരു ചങ്ങലയാണ്. എന്നാല്‍ ഏതൊരു ചങ്ങലയുടേയും ഒരു കണ്ണിക്ക് ക്ഷതം വന്നാല്‍ പിന്നെ ചങ്ങലകൊണ്ട് കാര്യമില്ല. സാമ്രജ്യത്വ ചങ്ങലയുടെ പല കണ്ണികള്‍ക്കും ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുന്നു. സമ്രാജ്യത്വത്തെ കീഴ്‌പ്പെടുത്താന്‍ ലോകത്തിലെ പീഡനമനുഭവിക്കുന്ന ജനതക്ക് സാധിക്കും എന്നതില്‍ സംശയമില്ല. യുദ്ധം സാമ്രാജ്യത്വ സൃഷ്ടിയായതുകൊണ്ടുതന്നെ യുദ്ധ വിരുദ്ധ പോരാട്ടമെന്നാല്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണ്. സാമ്രാജ്യത്വം ഇല്ലാത്ത ഒരു അവസ്ഥയ്ക്കേ യുദ്ധമില്ലാത്ത ലോകം സൃഷ്ടിക്കാന്‍ കഴിയൂ. അത്തരം ഒരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തില്‍ ഇത്തരം അനുസ്മരണങ്ങളും ചര്‍ച്ചകളും മുതല്‍ കൂട്ടുതന്നെയാണ്. ഇത്തരം കൂട്ടായ്മകള്‍ സാമ്രജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ അണിനിരക്കാന്‍ സാധരണക്കാരന് ഊര്‍ജ്ജം പകരുകയും ചെയ്യും. തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ കൂട്ടായ്‌മയ്ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ്.
Wednesday, September 5, 2007
Monday, September 3, 2007
ഓണാഘോഷം തൊഴിലാളികള്‍ ക്കൊപ്പം
മുഖ്യധാര സാംസ്കാരിക സംഘടനകളൊക്കെ ഓണമൊരുങ്ങുന്നത് ഉപരിവര്‍ഗ്ഗത്തിനുവേണ്ടിയും മദ്ധ്യവര്‍ഗ്ഗത്തിനും വേണ്ടിയാകുമ്പോള്‍ സാധാരണ തൊഴിലാളികള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ഓണം ആഘോഷിച്ച് അവരുടെ സന്തോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രേരണ അതിന്റെ ഓണാഘോഷം സ്മരണീയവും വ്യത്യസ്തവുമാക്കി.
30.08.07 വ്യാഴാഴ്ച രാത്രി 8 മണിക്ക് സനദിലുള്ള അല്‍നാമല്‍ ലേബര്‍ ക്യാമ്പിലായിരുന്നു പ്രേരണയുടെ ഓണാഘോഷപരിപാടികള്‍ നടന്നത്. ലളിതഗാനങ്ങള്‍: നാടകഗാനങ്ങള്‍ ആന്റണ്‍ ചെക്കോവിന്റെ പുകയിലയുടെ മാരകഫലങ്ങള്‍ എന്ന നാടകം: നാടന്‍പാട്ടുകള്‍ എന്നിവയായിരുന്നു പ്രധാനപരിപാടികള്‍.
വെറും കേള്‍വിക്കാരോ കാഴ്ചക്കാരൊ ആയി മാറാതെ പരിപാടികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടാണ്‍½ കലാസ്നേഹികളായ ആ തൊഴിലാളികള്‍ പ്രേരണയോട് സഹകരിച്ചത്. ഇത്തരം പരിപാടികള്‍ ഇനിയും നടത്തുവാന്‍ അത് പ്രേരണയ്ക്ക് അളവില്ലാത്ത പ്രചോദനമാകുന്നു.
Subscribe to:
Posts (Atom)