Wednesday, September 5, 2007

ഹിരോഷിമയും നാഗസാക്കിയും നല്‍കുന്ന പാഠങ്ങള്‍

ഇ.പി. അനില്‍ കുമാര്‍ പ്രേരണയുടെ ഹിരോഷിമാ നാഗസാക്കി ദിന അനുസ്മരനത്തിന്‌ നടത്തിയ പ്രഭാഷണം

ഹിരോഷിമയും നാഗസാക്കിയും ലോകത്തിന്റെ മുന്നില്‍ വരച്ചുകാട്ടുന്നതെന്ത്‌? അതിന്റെ പിന്നിലെ രാഷ്ട്രീയം എന്ത്‌? ഇതാണ്‌ ഞാന്‍ പറായാന്‍ ശ്രമിക്കുന്നത്‌. ദൈനം ദിനം ഇടപെട്ടുകൊണ്ടിരിക്കുന്ന പല പ്രക്രിയകളുടേയും പിന്നില്‍ രാഷ്ട്രീയമുണ്ട്‌. നാമ്മളിന്ത്യക്കാര്‍ ഇന്ത്യയില്‍ വച്ച്‌ ഒരു പെപ്സി കുടിച്ചാല്‍, നാം ഇന്ത്യയിലെ കരിമ്പുകൃഷിക്കാരെ, മധുരനാരങ്ങ കൃഷിക്കാരെ വറുചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക്‌ മാറ്റുകയാണെന്ന് തിരിച്ചറിയിന്നത്‌ ഒരു രാഷ്ട്രീയമാണ്‌. നാം കാശുകൊടുക്കുന്നത്‌ ഒരു വിഷ വസ്തു കുടിക്കാനാണ്‌ എന്നും, ആ കാശ്‌ ഒരു വിഷസര്‍പ്പത്തെ പാലൂട്ടുന്നു എന്നും നാം തിരിച്ചറിയണം. ഇതു തന്നെയാണ്‌ നാം ഒരു ലൈഫ്ബോയ്‌ സോപ്പ്‌ വാങ്ങുമ്പോഴും സംഭവിക്കുന്നത്‌. ലൈഫ്‌ ബോയ്‌ സോപ്പ്‌ ഉപയോഗിച്ചാല്‍ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ ലക്ഷോപലക്ഷം കുടില്‍ വ്യവസായികളുടെ ജീവനോപാധിയായ സോപ്പുവ്യവസായം തകരുമെന്നും പകരം ഹിന്ദുസ്ഥാന്‍ ലീവര്‍ എന്ന സാമ്രാജ്യത്വ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ആസ്തി പലമടങ്ങു വര്‍ദ്ധിക്കുമെന്നും തിരിച്ചറിയുന്നത്‌ ഒരു ശരിയായ രാഷ്ട്രീയ ബോധത്തിന്റെ ഭാഗമാണ്‌.
ചരിത്രം പരിശോധിച്ചാല്‍ സ്വകാര്യസ്വത്ത്‌ ഉണ്ടാകാന്‍ തുടങ്ങിയതുമുതല്‍ക്കാണ്‌ മനുഷ്യന്‍ യുദ്ധം ചെയ്യാന്‍ തുടങ്ങിയത്‌ എന്ന് മനസ്സിലാകും. സ്വകാര്യ സ്വത്ത്‌ സ്വന്തമാക്കാന്‍ വേണ്ടി, അധികാരം പിടിച്ചെടുക്കാന്‍ അതിന്റെ ഭാഗമായ സംസ്ക്കാരങ്ങളെ കീഴടക്കാന്‍ വേണ്ടിയൊക്കെയാണ്‌ വിവിധ കാലഘട്ടങ്ങളില്‍ യുദ്ധങ്ങള്‍ ഉണ്ടായത്‌. അത്‌ ട്രോജന്‍ യുദ്ധമാണെങ്കിലും ചെങ്കിസ്ഖാന്റെ യുദ്ധങ്ങളാണെങ്കിലും അലക്സാണ്ടറുടെ പടയോട്ടമാണെങ്കിലും കുരിശുയുദ്ധങ്ങളാണെങ്കിലും എല്ലാം അധികാരം പിടിച്ചെടുക്കാനും സ്വത്ത്‌ കൈക്കലാക്കാനുമുള്ള അഭിലാഷത്തിന്റെ ഭാഗമായിരുന്നു. 1867-ല്‍ ലോകത്തിലെ എറ്റവും വലിയ രാഷ്ട്രീയക്കാരന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു മഹാന്‍ തന്റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതി "യുദ്ധം ഒരു കൊടും വഞ്ചനയാണ്‌" എന്ന്. ആധുനിക യുഗത്തില്‍ ലോകം കണ്ട ഏറ്റവും വലിയ രണ്ടു കൊടും വഞ്ചനകളാണ്‌ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍.
രണ്ടാം ലോകമഹായുദ്ധാവസാനം 1945 ഏപ്രില്‍ മാസത്തോടെ ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ ചേരി പരാജയപ്പെട്ട്‌ പിന്‍വാങ്ങാന്‍ തുടങ്ങി. പരാജയം സമ്മതിച്ച ജപ്പാന്റെ മേലാണ്‌ അമേരിക്ക ആണവായുധം പ്രയോഗിച്ചത്‌. അതിനവര്‍ പറഞ്ഞ ന്യായം തങ്ങളുടെ പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചു എന്നാണ്‌. ഹെഗല്‍ പറഞ്ഞ ഒരു വാചകമുണ്ട്‌. "ലോകത്തിലെ എല്ലാതെറ്റുകളും ചെയ്യുന്നത്‌ ശരിയെന്നു തോന്നിക്കുന്ന ഒരു ന്യായീകരണത്തോടൊപ്പമാണ്‌". അങ്ങനെ യുദ്ധത്തിന്റെ തികച്ചും അനാവശ്യമായ ഒരു ഘട്ടത്തില്‍ അമേരിക്ക ജപ്പാന്റെ മേല്‍ നിഷ്ഠൂരമായ അണുബോംബ്‌ പ്രയോഗം നടത്തിയത്‌ എന്തിനാണ്‌? യുദ്ധവിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സോവിയറ്റ്‌ യൂണിയനും അവരുടെ പ്രത്യയശാസ്ത്രവും കൊണ്ട്‌ പോകും എന്നതാണ്‌ അതിനു പ്രേരിപ്പിച്ച ഒരു ഘടകം. യഥാര്‍ഥത്തില്‍ യുദ്ധത്തില്‍ നിന്ന് മാറിനിന്ന ഒരു രാജ്യമാണ്‌ അമേരിക്ക. യുദ്ധത്തില്‍ നിന്ന് മാറിനിന്നുകൊണ്ട്‌ യുദ്ധോപകരണങ്ങളുടെ വില്‍പനയുടെ വന്‍പിച്ച ലാഭം കൊയ്തെടുക്കാനുള്ള അവസരമായി അമേരിക്ക ഈ യുദ്ധത്തെ ഉപയോഗപ്പെടുത്തി. ഈ യുദ്ധത്തിനുശേഷമാണ്‌ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി അമേരിക്ക ഉയര്‍ന്നു വരുന്നത്‌. തങ്ങളുടെ സൈന്യത്തെ രക്തസാക്ഷികളാക്കാതെ ലോകത്തെ കൊള്ളയടിക്കാന്‍ രണ്ടാം ലോക മഹായുദ്ധത്തെ ഉപയോഗിച്ച രഷ്ട്രമാണ്‌ അമേരിക്ക.
അമേരിക്കയുടെ ക്രൂരത ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. .എന്തുകൊണ്ടാണ്‌ ലോകസാമ്രാജ്യവം യുദ്ധത്തോട്‌ ഇത്രയധികം താല്‍പര്യം കാണിക്കുന്നത്‌?
ഇതു മനസ്സിലാക്കാന്‍ ആ മഹാനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ 1867 ലെഴുതിയ പുസ്തകത്തെ സൂചിപ്പികേണ്ടതുണ്ട്‌. 1867 ല്‍ ലോകമുതലാളിത്തം സാമ്രാജ്യത്വമായി വികസിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.; മൂലധനത്തിന്റെ ലാഭം പത്തുശതമാനമാണെങ്കില്‍ അതു വ്യാപരിക്കും. വാസ്കോഡിഗാമ മൂലധനത്തുന്റെ 10% കിട്ടുമെന്ന ധാരണയിലാണ്‌ ഇന്ത്യലെത്തിയത്‌. ലാഭം 20% മാണെങ്കില്‍ ആര്‍ത്തി മൂക്കും. ലാഭം 50% മാണെങ്കില്‍ ഏതു സാഹസികതക്കും മുതിരും. ലാഭം 100% മാണെങ്കില്‍ എല്ലാ മാനുഷിക മൂല്യങ്ങളേയും അവര്‍ പിച്ചിചീന്തും. ലാഭം മുന്നൂറു ശതമാനത്തിനു മുകളിലാണെങ്കില്‍ ലോകത്ത്‌ ഏതു പേകൂത്തു കാണികാനും ആരെയും കഴുവേറ്റാനും യുദ്ധവും കൊള്ളിവയ്പും കൊലപാതകവും നടത്താനും മൂലധനത്തിന്റെ ഉടമകള്‍ തയ്യാറാവും.കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടയില്‍ 20 രാജ്യങ്ങളെ അമെരിക്ക ആക്രമിച്ച്‌ കീഴടക്കി. 50 രാജ്യങ്ങളെ ഭീഷണികളിലൂടെയും മറ്റും അവരുടെ കക്ഷികളാക്കി മാറ്റി. ഇത്‌ ലാഭത്തിന്റെ അടിസ്ഥാനത്തിലാണ്‌. 300% ത്തിലധികം ലാഭം യുദ്ധത്തില്‍ നിന്നും കിട്ടുന്നു എന്നുള്ളത്‌ കൊണ്ട്‌ അമേരിക്ക ഈ പ്രക്രിയ യഥേഷ്ടം തുടര്‍ന്നു കൊണ്ടിരിക്കുന്നു. അമേരിക്ക യുദ്ധത്തിലൂടെ കീഴടക്കിയ രാജ്യങ്ങളുടെ കണക്ക്‌ പരിശോധിച്ചാല്‍ അതു നീണ്ടതാണ്‌. ആ രാജ്യങ്ങളിലുണ്ടായ ഭീകരത വിവരണാതീതമാണ്‌. ഉദാഹരണമായി ചിലിയുടെ കാര്യം നോക്കാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെമ്പുഖനിയുള്ള രാജ്യമാണ്‌ ചിലി. ഈ ഖാനികളുടെ ഉടമസ്ഥര്‍ ബ്രിട്ടീഷ്‌, അമേരിക്കന്‍ മുതലാളിമാരായിരുന്നു. അവിടെ അധികാരത്തില്‍ വന്ന സാല്‍വദോര്‍ അലന്‍ഡേയുടെ ഗവര്‍ണ്‍മന്റ്‌ ചെമ്പുഖനികള്‍ ദേശസാല്‌ക്കരിച്ചു. ഇതു രസിക്കാത്ത അമേരിക്കന്‍, ബ്രിട്ടിഷ്‌ മുതലാളിമാര്‍ക്കുവേണ്ടി അമേരിക്ക പട്ടാളത്തെ അയച്ച്‌ അലന്‍ഡെയെ വെടിവച്ചു കൊന്നു. അദ്ദേഹത്തെ മാത്രമല്ല അദ്ദേഹത്തിന്‌ എല്ലാ പിന്തുണയും കൊടുത്ത നെരൂദ എന്ന മഹാനയ കവിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. അമേരിക്കയുടെ ഈ പ്രവര്‍ത്തികള്‍ക്കെല്ലാം നേതൃത്വം കൊടുത്തത്‌ പിനാഷെ എന്ന പിന്തിരിപ്പന്‍ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. അയാള്‍ ചിലിയിലെ മൂന്നു ലക്ഷം കമ്മ്യൂണിസ്റ്റ്കാരെ കൊന്നൊടുക്കി. പക്ഷേ മൂന്നുലക്ഷം പേരെ കൊന്നൊടുക്കിയ പിനാഷെയെ ആരും തൂക്കിലേറ്റിയില്ല. എല്ലാ സുഖ സൗകര്യങ്ങളോടും 94 വയസ്സുവരെ അയാള്‍ക്ക്‌ ഇംഗ്ലണ്ടില്‍കഴിയാനുള്ള സൗകര്യം ബ്രിട്ടീഷ്‌ അമേരിക്കന്‍ ഗവര്‍ണ്മേന്റുകള്‍ ചെയ്തുകൊടുത്തു.

2
ഇന്ന് ലോകത്ത്‌ ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത്‌ യുദ്ധോപകരണങ്ങള്‍ക്ക്‌ വേണ്ടിയാണ്‌. ലോകത്താകമാനമുള്ള 650 കോടി ജനങ്ങളില്‍ 250 കോടി ആളുകളുടേയും വരുമാനം 2 ഡോളറിനു താഴെയാണ്‌. എന്നുപറഞ്ഞാല്‍ ദിവസവും വയറുനിറച്ചുണ്ണാനുള്ള വരുമാനം ഇവര്‍ക്കില്ല എന്നര്‍ഥം. 130 കോടി ജനങ്ങള്‍ക്ക്‌ കുടിവെള്ളം കൂടി കിട്ടുന്നില്ല. ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല. ഇങ്ങനെ ലോകത്തെ ഭൂരിഭാഗം വരുന്ന ജനത മുഴുപ്പട്ടിണിക്കാരും അരപ്പട്ടിണിക്കാരുമായിക്കഴിയുമ്പോള്‍ കോടിക്കണക്കിനു രൂപ ലോകരാജ്യങ്ങള്‍ യുദ്ധോപകരണാങ്ങള്‍ക്കായി ചിലവിടുന്നു. ഇങ്ങനെ ചിലവാക്കുന്ന ഒരു വര്‍ഷത്തെ തുക മാത്രം മാറ്റിവച്ചാല്‍ ലോകത്തിലെ മുഴുവനാളുകള്‍ക്കും ഭക്ഷണം, വസ്ത്രം, വീട്‌ തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ പണം കണ്ടെത്താമെന്നാണ്‌ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്‌. അമേരിക്ക മാത്രം ഒരു വര്‍ഷം യുദ്ധോപകരണങ്ങള്‍ക്കായി ചെലവാക്കുന്നത്‌ 59000 കോടി ഡോളറാണ്‌. എന്തിനധികം പറയുന്നു, ലോകത്താകെ 159 രാജ്യങ്ങളാണുള്ളത്‌. അതില്‍ ജീവിത നിലവര സൂചികയുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 129 ആണ്‌. ഇന്ത്യയേക്കാള്‍ താഴെ 30 രാജ്യങ്ങള്‍ മാത്രമാണുള്ളത്‌. ലോകത്തിലേറ്റവും കൂടുതല്‍ പട്ടിണിയനുഭവിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന രാജ്യമാണിന്ത്യ. ഇക്കാര്യത്തില്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ്‌ ഇന്ത്യയുടെ സ്ഥാനം. ഉഗാണ്ടായ്ക്കും എത്യോപ്യക്കും സോമാലിയയ്ക്കും ബംഗ്ലാദേശിനുമടുത്താണ്‌ ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഏറ്റവും കൂടുതല്‍ തുക യുദ്ധ സാമഗ്രികള്‍ വാങ്ങാന്‍ ചിലവഴിക്കുന്നരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പതാമത്തേതാണ്‌. എന്തിനാണ്‌ നമ്മുടെ രാജ്യം ഇത്രയധികം തുക യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനായി ചെലവാക്കുന്നത്‌. കഴിഞ്ഞ ബഡ്‌ജറ്റില്‍ ഇന്ത്യാ ഗവര്‍ണ്‍മന്റ്‌ യുദ്ധോപകരണങ്ങള്‍ക്കായി മാറ്റിവച്ചത്‌ തൊണ്ണൂറായിരം കോടി രൂപയാണ്‌. ഇത്രയും തുക യുദ്ധസാമഗ്രികള്‍ക്കായി മാറ്റിവയ്ക്കുമ്പോള്‍ 65% വരുന്ന ഇന്ത്യയിലെ കൃഷിക്കാര്‍ക്ക്‌ സബ്‌സിഡിക്കു വേണ്ടി മാറ്റിവച്ചത്‌ 8000 കോടി രൂപയാണ്‌. നിങ്ങള്‍ നിങ്ങളുടെ കുടുംബ വരുമനത്തില്‍ 23% നിങ്ങളുടെ അയല്‌ക്കാരനെ ആക്രമിക്കാന്‍ കത്തി വാങ്ങാന്‍ ചെലവാക്കുമ്പോള്‍ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി വെറും 2% ചെലവാക്കുകയും ചെയ്താല്‍ ആ കുടുംബത്തിന്റെ സ്ഥിതി എന്തായിരിക്കും. ഇതു തന്നെയാണ്‌ ഇന്ത്യയുടെ സ്ഥിതി. ബഡ്‌ജറ്റ്‌ തുകയുടെ 23% യുദ്ധോപകരണങ്ങള്‍ വാങ്ങാനും 2% വിദ്യാഭ്യാസത്തിനും 2% ത്തിനടുത്ത്‌ ആരോഗ്യത്തിനും മാറ്റിവയ്ക്കുന്നു.
എന്തിനാണ്‌ ഇന്ത്യന്‍ ഭരണാധികാരികള്‍ യുദ്ധോപകരണങ്ങളുടെ കാര്യത്തില്‍ ഇത്രയധികം താല്‍പര്യം കാണിക്കുന്നതെന്നറിയാന്‍ വിഷമമില്ല. ബോഫോഴ്‌സ്‌ അതിനൊരു തെളിവാണ്‌. തെഹല്‌ക്ക മറ്റൊരു തെളിവാണ്‌. ഇപ്പോള്‍ നമ്മുടെ പ്രതിരോധ മന്ത്രി പറയുന്നു, നമ്മുടെ പ്രതിരോധ ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന്. അതിനാല്‍ നമ്മുടെ പ്രതിരോധ മേഖല സ്വകാര്യവല്‍ക്കരിക്കണമെന്ന്. എലിയെ പേടിച്ച്‌ ഇല്ലം ചുടുക എന്നുപറയുന്നതിനു തുല്യമാണിത്‌. നോക്കൂ നമ്മുടെ ഭരണാധിപന്മാര്‍ എങ്ങനെയാണ്‌ ഇത്തരം വിഷയങ്ങളെ സമീപിക്കുന്നതെന്ന്.
ലോകത്ത്‌ ഉല്‍പാദിപ്പിക്കുന്ന യുദ്ധോപകരണങ്ങളില്‍ 50%നവും ഉല്‍പാദിപ്പിക്കുന്നത്‌ അമേരിക്കയിലാണ്‌. ഈയിടെ ജി. സി. സി. രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയ കോണ്ടലിസ റൈസ്‌ 6300 കോടി ഡോളറിന്റെ ആയുധ വില്‍പനയ്ക്ക്‌ ഗള്‍ഫ്‌ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ടാക്കി. ഇറാന്‍ ശക്തി പ്രാപിക്കുന്നത്‌ പ്രതിരോധിക്കാനെന്നാണ്‌ ന്യായം. യഥാര്‍ഥത്തില്‍ 6300 കോടി ഡോളറിന്റെ ആയുധ കച്ചവടം അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനികള്‍ക്ക്‌ ഒപ്പിച്ചുകൊടുക്കുന്ന പണിയാണ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ചെയ്‌തത്‌. ഇറാക്കില്‍ ഒരു മിനിട്ടില്‍ അമേരിക്ക ചെലവാക്കുന്നത്‌ 2.5 ലക്ഷം ഡോളറാണ്‌. ഇതിനര്‍ഥം അമേരിക്കന്‍ കമ്പനികളുടെ 2.5 ലക്ഷം ആയുധങ്ങള്‍ ഒരു മിനിറ്റില്‍ വിറ്റുപോകുന്നു എന്നാണ്‌.
ഇറാക്കില്‍ യുദ്ധം ചെയ്യുന്നത്‌ ആയുധങ്ങള്‍ വിറ്റുപോകാന്‍ വേണ്ടി മാത്രമല്ല. ഇറാക്കിലെ പെട്രോളിയം സമ്പത്ത്‌ കൈക്കലാക്കാനും ഒപ്പം യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദികളിലെ ജലസമ്പത്ത്‌ കൊള്ളയടിക്കാനുമാണ്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുദ്ധം വെള്ളത്തിനു വേണ്ടിയായിരിക്കും എന്ന് വ്യക്തമായിക്കഴിഞ്ഞു.
ലോകത്തെ മുഴുവന്‍ യുദ്ധത്തിന്റെ പാതയിലേക്ക്‌ നയിക്കേണ്ടത്‌ മൂലധനശക്തികളുടെ ആവശ്യമാണ്‌. കാരണം അതിന്‌ ലാഭം കുന്നു കൂട്ടാന്‍ യുദ്ധം ആവശ്യമാണ്‌. യുദ്ധമില്ലാതെ മുന്നോട്ടു പോകാന്‍ സമ്രാജ്യത്വത്തിന്‌ കഴിയില്ല. ഇത്തരം വഞ്ചനാപരമായ നയസമീപനം വച്ചുപുലര്‍ത്തുന്ന, ലോകത്തെ മുഴുവന്‍ യുദ്ധത്തിലേക്ക്‌ തള്ളിവിടുന്ന അമേരികയുമായി സന്ധി ചെയ്യുന്ന നയ സമീപനമാണ്‌ ഇന്ത്യന്‍ ഭരണകൂടം കൈകൊള്ളുന്നത്‌.
മുന്‍ കാലങ്ങളിലെ ഇന്ത്യന്‍ വിദേശ നയം പരിശോധിച്ചാല്‍ അമേരിക്കന്‍ സാമ്രാജ്യത്വ ചേരിക്കെതിരെ നിലപാടുകളെടുത്ത പാരമ്പര്യമാണ്‌ ഇന്ത്യക്കുണ്ടായിരുന്നത്‌. നിര്‍ണ്ണായക ഘട്ടങ്ങളിലൊക്കെ ഇന്ത്യയെ ചതിച്ച പാരമ്പര്യമാണ്‌ അമേരിക്കക്കുമുള്ളത്‌.
1971 ലെ ഇന്‍ഡോ- പാക്‌ യുദ്ധത്തിന്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ അമേരിക്ക അവരുടെ യു.എസ്‌ എന്റര്‍പ്രൈസെസ്‌ എന്ന കപ്പല്‍ വ്യൂഹത്തെ ഇന്ത്യന്‍ സമുദ്രത്തിലേക്കയച്ച്‌ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സമീപനം കൈക്കൊണ്ടു. സോവിയറ്റ്‌ യൂണിയന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ്‌ കപ്പല്‍പട പിന്‍ വാങ്ങിയത്‌. കാശ്മീരിലും പഞ്ചാബിലും തീവ്രവാദശക്തികള്‍ക്ക്‌ സഹായം ചെയ്തു കൊടുക്കുന്നത്‌ അമേരിക്കയാണ്‌. ഇന്ത്യയ്ക്ക്‌ ക്രയോജനിക്ക്‌ എഞ്ചിന്‍ നല്‍കാന്‍ റഷ്യ തുനിഞ്ഞപ്പോള്‍ അതു തടഞ്ഞത്‌ അമേരിക്കയാണ്‌. ഇറാനില്‍ നിന്ന് പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതിക്ക്‌ ഇന്ത്യ ശ്രമിചപ്പോള്‍ അതു തടയുക മാത്രമല്ല, ഈ പൈപ്പുലൈന്‍ പദ്ധതിക്കു വേണ്ടി ശ്രമിച്ച മണിശങ്കര അയ്യരില്‍ നിന്ന് വകുപ്പ്‌ തങ്ങളുടെ സ്വാധീനമുപയോഗിച്ച്‌ മാറ്റുവാനും അമേരിക്കക്ക്‌ കഴിഞ്ഞു. അമേരികന്‍ ചായ്‌വ്‌ പുലര്‍ത്താത്തവര്‍ക്ക്‌ മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല എന്ന നിലയാണിന്നുള്ളത്‌. നട്‌വര്‍ സിംഗ്‌ മന്ത്രിസഭയില്‍ നിന്നു മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നു തന്നെ പുറത്തായി. ഇന്ത്യന്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കുമ്പോള്‍ അമേരിക്ക സന്ദര്‍ശിച്ച ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ വച്ച്‌ അടിവസ്ത്രം വരെ ഉരിഞ്ഞ്‌ പരിശോധിച്ചു. ഇത്രയു നീചമായും അവഹേളനപരമായും അമേരിക്കന്‍ ഭരണകൂടം ഇന്ത്യയോട്‌ പെരുമാറുമ്പോള്‍ നമ്മുടെ ഭരാധികാരികള്‍ എടുക്കുന്ന സമീപനം എന്താണ്‌. അണോവോര്‍ജ്ജം കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന കപ്പല്‍ മദ്രാസ്‌ തുറമുഖത്ത്‌ നങ്കൂരമിടാന്‍ ഇന്ത്യ അനുമതികൊടുത്തത്‌ അടുത്ത കാലത്ത്‌ നടന്ന സംഭവമാണ്‌. നമ്മുടെ പ്രതിരോധ മന്ത്രിയെ സുരക്ഷാകാരണങ്ങളാല്‍ അടിവസ്ത്രം വരെ ഊരി പരിശോധിച്ചു നമ്മളോ, ഇന്ത്യയില്‍ നങ്കൂരമിട്ട കപ്പലിലെ അമേരിക്കന്‍ സൈനീകര്‍ക്ക്‌ ചെന്നൈയില്‍ യാതൊരു രേഖകളുമില്ലാതെ സ്വൈരവിഹാരം നടത്താന്‍ അനുവാദം കൊടുത്തു. നമ്മുടെ ഭരണകൂടം ഇപ്പോഴും സാമ്രാജ്യത്വ ദാസന്മാര്‍തന്നെ എന്നല്ലേ ഇതു കാണിക്കുന്നത്‌.
ഏറ്റവും അവസാനമയി വണ്‍ ടൂ ത്രീ ആണവക്കരാര്‍ പരിശോധിച്ചാല്‍ എന്താണ്‌ കാണുന്നത്‌? ഈ കരാര്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടിനെ തകര്‍ക്കുന്നതാണ്‌. ദക്ഷിണേഷ്യയിലെ അസ്ഥിരത വര്‍ദ്ധിപ്പിക്കുക എന്ന അമേരിക്കന്‍ അജണ്ടയാണ്‌ കരാറിനു പിന്നിലുള്ളത്‌. ഇറാനെ ഒറ്റപ്പെടുത്തുക എന്ന അമേരിക്കന്‍ നീക്കത്തിന്‌ കൂട്ടുനില്‍ക്കുകയാണ്‌ ഈ കരാറിലൂടെ ഇന്ത്യ ചെയ്യുന്നത്‌. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും ചേരിചേരാ നയവും ഇല്ലാതാക്കുന്ന ഈ കരാര്‍ ഇന്ത്യ ഇന്നുവരെ തുടര്‍ന്നുപോന്ന നയങ്ങള്‍ക്കെതിരാണ്‌. ഈ കരാറിനെക്കുറിച്ച്‌ പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ വോട്ടെടുപ്പു പാടില്ല എന്നു പറയുന്നത്‌ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ നോക്കുകുത്തിയാക്കി നിര്‍ത്തുന്നതിന്‌ തുല്യമാണ്‌.
ഇന്ത്യന്‍ ഭരണാധികാരികള്‍ മുട്ടുമടക്കി നട്ടെല്ലുവളച്ച്‌ സാമ്രാജ്യത്വ ദാശന്മാരായി നില്‍ക്കുമ്പോള്‍ ക്യൂബ, വെനിസ്വേല തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സാമ്രാജ്യത്തിനു മുന്നില്‍ ചോദ്യചിഹ്നമയി ഉയര്‍ന്നു നില്‍ക്കുന്നു.
ഹ്യൂഗോ ഷാവേസ്‌ എന്ന ഭരണാധികാരി തന്റെ രാജ്യത്തിലെ പെട്രോള്‍ ഖാനികളെല്ലാം ദേശസാല്‍ക്കരിക്കുകയും ഐ. എം.എഫിനോടും വേള്‍ഡ്‌ ബാങ്കിനോടും രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. രാജ്യം വിടുന്നതിനു മുന്‍പ്‌ തങ്ങള്‍ക്ക്‌ 390 കോടി ഡോളറിന്റെ നഷ്ടപരിഹാരം തരണമെന്ന് അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ മുഖത്തുനോക്കി പറയുവാനുള്ള തന്റേടമാണ്‌ വെനുസ്വേലയിലെ ഈ ജനനായകന്‍ കാണിച്ചത്‌. അമേരിക്കന്‍ അധിനിവേശത്തിനിരയായ അഫ്ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെ ശക്തമായ ചെറുത്തുനില്‍പാണ്‌ നാം കാണുന്നത്‌. അമേരിക്ക പ്രതീക്ഷിക്കാത്ത തരത്തില്‍ തിരിച്ചടികള്‍ ഇവിടന്നൊക്കെ അവര്‍ നേരിടുന്നു.
സാമ്രാജ്യത്വം എന്നത്‌ ഭീകരമായ ഒരു ചങ്ങലയാണ്‌. എന്നാല്‍ ഏതൊരു ചങ്ങലയുടേയും ഒരു കണ്ണിക്ക്‌ ക്ഷതം വന്നാല്‍ പിന്നെ ചങ്ങലകൊണ്ട്‌ കാര്യമില്ല. സാമ്രജ്യത്വ ചങ്ങലയുടെ പല കണ്ണികള്‍ക്കും ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുന്നു. സമ്രാജ്യത്വത്തെ കീഴ്‌പ്പെടുത്താന്‍ ലോകത്തിലെ പീഡനമനുഭവിക്കുന്ന ജനതക്ക്‌ സാധിക്കും എന്നതില്‍ സംശയമില്ല. യുദ്ധം സാമ്രാജ്യത്വ സൃഷ്ടിയായതുകൊണ്ടുതന്നെ യുദ്ധ വിരുദ്ധ പോരാട്ടമെന്നാല്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണ്‌. സാമ്രാജ്യത്വം ഇല്ലാത്ത ഒരു അവസ്ഥയ്ക്കേ യുദ്ധമില്ലാത്ത ലോകം സൃഷ്ടിക്കാന്‍ കഴിയൂ. അത്തരം ഒരു ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തില്‍ ഇത്തരം അനുസ്മരണങ്ങളും ചര്‍ച്ചകളും മുതല്‍ കൂട്ടുതന്നെയാണ്‌. ഇത്തരം കൂട്ടായ്മകള്‍ സാമ്രജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ അണിനിരക്കാന്‍ സാധരണക്കാരന്‌ ഊര്‍ജ്ജം പകരുകയും ചെയ്യും. തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ കൂട്ടായ്‌മയ്ക്ക്‌ കൂടുതല്‍ ശക്തി പകരുന്നതാണ്‌.

