Tuesday, November 24, 2009

എം. എൻ. വിജയൻ അനുസ്മരണം

പ്രേരണ നടത്തിയ എം. എൻ. വിജയൻ അനുസ്മരണം-സംസാരിച്ചതു സുധീശ് കുമാർ




ഒരു നാടിന്റെ സംസ്കാരത്തോടും ചരിത്രത്തോടുമൊപ്പം ജീവിച്ച ഒരാളെ മരണശേഷം വിലയിരുത്തപ്പെടുന്നത് വിവിധ വീക്ഷണങ്ങളിൽ നിന്നായിരിക്കും. ചിലപ്പോൾ ചരിത്ര പുരുഷൻ മിത്ത് തന്നെ ആയിമാറിയേക്കാം.പ്രതീതിയുടെ ആരാധനാവിഗ്രഹവുമായേക്കാം.
എം. എൻ. വിജയനെ ചരിത്രം എങ്ങനെയൊക്കെ ആയിരിക്കും കാണാൻ പോകുന്നത്? അദ്ദേഹം പ്രവർത്തിച്ച വഴികൾ ഒരു വലിയ ചോദ്യ ചിഹ്നം ഉണ്ടാക്കുന്നുണ്ട്. രണ്ടു വർഷം മുൻപ് അദ്ദേഹം നമ്മുടെ മുന്നിൽ അവശേഷിപ്പിച്ചു പോയ രചനകൾ ഭാവിയിലെ സാ‍ാന്നിദ്ധ്യമായി ഒരു ന്യൂനപക്ഷത്തിൽ നിലനിൽക്കും. നമ്മുടെ എഴുത്തുകാരുടെ ഇടയിലെ ഒരു ദാർശനികനായിരുന്നു വിജയൻ മാഷ് എന്നു പറയുന്നവരുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയും അക്ഷരാർത്ഥത്തിൽ അന്ത്യശ്വാസം വരെ അതു തുടരുകയും ചെയ്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്ക് എന്നും ദാർശനികാടിത്തറ ഉണ്ടായിരുന്നു. പക്ഷേ ഞാൻ അദ്ദേഹത്തിന്റെ മൗലീക സ്വത്വമായി കാണുന്നത് സാഹിത്യത്തിന്റേയും കലയുടേയും വഴിയിലാണ്. ചോദ്യങ്ങളുടെ വെളിപ്പെടലുകളിലേക്ക് ഉണർത്തുന്നതായിരുന്നു എം. എൻ. വിജയന്റെ ഭാഷയുടെ രസതന്ത്രം. മുൻപില്ലാത്ത ഒന്നിനെ സൃഷ്ടിക്കുന്ന സ്വാതന്ത്ര്യത്തിന്റെ, സർഗാത്മകതയുടെ രസതന്ത്രം

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സ്വന്തം ദൗത്യത്തിന്റെ നൂലിഴകൾ തീർത്ത കേസരിയും എം. ഗോവിന്ദനും എം. എൻ വിജയന്റെ സ്പീഷീസിൽപ്പെട്ട അവതാരങ്ങളായിരുന്നു. എം. എൻ വിജയൻ സമകാലീനതയുടെ സൂക്ഷ്മരന്ധ്രങ്ങളിൽ തന്റെ ചിന്തയെ ചലിപ്പിച്ചു. വിഹഗ വീക്ഷണമയിരുന്നില്ല, സർവ്വതല സ്പർശിയായിരുന്നു ആ സഞ്ചാരം. ഒരു ഒച്ചിനെപ്പോലെ ആയിരുന്നു വിജയനും എന്നിവിടെ പറയാൻ തോന്നുന്നു. ഫ്രോയിഡിന്റെ വീട്ടുമുറ്റത്ത് ഒരു വീപ്പയിൽ സാൽ വദോർ ദാലി കോറിയിട്ടിട്ടുപോയ ഫ്രോയിഡിന്റെ ചിത്രത്തെക്കുറിച്ച് വിജയൻ മാഷ് എഴുതിയിട്ടുണ്ട്. ഒച്ചിന്റെ രൂപമുള്ള ഒരു ഫ്രോയിഡിനെയായിരുന്നു ദാലി വരഞ്ഞിട്ടത്. വൈലോപ്പിള്ളി ആമയെപ്പോലെയായിരുന്നു എന്നും ആ കവി മനസ്സ് പറഞ്ഞു.