Monday, September 3, 2007

ഓണാഘോഷം തൊഴിലാളികള്‍ ക്കൊപ്പം





മുഖ്യധാര സാംസ്കാരിക സംഘടനകളൊക്കെ ഓണമൊരുങ്ങുന്നത് ഉപരിവര്‍ഗ്ഗത്തിനുവേണ്ടിയും മദ്ധ്യവര്‍ഗ്ഗത്തിനും വേണ്ടിയാകുമ്പോള്‍ സാധാരണ തൊഴിലാളികള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം ഓണം ആഘോഷിച്ച് അവരുടെ സന്തോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രേരണ അതിന്റെ ഓണാഘോഷം സ്മരണീയവും വ്യത്യസ്തവുമാക്കി.
30.08.07 വ്യാഴാഴ്ച രാത്രി 8 മണിക്ക് സനദിലുള്ള അല്‍നാമല്‍ ലേബര്‍ ക്യാ‍മ്പിലായിരുന്നു പ്രേരണയുടെ ഓണാ‍ഘോഷപരിപാടികള്‍ നടന്നത്. ലളിതഗാനങ്ങള്‍: നാടകഗാനങ്ങള്‍ ആന്റണ്‍ ചെക്കോവിന്റെ പുകയിലയുടെ മാരകഫലങ്ങള്‍ എന്ന നാടകം: നാടന്‍പാട്ടുകള്‍ എന്നിവയായിരുന്നു പ്രധാനപരിപാടികള്‍.
വെറും കേള്‍വിക്കാരോ കാഴ്ചക്കാരൊ ആ‍യി മാറാതെ പരിപാടികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടാണ്‍½ കലാസ്നേഹികളായ ആ തൊഴിലാളികള്‍ പ്രേരണയോട് സഹകരിച്ചത്. ഇത്തരം പരിപാടികള്‍ ഇനിയും നടത്തുവാന്‍ അത് പ്രേരണയ്ക്ക് അളവില്ലാത്ത പ്രചോദനമാകുന്നു.

Monday, August 27, 2007

പ്രേരണ നാടകക്കളരി







പ്രേരണ നാടകക്കളരിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാടക പരിശീലന്നത്തിന്റെ ഭാഗമായി കേരളീയ തനതു കലകളും നാടകവും എന്ന വിഷയത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 'കഥകളി അഭിനയത്തിന്റെ സാദ്ധ്യതയും പ്രയോഗവും നാടകത്തില്‍' എന്ന വിഷയമാണ്‌ കഴിഞ്ഞ നാലു ശനിയാഴ്‌ചകളിലായി പ്രമുഖ കഥകളി നടന്‍ സുരേഷ്‌ നഗരൂര്‍ അവതരിപ്പിച്ചത്‌. ഓണപ്പരിപാടികളുടെ തിരക്കിന്റെ കാലമായിരിന്നിട്ടുകൂടി കളരി പ്രതീക്ഷക്ക്‌ വക നല്‍കുന്നതരത്തില്‍ നടന്നു. നവരസങ്ങളും ശരീര സാധകങ്ങളും സുരേഷ്‌ അവതരിപ്പിച്ചു. ഒരു നാടക നടന്‌ ശരീരഭാഷ നാടകത്തില്‍ വേണ്ടുവണ്ണം ഉപയോഗിക്കുന്നതിന്‌ സാധകം അത്യന്താപേക്ഷിതമാണെന്ന് കളരിയില്‍ എല്ലാവര്‍ക്കും ബോധ്യമായി. സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ ശനിയാഴ്‌ചകളിലും ചിട്ടയോടുകൂടിയ സാധകം സുരേഷ്‌ പരിശീലിപ്പിക്കുന്നതാണ്‌. രണ്ടു മാസത്തേക്കാണ്‌ ഈ കോഴ്‌സ്‌. പരിശീലനം സൗജന്യമാണ്‌. നാടകവും കഥകളിയും തമ്മിലെ വ്യത്യാസങ്ങളും സാമ്യങ്ങളും വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. ഏതൊരുകാലത്തിനേയും ഉള്‍ക്കൊള്ളന്‍ കഴിയുന്നതാണ്‌ നാടകം എന്ന രംഗകല. അതുകൊണ്ടാണ്‌ അത്‌ കാലത്തെ അതിജീവിച്ച്‌ എന്നും സമകാലീനതയുടെ കലയായി നിലനില്‍ക്കുന്നത്‌. മാറികൊണ്ടിരിക്കുന്ന കാലത്തിന്റെ രംഗാവിഷ്ക്കാരത്തിന്‌ പുതുരൂപങ്ങള്‍ തേടേണ്ടതുണ്ട്‌. അതിന്‌ കഴിഞ്ഞകാല രംഗകലകളെ അറിയുകയും സ്വാംശീകരിക്കേണ്ടതുമാണ്‌. ചിട്ടയോടെയുള്ള ദീര്‍ഘകാല പരിശീലനം കൊണ്ടാണ്‌ ഒരു കഥകളി നടന്‍ രൂപപ്പെടുന്നത്‌. അതേസമയം നാടകാഭിനയത്തിന്‌ പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ല എന്നാണ്‌ പൊതുവേയുള്ള ധാരണ. നാടകാഭിനയത്തിനെ ഇങ്ങനെ ലാഘവത്തോടെ കാണാന്‍ പാടുള്ളതല്ല എന്ന് കളരിയംഗങ്ങങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടു.. യഥാര്‍ഥത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ ആവിഷ്ക്കരിക്കാന്‍ നാടകനടന്‌ വളരെയധികം നിരീക്ഷണവും അഭ്യാസവും ആവശ്യമാണ്‌. ഇതൊക്കെയാണ്‌ കളരിയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്‌. കീചകവധത്തിലെ കീചകന്റെ മരണം, കര്‍ണ്ണശപഥത്തില്‍ കര്‍ണ്ണന്‍ കുന്തിയെ സന്ധിക്കുന്നതിനു മുന്‍പുള്ള ആത്മഭാഷണം എന്നിവയും സുരേഷ്‌ അവതരിപ്പിച്ചു. ചില നാടക മുഹൂര്‍ത്തങ്ങളെ കളരി അംഗങ്ങളും അവതരിപ്പിക്കുകയുണ്ടായി. സെപ്റ്റംബര്‍ ഒന്നിന്‌ തുടങ്ങുന്ന സാധക പരിശീലനത്തോടൊപ്പം സെപ്റ്റംബര്‍ ഏഴുമുതല്‍ നാടകക്കളരിയിലെ അടുത്തവിഷയത്തിന്റെ ക്ലാസ്സുകള്‍ തുടങ്ങുന്നതാണ്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ഇനിയും കളരിയില്‍ ചേരാവുന്നതാണ്‌. ബന്ധപ്പെടേണ്ട നമ്പര്‍: 39870397

Tuesday, August 14, 2007

കാണുക ഒരു സമാധാന ശില്‍പം


പ്രകൃതിയുടെയും മനുഷ്യന്റെയും ആകുലത ചിത്രീകരിക്കുന്ന ഒരു ശില്‌പം

പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാത്ത ജൈവബന്ധത്തെ ചരിത്രവീക്ഷണത്തോടെ സമീപിക്കാനും അത്‌ വര്‍ത്തമാന ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്താനും കഴിയുന്ന ശേഷിയുള്ള കലാകാരന്മാര്‍ ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തിലാണ്‌ കോഴിക്കോട്‌ നടുവത്തൂര്‍ സ്വദേശിയായ ഷൈജുവിന്റെയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ അനീഷിന്റെയും കലപരമായ കഴിവിന്റെ വ്യാപ്‌തി ബോധ്യപ്പെടുന്നത്‌.
ബഹ്‌റൈന്‍ പ്രേരണ സംഘടിപ്പിച്ച ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഈ രണ്ട്‌ സര്‍ഗ്ഗപ്രതിഭകള്‍ ചേര്‍ന്ന് രൂപം കൊടുത്ത 'സമാധാന ശില്‌പം' കലയുടെ കരുത്തും സൗന്ദര്യവും ഒത്തുകേര്‍ന്നൊരു മഹാനുഭവമായിരുന്നു.
ചിത്രകല പ്രധാന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ യുവ കലാകാരന്മാരില്‍ അനീഷ്‌ അന്‍പതോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്‌. ഷൈജുവാകട്ടെ അക്കര്‍ലിക്കും വാട്ടര്‍ കളറും ഉപയോഗിച്ച്‌ നൂറിലേറെ ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്‌. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഇവര്‍ ഒഴിവുവേളകളില്‍ യാദൃശ്ചികമായിട്ടാണ്‌ ശില്‌പരചനയിലേക്ക്‌ പ്രവേശിക്കുന്നതെങ്കിലും ഈ രംഗത്ത്‌ പ്രതിഭ തെളിയിക്കുന്ന വിധമാണ്‌ ഇവരുടെ ശില്‌പനിര്‍മ്മിതി!!

ഒരു ശില്പാ‍സ്വാദനം
ഇബ്രാഹിം. എം.
ചരിത്രത്തില്‍ സംഭവിച്ച സമാനതകളില്ലാത്ത ഒരു കൊടുംക്രൂരതയുടെ വിസ്ഫോടനം പ്രകൃതിയിലും മനുഷ്യാവസ്ഥയിലും സൃഷ്ടിച്ച ആഘാതങ്ങളെയും അന്ത:ക്ഷോഭങ്ങളെയും ബിംബീകരിക്കുന്ന ദൃശ്യചാരുത ശില്‌പത്തിന്റെ ആദ്യകാഴ്ചയില്‍ തന്നെ കാഴ്ചക്കാരനിലേക്ക്‌ സംപ്രേക്ഷിക്കുന്നു. അപാരമായ വ്യാകുലതകളും ദൈന്യതയും ഘനീഭവിച്ച ഒരു മുഖം. അര്‍ദ്ധമൃതമായ കണ്ണുകളിലൂടെ അത്‌ ലോകത്തെ, ജീവിതത്തെ തന്നെ നോക്കുകയാണ്‌. അപമാനിതന്റെ പീഢിതന്റെ നോട്ടംപോലെ നേര്‍ക്കുനേര്‍ മുഖാമുഖമാകുവാന്‍ കഴിയാതെ ഭൂമിയിലേക്ക്‌ ചാഞ്ഞുവീഴുന്ന നോട്ടമാണിത്‌. ആന്തരികമായ വിലാപത്തില്‍ പ്രാണന്റെ പിടച്ചിലില്‍ തുറന്നുപോയ വായ, ശൂന്യതയിലേക്ക്‌ അഭിമുഖം നില്‌ക്കുന്ന ഗുഹാകവാടം പോലെ അനിശ്ചിതത്വത്തിലേക്ക്‌ തുറക്കുന്നു. മുമ്പിലുള്ള ജീവിതത്തിന്റെ ശൂന്യതയെ ദ്യോതിപ്പിക്കും പോലെ തായ്‌ത്തടിയില്‍ നിന്നും ജീവന്റെ തുടിപ്പുകള്‍ കരിഞ്ഞുപോയ രണ്ടു ശാഖികള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു നില്‌ക്കുന്നത്‌ അശരണന്റെ ആത്മവിലാപത്തെ ദൃശ്യവത്‌കരിക്കുന്നുണ്ട്‌.
തായ്‌തടിയിലും മൃതശാഖിയിലും പൊട്ടുന്ന തളിരിലകളുടെ പൊടിപ്പ്‌ പ്രത്യാശാഭരിതമായ ജീവിതത്തിന്റെ പുതിയ സ്വപ്‌നങ്ങളെ താലോലിക്കുകയാണ്‌. യുദ്ധത്തിന്റെ ആസുരത പ്രകൃതിയിലും മനുഷ്യനിലും സൃഷ്ടിക്കുന്ന ആഘാതത്തെയും പ്രതിസന്ധികളെയും ഭാവസാന്ദ്രതയോടെ ബിംബീകരിക്കുന്നതിലും പ്രകൃതിയും മനുഷ്യനുമെല്ലാം ഉരുകി ഒന്നായിത്തീരുന്ന ഒരവസ്ഥയെ ചിത്രീകരിക്കുന്നതിലും ഈ ശില്‌പം വിജയിച്ചിരിക്കുന്നു.

Friday, August 3, 2007

രണ്ടു കവിതകള്‍

1. നാളികേരത്തിന്റെ നാട്ടില്‍
രചന: അനില്‍കുമാര്‍ എസ്‌.

വിരല്‍ തുമ്പില്‍ നിന്ന്
ഒഴുക്കിലേക്ക്‌ വഴുതിപ്പോയതെന്ത്‌?
വെളുപ്പിനുകണ്ട കിനാവില്‍
കോഴിക്കു മുല വന്നു.
അട്ടയ്ക്കു കൊമ്പുമുളച്ചു
കാക്ക മലര്‍ന്നു പറന്നു
ചങ്ങലയ്ക്ക്‌ ഭ്രന്തു പിടിച്ചു.
എന്റെ രാജ്യം വന്നില്ല
അവന്റെ രാജ്യം വരികയും ചെയ്തു.
മഴത്തുള്ളികളും ആരോ വിലയ്ക്കു വാങ്ങി
ഉറവകളോ?
കുപ്പിയില്‍ ഭദ്രം പതഞ്ഞു.
ആഹ്ലാദം പൊട്ടിത്തെറിച്ചു.
മരിച്ച കുട്ടികള്‍........
മണ്ണിരയുടെ പാട്ട്‌ കേട്ട്‌
മണ്ണിന്റെ മണമറിഞ്ഞ്‌
മയങ്ങുന്നുണ്ടാവണം
ഓര്‍ക്കുക...
കുട്ടികള്‍ക്കാണ്‌ ഭൂമിയുടെ ഗന്ധമറിയുക


2. കവിയും കവിതയും
രചന: സുധി പുത്തന്‍വേലിക്കര

ഈണം പിണങ്ങുന്നു താളം പിഴയ്ക്കുന്നു
പാടട്ടെ ഞാനെന്റെ കവിത
അമ്മതന്‍ മാറില്‍ ചുരത്താത്ത അമൃതിന്റെ
മധുരം നുണയുന്ന..
കരളിലെ മോഹങ്ങള്‍ കനവിന്റെ തന്ത്രിയില്‍
പാഴ്½ശ്രുതി മീട്ടുന്ന...
മിഴിനീരു കൊണ്ടെന്‍ മനസ്സില്‍ കുറിച്ചിട്ട
നോവിന്റെ നനവൂറും കവിത!
ഇരവിന്റെയവസാന യാമത്തിലുയിരാര്‍ന്ന
ഇരുളിന്റെ നിറമോലും..
വിഗതമാമേതോ വിഷാദതീരങ്ങളില്‍
വിരഹമുണര്‍ത്തുന്ന
വ്യര്‍ത്ഥമാം ജീവന്റെയുഷ്ണപ്രവാഹത്തി-
ലര്‍ത്ഥങ്ങള്‍ തേടുന്ന കവിത!
ജനമൃതി ജന്മാന്തരങ്ങളില്‍ ശാശ്വത
സത്യം തിരയുന്ന
ആത്മാവിലെരിയുന്ന ചുടുലയിലഗ്നിയാ-
യാളിയടങ്ങുന്ന
അഴലിന്റെയാഴിയിലലയുന്ന ചിന്ത-
കളലയായലറുന്ന
അകലെയണയാത്ത പകലിന്റെയുലകളി-
ലുരുകിയുറയുന്ന കവിത!
ഇവിടെയുറങ്ങാത്ത ഇടയന്റെ വേണുവി-
ലിനിയുമുണരാത്ത കവിത!
ഈണം പിണങ്ങുന്നു താളം പിഴയ്ക്കുന്നു
എങ്കിലും പാടട്ടെ ഞാനൊരു കവിത
ആരും ഇതുവരെ പാടാത്ത കവിത!!

Thursday, July 26, 2007

നാടകക്കളരി - പാഠ്യപദ്ധതിയിലെ ആദ്യ അധ്യായം.

പ്രേരണ നാടകക്കളരിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ ജൂലൈ 28 ശനിയാഴ്‌ച മുതല്‍ ഗുദേബിയായിലെ പ്രേരണഹാളില്‍ ആരംഭിക്കും.
കേരളത്തിലെ രംഗകലകളിലെ അഭിനയപാഠങ്ങളും സമകാലീക നാടകങ്ങളിലെ പ്രയോഗസാധ്യതയും എന്നതാണ്‌ പാഠ്യപദ്ധതിയിലെ ആദ്യ അധ്യായം. അതില്‍ കഥകളിയഭിനയത്തിന്റെ സാധ്യതകളും പ്രയോഗവും നാടകത്തില്‍ - എന്ന വിഷയം പ്രശസ്‌ത കഥകളി നടന്‍ നഗരൂര്‍ സുരേഷ്‌ അവതരിപ്പിക്കും. തികച്ചും പരിശീലനോന്മുഖമായ രീതിയില്‍ ആയിരിക്കും കളരിയുടെ പ്രവര്‍ത്തനങ്ങള്‍. സമകാലിക പ്രശ്നങ്ങളില്‍ ഊന്നിയ കാലാമൂല്യമുള്ള നല്ല നാടകങ്ങള്‍ ഉണ്ടാവുക എന്ന ജനകീയ നാടകവേദിയുടെ ലക്ഷ്യം തന്നെയാണ്‌ പ്രേരണയ്ക്കും ഉള്ളത്‌.
വെള്ളിയാഴ്ചകളിലോ ശനിയാഴ്ചകളിലോ ആയി നടത്തപ്പെടുന്ന പരിശീലനക്കളരിയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ നാടകക്കളരി കണ്‍വീനര്‍ സുധീശ്‌ കുമാറുമായോ (39870397) ജോ. കണ്‍വീനര്‍ അബ്‌ദുള്‍ സക്കീറുമായോ (39832756) ബന്ധപ്പെടാവുന്നതാണ്‌.
യാത്രാസൗകര്യമില്ലാത്തവര്‍ക്ക്‌ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്‌'
- പ്രസിഡന്റ്‌ വി.എ. ബാലകൃഷ്ണന്‍.

Tuesday, July 17, 2007

വളരുന്ന പുസ്‌തക വിപണിയും തളരുന്ന വായനയും.

വിഷയാവതരണം : ഇ.എ.സലീം.

കണക്കുകളെ ആധാരമാക്കിയാണല്ലോ നാം പുസ്‌തകവിപണി വളരുന്നു എന്ന് അവകാശപ്പെടുന്നത്‌. ആ വളര്‍ച്ചയ്ക്ക്‌ നാലു കാരണങ്ങളാണ്‌ ഞാന്‍ കാണുന്നത്‌.
1. വിദ്യാഭ്യാസമുള്ളവരുടെ വര്‍ദ്ധനവ്‌ : മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വിദ്യാഭ്യാസത്തിലുണ്ടായ കുതിച്ചുകയറ്റം വായിക്കുന്നവരുടെ എണ്ണം/ വായിക്കാന്‍ പ്രാപ്‌തിയുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. ഇത്‌ പുസ്‌തകവിപണിയുടെ വളര്‍ച്ചയ്ക്ക്‌ കാരണമായി.
2. ധനത്തിന്റെ ദ്രവ്യത : മുന്‍പും സ്വന്തമായി ഒരു പുസ്‌തകം വാങ്ങണമെന്നും അത്‌ സൂക്ഷിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നവര്‍ ധാരാളമുണ്ടായിരുന്നെങ്കിലും അതിന്‌ കഴിവുണ്ടായിരുന്നവര്‍ തൂലോം കുറവായിരുന്നു. വളരെക്കുറച്ചുപേര്‍ക്കു മാത്രമാണ്‌ അതിനു സാധിക്കുമായിരുന്നത്‌. വായിക്കാന്‍ ആഗ്രഹമുള്ള മറ്റുള്ളവര്‍ ലൈബ്രറികളെ ആശ്രയിക്കുക എന്നതുമാത്രമായിരുന്നു അന്നത്തെ പോംവഴി. എന്നാല്‍ ഇന്ന് പണം ധാരാളമായി എല്ലാവരുടെയും കൈയില്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഒരാള്‍ക്ക്‌ ഒരു പുസ്‌തകം വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത്‌ വാങ്ങുക അത്ര പ്രയാസമുള്ള സംഗതിയല്ല. അത്‌ പുസ്‌തകവിപണിയെ വളര്‍ത്തിയിട്ടുണ്ട്‌.
3. അലങ്കാരത്തിനുവേണ്ടി വാങ്ങുന്ന പുസ്‌തകങ്ങള്‍ : ഇന്ന് പുസ്‌തകങ്ങള്‍ വാങ്ങിക്കുന്നത്‌ വായിക്കുവന്‍ വേണ്ടി മാത്രമല്ല ഷെല്‍ഫുകള്‍ അലങ്കരിക്കുന്നതിനുവേണ്ടിക്കൂടിയാണ്‌. പുസ്‌തകം പൊങ്ങച്ചത്തിനുവേണ്ടിയുള്ള പ്രദര്‍ശവസ്‌തുവായി ഇക്കാലത്ത്‌ മാറിയിരിക്കുന്നു. അതും പുസ്‌തകവിപണിയെ വളര്‍ത്തുന്നു.
4. ഉയര്‍ന്ന സര്‍ക്കാര്‍ ഗ്രാന്റ്‌ : ഇന്ന് ഗ്രന്ഥശാലകള്‍ക്ക്‌ പുസ്‌തകം വാങ്ങുന്നതിനുവേണ്ടി നല്ലൊരു തുക സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്‌. അതുകൂടാതെ സ്‌കൂളുകളിലും മറ്റും മാനേജുമെന്റുകള്‍ സ്വന്തം പണം മുടക്കിയും പുസ്‌തകങ്ങള്‍ വാങ്ങിക്കുട്ടുന്നു. ഇത്‌ പുസ്‌തവിപണിയുടെ വലുപ്പം വല്ലാതെ കൂട്ടിയിട്ടുണ്ട്‌.
പുസ്‌തകവിപണിയുടെ വളര്‍ച്ചയ്ക്ക്‌ കാരണമായ മുകളില്‍ പ്രസ്‌താവിച്ചവയില്‍ ആദ്യത്തെ ഒന്നൊഴിച്ച്‌ ബാക്കി മൂന്നും വായനയുമായി നേരിട്ട്‌ ബന്ധമൊന്നുമില്ലാത്ത വളര്‍ച്ചയാണെന്നു കാണാം. തന്നെയുമല്ല, മൂല്യവത്തായ ഒരു വായന ഇന്നു നടക്കുന്നുണ്ടോ എന്നും സംശയമുണ്ട്‌. വില്‌ക്കപ്പെടുന്ന പുസ്‌തകങ്ങളുടെ സ്വഭാവം പരിഗണിച്ചാല്‍ അത്‌ മനസ്സിലാവും. 'എങ്ങനെ ജീവിത വിജയം കൊയ്യാം..?' 'ജീവിതത്തില്‍ വിജയിക്കാനുള്ള അഞ്ചു വഴികള്‍' 'ഇവര്‍ വിജയിച്ചതെങ്ങനെ?' എന്നിങ്ങനെയുള്ള ജീവിതവിജയ ഗുളികകളാണ്‌ ഇന്ന് വില്‌ക്കപ്പെടുന്നവയില്‍ ഏറെയും. അല്ലെങ്കില്‍ ലൈംഗീക വിവാദ ഗ്രന്ഥങ്ങള്‍. കേരളത്തിലെ ലൈംഗീക തൊഴിലാളിയുടേതു മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റിന്റെ വെപ്പാട്ടിയുടെ ജീവിതകഥയും കേരളത്തിലെ ബെസ്‌റ്റ്‌ സെല്ലര്‍ ആയിരുന്നു എന്ന് ഓര്‍ക്കുക.
ഇതിനെയൊന്നും ജീവിതമൂല്യം തേടിയുള്ള വായന എന്നു വിളിക്കാനാവില്ല. ആ അര്‍ത്ഥത്തിലാണ്‌ വായന തളരുന്നു എന്ന് നാം പറയേണ്ടി വരുന്നത്‌.
വായനയുടെ തളര്‍ച്ചയെ മറ്റൊരു തരത്തിലും നാം കാണേണ്ടതുണ്ട്‌. ഓരോ പുസ്‌തകവും ഓരോ വായനക്കാരനും ഓരോ തരത്തിലാണ്‌ വായിക്കുന്നത്‌. ആ ഓരോ വായനയിലൂടെയും ആ പുസ്‌തകത്തിന്‌ ഒരു പുതിയ അര്‍ത്ഥതലം കൈവരുന്നുണ്ട്‌. പുതിയ മാനങ്ങള്‍ കൈവരുന്നുണ്ട്‌. പുതിയ ദര്‍ശനങ്ങള്‍ വെളിപ്പെട്ടുവരുന്നുണ്ട്‌. എന്നാല്‍ അത്തരത്തിലുള്ള അര്‍ത്ഥവത്തായ വായന ഇന്ന് തീര്‍ത്തും അന്യമായിക്കൊണ്ടിരിക്കുന്നു. ഒരു പുസ്‌തകം വെറുതെ വായിക്കപ്പെടുന്നു എന്നല്ലാതെ ആ പുസ്‌തകം പ്രദാനം ചെയ്യുന്ന അന്തഃസത്തയെ ഖനനം ചെയ്‌തെടുക്കാന്‍ പ്രാപ്‌തരായ വയനക്കാര്‍ ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുന്നു. അതാണ്‌ വായനയുടെ മറ്റൊരു തളര്‍ച്ച. മലയാളത്തില്‍ നിരൂപണ ശഖയ്ക്ക്‌ അന്ത്യം കുറിച്ചതും ഇത്തരം വായനയുടെ അഭാവമാണ്‌.
നല്ല വായനക്കാര്‍ എന്നും ഒരു ന്യൂനപക്ഷമായിരുന്നു. ആ ന്യൂനപക്ഷം ഇന്നും നന്നായി വായിക്കുന്നുണ്ട്‌. അത്തരത്തില്‍ വായന നിലനില്‌ക്കുന്നു എന്നും നമുക്ക്‌ പറയാം.

(പുസ്‌തകോത്സവത്തോട്‌ അനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ നിന്ന്...)

Saturday, July 14, 2007

മാധ്യമങ്ങള്‍ പങ്കുവയ്‌ക്കുന്ന മലയാള സാഹിത്യം

പുസ്‌തകോത്സവത്തോടനുബന്ധിച്ച്‌ സുധീശ്‌ കുമാര്‍ അവതരിപ്പിച്ച ' മാധ്യമഭാഷയും മലയാളസാഹിത്യവും' എന്ന വിഷയത്തിന്റെ തുടര്‍ചര്‍ച്ചയില്‍ നിന്ന് പ്രസക്‌തഭാഗങ്ങള്‍....

ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഭാഷ വിഷ്വല്‍ മീഡിയകളുടെ ഭാഷതന്നെയാണ്‌. അത്‌ ജനങ്ങളിലേക്ക്‌ വളരെ ആഴത്തില്‍ കടന്നു ചെല്ലുന്നുണ്ട്‌. ഈ ഭാഷ മലയാളസാഹിത്യത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ട വസ്‌തുതയാണ്‌. ഈ മിഡിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാഹിത്യത്തിലേക്ക്‌ കടന്നുവരുമ്പോള്‍ അതിന്റെ സ്വാധീനം സ്വഭാവികമാണ്‌. ഏബ്രഹാം മാത്യുവിന്റെ ഒക്കെ ഭാഷ അത്തരത്തിലുള്ളതാകാം.
- ഇ.വി. രാജീവന്‍

വലിയ പഠനത്തിനു വിധേയമാക്കേണ്ട ഒരു വിഷയമാണിത്‌. ഇത്തരമൊരു ചര്‍ച്ചയ്ക്ക്‌ എത്രത്തോളം ഈ വിഷയം ഉതകും എന്ന് നിശ്ചയമില്ല. ഏതായാലും മാധ്യമങ്ങളുടെ ദൈനംദിന ഭാഷ മലയാളസാഹിത്യത്തെ സ്വാധീനിക്കുന്നുണ്ട്‌ എന്നതില്‍ സംശയമില്ല. അതത്ര ആശാസ്യകരമല്ല.
- ബിജു അഞ്ചല്‍

മുന്‍കാലങ്ങളിലെ പത്രാധിപന്മാര്‍ ഒരു ഉത്തമഭാഷ പത്രമാധ്യമങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അതിനു കാരണം അവര്‍ ധീഷണാശാലികളായിരുന്നു എന്നതുതന്നെയാണ്‌. അവരുടെ ഭാഷാപരിജ്ഞാനവും സാഹിത്യബന്ധവും ഇന്നത്തെ ഒരു പത്രാധിപന്മാര്‍ക്കോ മീഡിയാപ്രവര്‍ത്തകര്‍ക്കോ അവകാശപ്പെടാനില്ല. അങ്ങനെയാണ്‌ കനമുള്ള വാക്കുകളും നല്ല ഭാഷാപ്രയോഗങ്ങളും വര്‍ത്തമാനപത്രത്തിന്റെ ഭാഗമായത്‌. അവിടെ സാഹിത്യം മാധ്യമത്തെ സ്വാധീനിക്കുകയായിരുന്നു എന്നുകാണാം. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ സാഹിത്യത്തെയാണ്‌ സ്വാധീനിക്കുന്നത്‌. ഇത്‌ ഒരു വലിയ അപചയം നമ്മുടെ സാഹിത്യത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്‌. എല്ലാത്തിനെയും ലളിതവത്‌കരിക്കുക എന്ന ഉത്തരാധുനിക സ്വഭാവമാണ്‌ നാമിവിടെ കാണുന്നത്‌.
- ഇ.എ. സലീം

മാധ്യമഭാഷയും മലയാള സാഹിത്യവും തമ്മിലുള്ള ബന്ധത്തെ വേറൊരു വീക്ഷണകോണിലാണ്‌ ഞാന്‍ നോക്കിക്കാണുന്നത്‌. മലയാളത്തിലെ ഓരോ മാധ്യമത്തിനും അതിന്റേതായ ഒരു ഭാഷയുണ്ട്‌. മാതൃഭൂമിയുടെ ഭാഷ, മലയാളമനോരമയുടെ ഭാഷ, കേരളകൗമുദിയുടെ ഭാഷ. മനോരമയുടെതന്നെ ഉപോല്‌പന്നമായ ഭാഷാപോഷണിയ്ക്ക്‌ കൂടുതല്‍ ഗഹനമായ മറ്റൊരു ഭാഷ. ഇതില്‍ത്തന്നെ മാതൃഭൂമിയുടെ ഭാഷയെയാണ്‌ ആഢ്യത്തമുള്ള സാഹിത്യഭാഷയായി അംഗീകരിച്ചു വന്നിരുന്നത്‌. ഒരു കാലത്ത്‌ മലയാളസാഹിത്യത്തിലെ ഉന്നതന്മാരെല്ലാം മാതൃഭൂമിയുടെ സന്തതസഹചാരികള്‍ ആയിരുന്നതാവാം അതിനു കാരണം. ഇതിനെതിരെ ഒരു ബദല്‍നീക്കം അടുത്തകാലത്തായി മനോരമയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്‌. മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഒരു ഭാഗമായിവേണം അതിനെ കാണാന്‍. എഴുത്തുകാരായ സബ്‌ എഡിറ്റേഴ്‌സിനെ തങ്ങളുടെ സ്ഥാപനത്തിന്റെയും അതുവഴി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഭാഷയുടെയും വക്‌താക്കളാക്കാന്‍ മനോരമയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ബി. മുരളി, കെ.ആര്‍. മീര, കെ. രേഖ, രൂപേഷ്‌ പോള്‍, വിനു ഏബ്രഹാം എന്നിങ്ങനെ ഒരുപിടി മനോരമ എഴുത്തുകാരുടെ ഭാഷ പഠിച്ചാല്‍ ഈ വ്യത്യാസം നമുക്ക്‌ വേഗം മനസ്സിലാവും. അവരുടെ ഭാഷയെയും പ്രമേയത്തെയുമാണ്‌ നിരൂപകര്‍ ഉത്തരാധുനികത എന്ന് തെറ്റായി വ്യാഖ്യാനിച്ചത്‌. മലയാള സാഹിത്യമണ്ഡലത്തില്‍ വ്യാപരിച്ചിരിക്കുന്ന ഭാഷയെ തങ്ങളുടെ പിടിയിലാക്കാനുള്ള മനോരമയുടെ ശ്രമത്തില്‍ നീരുപകര്‍ വീണു പോകുകയാണുണ്ടായത്‌. മറുഭാഗത്ത്‌ സുഭാഷ്‌ ചന്ദ്രന്‍ എന്നൊരു എഴുത്തുകാരനെ മാത്രമേ എടുത്തുകാണിക്കുവാനുള്ളു. ഓരോ എഴുത്തുകാരനും വ്യതിരിക്‌തമായ ഒരു ഭാഷ ഉണ്ടാവേണ്ടതിനു പകരം ഒരുപിടി എഴുത്തുകാര്‍ സംഘഗാനം പോലെ ഒരു മാധ്യമത്തിന്റെ ഭാഷ എടുത്ത്‌ സാഹിത്യത്തില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതാണ്‌ നാമിന്ന് കാണുന്നത്‌. മാധ്യമഭാഷയും മലയാളസാഹിത്യവും തമ്മിലുള്ള പ്രധാന ബന്ധം ഇതാണെന്നാണ്‌ എന്റെ പക്ഷം
- ബെന്യാമിന്‍

ബെന്യാമിന്‍ പറഞ്ഞ കാര്യം തന്നെയാണ്‌ ഈ വിഷയം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന് എനിക്കുതോന്നുന്നു. ഭാഷയുടെ ഒരു പിടിച്ചടക്കലും ഭാഷയുടെ ഒരു കിടമത്സരവും മലയാളത്തില്‍ നടക്കുന്നുണ്ട്‌. ഒരു മാധ്യമം അവരുടെ സബ്‌ എഡിറ്റേഴ്‌സിനെ കൃത്യമായി ഉപയോഗിച്ചുകൊണ്ട്‌ അവരുടെ ഭാഷ മലയാളസാഹിത്യത്തില്‍ വ്യാപകമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരതില്‍ ഒട്ടൊക്കെ വിജയിച്ചു എന്നുവേണം കരുതാന്‍. ഒരു കാലത്ത്‌ ഉന്നതമായിരുന്ന മലയാളസാഹിത്യഭാഷ 'മാ' ഭാഷയിലേക്കെത്താന്‍ ഇനി അധികദൂരമില്ലെന്നു തോന്നുന്നു.
- വി.എ. ബാലകൃഷ്ണന്‍.