തന്റെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രസരിക്കാനും പ്രകാശിതമാവാനും ഒരു മാധ്യമം (medium) അല്ലെങ്കിൽ വാഹിനി (conductr) ആവശ്യമാണ്. ധാരാളം വിപരീതങ്ങൾ ഉള്ള ഒരു പ്രസ്ഥാനത്തിൽ സാധ്യതകൾ കണ്ട് അടുത്തകാലം വരെ എം. എൻ വിജയൻ പ്രവർത്തിച്ചു. അദ്ദേഹത്തെ ശ്രദ്ധിക്കാനും വായിക്കാനും ,അനുസ്മരിക്കാനും, അപ്പുറത്തും ,ഇപ്പുറത്തും ,അങ്ങേപ്പുറത്തും ഒരു ചേരിയിലുമല്ലാതെയും നിൽക്കുന്ന കുറേപേർ ഉണ്ടായി എന്നതാണ് ഇതുകൊണ്ട് സംഭവിച്ചത്. വരുംകാലങ്ങളിൽ എം.എൻ വിജയനെ അറിയുക പ്രസ്ഥാനങ്ങളാൽ മോൾഡ് ചെയ്യപ്പെടാത്തവർ ആയിരിക്കും. പ്രസ്ഥാനങ്ങളാൽ കട്ടപിടിച്ചവരിൽ ശൈഥില്യം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വൈബ്രേഷൻ ഉണ്ടാക്കാൻ അന്ത്യഘട്ടങ്ങളിൽ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റൊരു ആൾക്കൂട്ടത്തിൽ കടന്ന് തന്റെ രാഷ്ട്രീയവും ദർശനവും പ്രവർത്തിപ്പിക്കുന്നതിൽ ഏറെക്കുറെ വിജയിച്ചതിന് ഒരു നല്ല ഉദാഹരണമാണ് ഗാന്ധി. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സ് പിരിച്ചു വിടണം എന്നു ഗാന്ധിപറഞ്ഞത് അതുമായി താദാത്മ്യം പ്രാപിച്ച വൈകാരിക ബന്ധം ഗാന്ധിക്കില്ലാതിരുന്നതുകൊണ്ടാണ്. മോൾഡ് ചെയ്യപ്പെട്ട പ്രസ്ഥാനത്തെ ശിഥിലീകരിച്ചുകൊണ്ട് മാത്രമേ ചിന്തയുടേയും അന്വേഷണത്തിന്റെയും പുതിയകാലത്തിലേക്ക് മനുഷ്യസമൂഹത്തെ ഉണർത്താനാകൂ എന്നുള്ള വീക്ഷണമാണ് നാമിവിടെ കാണുന്നത്. ദേശീയതയാൽ ഒരു സമൂഹത്തെ മോൾഡ് ചെയ്യുന്നത് പോരാട്ടത്തിന്റെ ശക്തിക്കായുള്ള താൽക്കാലികാവശ്യമാണ്. പിന്നെ അതു നിലനിൽക്കുന്നത് ജീർണ്ണതയിലേക്കാണ്. അരിമ്പാറയായിട്ടാണ്. ചരിത്ര മാലിന്യമായാണ്. ദൗത്യ നിർവ്വഹണത്തിനു ശേഷം പ്രസ്ഥാനങ്ങളുടെ നിലനിൽപ് മാറ്റത്തിന്റെ ശത്രുവായിട്ടായിരിക്കും എന്ന ചരിത്ര സത്യം മാർക്സിനേയും ഹേഗലിനേയും ഉദ്ധരിച്ച് എം.എൻ. വിജയൻ നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്. പ്രസ്ഥാനങ്ങൾ ചലനമില്ലാതെ ഘനീഭവിക്കുമ്പോൾ അതിലെ വ്യക്തികൾ വിശ്വാസത്താൽ അന്ധമായ ചിന്താശുന്യമായ പറ്റങ്ങളായിമാറുന്നു. പ്രസ്ഥാനങ്ങളാൽ മാത്രമല്ല മനുഷ്യൻ സൃഷ്ടിയുടെയുണർവ്വില്ലാത്ത യന്ത്രമായി മാറുന്നത്; നാം ഉപയോഗിക്കുന്ന വസ്തുക്കളും, യന്ത്രങ്ങളും, നമ്മെ ,അവക്കിടയിലെ വെറുമൊരു വസ്തുവാക്കുന്നു. നാം ഒരേ പ്രവൃത്തി എന്നും ചെയ്യുമ്പോൾ ജോലി നമ്മെ യാന്ത്രികമായ ഒരു പ്രൊഫഷനിലേക്ക് ചുരുക്കുന്നു.വിദ്യാഭ്യാസം, മാധ്യമങ്ങൾ എന്നിവയൊക്കെ വ്യക്തിയെ മോൾഡ് ചെയ്യുന്നു. അധികാരിവർഗ്ഗവും അധീശസമൂഹവും ആശയങ്ങളെ ആയുധമാക്കി സമാന്യ ജനത്തെ തങ്ങൾക്ക് ഉതകുന്ന വാർപ്പു മാതൃകകളാക്കി മാറ്റുന്നു. വിപണിയെ ലക്ഷ്യമാക്കി വാർത്തെടുക്കപ്പെടുന്ന സമൂഹത്തെയാണ് ഇന്നു നാം കാണുന്നത്. ഭൂതകാല മത രാഷ്ട്രീയ വിശ്വാസങ്ങൾ ഇന്നത്തെ വാണിജ്യത്തെ പോഷിപ്പിക്കുന്നതിന് ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ്. കൈരളി ചാനൽ ഒരു ജനതയുടെ അത്മാവിഷ്കാരമാകുന്നതും, ടൂറിസം വ്യവസായത്തിന് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നതും അങ്ങനെയാണ്