Saturday, July 7, 2007

മലയാളസാഹിത്യവും മാധ്യമഭാഷയും



അവതരണം: സുധീശ്‌ കുമാര്‍


മലയാളസാഹിത്യവും മാധ്യമഭാഷയും എന്ന വിഷയത്തെക്കുറിച്ച്‌ പറയുമ്പോള്‍ ഗദ്യസാഹിത്യമാണ്‌ ഉദ്ദേശിക്കുന്നത്‌. മലയാള ഗദ്യത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച ശൈലിയില്‍ ഐക്യ കേരളത്തിന്റെ ബീജം കുടികൊള്ളുന്നു. മലയാളിയുടെ സംസാര ഭാഷ പ്രാദേശികമായ വൈജാത്യം ഉള്ളതാണ്‌. പ്രാദേശികമായുള്ള ഭാഷാഭേദങ്ങള്‍ക്കുപുറമേ സാമുദായികമായും ഭാഷ വ്യത്യസ്തപ്പെട്ടിരിക്കുന്നു. നമ്പൂതിരി സംസാരിക്കുന്ന ഭഷാഷയല്ല നസ്രാണി സംസാരിക്കുനത്‌; കീഴാള ജനതക്ക്‌ മറ്റൊരു ഭഷയാണ്‌ എല്ലാം മലയാളമാണ്‌ പരസ്പരം മനസിലാകുകകയും ചെയ്യും. ഇത്തരം ഭാഷഭേദങ്ങളുടെ രുപപ്പെടലിന്‌ ചരിത്രപരമായ കാരങ്ങളുണ്ട്‌.ഒരു ഏകീകൃത പത്രഭാഷയുടെ ആവിര്‍ഭാവം പത്ര ഭാഷയാണ്‌ യഥാര്‍ഥ മലയാളം എന്ന ധാരണ പൊതു സമൂഹത്തില്‍ ഉണ്ടാവാന്‍ കാരണമായി. പ്രസംഗം, ലേഖനം, പത്രറിപ്പോര്‍ട്ട്‌ എന്നി ഗദ്യങ്ങള്‍ക്ക്‌ സമന്തരമായി വികസിച്ചുകൊണ്ടിരുന്ന കഥകളും നോവലുകളും പ്രാദേശികഭാഷാഭേദങ്ങളെ നിലനിര്‍ത്തികൊണ്ടിരുന്നു.തകഴിയും മറ്റും കഥ പറയുന്ന രീതി തന്നെ ഒരു കഥാപത്രം സംസാരിക്കുന പോലെയാണ്‌. അങ്ങനെ അച്ചടിഭാഷ എന്നു പറഞ്ഞുപോന്ന ഒരു ഭാഷയും ഏതൊരു മലയാളിക്കും മനസ്സിലാകുന്ന ഒരു സംഭാഷണഭാഷയും ഇരട്ട സന്തതികളെപ്പോലെ വളര്‍ന്നു വികസ്സിക്കുന്നതാണ്‌ 20-ം നൂറ്റാണ്ട്‌ കണ്ടത്‌.പരിവര്‍ത്തനത്തിന്റെ ചലനാത്മകമായ കാലഘട്ടത്തിലൂടെ വളര്‍ന്ന മാധ്യമഭാഷ മറ്റൊരു ഘട്ടത്തില്‍ വന്നു നില്‍ക്കുകയാണിപ്പോള്‍. മാറ്റങ്ങള്‍ക്കായി അന്നത്തെ പൊതുധാരക്ക്‌ പുറത്ത്‌ തുടങ്ങിയ പ്രസ്ഥാനങ്ങള്‍, അവയുടെ ജിഹ്വയായി പ്രവര്‍ത്തിച്ച പത്രങ്ങള്‍ എന്നിവ ഇന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. പത്രങ്ങള്‍ക്ക്‌ ഇന്ന് കച്ചവടക്കണ്ണാണുള്ളത്‌. മുതലാളിത്തമാണ്‌ അതിനെ നിലനിര്‍ത്തുന്നത്‌. നിലവിലുള്ള അധികാര സ്ഥാപനങ്ങളേയും നിലനിര്‍ത്തുന്നത്‌ മറ്റൊന്നല്ല. പ്രസ്ഥാനങ്ങളും പത്രങ്ങളും സമൂഹ്യ അസ്വസ്തതകളുടെ പ്രതിനിധികളല്ല ഇന്ന്. ജനാധിപത്യത്തിന്റെ ഡമ്മി രൂപങ്ങള്‍ മാത്രമാണ്‌ ഇന്നുള്ളത്‌. ഒരു ജനധിപത്യ ഭൂമിക വ്യത്യസ്ഥ അഭിപ്രായങ്ങള്‍ക്ക്‌ വേദിയാകണം. മതത്തെ പിന്തുടരുന്നവനും അല്ലാത്തവനും അവിടെ സ്ഥാനമുണ്ടാകണം ആള്‍ദൈവങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ എതിര്‍ക്കാനും ജനാധിപത്യത്തിന്റെ ഈ നെടും തൂണിന്‌ കഴിയണം . ജീര്‍ണ്ണതയെ ആഘോഷിക്കുന്നതിന്‌ പത്രങ്ങള്‍ ഇന്ന് ഒരു പുതു ഭാഷ തേടുന്നുണ്ട്‌. സെന്‍സേഷണലായ വാര്‍ത്തകളും അത്തരം തലക്കെട്ടുകളുമാണ്‌ പത്രങ്ങളുടെ പൊതുഭാഷ. ചില പ്രത്യേക പംക്തികളിലൂടെ അരാഷ്ട്രീയ മനസുകളെ മുതലെടുക്കുകയും അരാഷ്ട്രീയത പ്രസരിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യ നിരൂപണങ്ങള്‍ക്കും സാഹിത്യ ലേഖനങ്ങള്‍ക്കും പകരം സാഹിത്യകാരന്മാരുടെ സ്വകര്യ ഇഷ്‌ടങ്ങള്‍,ദിനചര്യകള്‍ എന്നിവ പൊടിപ്പും തൊങ്ങലും വച്ച്‌ എഴുതുവാനാണ്‌ പത്രങ്ങള്‍ക്ക്‌ താല്‍പര്യം. പത്രപാരയണവും ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളൂം കേള്‍ക്കുക ശീലമാക്കിയവര്‍ ആ കാഴ്ചവട്ടത്തിനുള്ളില്‍ കറങ്ങുന്നു. ഫലം രാഷ്ട്രീയ അന്ധത. മാധ്യമങ്ങളും മാധ്യമങ്ങളെ ഉപജീവീച്ച്‌ മാത്രം ചിന്തിച്ച്‌ കഴിയുന്നവരുംകൂടി ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കുകയാണ്‌. ഇരുപതാം നൂട്ടാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രതികൂല സഞ്ചാരങ്ങളാണ്‌ സാഹിത്യത്തേയും ഭാഷയേയും വളര്‍ത്തിയതെന്ന് നാം കണ്ടു. ഇന്ന് മേല്‍പ്പറഞ്ഞ പ്രതികൂല പരിസരവുമായുള്ള ഘര്‍ഷണത്തില്‍നിന്നാണ്‌ പുതിയ സാഹിത്യവും അതിന്റെ ഭാഷയുമുണ്ടാകുന്നത്‌.സാഹിത്യ ചരിത്രത്തിലൂടെ അല്‍പം കടന്നുപോകുമ്പോള്‍ 18-ം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള കാലഘട്ടത്തില്‍ ഗദ്യസാഹിത്യത്തിന്റെ സാന്നിധ്യം കാര്യമായി ഇല്ല എന്നു തന്നെ പറയാം. സാധാരണക്കാര്‍ക്ക്‌ വായിച്ചാല്‍ മനസ്സിലാകുന്ന ഒരു ഗദ്യശൈലി ഉണ്ടായി വന്നതും പ്രചാരമുണ്ടാക്കി കൊടുത്തതും വിദേശീയ വൈദീകന്മാരുടെ ഗദ്യകൃതികളാണ്‌. 19-ം നൂറ്റാണ്ടിന്റെ അവസാനം കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിലുണ്ടായ ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റിയും ആ കാലങ്ങളില്‍ത്തന്നെ ആവിര്‍ഭവിച്ച പത്രങ്ങളുമാണ്‌ ഇന്നത്തെ ഗദ്യത്തിന്‌ അടിത്തറ പാകിയത്‌.കേരളത്തിലെ സാമൂഹ്യ രംഗത്തുണ്ടായികൊണ്ടിരുന്ന മാറ്റങ്ങള്‍ക്ക്‌ സമാന്തരമായി പിന്നീടുണ്ടായ കുതിച്ചു ചാട്ടത്തിന്‌ പശ്‌ചാത്തലമൊരുക്കികൊണ്ട്‌ അനേകം പത്രങ്ങള്‍ 19-ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായി. രാജ്യ സമാചാരം, വിജ്ഞാന നിക്ഷേപം, കേരളപത്രിക, പശ്‌ചിമ താരക തുടങ്ങിയവയാണ്‌ ആദ്യകാല മലയാളപത്രങ്ങള്‍.തുടര്‍ന്ന് മലയാള മനോരമ, നസ്രാണി ദീപിക, വിദ്യാ വിനോദിനി, ഭാഷാപോഷിണി തുടങ്ങിയവയും പിറവിയെടുത്തു. ഭാഷാപോഷിണിയില്‍ എഴുതി തെളിഞ്ഞ സി. വി. കുഞ്ഞുരാമന്‍. പി. കെ. നാരയണപിള്ള. മുര്‍ക്കോത്ത്‌ കുമാരന്‍ തുടങ്ങിയ മലയാള ഗദ്യ സാഹിത്യത്തിന്‌ ശൈലിയും ഘടനയും ഓജസ്സും നല്‍കിയ പ്രാധാന ഗദ്യ സാഹിത്യകാരന്മാര്‍. മാര്‍ക്സിന്റെ ജീവചരിത്രം മലായാളത്തില്‍ എഴുതിയ രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിലൂടെ മൂര്‍ച്ചയുള്ള വിമര്‍ശനങ്ങള്‍ കൊണ്ട്‌ മലയാളപത്രങ്ങളുടെ മുഖ പ്രസംഗങ്ങള്‍ക്ക്‌ ആദിരൂപമായി. പിന്നീട്‌ ഭാഷ വികാസം പ്രാപിച്ചശേഷം കൗമുദിയിലെ കെ. ബാലകൃഷ്ണനും മറ്റും ഈ പാതയില്‍ ഏറെ മുന്നോട്ട്‌ പോയി.മലയാളത്തിലെ ആദ്യ ചെറുകഥകള്‍ പ്രകാശിതമായതും വിദ്യാവിനോദിനി, ഭാഷാപോഷിണി എന്നീ പത്രങ്ങളില്‍ക്കൂടിയാണ്‌. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍, മൂര്‍ക്കോത്ത്‌ കുമാരന്‍ ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍ തുടങ്ങിയവരാണ്‌ ആദ്യകാല ചെരുകഥാകൃത്തുകള്‍. 20-ം നൂട്ടാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെയാണ്‌ കവിതയില്‍ അതുവരെയുള്ള ചട്ടക്കൂടുകള്‍ ഒക്കെ തകര്‍ത്ത്‌ നവീനമയ പ്രമേയവുമയി വീണപൂവ്‌ എന്ന സാഹിത്യ കൃതി രചിക്കപ്പെട്ടത്‌. ഇതിനെല്ലാം കളമൊരുക്കിയത്‌ ഒരു സാംസ്കാരിക, ഭൗതീക, സാമൂഹ്യ പശ്‌ചാത്തലമാണ്‌. പുതിയ സമര കാഹളങ്ങള്‍ മലയാള ഭാഷയില്‍ മുഴങ്ങാന്‍ തുടങ്ങി. മലയാള ഗദ്യം പുതിയ മുദ്രാവാക്യങ്ങളിലൂടെ, അവകാശ പ്രഖ്യാപനങ്ങളിലൂടെ ഉരുവംകൊണ്ടു. പാമരന്മാര്‍ക്കും മനസിലാകുവാന്‍ 18-ം നൂട്ടാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ചാരുകേരളഭാഷയില്‍ തുള്ളി പാടി കേള്‍പ്പിച്ചപ്പോള്‍ വഴിനടക്കുവാന്‍ കൂടി അവകാശമില്ലാതിരുന്ന കീഴാള ജനതയോടും മറക്കുടക്കൂള്ളിലെ മഹാനരകത്തില്‍ കഴിഞ്ഞിരുന്ന ആഢ്യവര്‍ഗ്ഗത്തിലെ അസ്വതന്ത്രരോടും സംസാരിക്കാന്‍ ഗദ്യഭാഷക്ക്‌ പിറവിയെടുട്ടുക്കുകതന്നെ വേണമായിരുന്നു. പുതിയ നവോഥാന പ്രസ്ഥാനങ്ങള്‍ സാമുദായിക അടിസ്ഥാനത്തില്‍ രൂപം കൊണ്ടു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികളും മലയാളമണ്ണില്‍ മുഴങ്ങി. ആഹ്വാനങ്ങള്‍ ഒരു ജന സമൂഹത്തിലേക്ക്‌ എത്തിക്കുവാന്‍ പത്രങ്ങളും ആവിര്‍ഭവിച്ചു. മാതൃഭൂമി, വിവേകോദയം, കേരളകൗമുദി, സഹോദരന്‍ തുടങ്ങിയ പത്രങ്ങള്‍ ഈ പശ്‌ചാത്തലത്തിലാണ്‌ ഉണ്ടായത്‌. സ്വന്തം ഭരണസൗകര്യത്തിനായി ബ്രിട്ടീഷുകാര്‍ നേരിട്ടും നാട്ടുരാജ്യങ്ങളെകൊണ്ടും നടപ്പിലാക്കിയ പുതുവിദ്യാലയങ്ങളിലൂടെ ഉള്ള ഇംഗ്ലീഷ്‌ പരിജ്ഞാനം മലയാളഗദ്യത്തിനും നോവല്‍ കഥ തുടങ്ങിയ ഗദ്യ സാഹിത്യ ശാഖകള്‍ക്കും അര്‍ത്ഥസമ്പുഷ്ടമയ ഒരു ഭാഷ നല്‍കി. മാറ്റങ്ങളുടേയും സമരങ്ങളുടേയും കാലത്തില്‍ ഭാഷ മാധ്യമങ്ങളിലൂടെ പ്രകാശിതമായി. ധാരാളം ശൈലീ വിശേഷങ്ങള്‍ മലയാളത്തില്‍ കടന്നു വന്നു, ഇംഗ്ലീഷില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നും. എന്നാലും ഗദ്യ ഭാഷയെ കൂടുതല്‍ സമ്പുഷ്ടമാക്കിയത്‌ ഇംഗ്ലീഷ്‌ തന്നെ. സി. വി. കുഞ്ഞുരാമനെപ്പോലെയുള്ളവര്‍ ഉപയോഗിച്ച ശൈലികള്‍ പില്‌ക്കാലങ്ങളിലും ഉപയോഗിച്ചുകൊണ്ടിരുന്നു. ഉദ:-അഭിപ്രായം ഇരുമ്പുലക്കയല്ല. കുട്ടിക്കാലത്ത്‌ അക്ഷരം പഠിക്കാന്‍ സാമൂഹ്യ സാഹചര്യമില്ലായിരുന്ന നമ്പൂതിരി ബാലന്മാര്‍ പില്‍ക്കാല കേരളചരിത്രത്തിന്‌ ഒപ്പം സഞ്ചരിച്ച്‌ ഗദ്യ സാഹിത്യത്തിന്‌ പത്രദ്വാരായും അല്ലാതെയും മഹത്തായ സംഭാവന നല്‍കി. യുഗസ്രഷ്ടാക്കളായി. വി.റ്റി, ഇ. എം എസ്‌. മലയാള പത്ര പ്രവര്‍ത്തനവും അതുവഴി രൂപം കൊണ്ട മലയാള ഗദ്യ സാഹിത്യവും കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളിലൂടെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിലൂടെയും ചരിത്രം നിര്‍മ്മിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ സമരങ്ങളും പരസ്പരം ഇഴപിരിക്കിനാകാത്ത്‌ വിപ്ലവ സത്തയായി നിലകൊള്ളുന്നു.. പത്രങ്ങള്‍, പ്രസ്ഥാനങ്ങള്‍, സാഹിത്യം, സാമൂഹ്യഘടന ഇതൊക്കെ ഒരു രാസ പ്രക്രിയയിലെ ഘടകങ്ങളായിരുന്നു.മാധ്യമം ഒരു അയഥാര്‍ഥ പരിസരം സൃഷ്ടിക്കുന്നു. പത്രങ്ങള്‍ സമകലീനതയെ ഫോക്കസ്‌ ചെയ്യുമ്പോള്‍ കാലത്തിന്റെ വിശാലമയ ക്യാന്‍വാസ്‌ നഷ്ടപ്പെടുന്നു. ക്ലോസപ്പ്‌ ഭാഷയാണ്‌ പത്രങ്ങള്‍ക്ക്‌ ചേരുന്നത്‌. ഹ്രസ്വ ദൃഷ്ടി മനുഷ്യനെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു. ദൃശ്യ മാധ്യമങ്ങള്‍ നമ്മുടെ യഥാര്‍ഥ പരിസരമായിമാറിയിരിക്കുന്നു. അകലെ എവിടെയോ നടക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ ഫോക്കസ്‌ ചെയ്യുന്ന ഫ്രൈമിലൂടെ നമ്മുടെ നിത്യജീവിതത്തിലെ സംഭവമാകുന്നു. നമ്മുടെ ബോധധാരയെ അസ്തിത്വത്തെ ദൃശ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നു. സമകാലീനലോകത്തില്‍ ഫ്ലാറ്റുകളില്‍ ജീവിക്കുകയും യാന്ത്രികമയി ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ക്ക്‌ ലോകത്തിലേക്കുള്ള ജാലകം ടി. വി. സ്ക്രീന്‍ ആണ്‌. ഇത്തരം പരിസരത്തില്‍ നിന്നുണ്ടാകുന്ന കഥകള്‍ അധുനികാനന്തര മലയാള സാഹിത്യത്തില്‍ ഉണ്ടാകുന്നുണ്ട്‌. കഥകള്‍ വാങ്ങ്‌മയ ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചുണ്ടാകുന്ന ഒരു പുതുശൈലിയും പുതിയകാലത്തെ കഥകളില്‍ കാണാം ആധുനികതയുടെ കാലത്ത്‌ ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളില്‍ നിന്നുണ്ടായ ഭാഷാരൂപങ്ങള്‍ പില്‌ക്കാലത്തുണ്ടായ ഫീച്ചര്‍ രചനകളില്‍ കാണാം. ഒ.വി. വിജയന്റെ സര്‍ഗ്ഗ ക്രിയയിലെ ദര്‍ശനഛായകള്‍ പത്രപ്രവര്‍ത്തന രകനകളിലും ഉണ്ട്‌. വിജയന്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതികരിച്ചുകൊണ്ടെഴുതിയ ലേഖനങ്ങളില്‍ പ്രാകൃത ഫലിതം, വിപ്ലവ സംസ്കൃതി, ആത്മീയ ഭീകരത, ഹീനമയ വൈരുധ്യം ധന്യമായ നിസഹായത, മഹാ മൗഢ്യം, ഹാസ സങ്കലനംതുടങ്ങിയ വാക്യ ദ്വന്ദങ്ങള്‍ വിജയന്റേതെന്ന് രേഖപ്പെടുത്തി വായനക്കാര്‍ക്ക്‌ അറിയവുന്നതാണ്‌. അടുത്തകാലത്തായി ആഴ്‌ച്ചപതിപ്പുകളിലും വിശേഷാല്‍ പതിപ്പുകളിലും അനുഭവങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്‍, കേട്ടെഴുത്ത്‌ ആത്മകഥകള്‍ എന്നിവയൊക്കെ പ്രധന്യത്തോടെ പ്രസിധീകരിക്കുന്നു. ഇതിനൊക്കെ പ്രയോഗിക്കുന്ന ഭാഷയിലും ഘടനാപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. വയ്‌മൊഴി ഭാഷയിലാണ്‌ ഇതിന്റെ രചനകള്‍. ഈയിടെയായി സാഹിത്യകരന്മരോടും മറ്റുമുള്ള അഭിമുഖങ്ങളിലും യഥാര്‍ഥ സംഭാഷണശൈലിതന്നെ കാണാം.കേരളത്തിലെ കുട്ടികളെ ഇന്ന് ഏറെ സ്വീകരിക്കുന്ന മലയാളം ടി. വി. ചാനലുകളിലൂടെ കേള്‍ക്കുന്ന ഭാഷയാണ്‌. ടി. വി യില്‍ ആങ്കറിംഗ്‌ നടത്തുന്ന ഭൂരിഭാഗവും നഗരങ്ങളിലോ,കേരളത്തിന്‌ പുറത്തോ ഗള്‍ഫ്‌ യൂറോപ്പ്‌ അമേരിക്ക തുടങ്ങിയ പുറം നാടുകളില്‍ ഇംഗ്ലീഷ്‌ പ്രഥമ ഭാഷയായി പഠിച്ചവരാണ്‌. ഇവരുടെ ശരീര ഭാഷയും പദപ്രയോഗങ്ങളും സംഭാഷണത്തിലെ ഈണവുമൊക്കെ ഒരു പുതിയ ഭാഷ രൂപപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. ബ്രാഹ്മണരുടേയും പിന്നീട്‌ യൂറൊപ്യരുടേയും അധിനിവേശവും അതിനെതിരായ പോരാട്ടവും ചേര്‍ന്ന് ഇന്നത്തെ മലായാളമുണ്ടായി. ഭാഷയുണ്ടായതിനുള്ള മെറ്റിരിയല്‍സ്‌ അധിനിവേശക്കാരുടേത്‌ തന്നെ ആയിരുന്നു. കീഴാളര്‍ക്കും പെണ്ണിനും നഷ്ടപ്പെട്ട ഭാഷ വീണ്ടെടുക്കാനുള്ള ശ്രമം പുതുസാഹിത്യത്തെ സൃഷ്ടിക്കുന്നു..പറയുന്നവന്റെ ഭാഷയും കേള്‍ക്കുന്നവന്റെ ഭാഷയുമെന്നത്‌ പ്രകൃതി നിയമമാണോ? സമകലീന സന്ദര്‍ഭത്തില്‍ രണ്ടുതരം മലയാളിയുണ്ട്‌. ഭൂമിയും ഭാഷയും അധികാരവും ഉദ്യോഗങ്ങളും ഒക്കെ കയ്യേറുന്ന സമ്പന്ന, മലയാളത്തെ രണ്ടാം ഭാഷയായി പഠിച്ച വിദേശ മലയാളിയും എങ്ങും ഇടമില്ലാത്ത ഇടത്തിനായി പൊരുതുന്ന സ്വദേശ മലയാളിയും. പുതിയഭാഷ വികസിക്കുന്നതും നിലനില്‍ക്കുന്നതും ആരുടെ കൈകളിലാണ്‌? ചരിത്രം അതിന്റെ സ്വാഭാവിക പരിണാമങ്ങളോടെ നിലനില്‍ക്കും. ഭൗതീക മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഭാഷയും മാറിക്കൊണ്ടിരിക്കും. മാറ്റത്തിന്റെ ഏതോ സന്ധിയില്‍ ഈ ഭാഷ തിരിച്ചറിയാനകാത്ത വിധം മറ്റൊന്നായി മാറുകയും ചെയ്യാം. ഭാഷയുടെ നിലനില്‍പ്പിന്‌ മുറവിളി കൂട്ടുന്നവര്‍ അതു സംസാരിക്കുന്ന ജനതയുടെ നിലനില്‍പില്‍ ശ്രദ്ധിച്ചാല്‍ മതി.

(പുസ്‌തകോത്സവത്തോടനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ അവതരിപ്പിച്ച വിഷയം)

Sunday, July 1, 2007

പുസ്‌തകോത്സവത്തിന്‌ ചരിത്രവിജയം





വായന മരിക്കുന്നു എന്ന സാമാന്യസങ്കല്‌പം അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട്‌ പ്രേരണയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്ന പുസ്‌തകോത്സവം വിജയകരമായി സമാപിച്ചു.

വായനയിലുള്ള മടിയോ പുസ്‌തകങ്ങളിലുള്ള താത്പര്യമില്ലായ്മയോ അല്ല ഗള്‍ഫില്‍ വായന നേരിടുന്ന പ്രശ്നം, വായനക്കാരന്‍ ആഗ്രഹിക്കുന്ന പുസ്‌തകങ്ങളുടെ ലഭ്യതയില്ലായ്മയാണ്‌ അതിനു കാരണം എന്ന് ഈ പുസ്‌തകോത്സവം തെളിയിച്ചു. ഒരു പരീക്ഷണാര്‍ത്ഥത്തില്‍ ഞങ്ങളെത്തിച്ച 99% പുസ്‌തകങ്ങളും വിറ്റുപോയി എന്നു മാത്രമല്ല, ഞങ്ങള്‍ എത്തിച്ചതിലേറെ പുസ്‌തകങ്ങള്‍ക്ക്‌ ഓര്‍ഡര്‍ ലഭിക്കുകയും ചെയ്‌തു. വില്‌ക്കാതെ പോയ ഒരു ശതമാനം പുസ്‌തകങ്ങളാവട്ടെ ഗൗരവ വായനയില്‍ നിന്ന് ഒഴിവാക്കേണ്ട തരം ജീര്‍ണ്ണഗ്രന്ഥങ്ങളുമായിരുന്നു (പുസ്‌തകടക്കാര്‍ സൗജന്യമായി അയച്ചത്‌) ഗള്‍ഫ്‌ മലയാളികള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാത്രമല്ല, എന്തുവായിക്കണമെന്ന് അവന്‌ കൃത്യമായി തിരിച്ചറിയാം എന്നും ഇത്‌ വ്യക്‌തമാക്കുന്നു.

പുസ്‌തകപ്രദര്‍ശനം മാത്രമായിരുന്നില്ല, പുസ്‌തകപ്രകാശനം, സാഹിത്യ ചര്‍ച്ചകള്‍, കാവ്യസന്ധ്യ, നാടന്‍ പാട്ടുകള്‍, നാടകം, നൃത്തശില്‌പം എന്നിവയും ഈ പുസ്‌തകോത്സവത്തിന്റെ മാറ്റുകൂട്ടി. വിജു മാഹി നാടകപ്പുര സംവിധാനം ചെയ്‌ത 'എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍' എന്ന നാടകം, കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍ അവതരിപ്പിച്ച ഒരു നാടകമായിരുന്നു. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമവാസനയും യുദ്ധക്കളിക്കോപ്പുകളോടുള്ള താത്‌പര്യവും സാമാന്യജനങ്ങള്‍ ഗാന്ധിചര്യകളില്‍ നിന്ന് അകലുന്നതും ഗാന്ധിജിയെപ്പറ്റിയുള്ള ഓര്‍മ്മ ഗാന്ധിജയന്തിദിനത്തില്‍ മാത്രമായി ഒതുങ്ങുന്നതും ഒക്കെയായിരുന്നു അതിന്റെ ഇതിവൃത്തം.

ഏഴാംചേരി രാമചന്ദ്രന്റെ 'ഇനിയെന്തുവില്‌ക്കുവാന്‍ ബാക്കി..?' എന്ന കവിതയെ അവലംബിച്ചാണ്‌ ഭരത്ശ്രീ. രാധകൃഷ്ണന്‍ നൃത്തശില്‌പം അവതരിപ്പിച്ചത്‌.

ബഹ്‌റൈനിലെ സാംസ്കാരിക സമൂഹത്തിന്റെ മുക്‌തകണ്‌ഠമായ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടാണ്‌ ഈ വര്‍ഷത്തെ പുസ്‌തകോത്സവം സമാപിച്ചത്‌ എന്നത്‌ ഞങ്ങളെ സന്തോഷ ചിത്തരാക്കുന്നതോടൊപ്പം ഞങ്ങളുടെ ഭാവിപരിപാടികളിലേക്കുള്ള ഒരു ചുണ്ടപലകകൂടിയായിക്കൂടി ഞങ്ങളിതിനെ കാണുന്നു.

പുസ്‌തകോത്സവത്തോടനുബന്ധിച്ചു നടന്ന സാഹിത്യ ചര്‍ച്ചകളുടെ സംക്ഷിപ്‌തരൂപങ്ങള്‍ പിന്നാലെ..

Monday, June 11, 2007

പുസ്‌തകോത്സവം - 07 കാര്യപരിപാടികള്‍ - വിശദമായി


ഇടം: ഇന്ത്യന്‍ ക്ലബ്ബ്‌ അങ്കണം 2007 ജൂണ്‍ 25 - 29
2007 ജൂണ്‍ 25 - തിങ്കള്‍
പുസ്‌തകപ്രദര്‍ശനം -
ഉദ്ഘാടനം: ശ്രീ. സാബു ഏബ്രഹാം (ഇന്ത്യന്‍ ക്ലബ്ബ്‌ സെക്രട്ടറി)
ആശംസ: എ. കണ്ണന്‍, സുകുമാര്‍ മുള്ളോത്ത്‌
പുസ്‌തക പ്രകാശനം:
പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം
ബെന്യാമിന്‍ എഴുതിയ നോവല്
വോയ്‌സ്‌ എഫ്‌.എം. റേഡിയോസ്റ്റേഷന്‍ ഡയറക്‌ടര്‍ ശ്രി. പി. ഉണ്ണിക്കൃഷ്ണന്‍, ബഹ്‌റൈന്‍ കേരളീയ സമാജം ലൈബ്രേറിയന്‍ ശ്രീ. എം.എ. ഡേവിസിനു നല്‌കി നിര്‍വ്വഹിക്കുന്നു.
പുസ്‌തക പ്രദര്‍ശനം രാത്രി 7 മുതല്‍ 10 വരെ.

2007 ജൂണ്‍ 26 - ചൊവ്വ
പുസ്‌തക പ്രദര്‍ശനം രാത്രി 7 മുതല്‍ 10 വരെ.

രാത്രി 8 മണി
മീഡിയ മീറ്റ്‌
വിഷയം: മലയാള സാഹിത്യവും മാധ്യമഭാഷയും
അവതരണം: സുധീശ്‌ കുമാര്
പങ്കെടുക്കുന്നവര്‍: എം. സുരേഷ്‌ കുമാര്‍, ഇ.വി. രാജീവന്‍, ബിജു അഞ്ചല്‍, ബാബുരാജ്‌ അടൂര്‍, അശോക്‌ കുമാര്‍, അസ്‌ലാം

2007 ജൂണ്‍ 27 - ബുധന്‍
പുസ്‌തക പ്രദര്‍ശനം രാത്രി 7 മുതല്‍ 10 വരെ.

ടേബിള്‍ ടോക്ക്‌
വിഷയം: വളരുന്ന പുസ്‌തക വിപണിയും തളരുന്ന വായനയും
അവതരണം : ഇ.എ. സലീം

2007 ജൂണ്‍ 28 - വ്യാഴം
പുസ്‌തക പ്രദര്‍ശനം രാത്രി 7 മുതല്‍ 10 വരെ.

രാത്രി 8 മണി
കാവ്യസന്ധ്യ
കവിത അവതരണം: ശ്യാം കുമാര്‍, സുധി പുത്തന്‍വേലിക്കര, എസ്‌. അനില്‍കുമാര്‍, ഫിറോസ്‌ തിരുവത്ര
കാവ്യാലാപനം: ആതിര ശ്യാം, നീതു സത്യന്‍, അഭിജിത്ത്‌

2007 ജൂണ്‍ 29 - വെള്ളി
പുസ്‌തക പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട്‌ 5 വരെ. (ഇന്ത്യന്‍ ക്ലബ്ബ്‌ അങ്കണം)
രാത്രി 8 മണി മുതല്‍
സമാപനസമ്മേളനം
ഇടം: അനാരത്ത്‌ ഹാള്‍ ഹൂറ
ഉദ്ഘാടനം: പി.വി.രാധാകൃഷ്ണപിള്ള (ചെയര്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍)
മുഖ്യാതിഥികള്‍ : ജി.കെ. നായര്‍ (പ്രസിഡന്റ്‌, ബഹ്‌റൈന്‍ കേരളീയ സമാജം), മാത്യു ജോസഫ്‌ (പ്രസിഡന്റ്‌, ഇന്ത്യന്‍ ക്ലബ്ബ്‌), ജയചന്ദ്രന്‍ (കഥാകൃത്ത്‌)
നാടകക്കളരി ഉദ്ഘാടനം: വിജു മാഹി നാടകപ്പുര

കലാപരിപാടികള്‍
നാടന്‍ പാട്ടുകള്‍
അവതരണം: റെജിയും സംഘവും

നാടകം
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്
സംവിധാനം: വിജു മാഹി നാടകപ്പുര
രംഗത്ത്‌: ആതിര പവിത്രന്‍, അഭിജിത്ത്‌ ധര്‍മ്മരാജ്‌, അതീത്‌ തരുണ്‍, സച്ചിന്‍ സുധി, ബിജിയ സുധി

നൃത്തശില്‌പം
അവതരണം: ഭരത്ശ്രീ. രാധാകൃഷ്ണന്‍

തുടര്‍ന്ന്: സ്‌നേഹവിരുന്ന്
ഏവര്‍ക്കും സ്വാഗതം.

Tuesday, June 5, 2007

പ്രേരണ - പുസ്‌തകോത്‌സവം - 2007

ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രേരണ ഇന്ത്യന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ പുസ്‌തകോത്സവം സംഘടിപ്പിക്കുന്നു.
വിവിധ പ്രസാധകരുടെ പുസ്‌തകങ്ങള്‍ അണിനിരത്തിക്കൊണ്ടുള്ള വിപുലമായ പുസ്‌തകപ്രദര്‍ശനം, ബെന്യാമിന്റെ 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' എന്ന നോവലിന്റെ പ്രകാശനം. സാഹിത്യ ചര്‍ച്ചകള്‍, സംവാദങ്ങള്‍, കാവ്യസന്ധ്യ, നാടകം, നൃത്തശില്‌പം, നാടന്‍പാട്ടുകള്‍ എന്നിവയാണ്‌ പ്രധാനപരിപാടികള്‍.

ജൂണ്‍ 25 മുതല്‍ 29 വരെ ഇന്ത്യന്‍ ക്ലബ്ബ്‌ അങ്കണത്തില്‍ രാത്രി 7 മുതല്‍ 10 വരെയാണ്‌ പുസ്‌തകപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌.

ബഹ്‌റൈന്റെ എന്നല്ല ഗള്‍ഫില്‍ തന്നെ ഇദം പ്രഥമമായി സംഘടിപ്പിക്കുന്ന ഈ പുസ്‌തകോത്സവത്തിന്‌ എല്ലാവരുടെയും നിസ്സീമമായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. വിശദമായ കാര്യപരിപാടികള്‍ അടങ്ങിയ നോട്ടീസ്‌ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്‌
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട നമ്പര്‍
വി.എ. ബാലകൃഷ്ണന്‍ - 39086688

Thursday, May 24, 2007

മുഖ്യമന്ത്രിക്കൊരു പൂച്ചെണ്ട്‌.

കഴിഞ്ഞ നൂറ്റാണ്ടിന്റെ കേരളചരിത്രം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്‍ ഭൂമിക്കുവേണ്ടി നടത്തിയ സമരങ്ങളുടെ ചരിത്രം കൂടിയാണ്‌. കേരളത്തില്‍ ജന്മിത്തം അവസാനിച്ചു എന്ന് നമ്മള്‍ ഊറ്റം കൊള്ളുമ്പോള്‍ തന്നെ, സകല ജീവജാലങ്ങളുടേയും ആത്യന്തികമായി മനുഷ്യന്റേയും ജീവന്‌ ഭീഷണിയാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകും വിധം ജലാശയങ്ങളും ചതുപ്പുകളും കണ്ടല്‍ക്കാടുകളും വനനിബിഡമയ മലനിരകളും വര്‍ഷങ്ങളായി , സാമ്പത്തിക ലാഭം മുന്‍ നിര്‍ത്തി കയ്യേറിക്കൊണ്ടിരിക്കുകയാണ്‌. അനധികൃത കയ്യേറ്റങ്ങള്‍ എന്ന ഈ കൊള്ളക്കും, ശേഷമുണ്ടായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുത്തത്‌ ഭരണ-പ്രതിപക്ഷഭേദമന്യേ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥ വൃന്ദവുമാണ്‌.ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്ന ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക്‌ സര്‍വവിധ പിന്തുണയും കൊടുത്തുകൊണ്ട്‌ രാഷ്ട്രീയത്തിന്‌ അതിന്റെ യഥാര്‍ഥ വ്യാഖ്യാനവുമായി ജനകീയ ബദല്‍ രാഷ്ട്രീയം ശക്തിപ്പെടുത്തേണ്ടതാണെന്ന് പ്രേരണ ബഹ്‌ റൈന്‍ പൊതുയോഗം ആഹ്വാനം ചെയ്യുന്നു.

നാടെങ്ങും ഉണ്ടായിട്ടുള്ള ഇത്തരം കയ്യേറ്റങ്ങളെ പുറത്തുകൊണ്ടുവരാന്‍ പ്രാദേശികമായി ജനകീയ സേനകള്‍ ഉണ്ടായിവരേണ്ടതാണ്‌. വികസനത്തെ കുറിച്ചും വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ അവബോധം ഉണ്ടാകുന്നതിലേക്ക്‌ ഇത്തരം മുന്നേറ്റങ്ങള്‍ നയിക്കുന്നു. ഉദ്യോഗസ്ഥരുടെ സാമൂഹ്യ പ്രതിബദ്ധത സ്ഥാപിക്കാന്‍ ജനകീയ ശക്തികള്‍ പ്രേരകമാകണം. ഇന്ന് ഒതുക്കപ്പെട്ട സാമുഹ്യ പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥര്‍ ക്രിയാത്മകമായും ഇഛാശക്തിയോടെയും കര്‍മ്മനിരതരാകുവാന്‍ അന്തരീക്ഷം ഉണ്ടാകേണ്ടതാണ്‌.

അധിനിവേശം സമൂഹത്തില്‍ ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിന്‌ തിരികൊളുത്താന്‍ സഹായിച്ച ഒരു ഇടപെടല്‍ എന്ന നിലയില്‍ക്കൂടി ഞങ്ങള്‍ സര്‍ക്കാര്‍ നടപടിക്ക്‌ പിന്തുണ നല്‌കുന്നു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുക മാത്രമല്ല കയ്യേറിവരേയും കൂട്ടുനിന്നവരേയും ശിക്ഷിക്കുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രാവര്‍ത്തികമാകുമെന്നും പ്രത്യാശിക്കുന്നു.

പിടിച്ചെടുക്കുന്നഭൂമിയില്‍ പാരിസ്ഥിതിക സംതുലനത്തിന്‌ നിലനിര്‍ത്തേണ്ടത്‌ ഒഴിച്ചുള്ള ഭൂമി ഭൂരഹിത കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യേണ്ടതാണെന്നും പ്രേരണ ബഹ്‌റൈന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു..

Wednesday, May 16, 2007

ഭൂമി കയ്യേറ്റങ്ങളും മനുഷ്യന്റെ ഭാവിയും.

(അന്യാധീനപ്പെടുന്ന ഭൂമി എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം. )
കേരളത്തില്‍ നടന്നഭൂപരിഷ്ക്കരണം ജനാധിപത്യപരമോ അടിയാളവര്‍ഗ്ഗ പ്രതിബദ്ധിതമോ ആയിരുന്നില്ല. നാണ്യവിളകളെ പ്രോത്‌സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ മൂലം നെല്‍കൃഷിയുടെ അവിഭാജ്യ ഘടകമായിരുന്ന അടിയാള വര്‍ഗ്ഗത്തെ ഭൂബന്ധങ്ങളില്‍ നിന്നും കൃഷിയില്‍ നിന്നും ഒഴിവാക്കിയതാണ്‌ കേരളത്തില്‍ നെല്‍കൃഷിയുടേയും നെല്‍ വയലുകളുടേയും തിരോധാനത്തിനു പ്രധാന കാരണം. കേരളത്തിലെ കാര്‍ഷികഘടനയിലെ മധ്യവര്‍ത്തികളായ കാണക്കുടിയാന്മാരും പാട്ടക്കുടിയാന്മാരും കാര്‍ഷിക പരിഷ്‌കരണത്തിലൂടെ ഭൂവുടമകളായി മാറിയപ്പോള്‍ നെല്‍കൃഷിയുടേയും തോട്ട കൃഷിയുടേയും അവിഭാജ്യ ഘടകവും കൃഷിയില്‍ നേരിട്ട്‌ കായികാദ്ധ്വാനം വിനിയോഗിച്ചിരുന്നവരുമായ അടിയാളവിഭാഗം ഭൂമിയില്‍ നിന്നും കൃഷിയില്‍ നിന്നും ഭൂപരിഷ്കരണത്തിന്റെ പുറം പോക്കുകളിലേക്ക്‌ ആട്ടിയോടിക്കപ്പെട്ടു. ഈ അടിയാള വിഭാഗം ഇന്ന് കാര്‍ഷികമേഖലയില്‍ നിന്നും പ്രതിവര്‍ഷം അന്‍പതു തൊഴില്‍ ദിനം പോലും ലഭിക്കാത്ത കര്‍ഷകത്തൊഴിലാളികളാണ്‌. ഭൂമിയില്‍ ഉടമസ്ഥതാവകാശം ലഭിച്ച മധ്യവര്‍ഗ്ഗമാകട്ടെ വിദ്യാഭ്യാസ ഉദ്ദ്യോഗമണ്ഡലങ്ങളിലും വണിജ്യ വ്യാപാര മേഖലകളിലും വിദേശ ജോലികളിലും നിര്‍ണ്ണായക സ്ഥാനമുറപ്പിച്ചു. നെല്‍കൃഷിയെപ്പോലെ ദൈനംദിന ശ്രദ്ധ ആവശ്യമായ ഹ്രസ്വ വിള കൃഷിയില്‍ ശ്രദ്ധിക്കാനോ കൃഷി നടത്താനോ ഈ വിഭാഗത്തിന്‌ സമയമോ താല്‍പര്യമോ ഇല്ല. നെല്‍കൃഷി നഷ്ടമാണെന്ന അഭിപ്രായം കാര്‍ഷികേതര വരുമാനമുള്ള ഇവരുടേതാണ്‌. യഥാര്‍ഥത്തില്‍ മണ്ണും കൃഷിയുമായി ജൈവബന്ധം ഒട്ടുമില്ലാത്ത ഈ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള നെല്‍ വയലുകളില്‍ ഏറെയും ഇപ്പോള്‍ തരിശ്‌ വിളയുകയാണ്‌.
കാര്‍ഷികപരിഷ്കരണത്തിന്റെ ബാക്കിപത്രമായി കാര്യങ്ങള്‍ മറ്റൊരുതരത്തിലും സംഭവിച്ചുകൊണ്ടിരിക്കയാണ്‌. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും പണം നിക്ഷേപിക്കാനുള്ള ഒരു വസ്തുവായും നിരന്തരം മാറ്റപ്പെട്ടുകൊണ്ടിരിക്കയാണ്‌. ഗല്‍ഫ്‌ മേഖലയില്‍ നിന്ന് വരുന്ന വിദേശ മലയാളികളുടെ സമ്പത്തിന്റെ വലിയൊരുഭാഗം ഉപയോഗിക്കപ്പെടുന്നത്‌ ഒരു നിക്ഷേപവസ്തുവായി ഭൂമി വാങ്ങിക്കൂട്ടുന്നതിലാണ്‌. (കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗല്‍ഫ്‌ വരുമാനമുള്ള തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ നടത്തിയ പഠനത്തില്‍ നിന്ന് മനസ്സിലാക്കുന്നത്‌ ഗല്‍ഫ്‌ വരുമനത്തിന്റെ 79% ശതമാനം നിക്ഷേപിക്കുന്നത്‌ ഭൂമിവാങ്ങുന്നതിനു വേണ്ടിയാണ്‌ എന്നാണ്‌. കേരളത്തിലെ കൃഷിഭൂമിയുടെ സിംഹഭാഗവും കാര്‍ഷികവൃത്തിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കേണ്ടതല്ലാത്ത ഒരു പുത്തന്‍ ഭൂവുടമാ വിഭാഗത്തിന്റെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ കാര്‍ഷിക രംഗം മുച്ചൂടും മുരടിച്ചുനില്‍ക്കയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഭൂരഹിത കര്‍ഷക വിഭാഗത്തിന്റെ ജീവിതം ദുരിതപൂര്‍ണ്ണമാവുകയും ചെയ്‌തിരിക്കുന്നു. ഈ പശ്‌ചാത്തലത്തില്‍ വേണം ആഗോളീകരണത്തിന്റെ ഫലമായി വര്‍ത്തമാന കേരളത്തില്‍ ഭൂബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കൂടി കൂട്ടി വായിക്കേണ്ടത്‌.നിയമം മൂലം എല്ലാ ജനാധിപത്യ സമൂഹങ്ങളിലും നിരോധിക്കപ്പെട്ട പാട്ട കൃഷി സ്ഥാപനവല്‍ക്കരിക്കാനും പിന്തിരിപ്പന്‍ ഭൂബന്ധങ്ങള്‍ തിരിച്ചുകൊണ്ടുവരാനും ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കയാണ്‌. ആഗോളീകരണത്തിന്റെ ഘടനാ ക്രമീകരണ പദ്ധതികള്‍നടപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍ വാങ്ങുന്നതുമൂലം രൂപപ്പെടുന്ന ശൂന്യത നികത്താന്‍ അയല്‍ക്കൂട്ടങ്ങള്‍, സ്വയം സഹായസംഘങ്ങള്‍, കുടുംബശ്രീകള്‍ മുതലായവയിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ ചിലവില്‍ അവരെക്കൊണ്ട്‌ തന്നെ നിര്‍വഹിക്കപ്പെടുന്ന പങ്കാളിത്ത വികസന പദ്ധതികള്‍ സാമ്രാജ്യത്വം ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്‌. ആഗോളീകരണത്തെ സൂക്ഷ്‌മതലത്തിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ നടപ്പിലാക്കപ്പെടുന്ന ഇത്തരം പോസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പദ്ധതികളുടെ നിര്‍വഹണാത്തില്‍ കേരളത്തില്‍ ഏറെ മുന്നേറിയിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളുടെ മുഖ്യ ദൗത്യം വീണ്ടും പാട്ട കൃഷിയെ കേരളത്തില്‍ പുനസ്ഥാപിക്കുക എന്നതാണ്‌. 1970 ലെ ഭൂപരിഷ്ക്കരണത്തിന്റെ ഫലമായി ആകെ വിതരണം ചെയ്തത്‌ അര ലക്ഷത്തോളം ഏക്കര്‍ ഭൂമിയായിരുന്നെങ്കില്‍ ഇന്ന് കുടുംബശ്രീ നടത്തുന്ന പാട്ടകൃഷി 5700 ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചിരിക്കുന്നു. ഭൂപരിഷ്ക്കരണത്തിനു ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെയാണ്‌ കുടുംബശ്രീ ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ നവലിബറല്‍ വാദികളും നാലാം ലോകവാദക്കാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഏക്കറിന്‌ 10,000 രൂപവരെ കൂലി നല്‍കി പാട്ടകൃഷി നടക്കുന്ന കേരളത്തില്‍ കൃഷി ആദായകരമല്ലെന്നും കാര്‍ഷിക വൃത്തിക്ക്‌ ആളെ കിട്ടാനില്ലെന്നും മട്ടും പ്രചരിപ്പിക്കുന്നത്‌ വളരെ ആസൂത്രിതമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ സമ്പത്ത്‌ വ്യവസ്ഥയില്‍ പിടിമുറുക്കികൊണ്ടിരിക്കുന്ന റീയല്‍ എസ്റ്റേറ്റ്‌ ലോബിയും മതസ്ഥാപനങ്ങളും എല്ലാം ഭൂമിവര്‍ദ്ധിച്ച തോതില്‍ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. സര്‍ക്കാരാകട്ടെ ടൂറിസം, ഐ. ടി മേഖലകളില്‍ വിദേശ മൂലധന ശക്തികള്‍ക്കുവേണ്ടി വന്‍ തോതില്‍ കൃഷിഭൂമി അക്വയര്‍ ചെയ്തുകൊണ്ടിരിക്കയാണ്‌. ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റിക്കുവേണ്ടി 30 വര്‍ഷത്തെ പാട്ടത്തിനു 300 ഏക്കര്‍ സ്ഥലം കര്‍ഷകറില്‍ നിന്നും അക്വയര്‍ ചെയ്യാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നയം റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതാണ്‌. വ്യവസായം, ടൂറിസം, ഐ. ടി മെഖലകളിലെ ആഭ്യന്തര വിദേശ സം രംഭകര്‍ക്ക്‌ നേരിട്ട്‌ യഥേഷ്ടം ഭൂമി ഇടപാടു നടത്താവുന്നരീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച്‌ നല്‍കുന്നു. കോട്ടയം ,എറണാകുളം ആലപ്പുഴ എന്നീ ജില്ലകളില്‍ നൂറുകണക്കിനേക്കര്‍ തീരദേശഭൂമികളും കായലോരങ്ങളും പാടശേഖരങ്ങളും കരഭൂമികളും റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാര്‍ മുഖേന അജ്ഞാത ഉടമസ്ഥതയിലേക്ക്‌ കൈമാറിക്കഴിഞ്ഞിരിക്കുന്നു. വാഗമണ്ണിലും മൂന്നാറിലും നൂറുകണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യൂ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജപട്ടയങ്ങളുണ്ടാക്കി ടൂറിസ്റ്റ്‌ മാഫിയകളും സമ്പന്ന വിഭാഗവും കൈവശപ്പെടിത്തിക്കഴിഞ്ഞിരിക്കുന്നു. മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിക്കുണ്ടായിരുന്ന 65000 ഏക്കര്‍ തരിശ്‌ ഭൂമി 1970 ല്‍ ഭൂപരിഷ്ക്കരണ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായതാണ്‌. കേരളത്തിലെ ഭൂരഹിത വിഭാഗങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട ഈ ഭൂമി ടാറ്റാ അനധികൃതമായി കൈയ്യടക്കി വചിരിക്കുന്നതിനെതിരേയും വാഗമണ്ണിലെ പുല്‍മേടുകള്‍ അന്നത്തെ റവന്യൂ മന്ത്രിയുടെ ബന്ധുക്കള്‍ കയ്യടക്കി വചിരിക്കുന്നതിനെതിരേയും മാധ്യമ പരിവാരങ്ങളോടെ പ്രക്ഷോഭയാത്രകള്‍ നടത്തിയ പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിയായപ്പോള്‍ നിശബ്ദനായിരിക്കുന്നു. (ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്ക്‌ മുന്‍പ്‌ എഴുതിയതാണ്‌ ഈ ലേഖനം)
കേരളത്തില്‍ വരുന്ന ഹവാലപ്പണത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കപ്പെട്ടത്‌ ഭൂമി ഇടപാടുകളിലാണ്‌. അടുത്തനാളിലാണ്‌ അമേരിക്കന്‍ ബന്ധമുള്ള പ്രമുഖ സുവിശേഷ പ്രാസംഗികന്‍ കെ. പി. യോഹന്നാന്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ 3000 ഏക്കറോളം വരുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ്‌ വാങ്ങി ബിലീവേര്‍സ്‌ എസ്റ്റേറ്റ്‌ എന്ന് നാമകരണം ചെയ്തത്‌. സുനാമി ദുരന്തം കശക്കി എറിഞ്ഞ ആലപ്പാട്ടു പഞ്ചായത്തിലും കായലിനു കിഴക്കുള്ള കുപ്പന പഞ്ചായത്തിലും ഏക്കര്‍ കണക്കിനു ഭൂമി അമൃതാനന്ദമയി മഠം മോഹവില നല്‍കി വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കയാണ്‌. അങ്ങിനെ കേരളത്തിലെ കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ്‌ ലോബിയുടേയും പള്ളിയുടെയും മഠത്തിന്റേയുമെല്ലാം നേതൃത്വത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌.ഇന്ത്യയില്‍ ഏറ്റവും പുരോഗമനപരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭൂപരിഷ്ക്കരണത്തിനു ശേഷവും കേരളത്തിലെ ഭൂകേന്ദ്രീകരണം അഖിലേന്ത്യാ ശരാശരിക്കൊപ്പമാണ്‌. മാത്രമല്ല, ഭൂകേന്ദ്രീകരണ പ്രവണത അനുദിനം ശക്തിപ്പെടുകയുമാണ്‌. സംസ്ഥാന വരുമാനത്തിന്റെ നാല്‍പതു ശതമാനം കയ്യടക്കിയിട്ടുള്ള ഏറ്റവും മുകള്‍ത്തട്ടിലുള്ള പത്തു ശതമാനം പേരുടെ കയ്യിലാണ്‌, മുഖ്യ ഉല്‍പാദനോപാധിയായ, എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടേയും ദിശ നിര്‍ണ്ണയിക്കുന്ന ഭൂമിയുടെ 60% കേന്ദ്രീകരിച്ചിരിക്കുന്നത്‌. അതേ സമയം തല ചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിപോലുമില്ലാതെ ലക്ഷം വീടു കോളനികളിലും സെറ്റില്‍മന്റ്‌ കോളനികളിലും പുറമ്പോക്കുകളിലും കഴിയുന്ന 15% വരുന്ന യാചക സമാനരായി ജീവിക്കുന്നവരടക്കം അന്‍പതു ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യ രേഖയുടെ താഴെ കഴിയുന്നു. കാര്‍ഷിക രംഗത്തെ ജീര്‍ണ്ണിച്ച ഭൂബന്ധങ്ങളെ അഴിച്ചുപണിഞ്ഞുകൊണ്ടു മാത്രമേ ഇത്തരം ദുരവസ്ഥയില്‍ അവശേഷിക്കുന്ന കൃഷിയിടങ്ങളെയെങ്കിലും സംരക്ഷികാനാവൂ. ഭൂമിയില്‍ അദ്ധ്വാനിക്കുന്ന യഥാര്‍ത്ഥ കര്‍ഷകന്റെ ഉടമസ്ഥത കൃഷി ഭൂമിയില്‍ സ്ഥാപിക്കുകയും അങ്ങനെ കാര്‍ഷിക രംഗത്തെ ഉല്‍പ്പാദന ശക്തികളെ കെട്ടഴിച്ചുവിടാന്‍ പര്യാപ്തമായ രീതിയില്‍ ഭൂമിയുടെ പുനര്‍വിന്യാസം നടത്തേണ്ടതുമാണ്‌. ഭൂബന്ധങ്ങളെ ജനധിപത്യവല്‍ക്കരിക്കുന്നതും, അതുമായി ബന്ധപ്പെട്ട്‌ വികസനത്തിന്റെ സമസ്ത മേഖലകളേയും പുനസംഘടിപ്പിക്കുന്നതുമായ ഒരു ജനകീയ വികസന അജണ്ട രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ആ വികസന നയം സ്വാശ്രിതവും ആഭ്യന്തര വിഭവ സമാഹരണത്തിലൂന്നുന്നതുമായിരിക്കണം. സാമ്രാജ്യത്വ മൂലധനത്തേയും വികസനപദ്ധതികളേയും പൂര്‍ണമായും നിരാകരിക്കുന്നതായിരിക്കണം. ഈ മാറ്റങ്ങള്‍ കേരളത്തിനെ അടിസ്ഥാന ജനാധിപത്യവല്‍ക്കരണത്തിലേക്ക്‌ നയിക്കും.
അന്യാധീനപ്പെടുന്നഭൂമിയുടെ പ്രശ്നവുമായി ബന്ധിപ്പിക്കേണ്ട വളരെ കാലികവും പ്രസ്ക്തവുമായ വിഷയം എക്കോ രാഷ്ട്രീയത്തിന്റേതാണ്‌. മനുഷ്യ വര്‍ഗ്ഗത്തിന്റെ അധീനതയില്‍ നിന്നും മൊത്തമായിത്തന്നെ ഭൂമി അന്യധീനപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ പ്രവണതകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഈയിടെ യൂറോപ്പില്‍ നടന്ന ശാസ്ത്രജ്ഞന്മാരുടെ വേദിയില്‍ സ്റ്റീഫന്‍ ഹോക്കിന്‍സ്‌ നല്‍കിയ താക്കീത്‌ വളരെയേറെ ഗൗരവ സ്വാഭാവമുള്ളതാണ്‌. ഭൂമിക്ക്‌ അതിന്റെ മൊത്തം ആവാസ വ്യവസ്ഥയുടെ ഇക്വിലിബ്രിയം (സമതുലിതാവസ്ഥ) നിലനില്‍ക്കണമെങ്കില്‍ മനുഷ്യ വംശം ഭൂമിയുടെ ആവാസ വ്യവസ്ഥയില്‍ നിന്നും ബഹിഷ്ക്കരിക്കപ്പെടുക അനിവാര്യമായിത്തീരുന്ന ഘട്ടം സംജാതമയിക്കൊണ്ടിരിക്കുന്നു എന്നാണ്‌ പഠനം നല്‍കുന്ന സൂചന. ഭൂമിയില്‍ അധിവസിക്കുന്ന ദശലക്ഷക്കണക്കിനു സ്പീഷീസുകളുടെ ചരിത്രം വ്യക്തമാക്കുന്നത്‌, ഇതില്‍ ഏതെങ്കിലും ഒരു ശൃംഖല ഭൂമിയുടെ സംതുലിതാവസ്ഥക്ക്‌ വിഘാതമാവുന്ന രീതിയില്‍ വികസിച്ച്‌ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഭൂമി അതിനെ ഒഴിവാക്കുന്നു എന്ന പ്രകൃതി നിയമമാണ്‌. മനുഷ്യ വംശത്തിന്റെയും വിധി താമസിയാതെ അതായിത്തീരാനുള്ള സാദ്ധ്യത ശാസ്ത്ര ലോകം നല്‍കുന്നു. മനുഷ്യന്റെ അധിവാസം ഭൂമിയില്‍ അസാദ്ധ്യമാക്കുന്ന രീതിയില്‍ ഭൗമാന്തരീക്ഷം മാറിക്കൊണ്ടിരിക്കുകയാണ്‌.
ഒരു വംശം എന്ന നിലയില്‍ ഐശ്വര്യപൂര്‍ണ്ണമായ നിലനില്‍പ്‌ സാദ്ധ്യമാക്കുന്ന ആവശ്യത്തിനു വേണ്ടിയുള്ള ഉല്‍പാദനം എന്ന നൈസര്‍ഗ്ഗികവും പ്രാകൃതവും ആയ ഉല്‍പാദന സമ്പ്രദായത്തില്‍ നിന്നും മനുഷ്യ സമൂഹം ലാഭത്തിനു വേണ്ടിയുള്ള ഉല്‍പാദനം എന്ന മുതലാളിത്ത ഉല്‍പാദന സമ്പ്രദായത്തിലേക്ക്‌ മാറിയതോടെയാണ്‌ ഇത്തരം ഒരു ദുരന്തം ആരംഭിക്കുന്നത്‌.വികസനത്തിന്റെ നൈസര്‍ഗ്ഗികതയും പ്രകൃത്യോന്മുഖതയും പുനസ്ഥാപിക്കുന്ന, എക്കോ സൌഹൃദ വികസന പരിപ്രേക്ഷ്യങ്ങള്‍, സാമൂഹ്യ വികസന പരികല്‍പനകളുമായി കണ്ണിചേര്‍ക്കപ്പെടേണ്ടതുണ്ട്‌. ഇത്‌ വെറുമൊരു പ്രകൃതി സ്നേഹത്തിന്റെ പ്രശ്നം മാത്രമല്ലെന്നും, ആജീവനത്തിന്റെ ഗൗരതരമായ പ്രശ്നമാണെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്‌.