വ്യക്തിയും ,സമുഹവും ,അതിന്റെ യഥാർത്ഥ സ്വത്വവും ശക്തിയും അറിയാതെ വാർത്തെടുക്കപ്പെടുന്നതിനെപറ്റി പറയുമ്പോൾ വിജയൻ മാഷ് ആനയെ ഉദാഹരിക്കുന്നു. ഒരാനയുടെ കാലിൽ തോട്ടി ചാരിവച്ചിട്ട് ആനക്കാരൻ കള്ളു കുടിക്കാനോ മറ്റോ പോകുന്നു. ആനക്കാരൻ വരുന്നതുവരെ എത്രനേരം വേണമെങ്കിലും ആന കാത്തുനിൽകുന്നു. തുടക്കത്തിൽ മാത്രമാണ് ഭയം നിമിത്തം അനുസരിക്കുന്നത്. പിന്നെ വ്യക്തി ജഡമായ ഒരു അനുസരണമായി മാറുന്നു. വിധേയത്വമില്ലാതെ ജീവിക്കാനാകില്ല എന്നു വരുന്നു. സക്കറിയയുടെ ഭാസ്കര പട്ടേലരുടെ വിധേയനെപ്പോലെ. ഒരു ചരിത്ര ദൗത്യത്തിനായി ഒരു പ്രസ്ഥാനം ഉത്ഭവിക്കുമ്പോൾ രക്തസാക്ഷികളും ചാവേറുകളും ഉണ്ടാകുന്നതുപോലെയല്ല ജീർണ്ണിച്ച, ചരിത്രദൗത്യം കഴിഞ്ഞ മതങ്ങൾക്കും ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വേണ്ടി തലതല്ലി ചാകുന്നത്. മാറ്റങ്ങൾക്ക് ചാലക ശക്തികളായ പ്രസ്ഥാനങ്ങളാണ് മാറ്റത്തിന്റെ ഏറ്റവും വലിയ വിലങ്ങുതടി എന്നതാണ് ചരിത്രം പഠിപ്പിക്കുന്ന പാഠം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരിക്കലും അപചയിക്കപ്പെടില്ല എന്ന് ആ പാർട്ടികളിലുള്ളവർ വിശ്വസിക്കുന്നതും അവർ വിശ്വാസത്താൽ സിമന്റ് പോലെ കട്ടപിടിച്ചുപോയതുകൊണ്ടാണ് . കാലത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ പാർട്ടി എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് പ്രസ്ഥാനങ്ങൾക്ക് പുറത്തു നിന്നുകൊണ്ട് മാർക്സിസത്തിന്റെ കണ്ണട ഉപയോഗികുന്നവർക്ക് മനസിലാകും. മാറിക്കൊണ്ടിരിക്കുന്ന സമുഹത്തിൽ പുതിയ വൈരുദ്ധ്യങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുമ്പോൾ നവസാഹചര്യത്തിൽ വിടരുന്ന പ്രസ്ഥാനങ്ങൾ തന്നെയായിരിക്കും പുതിയ ദൗത്യം നിർവ്വഹിക്കുക. പ്രായമായ നക്സലൈറ്റ് പ്രസ്ഥാനങ്ങളും ഇരുട്ടിൽ തപ്പുന്നത് മറ്റൊന്നും കൊണ്ടല്ല. പ്രസ്ഥാനങ്ങൾ ക്കും വാർദ്ധക്യമുണ്ട്; മരണവും. കാലം നവ്യമായ ഒഴുക്കായി വർദ്ധക്യങ്ങൾകും മരണങ്ങൾക്കും മീതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതു തന്നെയല്ലേ മാറ്റത്തിന്റെ അടിസ്ഥാനവും? മാർക്സിസം ഒരു മതമായികാണാത്തവർ ഇതൊക്കെ മാർക്സിസത്തിൽ വായിച്ചെടുക്കും.