Thursday, May 3, 2007

തൊഴിലനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍...

മെയ്‌ ദിനത്തോടനുബന്ധിച്ച്‌ സാധാരണ കണ്ടുവരാറുള്ളതില്‍ നിന്നും വ്യത്യസ്‌തമായ ഒരു പരിപാടിയായിരുന്നു ബഹ്‌റൈന്‍ പ്രേരണ സംഘടിപ്പിച്ചത്‌. തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട്‌ നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ആ പരിപാടി. മെയ്‌ദിന പ്രസംഗം, മെയ്‌ദിന ചരിത്രം, മെയ്‌ദിന പ്രതിജ്ഞ എന്നിങ്ങനെ കാലങ്ങളായി ആവര്‍ത്തിക്കുന്ന ചടങ്ങുപരിപാടികളില്‍ നിന്നും ഏറെ വ്യത്യസ്‌തമായിരുന്നു തൊഴിലാളികളുടെ ജീവിതം അവരില്‍ നിന്ന് നേരിട്ട്‌ കേള്‍ക്കുക എന്ന അനുഭവം. തങ്ങളുടെ ജീവിതത്തിലെ ഏറെ ദുരിതങ്ങളും വല്ലാത്ത ആധികളും നിറഞ്ഞ സങ്കടങ്ങളും ഇത്തിരി സന്തോഷങ്ങളും മറ്റുള്ളവരുമായി തുറന്ന് പങ്കുവച്ചതിലൂടെ ഈ തുരുത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധിപേര്‍ തനിക്കു ചുറ്റുമുണ്ടെന്ന് തിരിച്ചറിയാനും ഈ ഒത്തുകൂടലിലൂടെ സാധിച്ചു.
ബഹ്‌റൈനിലെ മാത്രമല്ല, ഗള്‍ഫിലെവിടെയുമുള്ള സാധാരണക്കാരായ തൊഴിലാളികള്‍ നേരിടുന്നത്‌ ഒരേ തരം പ്രശ്‌നങ്ങളാണ്‌ എന്നാണ്‌ ഈ പങ്കുവയ്ക്കലിലൂടെ ഉരുത്തിരിഞ്ഞുവന്ന പ്രധാന ആശയം. തങ്ങളുടെ തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്തിക്കിട്ടിയതിന്റെ ആഹ്ലാദമായിട്ടാണ്‌ ലോകമെമ്പാടും തൊഴിലാളികള്‍ മെയ്‌ദിനം ആഘോഷിക്കുന്നത്‌. എന്നാല്‍ ഇന്ന് ഗള്‍ഫില്‍ വ്യാപകമായ നിലയില്‍ ആ സമയപരിധി ലംഘിക്കപ്പെടുന്നുണ്ട്‌ എന്നാണ്‌ അനുഭവങ്ങള്‍ പങ്കുവച്ച എല്ലാപേരും ഒരുപോലെ പറഞ്ഞത്‌. എട്ടുമണിക്കൂര്‍ തൊഴില്‍ എട്ടുമണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന ആശയം തന്നെ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരമാവധി സമയം പണി എടുപ്പിക്കുക എന്നാല്‍ അതിന്‌ തുല്യമായ വേതനം കൊടുക്കാതിരിക്കുക എന്നത്‌ ഇന്ന് മിക്ക മാനേജുമെന്റുകളുടെയും ശീലമായി മാറിയിരിക്കുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടുത്തെ നിയമങ്ങള്‍ അപര്യാപ്‌തമാണ്‌. കരാര്‍ പണിക്കാരായാണ്‌ നമ്മളിവിടെ എത്തപ്പെട്ടിരിക്കുന്നത്‌ എന്നതുകൊണ്ട്‌ മാനേജുമെന്റുകള്‍ക്കെതിരെ ഏതുതരത്തിലുള്ള വെല്ലുവിളി ഉയര്‍ത്തിയാലും ഉടന്‍ നമ്മള്‍ കുറ്റക്കാരായി മുദ്ര ചാര്‍ത്തപ്പെടുകയും കള്ളക്കേസുകളില്‍ കുടുക്കപ്പെടുകയും അങ്ങനെ ഇവിടുന്ന് കയറ്റി അയപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്‌. അതിന്‌ നിരവധി ഉദാഹരണങ്ങള്‍ തൊഴിലനുഭവങ്ങള്‍ പങ്കുവച്ചവര്‍ നിരത്തുകയുണ്ടായി. ഇത്തരം തൊഴില്‍ ചൂഷണത്തിന്‌ മുന്നില്‍ നില്‌ക്കുന്നത്‌ മലയാളികളും ഇന്ത്യാക്കാരും മുതലാളിമാരായോ മാനേജുമെന്റിലോ ഉള്ള കമ്പിനികളിലാണ്‌ എന്നത്‌ ഒരു പ്രധാനപ്പെട്ട വസ്‌തുതയായി എടുത്തു പറയുകയുണ്ടായി. സ്വദേശികളായ മുതലാളിമാര്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക്‌ കൊടുക്കാം എന്നു തീരുമാനിച്ചാലും ഈ ഇന്ത്യക്കാരായ മാനേജുമെന്റുവിഭാഗം അതിനെ ശക്‌തമായി എതിര്‍ക്കുകയും ആ ആനുകൂല്യങ്ങള്‍ അവര്‍ പിടിച്ചു പറിക്കുകയും ചെയ്യുന്നത്‌ സ്ഥിര അനുഭവമായി മാറിയിട്ടുണ്ട്‌. നാട്ടിലെ ജീവിത സാഹചര്യങ്ങള്‍കൊണ്ടാണ്‌ പലപ്പോഴും ഈ വിഭാഗത്തിനെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത്‌ എന്നാണ്‌ മിക്കപേരും പറഞ്ഞത്‌. ഇവിടുന്ന് പറഞ്ഞുവിടപ്പെട്ടാല്‍ നാളെ എന്ത്‌ എന്നൊരു ചോദ്യം എല്ലാം നിശബ്ദം സഹിച്ച്‌ ജീവിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. മനേജുമെന്റിന്‌ അത്‌ തിരിച്ചറിയാവുന്നതുകൊണ്ട്‌ അവര്‍ നമ്മളെ കൂടുതല്‍ ചൂഷണത്തിന്‌ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.
തൊഴിലാളികള്‍ക്ക്‌ അനുകൂലമായ നിലപാടെടുക്കുന്നതില്‍ ഇന്ത്യന്‍ എംബസികള്‍ പരാജയപ്പെടുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നു. ഫിലിപ്പിയന്‍സ്‌ ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ എംബസിയുടെ പ്രവര്‍ത്തനം വളരെ മോശം നിലവാരത്തിലുള്ളതാണ്‌. എന്തെങ്കിലും പരാതി പറയാന്‍ ചെല്ലുന്നവരെ ആട്ടിയോടിക്കുന്ന സംഭവം പോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
മാനേജുമെന്റുകളെയും എംബസികളെയും കുറ്റം പറയുന്നതിലൂടെ മാത്രം ഈ പ്രശ്നത്തിന്‌ പരിഹാരമാകുമോ എന്നൊരു ചോദ്യം അതിനിടെ ഉയരുകയുണ്ടായി. നമ്മുടെ നാട്ടിലെ പരിതപകരമായ അവസ്ഥയാണ്‌ നമ്മെ ഇവിടെ അടിമപ്പണി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകമെങ്കിലും നമ്മുടെ നാട്ടില്‍ ഇന്ന് കൂലിപ്പണി ചെയ്യാന്‍ ആളെക്കിട്ടാത്ത ഒരവസ്ഥയില്ലേ..? തമിഴ്‌നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും ആന്ധ്രയില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്ന് പണിചെയ്യിപ്പിക്കേണ്ട സാഹചര്യം കേരളത്തിനുണ്ട്‌. ഇവിടെ കഠിനമായ വെയിലില്‍ക്കിടന്ന് ചെയ്യുന്ന അതേ പണിക്ക്‌ സത്യത്തില്‍ ഇവിടുത്തേതിനേക്കാള്‍ വേതനം നാട്ടില്‍ കിട്ടും എന്ന അവസ്ഥയുണ്ട്‌. ഉദാഹരണത്തിന്‌ മേശന്‍, ആശാരി, മൈക്കാട്‌... നല്ലൊരു പ്ലംബറെയോ ഇലക്ട്രീഷനെയോ കിട്ടാത്ത അവസ്ഥയും നാട്ടിലുണ്ട്‌. എന്നിട്ടും നമ്മളിവിടെക്കിടന്ന് വര്‍ഷങ്ങളോളം കഷ്ടപ്പെടുന്നു. എന്താണ്‌ അതിനു കാരണം..? മിഥ്യാബോധം നിറഞ്ഞ ഒരു തൊഴിലഭിമാനം നമുക്കുള്ളതാണ്‌ അതിനുകാരണമെന്നാണ്‌ മിക്കപേരും പറഞ്ഞത്‌. ഇതേ തൊഴില്‍ നാട്ടില്‍ ചെയ്‌താല്‍ എന്തോകുറഞ്ഞു പോകുന്നതുപോലെ. ഈ മിഥ്യാബോധം നമ്മെ മാനേജുമെന്റുകളോട്‌ വിലപേശുന്നതില്‍ നിന്നും തടയുന്നു. അത്‌ മാറേണ്ടതുണ്ട്‌.
മറ്റൊരു കാര്യം. നമ്മളില്‍ മിക്കപേരും ചെയ്‌തുകൊണ്ടിരിക്കുന്ന തൊഴിലില്‍ വേണ്ടത്ര മിടുക്കരല്ല. മുകളിലുള്ള ഒരാള്‍ പറഞ്ഞുതരുന്നത്‌ അതുപോലെ ചെയ്യാനല്ലാതെ സ്വന്തമായി ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ജോലി ചെയ്യാനുള്ള പ്രാവീണ്യം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മില്‍ പലരും സ്വായത്വമാക്കുന്നില്ല. ഈ അപൂര്‍ണ്ണത നമ്മെ മാനേജുമെന്റുകളോട്‌ വിലപേശുന്നതില്‍ നിന്നും തടയുന്നു.
ഈ സന്ദേഹങ്ങള്‍ക്കും പങ്കെടുത്തവരുടെ ഇടയില്‍ നിന്നു തന്നെ മറുപടി വന്നു. നമ്മുടെ നാട്ടില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നേടുന്നതിനപ്പുറം ഒരു തൊഴിലഭിമാനം സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മുടെ തൊഴിലാളി പ്രസ്ഥാനങ്ങളും ട്രേഡ്‌യൂണിയനുകളും അമ്പേ പരാജയപ്പെട്ടതുകൊണ്ടാണ്‌ നമ്മുടെയുള്ളില്‍ അനാവശ്യമായ മിഥ്യാബോധം വളര്‍ന്നു വന്നത്‌. വൈറ്റ്‌കോളര്‍ ജോലി മാത്രമാണ്‌ മഹത്തരമാര്‍ന്നത്‌ എന്നൊരു ബോധം നമ്മുടെ ഉള്ളില്‍ ഉറച്ചുപോയി. (എത്ര മുതലാളിത്തരാജ്യമാണെങ്കിലും അമേരിക്കയില്‍ നിലനില്‌ക്കുന്ന തൊഴിലഭിമാനം, തൊഴിലിന്റെ അടിസ്ഥാനത്തില്‍ വേറുകൃത്യമില്ലായ്മ - ഓര്‍ക്കേണ്ടതാണ്‌.) പരമ്പരാഗതമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെ അവരുടെ മക്കളെ ആ തൊഴില്‍ പരിശീലിപ്പിക്കുന്നതില്‍ എന്തോ അപാകത കണ്ടെത്തുകയും പിന്തിരിയുകയും ചെയ്‌തു. (എന്റെ ബാക്കി മക്കളെല്ലാം രക്ഷപെട്ടു - ഇവന്‍ മാത്രം ഇങ്ങനെയായിപ്പോയി. പരമ്പരാഗത തൊഴില്‍ ചെയ്യുന്ന പുത്രനെപ്പറ്റി അച്ഛന്റെ കമന്റ്‌! 'രക്ഷപെട്ട' സര്‍ക്കാര്‍ ഗുമസ്ഥപ്പണിക്കാരനെക്കാള്‍ ഈ പുത്രന്‍ സമ്പാദിക്കുന്നുണ്ടാകാം. എന്നിട്ടുമില്ല ഒരഭിമാനം!!) ഈ വൈറ്റ്‌കോളര്‍ മാന്യതയ്ക്ക്‌- സാധരണ തൊഴിലാളി പകരം വയ്ക്കുന്ന മാന്യതയായി 'ഗള്‍ഫ്‌' മാറിയിട്ടുണ്ട്‌. പലരും ഗള്‍ഫിലാണ്‌ എന്നല്ലാതെ അവര്‍ എന്തു തൊഴിലാണ്‌ അവിടെ ചെയ്യുന്നതെന്ന് സ്വന്തം വീട്ടുകാര്‍ക്കുപോലും അറിയാത്ത അവസ്ഥയുണ്ട്‌. നമ്മുടെ മിഥ്യാഭിമാനം കാരണം നമ്മളത്‌ പറയുന്നില്ല. നമ്മള്‍ നമ്മുടെ ജീവിതം ഒരുകള്ളത്തരത്തില്‍ അഘോഷിച്ചു തീര്‍ക്കുന്നു. അതാണ്‌ നമ്മളനുഭവിക്കുന്ന മറ്റൊരു ദുരിതത്തിനു കാരണം.
അതേസമയം മിഥ്യാബോധം മാത്രമല്ല, മിഥ്യാസ്വപനംകൂടിയാണ്‌ നമ്മെ ഇവിടേക്ക്‌ ആട്ടിത്തെളിച്ചത്‌ എന്ന് പലരും പറഞ്ഞു. അങ്ങനെയാണ്‌ സ്ഥിരമായ തൊഴിലും വരുമാനവും ഇല്ലാത്ത അവസ്ഥയില്‍ നിന്നും സ്ഥിരം തൊഴിലും വരുമാനവും ഉള്ള ഗള്‍ഫില്‍ നാം എത്തപ്പെടുന്നത്‌. പക്ഷേ എത്തിക്കഴിയുമ്പോഴാണ്‌ വന്നുചാടിയിരിക്കുന്ന ദുരന്തം ബോധ്യമാകുന്നത്‌ . തങ്ങള്‍ക്ക്‌ ഇന്നലെ വരെയില്ലാത്ത ഒരു ജീവിതസുഖം ഗള്‍ഫ്‌ തരുമെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും കടലാണ്‌ തങ്ങളെ കാത്തിരുന്നത്‌. അങ്ങനെ കടങ്ങളുടെ മേല്‍ കടങ്ങളും സ്വപ്നങ്ങളുടെ മേല്‍ സ്വപ്നങ്ങളുമായി നാമിവിടെ അടിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടു പോകുന്നു.
കഠിനമായ തൊഴില്‍. വിനോദത്തിനും വിശ്രമത്തിനും സമയമില്ലാതിരിക്കല്‍, താമസസ്ഥലത്തെ അപര്യാപ്‌തതകള്‍, തുറന്ന വാ‍ഹനങ്ങളിലെ മൃഗസമാനമായ യാത്രകള്‍, മാനസിക സംഘര്‍ഷങ്ങള്‍ ... തികച്ചും രോഗഗ്രസ്‌തമായ ഒരു സമൂഹത്തെയാണ്‌ ഗള്‍ഫ്‌ ഇന്നു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. അതേ സമയം നാട്ടിലുള്ള ഗള്‍ഫ്‌ മലയാളിയുടെ കുടുംബവും അതേ മാനസിക പിരിമുറുക്കത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്‌. 'ഗള്‍ഫ്‌ സിണ്ട്രോം' എന്ന പേരില്‍ മാനസിക രോഗം തന്നെ കേരളത്തിന്‌ ഗള്‍ഫ്‌ സമ്മാനിച്ചിരിക്കുന്നു. അതിനു കാരണമാകുന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ സെക്‌സിന്റെ അഭാവത്തെക്കുറിച്ച്‌, അക്കാര്യത്തില്‍ ഗള്‍ഫ്‌ മലയാളിയും അവന്റെ കുടുംബവും നേരിടുന്ന പ്രശ്ങ്ങളെക്കുറിച്ച്‌ മനസ്സു തുറന്ന് ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും ഒരു വേദിയില്ലെന്ന് പങ്കെടുത്തവരില്‍ പലരും തുറന്നു പറഞ്ഞു. (സോണാപ്പൂരിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഒരു തൊഴിലാളിയ്ക്ക്‌ ഒന്ന് സ്വയംഭോഗം ചെയ്യുവാന്‍ ഒരു ദിവസത്തെ അവധി വേണ്ടി വരുന്നു എന്ന അടൂര്‍ സുരേഷിന്റെ കവിതാവാചകത്തിന്റെ തീക്ഷ്‌ണത എത്രപേര്‍ക്ക്‌ മനസ്സിലായി..?!!) ഗള്‍ഫില്‍ ഇതൊക്കെയാണ്‌ സ്ഥിതിയെങ്കില്‍ നാട്ടിലെ അനുഭവവും വ്യത്യസ്‌തമല്ല എന്നു വന്നിരിക്കുന്നു. നിരന്തരമായ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഒരോന്നായി ഭരണകൂടങ്ങളും തൊഴില്‍സ്ഥാപനങ്ങളും കോടതികളും ചേര്‍ന്ന് കവര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. നമ്മുടെ നാട്ടിലെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്‌തുകൊണ്ടിരിക്കുന്നു. തൊഴിലാളി വിരുദ്ധമായ കോടതിവിധികള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. താഴ്‌ന്ന തട്ടിലുള്ള തൊഴിലാളികള്‍ മാത്രമല്ല, ഉന്നതമായ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും തൊഴിലവകാശങ്ങള്‍ അത്രയും കവര്‍ന്നെടുത്തതായി നമുക്ക്‌ കാണാന്‍ കഴിയും. ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുവാന്‍ അവര്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. ജീവിതത്തിന്‌ അനുപേക്ഷണനീയമായ വിനോദവും വിശ്രമവും അവര്‍ മറന്നു പോകുന്നു. ഇതിനിടയിലാണ്‌ തൊഴിലാളികളെ പല തട്ടുകളിലാക്കി ഭിന്നിപ്പിച്ചു നിറുത്താനുള്ള ശ്രമം. സാധാരണക്കാരുടെ സമരത്തിന്‌ എന്‍.ജി.ഒ മാര്‍ എതിരാവുന്നതും അവരുടെ സമരത്തിനെതിരെ ജനങ്ങള്‍ സംഘടിക്കുന്നതും ഇക്കാരണം കൊണ്ടുകൂടിയാണ്‌. അതേ സമയം ജനോപകാരപ്രദമായി തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടതിന്റെ കാരണംകൂടിയാണ്‌ ഇത്തരം സമരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ എന്ന് വിലയിരുത്തപ്പെട്ടു. തങ്ങളുടെ തൊഴില്‍ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരാകുക, അത്‌ നേടിയെടുക്കാന്‍ തക്കവണ്ണം കാര്യപ്രാപ്‌തിയുള്ളവരാകുക, സ്വന്തം നാട്ടിലെ തൊഴിലവസരങ്ങളെക്കുറിച്ച്‌ ബോധവാന്മാരായി അതു ചെയ്യാന്‍ തക്കവണ്ണം മിഥ്യാബോധങ്ങള്‍ അഴിച്ചു കളയുക ഇതിലൊക്കെ ഉപരി തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളെപ്പറ്റി ബോധമുള്ളവരാകുക എന്നിവയൊക്കെയാണ്‌ പങ്കെടുത്തവര്‍ മുന്നോട്ടുവച്ച ചില നിര്‍ദ്ദേശങ്ങള്‍. ഇങ്ങനെയേ ഈ അടിമത്തത്തില്‍ നിന്നും നമുക്ക്‌ പതിയെയെങ്കിലും മോചനം പ്രാപിക്കാന്‍ കഴിയൂ. അതുവരെ ഈ സങ്കടങ്ങള്‍ നാം ഒന്നു ചേര്‍ന്നു നിന്ന് പങ്കുവയ്ക്കുക. അതിനപ്പുറം മെയ്‌ദിനത്തിന്റെ പ്രസക്‌തി അപ്രസക്‌തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും.. ?!

Saturday, April 28, 2007

അന്യാധീനപ്പെടുന്ന ഭൂമി

പാരിസ്ഥിതിക മാര്‍ക്സിസത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തപ്പോള്‍ ഞങ്ങള്‍ പറഞ്ഞു നിറുത്തിയ പ്രധാന കാര്യം. ഈ ഭൂമിയുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ലെന്നും ഇന്നത്തെ അവസ്ഥയില്‍ നിന്നും കൂടുതല്‍ മെച്ചെപ്പെടുത്തി ഈ ഭൂമി വരുംതലമുറയ്ക്ക്‌ കൈമാറാന്‍ നാം ബാദ്ധ്യസ്ഥരാണ്‌ എന്നുമാണ്‌. ഭൂമി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഇന്നു ലോകത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സംഘം ചേരലുകളുടേയും സമരങ്ങളുടേയും പുതിയ രാഷ്ട്രീയം നമുക്ക്‌ മനസ്സിലാവും. അതാകട്ടെ ഭരണവര്‍ഗ്ഗത്തെയാകെ, (മുതലളിത്ത ഭരണകൂടമായാലും "മാര്‍ക്സിസ്റ്റ്‌" എന്ന് പേരുവഹിക്കുന്ന ഭരണകൂടമായാലും) ഒരു ഐക്യത്തില്‍ എത്തിച്ചിരിക്കുന്നു. ഇന്ന് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അതുവഴി ഭരണത്തെയും നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന രണ്ടു കക്ഷികളാണ്‌ റിയല്‍ എസ്റ്റേറ്റു ലോബിയും മതസ്ഥാപനങ്ങളും. ഈ സ്വാര്‍ത്ഥമോഹികളുടെ പിടിയില്‍പ്പെട്ട്‌ ഇന്ന് യഥാര്‍ത്ഥത്തില്‍ വലയുന്നത്‌ കര്‍ഷരാണ്‌, പാവപ്പെട്ടവരാണ്‌. ഈ പശ്‌ചാത്തലത്തില്‍ അന്യാധീനപ്പെടുന്ന ഭൂമിയെക്കുറിച്ചുള്ള ഞങ്ങളുടെ ചര്‍ച്ച ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നു.
ഏതൊരു രാജ്യത്തിന്റേയും വ്യാവസായിക വളര്‍ച്ചക്ക്‌ അടിസ്ഥാനമാവുന്നത്‌ കാര്‍ഷിക മേഖലയിലെ പ്രാഥമിക ഉല്‍പാദന പ്രവര്‍ത്തനങ്ങളാണ്‌. എണ്‍പതു ശതമനത്തോളം വരുന്ന കര്‍ഷകരുടെ അദ്ധ്വാനശക്തി വ്യാവസായിക വികസനത്തിനായി സഞ്ചിതമാക്കപ്പെടും വിധം നടപ്പിലാക്കപ്പെടുന്നില്ല. അതുമൂലം അവര്‍ സാമൂഹ്യ ഉല്‍പ്പാദനമണ്ഡലത്തില്‍ ബഹിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയുടെ ബഹുഭൂരിപക്ഷം വരുന്ന ഈ ജനസഞ്ചയം അവരുടെ താഴ്‌ന്ന ക്രയശേഷിനിമിത്തം പൊതുകമ്പോളത്തില്‍ കാര്യമായപങ്കൊന്നും വഹിക്കാന്‍ പറ്റാത്തവിധം പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ഒരു വ്യാവസായിക സമൂഹത്തിന്റെ നിലനില്‍പ്പിന്‌ അസംസ്കൃത വസ്തുക്കളുടെ ലഭ്യതപോലെ തന്നെ അനുപേക്ഷണീയമാണ്‌ ഉല്‍പ്പന്നങ്ങള്‍ ഉപഭോഗിക്കാന്‍ ക്രയശേഷിയുള്ള ഒരു കമ്പോളത്തിന്റെ നിലനില്‍പ്പ്‌. അതുകൊണ്ട്‌ തന്നെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷക ജനവിഭാഗത്തെ പട്ടിണിക്കാരും അര്‍ദ്ധപട്ടിണിക്കാരുമാക്കി നിലനിര്‍ത്തിന്ന ഭൂവുടമസ്ഥതാ ബന്ധങ്ങള്‍ നിലനില്‍ക്കുന്നകാലത്തോളം യാതൊരുവിധ സാമൂഹ്യ വികസനവും സാധ്യമാകാത്തവിധം സമ്പദ്‌ വ്യവസ്ഥ മുരടിച്ചുതന്നെ നില്‍ക്കും. അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദന ശക്തികളെ കെട്ടഴിച്ചുവിടുന്നതിനു വിഘാതമായിനില്‍ക്കുന്ന എല്ലാ ജീര്‍ണ്ണിച്ച ഭൂബന്ധങ്ങളേയും തകര്‍ക്കേണ്ടതാണ്‌. കൃഷിഭൂമിയുടെ കൈവശക്കാര്‍ മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ഥ കര്‍ഷകനാകുവിധം ഭൂബന്ധങ്ങളെ പുനര്‍ വ്യനിസിക്കേണ്ടത്‌ എല്ലാ വിധ വികസന പ്രവര്‍ത്തനങ്ങളുടേയും മുന്നുപാധിയാണ്‌.
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നും വളരെയേറെ വിഭിന്നമായ രീതിയിലാണ്‌ ഭാരതത്തില്‍ ഫ്യൂഡലിസത്തിന്റെ വളര്‍ച്ച സംഭവിക്കുന്നത്‌ എന്നാണ്‌ ചരിത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. പ്രാചീന കാലഘട്ടം മുതല്‍ മധ്യകാലഘട്ടം വരെ സ്വകാര്യ ഭൂവുടമസ്ഥത നിലവിലില്ലായിരുന്നു എന്നതാണ്‌ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ സവിശേഷത. ഭൂമിയാകെ സ്വയം പര്യാപ്ത ഗ്രാമീണ സമൂഹങ്ങളൂടെ പൊതുസ്വത്തായിരുന്നു. ഉത്‌പാദനവും വിതരണവും കൂട്ടായി നിര്‍വഹിക്കപ്പെട്ടിരുന്നു. പേരിനുമത്രം ഉടമാവകാശം ഉണ്ടായിരുന്ന ചക്രവര്‍ത്തിമാര്‍, വ്യക്തികള്‍ക്കല്ല മൊത്തം ഗ്രാമീണ സമൂഹത്തിനായിരുന്നു നികുതി ചുമത്തിയിരുന്നത്‌. 1793-ല്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നടപ്പിലാക്കിയ സ്ഥിരം സെറ്റില്‍മന്റ്‌ സമ്പ്രദായം ഭൂവുടമാബന്ധങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി. ഇത്‌ മദ്ധ്യവര്‍ത്തികളായ വ്യക്തികളൂടെ സ്വകാര്യ ഉടമസ്ഥത സൃഷ്ടിച്ചുകൊണ്ടായിരുന്നു. പുതുതായി സൃഷ്ടിക്കപ്പെട്ട ഈ ഭൂസ്വാമിമാര്‍ക്ക്‌ സുഖലോലുപ ജീവിത സാഹചര്യം ഒരുക്കി ബ്രിട്ടീഷുകാരോട്‌ വിധേയത്വവും കടപ്പാടും സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഈ പുത്തന്‍ ഭൂസ്വാമിമാര്‍ അടിച്ചേല്‍പ്പിച്ച അധിക നികുതിഭാരം മൂലം സ്വന്തം ഭൂമിയില്‍ അദ്ധ്വാനിച്ചു കഴിഞ്ഞിരുന്ന കൃഷിക്കാരന്‍ ഭൂമിയില്‍ ആരുമല്ലാതാവുകയും സ്വന്തം കൃഷിഭൂമി ഉപേക്ഷിച്ചുപോകേണ്ടിവരുകയും ഭൂമിയുമായി വിദൂര ബന്ധം മാത്രമുള്ള ജന്മി ഭൂമിയുടെ യഥാര്‍ഥ അവകാശിയാവുകയും ചെയ്തു. തല്‍ഫലമായി ഉല്‍പാദനം മുരടിക്കുകയും ദാരിദ്ര്യം സര്‍വസാധാരണമാവുകയുമുണ്ടായി. ഇതിനിടയില്‍ 1860-ല്‍ അമേരിക്കയിലെ ആഭ്യന്തരയുദ്ധം മൂലം ലങ്കാഷയറിലെ തുണിമില്ലുകളില്‍ അനുഭവപ്പെട്ട പഞ്ഞിക്ഷാമം മറികടക്കാനായി ബ്രിട്ടീഷ്‌ ഭരണകൂടം പശ്ചിമേഷ്യയിലാകെ വന്‍ തോതില്‍ പരുത്തികൃഷി ആരംഭിച്ചു. ഇതാണ്‌ ഇന്ത്യയില്‍ വാണിജ്യ വിളകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഇതോടൊപ്പം നീലം, ചണം തുടങ്ങിയ വാണിജ്യവിളകളുടെ ഉല്‍പ്പാദനം ആരംഭിക്കുകയും, കൃഷിയുടെ വാണിജ്യവല്‍ക്കരണത്തിന്‌ പ്രാമുഖ്യം നല്‍കുകയും ചെയ്തതോടെ, ഉപഭോഗത്തിനു പകരം വിപണിക്കുവേണ്ടിയുള്ള ഉല്‍പാദനം നിലവില്‍ വരുകയും ചെയ്തു. ഇത്‌ ഭക്ഷ്യോല്‍പാദനത്തെ മരവിപ്പിക്കുക മാത്രമല്ല കര്‍ഷകരുടേയും ചെറുകിട ഉല്‍പാദകരുടേയും സാമൂഹ്യാവസ്ഥ ഒന്നുകൂടി ശോചനീയമാക്കി. ബംഗാളിലെ നെയ്തുകാര്‍ സ്വന്തം പെരുവിരല്‍ മുറിച്ചു നടത്തിയ വിചിത്രമായ ഒരു സമരത്തെക്കുറിച്ച്‌ ആനന്ദ്‌ എഴുതുകയുണ്ടായി. ലങ്കാഷയറിലെ ടെക്സ്റ്റയില്‍ വ്യവസായം എങ്ങിനെയാണ്‌ ഭാരതത്തിന്റെ ഗ്രാമീണ കൈത്തറിമേഖലയെ തകര്‍ത്തുകളഞ്ഞത്‌ എന്നതിന്റെ ഗംഭീര നിരീക്ഷണമയിരുന്നു അത്‌.
ഭാരതത്തില്‍ ഫ്യൂഡല്‍ ഭൂവുടമാബന്ധങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായി ചില സവിശേഷതകളോടെയാണ്‌ കേരളത്തില്‍ ഭൂവുടമാബന്ധങ്ങള്‍ വികസിച്ചുവരുന്നത്‌. കേരളത്തില്‍ വന്‍ കിട ഭൂവുടമകള്‍ക്കൂം അടിയാളന്മര്‍ക്കും ഇടയിലായി ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു കൂട്ടം അവകാശികള്‍ ഉണ്ടായിരുന്നു. ഈ ശ്രേണിയില്‍പ്പെട്ട ഇടത്തരക്കാര്‍ക്ക്‌ കൃഷിയില്‍ നിന്ന് സ്വരൂപിക്കപ്പെട്ട അല്‍പ മിച്ചം മൂലം വിദ്യാഭ്യാസത്തിലും വൈദ്യത്തിലും കലയിലുമെല്ലാം പാവീണ്യം നേടാന്‍ കഴിഞ്ഞിരുന്നു.
കേരളത്തിലെ ഭൂവുടമബന്ധങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ 1957 ലെ ഭൂപരിഷ്ക്കരണ നടപടികള്‍ക്ക്‌ മുന്‍പ്‌ തന്നെ തുടങ്ങിയിരുന്നു. തിരുവിതാംകൂര്‍ രാജാവിന്റെ 1865- ലെ വിളംബര പ്രകാരം കുടിയാന്മാര്‍ക്ക്‌ പാട്ടം നല്‍കി ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം നല്‍കിയിരുന്നു. 1925 ലെ നായര്‍ റെഗുലേഷന്‍ ആക്റ്റും 1928 ലെ ഈഴവ റെഗുലേഷന്‍ ആക്റ്റും 1931 ലെ ബ്രാഹ്മിന്‍ റെഗുലേഷന്‍ ആക്റ്റും പ്രസ്തുത സമുദായങ്ങളില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബ സമ്പ്രദായവും അതുമായി ബന്ധപ്പെട്ട ഭൂകേന്ദ്രീകരണവും അവസാനിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിചു. ഇങ്ങനെ വികേന്ദ്രീകരണം സൃഷ്ടിച്ച സാമ്പത്തിക മിച്ചശേഖരം വ്യവസായത്തിലേക്ക്‌ പ്രവേശിക്കാതെ കേരളത്തില്‍ ഹുണ്ടിക ഇടപാടുകളെ ശക്തിപ്പെടുത്തി. ഇങ്ങനെ സ്വരുക്കൂട്ടിയ ധനം കൊണ്ട്‌ ഭൂമിവാങ്ങിക്കൂട്ടി തോട്ടവിളകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഒരു വിഭാഗം വളര്‍ന്നു വരികയും ഈ പ്രവര്‍ത്തനത്തെ സഹായിക്കുന്ന മുലധന സ്വരൂപണ സ്ഥാപനങ്ങള്‍ വളര്‍ന്നു വരുകയും ചെയ്തു. ക്രമേണ ഭൂമിയുടെ നല്ലൊരുപങ്കും കാര്‍ഷികവൃത്തിയെ വരുമാനമായി ആശ്രയിക്കാത്ത വിഭാഗങ്ങളുടെ കൈകളിലേക്ക്‌ ഭൂമി കേന്ദ്രീകരിക്കപ്പെടുകയും കെയ്തു.1957- ല്‍ അധികാരമേറ്റ മന്ത്രിസഭ 1959-ല്‍ നിയമസഭയില്‍ പാസാക്കിയ കാര്‍ഷികബന്ധ ബില്‍ കുടിയൊഴിപ്പിക്കല്‍ പൂര്‍ണ്ണമായും തടയുന്നതും എല്ലാവിധ കുടിയാന്മാര്‍ക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും കൊടുക്കുന്നതും കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന്‌ കുടിയാന്‌ അധികാരം കൊടുക്കുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിയമമായിരുന്നു. പക്ഷേ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി നിയമമാകുന്നതിനുമുന്‍പ്‌ തന്നെ മന്ത്രിസഭയെ ഡിസ്‌മിസ്‌ ചെയ്ത ചരിത്രം നമുക്കറിയാം. ഒട്ടേറെ തിരുത്തലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും ശേഷം അത്‌ പ്രാബല്യത്തില്‍ വന്നപ്പോള്‍ വളരെ പ്രതിലോമപരമായ ഒരു നിയമമായിത്തീരുകയാണുണ്ടായത്‌.
(തുടരും)

Monday, April 23, 2007

പാരിസ്ഥിതിക മാര്‍ക്‌സിസം - ഭാഗം 2

A. ആദ്യകാല ചരിത്രം
റഷ്യന്‍ വിപ്ലവാനന്തരം സോവിയറ്റു യൂണിയന്‍ രൂപീകൃതമായ കാലത്തുതന്നെ പാരിസ്ഥിതികാവബോധമുള്ള ഒരു മാര്‍ക്സിസുറ്റു വീക്ഷണം വളര്‍ന്നു വന്നിരുന്നു. അദ്യകാലത്ത്‌ ഇവര്‍ക്ക്‌ ലെനിന്റെ പിന്തുണയുണ്ടായിരുന്നതായി പില്‌ക്കാല പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. അതാണ്‌ 1919-ല്‍ ലെനിന്‍ തന്നെ മുന്‍കൈ എടുത്ത്‌ റഷ്യയിലെ ആദ്യത്തെ പ്രകൃതിസംരക്ഷപ്രദേശം സ്ഥാപിച്ചത്‌. 1929 ആകുമ്പോഴേക്കും അങ്ങനെയുള്ള 61 സംരക്ഷിതപ്രദേശങ്ങള്‍ റഷ്യയില്‍ നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഭരണകൂടത്തിന്റെ ഈ പാരിസ്ഥിതികവിവേകം തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ റഷ്യയുടെ ചരിത്രം മറ്റൊന്നാകുകായിരുന്നു. എന്നാല്‍ പാശ്ചാത്യമുതാളിത്ത രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍ അവരുടെ അതേ പാത തിരഞ്ഞെടുക്കുകയാണ്‌ റഷ്യന്‍ ഭരണകൂടം പിന്നീട്‌ ചെയ്‌തത്‌. സ്റ്റാലിന്‍ പാര്‍ട്ടിയില്‍ പ്രാമുഖ്യം നേടിയതോടെ ഇക്കോളജിയെ വിധ്വംസകശാസ്‌ത്രമായി ചിത്രീകരിക്കപ്പെട്ടു. 'പിന്‍തുടരാതിരുന്ന വന്‍ സാധ്യതയുടെ വഴി' എന്നാണ്‌ അക്കാലത്തെ പാരിസ്ഥിതിക ഉണര്‍വിനെ പില്‌ക്കാല മാര്‍ക്സിസിറ്റ്‌ ചിന്തകനായ അരന്‍ ഗേറെ വിശേഷിപ്പിച്ചത്‌. അതിന്റെ തുടര്‍ച്ചയാണ്‌ ആധുനിക ഇക്കോ- മാര്‍ക്സിസം തുടരേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

B. മാര്‍ക്സിയന്‍ കൃതികളുടെ പുനര്‍വായന.
മാര്‍ക്സിന്റെ ആദ്യകാല കൃതികളിലുടനീളം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെകുറിച്ചുള്ള വിചിന്തനങ്ങള്‍ കാണാം. ബാഹ്യപ്രകൃതി എന്നത്‌ മനുഷ്യന്റെ അജൈവമായ ശരീരമാണെന്ന് മാര്‍ക്സ്‌ പറന്‍ഞ്ഞു. ജീവിതത്തിന്റെ ആധാരം പ്രകൃതിയാണ്‌. അതിനാല്‍ പ്രകൃതിയുമായി നിരന്തരമായി ഒരു സംവാദം നിലനില്‌പ്പിന്റെ ആവശ്യമാണ്‌. മുതലാളിത്തത്തിനുകീഴില്‍ ഈ പാരസ്പര്യം നഷ്ടമാവുകയും മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അന്യവത്‌കരിക്കപ്പെടുകയും കെയ്യുന്നു. സ്വകാര്യ സ്വത്തിന്റെ ലാഭക്കൊതിയ്ക്കു പകരം സാമൂഹിക ഗുണത്തിനുവേണ്ടിയുള്ള ഉപയോഗം എന്നാണ്‌ ആദ്യകാല മര്‍ക്സിയന്‍ രചനകള്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. വിപണിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണമെന്ന സങ്കല്‌പം മാര്‍ക്സസം നിരാകരിക്കുന്നുണ്ട്‌. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും കൃഷി മണ്ണിനെ നാശോന്മുഖമാക്കുന്നതിനെക്കുറിച്ചും വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന പ്രദൂഷണത്തെക്കുറിച്ചുമൊക്കെ വ്യക്‌തമായ കാഴ്ചപ്പാടുകള്‍ 'മൂലധന'ത്തിലുമുണ്ട്‌. മുതലാളിമാര്‍ തൊഴിലാളികളുടെ അധ്വാനത്തെ ചൂഷണം കെയ്യുന്നതിന്‌ തുല്യമാണ്‌ കര്‍ഷകന്‍ മണ്ണിനെ ചൂഷണം കെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. മാര്‍സിന്റെ ആദ്യകാല രചനയ്ക്കുശേഷം ഏറ്റവും അധികം പ്രകൃത്യാവബോധം പ്രകടിപ്പിക്കുന്ന മാര്‍ക്സിയന്‍ കൃതി ഏംഗല്‍സിന്റെ 'ഡയലിറ്റിക്സ്‌ ഓഫ്‌ നേച്ചറാണ്‌' അതില്‍ തന്നെ കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ അദ്ധ്വാനം വഹിച്ച പങ്ക്‌ എന്ന ലേഖനം. അങ്ങനെ മാര്‍ക്സിസത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ നിന്നുതന്നെയാണ്‌ ഇക്കോ- മാര്‍ക്സിസം അതിന്റെ ദാര്‍ശനീകടിത്തറ കണ്ടെത്തിയിരിക്കുന്നത്‌.

C. ചില മാര്‍ക്സിയന്‍ വചനങ്ങള്‍
അ) കാര്‍ഷികോത്‌പാദനത്തെ വ്യാവസായികോദ്‌പാദനവുമായി കൂട്ടിയിണക്കുക, രാജ്യത്തിലെ ജനസംഖ്യാവിതരണം കുറേക്കൂടി സ്വീകരിച്ചിട്ട്‌ നാടും നഗരവും തമ്മിലെ വ്യത്യാസം ഇല്ലാതാക്കുക
ആ) വന്‍കിടവ്യവസായവും വ്യാവസായികാടിസ്ഥാനത്തിലുള്ള വന്‍കിട കൃഷിയും രണ്ടും ഒരേ ദ്രോഹം ചെയ്യുന്നു. ആദ്യത്തേത്‌ മനുഷ്യന്റെ അധ്വാനശേഷി നശിപ്പിക്കുന്നു. രണ്ടാമത്തേത്‌ മണ്ണിന്റെ ഊര്‍വ്വരത നശിപ്പിക്കുന്നു.
ഇ) മാനവരാശി മുഴുവന്‍ ഒരു രാഷ്ട്രമായി എന്നു വന്നാലും അവര്‍ ഭൂമിയുടെ ഉടമസ്ഥരാവുന്നില്ല. വറും കൈവശക്കാര്‍, ഗുണഭോക്‌താക്കള്‍ മാത്രമാണ്‌. ഇന്നത്തെ അവസ്ഥയില്‍ കുടുതല്‍ മെച്ചപ്പെടുത്തി അതിനെ വരും തലമുറകള്‍ക്ക്‌ കൈമാറാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്‌.