സമൂഹത്തെ മാറ്റിത്തീർക്കുന്ന ചുറ്റികയും ഉളിയും കൈയിലെടുത്തത് എന്നും യുവാക്കളായിരുന്നു. ഇന്ന് യുവജന പ്രസ്ഥാനങ്ങളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും അവയുടെ 'പിതൃ' സംഘടനകളാൽ ഷ്ണ്ഡീകരിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം എം ജി. കോളേജിൽ എ. ബി.വി.പി. മാത്രവും യൂണിവേഴ്സിറ്റി കോളേജിൽ എസ്. എഫ് ഐ യും മാത്രമുള്ളത് വിജയൻ മാഷ് പരിഹാസത്തോടെ പറഞ്ഞിട്ടുണ്ട്. വിജയൻ മാഷ് പഞ്ഞതിങ്ങനെയാണ്: എല്ലാവരും ഒരു സംഘടനയിൽ ആയാൽ പ്രസ്ഥാനം പൊളിറ്റിക്കൽ അല്ല എന്നതാണ് അർത്ഥം. അഭിപ്രായ ഐക്യം ഉണ്ടാകുന്നത് അഭിപ്രായം ഇല്ലാതാകുമ്പോഴാണ്. അഭിപ്രായമില്ലാത്ത ജഡ ജനതയാണ് പാർട്ടി ഗ്രാമങ്ങളെ ഉണ്ടാക്കുന്നത്.
എം. എൻ. വിജയൻ നടന്ന വഴി സാഹിത്യത്തിന്റേയും കലയുടേയും വഴിയായിരുന്നു എന്നും അത് ഫിലോസഫിയുടേയും രാഷ്ട്രീയ തത്വശാസ്ത്രങ്ങളുടെയും കാഴ്ചവട്ടത്തിനപ്പുറത്തേക്ക് പരക്കുന്നതാണെന്നും തുടക്കത്തിൽ പറഞ്ഞതിന് ആധാരമായി വിജയൻ മാഷിന്റെ സ്വന്തം വാക്കുകൾ പറഞ്ഞ് ഇത് അവസാനിപ്പിക്കാം.
" ഭൂമിയാകെ സ്ഫടികം പോലെ സുതാര്യമാവുകയും അന്വേഷണത്തിന്റേയും കാര്യകാരണ ബന്ധങ്ങളുടേയും നിയമങ്ങൾ കൊണ്ട് എല്ലാം എല്ലാവർ ക്കും അഭികാമ്യമാവുകയും ചെയ്യുമ്പോൾതന്നെ ശരീരത്തിന്റേയും മനസ്സിന്റേയും രഹസ്യങ്ങൾ ,പ്രതീക്ഷിക്കാത്ത പുതിയ താവളങ്ങളിൽ അഭയം പ്രാപിക്കുന്നു."


പിൻ കുറിപ്പ്: ഭാവിയിലേക്കുള്ള വഴിയിൽ എം. എൻ വിജയൻ ആണ് വഴികാട്ടി എന്നോ ,വിജയൻ മാഷ് വിമർശനങ്ങൾക്ക് അതീതനാണ് എന്നോ ആരും ധരിക്കുകയില്ല. പക്ഷേ എം. എൻ.വിജയൻ കണ്ട കാഴ്ചയോളം പോലും നമ്മുടെ ബൗദ്ധിക ലോകം ചെന്നെത്തിയില്ല എന്നതാണ് പരിതാപകരം. വിജയനേയും തള്ളി മാറ്റികൊണ്ടുതന്നെയാണ് കാലം പോകുന്നത്.