D പാരിസ്ഥിതിക സോഷ്യലിസത്തിന്റെ മുഖ്യ സങ്കല്‌പങ്ങളും പരികല്‌പനകളും.
1. ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധിക്ക്‌ മുതലാളിത്തവും സ്റ്റേറ്റ്‌ സോഷ്യലിസവും ഒരുപോലെ കുറ്റക്കാരാണ്‌. ഇവയുടെ സാമ്പത്തിക പ്രക്രിയ പ്രകൃതിവിരുദ്ധവും കേന്ദ്രീകൃതവുമാണ്‌. പാരിസ്ഥിതികാവബോധത്തില്‍ നിന്നുകൊണ്ടുള്ള വികേന്ദ്രീകൃത ഉത്‌പാദനത്തിനാണ്‌ മേലില്‍ പ്രസക്‌തി. മുതലാളിത്ത സാമ്പത്തിക ശാസ്‌ത്രത്തെ മാറ്റിയെഴുതിക്കൊണ്ടുവേണം ഇക്കോ- മാര്‍ക്സിസം നിലവില്‍ വരേണ്ടത്‌.
2. ആഗോള പരിസ്ഥിതി പ്രതിസന്ധി ഒരു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. മുതലാളിത്ത ഉത്‌പാദന ബന്ധങ്ങളെ വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കാതെ ഇതിനു പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ല. പരിസ്ഥിതി സാമ്പത്തിക പ്രതിസന്ധിയും പരിഹാരവും പരസ്പരാശ്രയവും പരസ്പരബന്ധിതവുമാണ്‌. ഡീപ്പ്‌ ഇക്കോളജിസ്റ്റുകള്‍ കരുതും പോലെ പ്രകൃതിയിലേക്കുള്ള മടക്കത്തിലൂടെ ഇത്‌ സാധ്യമാവില്ല. രാഷ്ട്രിയ ധനതത്വശാസ്‌ത്രത്തിന്റെ വഴിയിലൂടെ മാത്രമേ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയൂ.
3. സാര്‍വ്വദേശീയ സോഷ്യലിസത്തിന്റെ ' അധ്വാനിക്കുന്ന ജനവിഭാഗം' എന്ന സാമാന്യവതകരണത്തിനപ്പുറം സാംസ്‌കാരിക ഭിന്നതകളില്‍ അധിഷ്ഠിതമായ സ്വത്വത്തിന്റെ രാഷ്ട്രീയം കുടി ഇനി മേലില്‍ പരിഗണിക്കേണ്ടതുണ്ട്‌. ബഹുസാംസ്കാരികതയെ ഉള്‍ക്കൊണ്ടുകൊണ്ടുവേണം ഇക്കോ- മാര്‍ക്സിസം നടപ്പില്‍ വരുത്തേണ്ടത്‌.
4. സാംസ്കാരിക വൈവിധ്യത്തിന്റെ സംരക്ഷണവും പരിസ്ഥിതിയുടെ സംരക്ഷണവും പരസ്പര പൂരകങ്ങളാണ്‌
5. സാമ്പ്രദായ ഇടതുപക്ഷം കുടുതല്‍ ഉത്‌പാദനത്തിനും നിലയ്ക്കാത്ത വികസനത്തിനും ആഗോള അടിസ്ഥാനത്തിലുള്ള മത്സരത്തിനുമായി നിലകൊള്ളുമ്പോള്‍ ഇക്കോ- മാര്‍ക്സിസം ഉത്പാദനത്തിന്റെ വളര്‍ച്ചയെ നിലനില്‌ക്കുന്ന രീതിയില്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നു. അതായിരിക്കും തൊഴിലാളിക്ക്‌ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട സേവനങ്ങളു ലഭ്യമാകാന്‍ ഉതകുക എന്നു വിശ്വസിക്കുന്നു.
6. സാമൂഹിക സാമ്പത്തിക നീതിയും പാരിസ്ഥിതിക നീതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇത്‌ തിരിച്ചറിയുന്നു. പരിസ്ഥിക നീതി മനുഷ്യാവകാശപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുനു.
7. പട്ടിണിയുടെയും പാരിസ്ഥിതിക നാശത്തിന്റെയും ഇരകള്‍ കുട്ടികളും സ്‌ത്രീകളും ആണെന്നും അവരുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഭരണകൂട വ്യ്‌വസ്ഥ നിലവില്‍ വരേണ്ടതുണ്ടെന്നും തിരിച്ചറിയുന്നു.
8. സോഷ്യലിസ്റ്റു രാജ്യങ്ങളില്‍ നിലവില്‍ വന്ന പാര്‍ട്ടിയ്ക്ക്‌ മേല്‍ക്കോയ്‌മയുള്ള ഉദ്യോഗസ്ഥമേധവിത്വ സംവിധാനം തിരുത്തിക്കുറിക്കേണ്ടതുണ്ട്‌.
9. പുതിയ സമൂഹത്തില്‍ - സദാചാരം, ഭൗമരക്ഷയ്ക്ക്‌ ഉതകും വിധം തിരുത്തിക്കുറിക്കേണ്ടതുണ്ട്‌.
10. അനിയിന്ത്രിതമായി ഉയരുന്ന ഭൗതിക സമൃദ്ധി എന്ന സാമ്പ്രദായിക സോഷ്യലിസ്റ്റു സമൂഹങ്ങള്‍ക്കു പറ്റിയ തെറ്റ്‌ തിരുത്തേണ്ടതുണ്ട്‌. ഒരു ഹരിത സോഷ്യലിസ്റ്റ്‌ സമൂഹത്തിന്റെ എല്ലാവരുടെയും ന്യായമായ ആവശ്യത്തിന്റെ പൂരണത്തിനാണ്‌ പ്രസക്‌തി.
11. ഉപഭോഗസംസ്കാരം തിരസ്കരിക്കപ്പെടണം.

E. ഇക്കോ മാര്‍സിസത്തിനെ എതിര്‍ക്കുന്നവര്‍
1. ഇക്കോ മാര്‍ക്സിസത്തെപ്പറ്റി വ്യക്‌തമായ അറിവും കാഴ്ചപ്പാടുമില്ലാത്തവര്‍.
2. സാമ്പ്രദായിക കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളുടെ ചെയ്‌തികള്‍ കണ്ട്‌ മനം മടുത്ത്‌ - അവരുടെ അനുബന്ധമാണ്‌ ഇക്കോ മാര്‍ക്സിസവും എന്ന് തെറ്റിദ്ധരിച്ചവര്‍.
3. ഇക്കോ മാര്‍ക്സിസം ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളിയെപ്പറ്റി കൃത്യമായ ധാരണയുള്ള മുതലാളിത്തത്തിന്റെ വക്‌താക്കള്‍. ആഗോളവത്‌കരണത്തിന്റെ ആസന്നമായ അന്ത്യത്തിനുശേഷം ലോകത്തു വ്യാപിക്കേണ്ട ഈ സോഷ്യലിസ്റ്റ്‌ ചിന്താധാരയെ തകര്‍ക്കേണ്ടത്‌ സത്യത്തില്‍ ആഗോളവത്‌കരണത്തിന്റെ തന്നെ വക്‌താക്കളുടെ ആവശ്യമാണ്‌.
4. പരമ്പരാഗത പാര്‍ട്ടി അനുഭാവികള്‍. ഇവരാണ്‌ ഇത്‌ മാര്‍ക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ശത്രുവാണെന്ന് പ്രചരിപ്പിക്കുന്നത്‌. ഈ പാര്‍ട്ടികള്‍ ഇത്രകാലം തുടര്‍ന്നുവന്ന മനുഷ്യവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ഇക്കോ മാര്‍ക്സിസം പൊളിച്ചുകളയുന്നു എന്നത്‌ ആ പാര്‍ട്ടികളുടെ നിലനില്‌പിനെയാണ്‌ ചോദ്യം ചെയ്യുന്നത്‌. അതുമുന്‍കൂട്ടി കണ്ടുകൊണ്ടാണ്‌ അവര്‍ ഇക്കോ- മാര്‍ക്സിസം മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്നത്‌.
5. മാര്‍ക്സിസത്തെ ഒരു മതമായി കാണുന്ന വരട്ടുവാദികള്‍. അതിന്റെ നിയമങ്ങള്‍ അലംഘനീയങ്ങളാണെന്നും അത്‌ തിരുത്തപ്പെടാനാവാത്തവയാണെന്നും പുനര്‍വായനകള്‍ പാപമാണെന്നും ചിന്തിക്കുന്ന ശുദ്ധഭക്‌തര്‍. അവരെ തിരുത്താന്‍ ആര്‍ക്കും കഴിയില്ല.

F. ഉപസംഹാരം.
പുതിയ കാഴ്ചപ്പാടുകളെ അംഗീകരിക്കാന്‍ കഴിയാത്ത പുതിയ വായനകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കഴിഞ്ഞ കാലത്തെ തെറ്റില്‍ ഉറച്ചു നില്‌ക്കുന്ന ഈ വിഭാഗങ്ങളെ അപ്രസക്‌തമാക്കിക്കൊണ്ട്‌ ഇക്കോ- മാര്‍ക്സിസ്റ്റ്‌ ചിന്തകള്‍ പടര്‍ന്നു പന്തലിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ അത്‌ ഗുണകരമാകുക ഭൂമിയെ ഉപഭോഗിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയ്ക്കു തന്നെയാവും. അത്‌ ആത്യന്തികമായി കൊണ്ടുചെന്നെത്തിക്കുക പരിഥിതിയുടെയും അതുവഴി മനുഷ്യവര്‍ഗ്ഗത്തിന്റെയും അന്ത്യത്തിലായിരിക്കും. മനുഷ്യനില്ലാത്ത ഈ ലോകത്ത്‌ ഒരു പ്രത്യയശാസ്‌ത്രത്തിനും ഒരു ബ്ലോഗിനും ഒരു പ്രസക്‌തിയുമില്ലെന്ന് ഓര്‍ക്കുക...

Saturday, April 14, 2007

പാരിസ്ഥിതിക മാര്‍ക്‌സിസം - നാളെയുടെ ദര്‍ശനമോ..?

മനുഷ്യനന്മയ്ക്കുതകുന്ന നാളെയുടെ വഴി അന്വേഷിക്കുന്ന ഒരുവേളയില്‍ മാര്‍ക്സിസത്തില്‍ ഒരഭയം തിരക്കുക സ്വഭാവികമാണ്‌. ഇന്നലകളില്‍ ചില നല്ല പാത തെളിക്കുവാന്‍ അതിനായിട്ടുണ്ട്‌ എന്നതുതന്നെ കാരണം. തന്നെയുമല്ല ഇന്ന് നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും മാര്‍ക്സും ഏംഗല്‍സും മുന്നമേ പറഞ്ഞു വച്ചിട്ടുള്ളതുമാണ്‌. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടു പ്രധാന സംഗതികള്‍ നാം കണ്ടില്ലെന്ന് നടിച്ചു കൂടാ
1. മാര്‍ക്സിസത്തിന്റെ തെറ്റായ പ്രയോഗങ്ങളും അതുമൂലമുണ്ടായ വിനകളും
2. മാര്‍ക്സിസത്തിനു ശേഷമുണ്ടായ ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വിജ്ഞാനത്തിന്റെയും വളര്‍ച്ചയും അതുണ്ടാക്കിയ പുതിയ വൈരുദ്ധ്യങ്ങളും.
എന്നാല്‍ മാര്‍ക്സിസത്തെ ഇന്നും പ്രസക്‌തമാക്കി നിര്‍ത്തുന്നത്‌ പുതിയ പരിത:സ്ഥിതികളെ സൂക്ഷ്മവിശകലനം ചെയ്യാനുതകുന്ന ഒരു കണ്ണട എന്ന നിലയിലാണ്‌. അതുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ലോകത്തെമ്പാടും സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ നേരിട്ട പ്രതിസന്ധിയും തകര്‍ച്ചയും പലരും വാദിക്കുന്നതുപോലെ മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളെ അപ്രസക്‌തമാക്കുകയല്ല ഉണ്ടായത്‌ പകരം ദാര്‍ശനീകമായ പുതിയ ഉണര്‍വ്വുകള്‍ക്ക്‌ അത്‌ വളം വയ്ക്കുകയാണ്‌ ചെയ്‌തത്‌. സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങളുടെ തകര്‍ച്ചയുടെ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണം സത്യത്തില്‍ മാര്‍ക്സിസത്തിന്റെ ധാരാളം പുനര്‍വായനകള്‍ക്ക്‌ അവസരമൊരുക്കി. അത്തരത്തില്‍ ഭാവിലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഏറ്റവും പ്രസക്‌തവുമായ മാര്‍ക്സിസ്റ്റ്‌ പുനര്‍വായനയാണ്‌ ഇക്കോ മാര്‍ക്സിസം എന്നപേരില്‍ ഇന്ന് അറിയപ്പെടുന്നത്‌.
ചരിത്രം ഒരിക്കലും പിന്‍മടക്കമല്ല. പരിസ്ഥിതി പ്രതിസന്ധിയെ ഒരിക്കലും നമുക്ക്‌ അരാഷ്ട്രീയമായി വിലയിരുത്താനാവില്ല. കാരണം അതിന്‌ കോളനീവത്‌കരണത്തിന്റെയും അന്തര്‍ദേശീയ വിഭവചൂഷണത്തിന്റെയും മുതലാളിത്ത ദുരയുടെയും പശ്ചാത്തലം ഉണ്ട്‌.
വികസ്വരദേശങ്ങളില്‍ പരിസ്ഥിതി ചിന്തയുടെ കേന്ദ്രബിന്ദു മനുഷ്യന്‍ തന്നെയാണ്‌. കാരണം വികസിത രാജ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കാടുകളും മറ്റ്‌ വന്യപ്രദേശങ്ങളും മനുഷ്യന്റെ ജീവിതായോധനോപാധികളും ആവാസകേന്ദ്രങ്ങളുമാണ്‌. കാടിനെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളും കടലിനെയും ജലാശയങ്ങളെയും ആശ്രയിച്ചുജീവിക്കുന്ന മുക്കുവരും കര്‍ഷകരും വന്‍പദ്ധതികള്‍ മൂലം കുടിയിറക്കപ്പെടുന്ന ഗ്രാമീണരും എല്ലാം പരിസ്ഥിതിയുടെ നാശം മൂലം ദുരന്തഫലം അനുഭവിക്കുന്നവരാണ്‌. പാശ്ചാത്യ ലോകത്തിന്റെ ഭൗതീകസമൃദ്ധിയുടെ ഉപോല്‌പന്നമായി വളര്‍ന്നുവന്ന ഗഹന പരിസ്ഥിതിവാദത്തെ (ഡീപ്പ്‌ ഇക്കോളജി) പാരിസ്ഥിതിക മാര്‍ക്സിസം നിരാകരിക്കുന്നുണ്ട്‌ എന്ന പ്രധാനവസ്‌തുതയും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്‌. പ്രകൃതിയുടെ വിശുദ്ധിയിലേക്ക്‌ മടങ്ങുക എന്നാതായിരുന്നു ഗഹന പരിസ്ഥിതിവാദത്തിന്റെ അടിത്തറ.മനുഷ്യകേന്ദ്രീകൃത ചിന്താഗതികള്‍ക്ക്‌ നേര്‍ വിപരീതമായി ഒരു ജൈവകേന്ദ്രീകൃത ചിന്താഗതിയായിരുന്നു അവരുടേത്‌.
അതിനാലാണ്‌ ഗഹന പരിസ്ഥിതി വാദത്തെ ഇക്കോ- മാര്‍ക്സിസം നിരാകരിക്കുന്നത്‌. മനുഷ്യനുകൂടി മുഖ്യസ്ഥാനമുള്ളതും എന്നാല്‍ പരിസ്ഥിതിയ്ക്കും സംസ്കാരത്തിനും വിനാശകരമല്ലാത്തതുമായ ഒരു പാരിസ്ഥിതികവാദമാണ്‌ അത്‌ മുന്നോട്ടു വയ്ക്കുന്നത്‌.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഓസോണ്‍ പാളിയുടെ തകര്‍ച്ചയുമൊക്കെ മനുഷ്യന്റെ അശാസ്‌ത്രീയമായ ഇടപെടല്‍കൊണ്ടുണ്ടായതാണ്‌. പുതിയപുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുക എന്നത്‌ മുതലാളിത്തത്തിന്റെ നിലനില്‌പിന്‌ അനിവാര്യമാണ്‌. വര്‍ദ്ധിച്ച ഉത്‌പാദനത്തിന്‌ വര്‍ദ്ധിച്ച തോതില്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു. തുടര്‍ച്ചയായി പുതുക്കപ്പെടുന്ന വിഭവങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹത്തിനേ ദീര്‍ഘകാലം നിലനില്‌ക്കാനാവൂ എന്നത്‌ കാലം തെളിയിച്ചിട്ടുള്ളതാണ്‌. പുരോഗതിയുടെ അടിത്തറ വര്‍ദ്ധിച്ച ഉപഭോഗമാണ്‌ എന്ന ധാരണ മാറിയെങ്കിലെ നമ്മളിന്ന് നേരിടുന്ന വലിയ വിപത്തുകളില്‍ നിന്ന് രക്ഷപെടാനാകൂ.

വന്‍തോതിലുള്ള ഉദ്‌പാദനത്തിനും വലിച്ചെറിയലിനും പകരം ദീര്‍ഘനാള്‍ നിലനില്‌ക്കുന്ന ഉത്‌പന്നങ്ങളുടെ നിയന്ത്രിത ഉത്‌പാദനത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണ്‌ സത്യത്തില്‍ വേണ്ടത്‌. വ്യവസ്ഥാപിത മാര്‍ക്സിസ്റ്റ്‌ സങ്കല്‌പത്തില്‍ സൃഷ്ടിക്കപ്പെട്ട ഭരണകൂടങ്ങള്‍ മുതലാളിത്ത രാജ്യങ്ങളുടെ അതേ പാതയിലൂടെ നീങ്ങിയതാണ്‌ അവയുടെ പരാജയങ്ങള്‍ക്ക്‌ കാരണമായതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്‌.
ജീവിതത്തെ ദുഷിപ്പിച്ച ആധുനിക വ്യവസായ സംസ്‌കൃതിയ്ക്ക്‌ ബദലായി വികേന്ദ്രീകൃതവും പരസ്പര ആശ്രയത്തില്‍ ഊന്നിയ ഗ്രാമീണരുടെ പ്രകൃത്യാനുസാരിയായ തൊഴിലുമാണ്‌ നമുക്കു വേണ്ടത്‌. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലേക്ക്‌ ഉദ്‌പാദനത്തെ പരിമിതപ്പെടുത്തുമ്പോള്‍ അത്‌ പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊള്ളും. ഇത്‌ പാരിസ്ഥിതിക മാര്‍ക്സിസത്തിന്റെ അടിസ്ഥാന ചിന്തകളില്‍ ഒന്നാണ്‌.
വര്‍ഗ്ഗ- വര്‍ണ്ണ - ലിംഗ ബോധങ്ങളെയും പാരിസ്ഥിതി ദര്‍ശനത്തിന്റെ മുഖ്യ സങ്കല്‌പങ്ങളെയും സ്വാംശീകരിക്കുക, മുതലാളിത്ത ഫാസിസ്റ്റ്‌ മത രൂപങ്ങളെ നിരാകരിക്കുക, മനുഷ്യകേന്ദ്രീകൃതമല്ലാതിരിക്കുമ്പോള്‍ തന്നെ മനുഷ്യവിരുദ്ധമാകാത്ത ഉല്‌പാദരീതിയിലും സാംസ്‌കാരിക സങ്കല്‌പത്തിലും അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റു സമൂഹം പടുത്തുയര്‍ത്തുക, എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങള്‍ തങ്ങളുടെ മുന്നിലുള്ളതായി ഇക്കോ- മാര്‍ക്സിസ്റ്റുകള്‍ തിരിച്ചറിയുന്നു. അവിടെയാണ്‌ മാര്‍ക്സിയന്‍ കൃതികളുടെ പുനര്‍വായന പ്രസക്‌തമാകുന്നത്‌.
ഈ പുനര്‍വായന വ്യാപകമായ തലത്തില്‍ സാധ്യമായത്‌ നേരത്തെ പറഞ്ഞതുപോലെ സോവിയറ്റു യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ ഭരണകൂടങ്ങളുടെയും തകര്‍ച്ചയോടെയാണെങ്കിലും എഴുപതുകളുടെ തുടക്കം മുതല്‍ തന്നെ മാര്‍ക്സിയന്‍ ചിന്തകളുടെ പുനര്‍ വായന തുടങ്ങിക്കഴിഞ്ഞിരുന്നു. നിലവിലിരിക്കുന്ന സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ മുതലാളിത്തത്തിന്റെ അതേ പാതയാണ്‌ പിന്തുടരുന്നത്‌ എന്ന് തിരിച്ചറിഞ്ഞവരായിരുന്നു അതിന്റെ പിന്നില്‍.
മാര്‍ക്സിന്റെ കൃതികളുടെ പുനര്‍വായനയുടെ പ്രസക്‌തി, അത്‌ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍, പാരിസ്ഥിതിക മാര്‍ക്സിസത്തിന്റെ മുഖ്യ സങ്കല്‌പങ്ങള്‍, പരികല്‌പനകള്‍ എന്നിവ അടുത്ത ഭാഗത്തില്‍.

Thursday, April 12, 2007

ബഹ്‌റൈന്‍ പ്രേരണ - ഒരു ആമുഖക്കുറിപ്പ്‌

പ്രവാസി മലയാളികളുടെ ബഹ്‌റൈനിലെ ഒരു കൂട്ടായ്‌മയാണ്‌ പ്രേരണ. 1993-ല്‍ സ്ഥാപിതമായതു മുതല്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പ്രേരണ സജീവമായി ഇടപെടുന്നുണ്ട്‌.
ലോകം അതിശീഘ്രം ഭീതിതമായ ഒരു ദിശയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തെയാണ്‌ നാം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷമായിത്തന്നെ നാം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. പുറംപോക്കിലേക്ക്‌ ആട്ടിപ്പായിക്കപ്പെടുന്നവര്‍, ഭൂമുഖത്തു നിന്നു തന്നെ ഉന്മൂലനം ചെയ്യപ്പെടുന്നവര്‍, പാരിസ്ഥിതിക തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍, അന്യവത്‌കരണം സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളിലുടെയാണ്‌ ഇന്ന് മനുഷ്യസമൂഹം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌. കൃത്യമായ നേതൃത്വമോ പ്രത്യയശാസ്‌ത്രത്തിന്റെ പിന്‍ബലമോ ഒന്നുമില്ലാതെതന്നെ കഷ്ടപ്പെടുന്നവര്‍ പലയിടത്തും അവരുടെ പ്രശ്നങ്ങളോട്‌ കൂട്ടമായി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ലോകം ഇന്ന് ഒരു ധ്രുവീകരണത്തിന്റെ പാതയിലാണ്‌. പുതിയ വഴി നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനുള്ള അന്വേഷണത്തിലെ ഒരു കണ്ണിയാണ്‌ ബഹ്‌റൈനിലെ പ്രേരണയും. ലോകത്താകമാനം ചിതറിക്കിടക്കുന്ന സമാന ചിന്തഗതിക്കാരായ വ്യക്‌തികളും സംഘങ്ങളും പരസ്പരം അറിയുകയും ബന്ധപ്പെടുകയും ചെയ്യുക എന്നത്‌ നാളെയുടെ ആവശ്യമാണ്‌. ആ ഉദ്യമത്തിന്റെ ഭാഗമായാണ്‌ പ്രേരണ സ്വന്തമായി ഒരു ബ്ലോഗ്‌ ആരംഭിക്കുന്നത്‌.
മുന്‍കാലങ്ങളില്‍ പ്രേരണ സജീവമായ ചര്‍ച്ച ചെയ്‌തിട്ടുള്ള വിഷയങ്ങളാണ്‌ ഈ ബ്ലോഗിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്‌. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയുവാനും സാംശീകരിക്കുവാനും പ്രേരണയ്ക്ക്‌ താത്‌പര്യമുണ്ട്‌. സദയം ഞങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കുക. ലോകത്തിന്‌ തെളിച്ചമാകുന്ന ഒരു പാത കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാകുക.