Tuesday, November 24, 2009

എം. എൻ. വിജയൻ അനുസ്മരണം

പ്രേരണ നടത്തിയ എം. എൻ. വിജയൻ അനുസ്മരണം-സംസാരിച്ചതു സുധീശ് കുമാർ




ഒരു നാടിന്റെ സംസ്കാരത്തോടും ചരിത്രത്തോടുമൊപ്പം ജീവിച്ച ഒരാളെ മരണശേഷം വിലയിരുത്തപ്പെടുന്നത് വിവിധ വീക്ഷണങ്ങളിൽ നിന്നായിരിക്കും. ചിലപ്പോൾ ചരിത്ര പുരുഷൻ മിത്ത് തന്നെ ആയിമാറിയേക്കാം.പ്രതീതിയുടെ ആരാധനാവിഗ്രഹവുമായേക്കാം.
എം. എൻ. വിജയനെ ചരിത്രം എങ്ങനെയൊക്കെ ആയിരിക്കും കാണാൻ പോകുന്നത്? അദ്ദേഹം പ്രവർത്തിച്ച വഴികൾ ഒരു വലിയ ചോദ്യ ചിഹ്നം ഉണ്ടാക്കുന്നുണ്ട്. രണ്ടു വർഷം മുൻപ് അദ്ദേഹം നമ്മുടെ മുന്നിൽ അവശേഷിപ്പിച്ചു പോയ രചനകൾ ഭാവിയിലെ സാ‍ാന്നിദ്ധ്യമായി ഒരു ന്യൂനപക്ഷത്തിൽ നിലനിൽക്കും. നമ്മുടെ എഴുത്തുകാരുടെ ഇടയിലെ ഒരു ദാർശനികനായിരുന്നു വിജയൻ മാഷ് എന്നു പറയുന്നവരുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയും അക്ഷരാർത്ഥത്തിൽ അന്ത്യശ്വാസം വരെ അതു തുടരുകയും ചെയ്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്ക് എന്നും ദാർശനികാടിത്തറ ഉണ്ടായിരുന്നു. പക്ഷേ ഞാൻ അദ്ദേഹത്തിന്റെ മൗലീക സ്വത്വമായി കാണുന്നത് സാഹിത്യത്തിന്റേയും കലയുടേയും വഴിയിലാണ്. ചോദ്യങ്ങളുടെ വെളിപ്പെടലുകളിലേക്ക് ഉണർത്തുന്നതായിരുന്നു എം. എൻ. വിജയന്റെ ഭാഷയുടെ രസതന്ത്രം. മുൻപില്ലാത്ത ഒന്നിനെ സൃഷ്ടിക്കുന്ന സ്വാതന്ത്ര്യത്തിന്റെ, സർഗാത്മകതയുടെ രസതന്ത്രം

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സ്വന്തം ദൗത്യത്തിന്റെ നൂലിഴകൾ തീർത്ത കേസരിയും എം. ഗോവിന്ദനും എം. എൻ വിജയന്റെ സ്പീഷീസിൽപ്പെട്ട അവതാരങ്ങളായിരുന്നു. എം. എൻ വിജയൻ സമകാലീനതയുടെ സൂക്ഷ്മരന്ധ്രങ്ങളിൽ തന്റെ ചിന്തയെ ചലിപ്പിച്ചു. വിഹഗ വീക്ഷണമയിരുന്നില്ല, സർവ്വതല സ്പർശിയായിരുന്നു ആ സഞ്ചാരം. ഒരു ഒച്ചിനെപ്പോലെ ആയിരുന്നു വിജയനും എന്നിവിടെ പറയാൻ തോന്നുന്നു. ഫ്രോയിഡിന്റെ വീട്ടുമുറ്റത്ത് ഒരു വീപ്പയിൽ സാൽ വദോർ ദാലി കോറിയിട്ടിട്ടുപോയ ഫ്രോയിഡിന്റെ ചിത്രത്തെക്കുറിച്ച് വിജയൻ മാഷ് എഴുതിയിട്ടുണ്ട്. ഒച്ചിന്റെ രൂപമുള്ള ഒരു ഫ്രോയിഡിനെയായിരുന്നു ദാലി വരഞ്ഞിട്ടത്. വൈലോപ്പിള്ളി ആമയെപ്പോലെയായിരുന്നു എന്നും ആ കവി മനസ്സ് പറഞ്ഞു.

തന്റെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രസരിക്കാനും പ്രകാശിതമാവാനും ഒരു മാധ്യമം (medium) അല്ലെങ്കിൽ വാഹിനി (conductr) ആവശ്യമാണ്. ധാരാളം വിപരീതങ്ങൾ ഉള്ള ഒരു പ്രസ്ഥാനത്തിൽ സാധ്യതകൾ കണ്ട് അടുത്തകാലം വരെ എം. എൻ വിജയൻ പ്രവർത്തിച്ചു. അദ്ദേഹത്തെ ശ്രദ്ധിക്കാനും വായിക്കാനും ,അനുസ്മരിക്കാനും, അപ്പുറത്തും ,ഇപ്പുറത്തും ,അങ്ങേപ്പുറത്തും ഒരു ചേരിയിലുമല്ലാതെയും നിൽക്കുന്ന കുറേപേർ ഉണ്ടായി എന്നതാണ് ഇതുകൊണ്ട് സംഭവിച്ചത്. വരുംകാലങ്ങളിൽ എം.എൻ വിജയനെ അറിയുക പ്രസ്ഥാനങ്ങളാൽ മോൾഡ് ചെയ്യപ്പെടാത്തവർ ആയിരിക്കും. പ്രസ്ഥാനങ്ങളാൽ കട്ടപിടിച്ചവരിൽ ശൈഥില്യം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വൈബ്രേഷൻ ഉണ്ടാക്കാൻ അന്ത്യഘട്ടങ്ങളിൽ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റൊരു ആൾക്കൂട്ടത്തിൽ കടന്ന് തന്റെ രാഷ്ട്രീയവും ദർശനവും പ്രവർത്തിപ്പിക്കുന്നതിൽ ഏറെക്കുറെ വിജയിച്ചതിന് ഒരു നല്ല ഉദാഹരണമാണ് ഗാന്ധി. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സ് പിരിച്ചു വിടണം എന്നു ഗാന്ധിപറഞ്ഞത് അതുമായി താദാത്മ്യം പ്രാപിച്ച വൈകാരിക ബന്ധം ഗാന്ധിക്കില്ലാതിരുന്നതുകൊണ്ടാണ്. മോൾഡ് ചെയ്യപ്പെട്ട പ്രസ്ഥാനത്തെ ശിഥിലീകരിച്ചുകൊണ്ട് മാത്രമേ ചിന്തയുടേയും അന്വേഷണത്തിന്റെയും പുതിയകാലത്തിലേക്ക് മനുഷ്യസമൂഹത്തെ ഉണർത്താനാകൂ എന്നുള്ള വീക്ഷണമാണ് നാമിവിടെ കാണുന്നത്. ദേശീയതയാൽ ഒരു സമൂഹത്തെ മോൾഡ് ചെയ്യുന്നത് പോരാട്ടത്തിന്റെ ശക്തിക്കായുള്ള താൽക്കാലികാവശ്യമാണ്. പിന്നെ അതു നിലനിൽക്കുന്നത് ജീർണ്ണതയിലേക്കാണ്. അരിമ്പാറയായിട്ടാണ്. ചരിത്ര മാലിന്യമായാണ്. ദൗത്യ നിർവ്വഹണത്തിനു ശേഷം പ്രസ്ഥാനങ്ങളുടെ നിലനിൽപ് മാറ്റത്തിന്റെ ശത്രുവായിട്ടായിരിക്കും എന്ന ചരിത്ര സത്യം മാർക്സിനേയും ഹേഗലിനേയും ഉദ്ധരിച്ച് എം.എൻ. വിജയൻ നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്. പ്രസ്ഥാനങ്ങൾ ചലനമില്ലാതെ ഘനീഭവിക്കുമ്പോൾ അതിലെ വ്യക്തികൾ വിശ്വാസത്താൽ അന്ധമായ ചിന്താശുന്യമായ പറ്റങ്ങളായിമാറുന്നു. പ്രസ്ഥാനങ്ങളാൽ മാത്രമല്ല മനുഷ്യൻ സൃഷ്ടിയുടെയുണർവ്വില്ലാത്ത യന്ത്രമായി മാറുന്നത്; നാം ഉപയോഗിക്കുന്ന വസ്തുക്കളും, യന്ത്രങ്ങളും, നമ്മെ ,അവക്കിടയിലെ വെറുമൊരു വസ്തുവാക്കുന്നു. നാം ഒരേ പ്രവൃത്തി എന്നും ചെയ്യുമ്പോൾ ജോലി നമ്മെ യാന്ത്രികമായ ഒരു പ്രൊഫഷനിലേക്ക് ചുരുക്കുന്നു.വിദ്യാഭ്യാസം, മാധ്യമങ്ങൾ എന്നിവയൊക്കെ വ്യക്തിയെ മോൾഡ് ചെയ്യുന്നു. അധികാരിവർഗ്ഗവും അധീശസമൂഹവും ആശയങ്ങളെ ആയുധമാക്കി സമാന്യ ജനത്തെ തങ്ങൾക്ക് ഉതകുന്ന വാർപ്പു മാതൃകകളാക്കി മാറ്റുന്നു. വിപണിയെ ലക്ഷ്യമാക്കി വാർത്തെടുക്കപ്പെടുന്ന സമൂഹത്തെയാണ് ഇന്നു നാം കാണുന്നത്. ഭൂതകാല മത രാഷ്ട്രീയ വിശ്വാസങ്ങൾ ഇന്നത്തെ വാണിജ്യത്തെ പോഷിപ്പിക്കുന്നതിന് ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ്. കൈരളി ചാനൽ ഒരു ജനതയുടെ അത്മാവിഷ്കാരമാകുന്നതും, ടൂറിസം വ്യവസായത്തിന് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നതും അങ്ങനെയാണ്

വ്യക്തിയും ,സമുഹവും ,അതിന്റെ യഥാർത്ഥ സ്വത്വവും ശക്തിയും അറിയാതെ വാർത്തെടുക്കപ്പെടുന്നതിനെപറ്റി പറയുമ്പോൾ വിജയൻ മാഷ് ആനയെ ഉദാഹരിക്കുന്നു. ഒരാനയുടെ കാലിൽ തോട്ടി ചാരിവച്ചിട്ട് ആനക്കാരൻ കള്ളു കുടിക്കാനോ മറ്റോ പോകുന്നു. ആനക്കാരൻ വരുന്നതുവരെ എത്രനേരം വേണമെങ്കിലും ആന കാത്തുനിൽകുന്നു. തുടക്കത്തിൽ മാത്രമാണ് ഭയം നിമിത്തം അനുസരിക്കുന്നത്. പിന്നെ വ്യക്തി ജഡമായ ഒരു അനുസരണമായി മാറുന്നു. വിധേയത്വമില്ലാതെ ജീവിക്കാനാകില്ല എന്നു വരുന്നു. സക്കറിയയുടെ ഭാസ്കര പട്ടേലരുടെ വിധേയനെപ്പോലെ. ഒരു ചരിത്ര ദൗത്യത്തിനായി ഒരു പ്രസ്ഥാനം ഉത്ഭവിക്കുമ്പോൾ രക്തസാക്ഷികളും ചാവേറുകളും ഉണ്ടാകുന്നതുപോലെയല്ല ജീർണ്ണിച്ച, ചരിത്രദൗത്യം കഴിഞ്ഞ മതങ്ങൾക്കും ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വേണ്ടി തലതല്ലി ചാകുന്നത്. മാറ്റങ്ങൾക്ക് ചാലക ശക്തികളായ പ്രസ്ഥാനങ്ങളാണ് മാറ്റത്തിന്റെ ഏറ്റവും വലിയ വിലങ്ങുതടി എന്നതാണ് ചരിത്രം പഠിപ്പിക്കുന്ന പാഠം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരിക്കലും അപചയിക്കപ്പെടില്ല എന്ന് ആ പാർട്ടികളിലുള്ളവർ വിശ്വസിക്കുന്നതും അവർ വിശ്വാസത്താൽ സിമന്റ് പോലെ കട്ടപിടിച്ചുപോയതുകൊണ്ടാണ് . കാലത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ പാർട്ടി എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് പ്രസ്ഥാനങ്ങൾക്ക് പുറത്തു നിന്നുകൊണ്ട് മാർക്സിസത്തിന്റെ കണ്ണട ഉപയോഗികുന്നവർക്ക് മനസിലാകും. മാറിക്കൊണ്ടിരിക്കുന്ന സമുഹത്തിൽ പുതിയ വൈരുദ്ധ്യങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കുമ്പോൾ നവസാഹചര്യത്തിൽ വിടരുന്ന പ്രസ്ഥാനങ്ങൾ തന്നെയായിരിക്കും പുതിയ ദൗത്യം നിർവ്വഹിക്കുക. പ്രായമായ നക്സലൈറ്റ് പ്രസ്ഥാനങ്ങളും ഇരുട്ടിൽ തപ്പുന്നത് മറ്റൊന്നും കൊണ്ടല്ല. പ്രസ്ഥാനങ്ങൾ ക്കും വാർദ്ധക്യമുണ്ട്; മരണവും. കാലം നവ്യമായ ഒഴുക്കായി വർദ്ധക്യങ്ങൾകും മരണങ്ങൾക്കും മീതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതു തന്നെയല്ലേ മാറ്റത്തിന്റെ അടിസ്ഥാനവും? മാർക്സിസം ഒരു മതമായികാണാത്തവർ ഇതൊക്കെ മാർക്സിസത്തിൽ വായിച്ചെടുക്കും.

സമൂഹത്തെ മാറ്റിത്തീർക്കുന്ന ചുറ്റികയും ഉളിയും കൈയിലെടുത്തത് എന്നും യുവാക്കളായിരുന്നു. ഇന്ന് യുവജന പ്രസ്ഥാനങ്ങളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും അവയുടെ 'പിതൃ' സംഘടനകളാൽ ഷ്ണ്ഡീകരിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം എം ജി. കോളേജിൽ എ. ബി.വി.പി. മാത്രവും യൂണിവേഴ്സിറ്റി കോളേജിൽ എസ്. എഫ് ഐ യും മാത്രമുള്ളത് വിജയൻ മാഷ് പരിഹാസത്തോടെ പറഞ്ഞിട്ടുണ്ട്. വിജയൻ മാഷ് പഞ്ഞതിങ്ങനെയാണ്: എല്ലാവരും ഒരു സംഘടനയിൽ ആയാൽ പ്രസ്ഥാനം പൊളിറ്റിക്കൽ അല്ല എന്നതാണ് അർത്ഥം. അഭിപ്രായ ഐക്യം ഉണ്ടാകുന്നത് അഭിപ്രായം ഇല്ലാതാകുമ്പോഴാണ്. അഭിപ്രായമില്ലാത്ത ജഡ ജനതയാണ് പാർട്ടി ഗ്രാമങ്ങളെ ഉണ്ടാക്കുന്നത്.
എം. എൻ. വിജയൻ നടന്ന വഴി സാഹിത്യത്തിന്റേയും കലയുടേയും വഴിയായിരുന്നു എന്നും അത് ഫിലോസഫിയുടേയും രാഷ്ട്രീയ തത്വശാസ്ത്രങ്ങളുടെയും കാഴ്ചവട്ടത്തിനപ്പുറത്തേക്ക് പരക്കുന്നതാണെന്നും തുടക്കത്തിൽ പറഞ്ഞതിന് ആധാരമായി വിജയൻ മാഷിന്റെ സ്വന്തം വാക്കുകൾ പറഞ്ഞ് ഇത് അവസാനിപ്പിക്കാം.
" ഭൂമിയാകെ സ്ഫടികം പോലെ സുതാര്യമാവുകയും അന്വേഷണത്തിന്റേയും കാര്യകാരണ ബന്ധങ്ങളുടേയും നിയമങ്ങൾ കൊണ്ട് എല്ലാം എല്ലാവർ ക്കും അഭികാമ്യമാവുകയും ചെയ്യുമ്പോൾതന്നെ ശരീരത്തിന്റേയും മനസ്സിന്റേയും രഹസ്യങ്ങൾ ,പ്രതീക്ഷിക്കാത്ത പുതിയ താവളങ്ങളിൽ അഭയം പ്രാപിക്കുന്നു."


പിൻ കുറിപ്പ്: ഭാവിയിലേക്കുള്ള വഴിയിൽ എം. എൻ വിജയൻ ആണ് വഴികാട്ടി എന്നോ ,വിജയൻ മാഷ് വിമർശനങ്ങൾക്ക് അതീതനാണ് എന്നോ ആരും ധരിക്കുകയില്ല. പക്ഷേ എം. എൻ.വിജയൻ കണ്ട കാഴ്ചയോളം പോലും നമ്മുടെ ബൗദ്ധിക ലോകം ചെന്നെത്തിയില്ല എന്നതാണ് പരിതാപകരം. വിജയനേയും തള്ളി മാറ്റികൊണ്ടുതന്നെയാണ് കാലം പോകുന്നത്.

Tuesday, September 8, 2009

ചിത്രകല ,പഠനവും ആസ്വാദനവും.




പ്രേരണ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക
പ്രശസ്ത ചിത്രകാരന്മാർ ആയ വാൻഗോഗ് , പോൾഗോഗിൻ ,
പോൾസെസൻ എന്നിവരുടെ മാസ്റ്റർ പീസുകളുടെ പ്രദർശനം (SLIDE SHOW)



10/09/2009 വ്യാഴാഴ്ച
രാത്രി 8.30 നു.


കന്നഡ സംഘ ഓഡിറ്റോറിയം

ബഹറൈനിലെ ചിത്രകലാരംഗത്തുള്ളവർക്കും,
ചിത്രകലാസ്വാദകർക്കും ഈ രംഗത്തെ മാസ്റ്റേർസിന്റെ
പ്രധാന രചനകൾ കണാൻ അവസരമൊരുക്കുന്നു.
വർണങ്ങളും വരകളും സംബന്ധിച്ച ബോധത്തെ
വികസിപ്പിക്കുന്നതു ലക്ഷ്യം വച്ചു കൊണ്ടാണു ഈ
പ്രദർശനം സംഘടിപ്പിക്കുന്നത്.

തുടർന്ന് ചർച്ചയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്

കൺ വീനർ :അരവിന്ദൻ 36390799

കോ ഓർഡിനേറ്റർ: കെ.കെ ഷൈജു 39845129

Wednesday, September 2, 2009

ബഹറൈൻ പ്രേരണ ഫിലിം ക്ലബ്ബ് പ്രതിവാര സിനിമാ പ്രദർശനം





03-09-09 വ്യാഴം രാത്രി 8.00 നു
കന്നട സംഘ ആഡിറ്റോറിയത്തിൽ Abbas Kiarostami യുടെ


‘The Wind Will Carry Us’


The Wind Will Carry Us is a 1999 Iranian film by Abbas Kiarostami.The title is a reference to a poem written by the famous modern Iranian woman poet Forough Farrokhzad.In 1999, the movie was nominated for Golden Lion of Venice Film Festival. It won Grand Special Jury Prize (Silver Lion), FIPRESCI Prize and Cinem Avvenire award in this festival. It received numerous other nominations and awards as well.
Plot summary
A group of journalists and production engineers arrive in a Kurdish village to document the locals' mourning rituals anticipating the death of an elderly woman, but she remains alive. The main engineer is forced to slow down and appreciate the lifestyle of the village. He who stayed at the village with great enthusiasm for the burial of the old woman finds nothing interesting in the ceremony at the end.




പ്രവേശനം സൗജന്യം.
ഏവർക്കും സ്വാഗതം.
For more details: Tel-39643309

Sunday, August 30, 2009

പ്രേരണ ബഹറൈൻ പുറത്തിറക്കുന്ന കഥാസമാഹാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു.


പ്രേരണ ബഹറൈൻ-പ്രവാസികളായ എഴുത്തുകാരുടെ
മികച്ച കഥകളുടെ സമാഹാരം പുറത്തിറക്കുന്നു .നവംബർ
അവസാനവാരം നടക്കുന്ന പുസ്തകോൽസവത്തോടനുബദ്ധിച്ച്
പ്രസ്തുത കഥാസമാഹാരം പ്രകാശനം ചെയ്യുന്നതാണു.
കഥകൾ V.A.Balakrishnan, P.B.No :2713,Manama,
Baharain എന്ന വിലാസത്തിൽ തപാലിലോ ,
preranabahrain@gmail.com എന്ന ഇമെയിൽ വഴിയോ
September 25,2009 നു മുൻപായി കിട്ടത്തക്ക രീതിയിൽ
അയക്കാവുന്നതാണു.

Wednesday, August 19, 2009

ബഹറൈൻ പ്രേരണ ഫിലിം ക്ലബ്ബ് പ്രതിവാര സിനിമാ പ്രദർശനം-20-08-09 നു Steven Soderbergh ന്റെ ‘ചെ ‘


ബഹറൈൻ പ്രേരണ ഫിലിം ക്ലബ്ബ്
പ്രതിവാര സിനിമാ പ്രദർശനം

20-08-09 വ്യാഴം രാത്രി 8.15 നു
കന്നട സംഘ ആഡിറ്റോറിയത്തിൽ
Steven Soderbergh ന്റെ ‘ചെ ‘

ചരിത്രാന്വേഷണങ്ങളുടെയും കലാപരതയുടെയും
ഉന്നത മൂല്യങ്ങളെ ഉൾക്കൊള്ളുന്ന ഈ സിനിമ ലോക
മെമ്പാടുമുള്ള നല്ല സിനിമയെ സ്നഹിക്കുന്നവർ ഇരു
കൈയ്യും നീട്ടി സ്വീകരിച്ച ഒന്നാണ്.

2008 ലെ കാൻ ഫെസ്റ്റിവലിൽ ഇതിൽ ‘ചെ ‘
യെ അവതരിപ്പിച്ച -ബെനീഷ്യോ ഡെൽ ടൊറാ മികച്ച
നടനുള്ള അവാർഡ് നേടുകയുണ്ടായി.

കഴിഞ്ഞ വാരം ഈ സിനിമയുടെ ആദ്യ ഭാഗമാണ്
പ്രദർശിപ്പിച്ചത്.ദൃശ്യ ഭാഷയുടെ പുതിയ വഴികൾ തേടുന്ന
മികവുറ്റ ഛായഗ്രഹണമാണ് രണ്ടാം ഭാഗത്തിന്റെ മികച്ച
സവിശേഷത.

പ്രവേശനം സൗജന്യം.
ഏവർക്കും സ്വാഗതം.
For more details: Tel-39643309

Saturday, August 15, 2009

യുദ്ധം,പരിസ്ഥിതി,പട്ടിണി

യുദ്ധം ജനങ്ങളുടെ മുകളിൽ നിരന്തരമായി സാമ്രാജ്വത്വം അടിച്ചേൽപ്പിച്ചു
വരുന്നതായി ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി
പ്രേരണ നടത്തിയ പൊതുചർച്ചയിൽ അഭിപ്രായപ്പെട്ടു.യുദ്ധം ഒരു
തീവെട്ടികൊള്ളയാണെന്ന മാർക്ക്സിസ്റ്റ് വിലയിരുത്തലും സാമ്രാജ്വത്വം
എന്നാൽ യുദ്ധംതന്നെയണെന്ന ലെനിന്റെ പരമർശവും ശരിവെക്കുന്ന-
താണു ആധുനിക ലോക സംഭവങ്ങൾ.യുദ്ധങ്ങൾ അധികാര പരിധി
വർദ്ധിപ്പിക്കാന ണ്., അതിന്റെ ലക്ഷ്യം സ്വത്തു സമ്പാദിക്കലാണ്..
അതുകൊണ്ടുതന്നെ യുദ്ധം ലാഭം കുന്നുകൂട്ടുക എന്ന ഒരൊറ്റ അജണ്ട-
യുടെ ഭാഗമാണ്.ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ അധികാര ത്വര
മൂത്ത നേതാക്കന്മാർ ജനങ്ങളുടെ മുകളിൽ കെട്ടിവെക്കുകയായിരുന്നു.
ഇനി ഒരിക്കലും യുദ്ധങ്ങൾ ഉണ്ടാകരുത് എന്നു ലോകജനത ആഗ്രഹി-
ക്കുന്നു.എന്നാൽ ചെറുതും വലുതുമായ നിരവധി യുദ്ധങ്ങൾ നമുക്കുചുറ്റും
നിരന്തരം നടന്നുകൊണ്ടിരിക്കുന്നു.യുദ്ധങ്ങൾ നടക്കുന്നത് വിവിധ രൂപ-
ത്തിലാണു,ആയുധം മാത്രമല്ല മാധ്യമങ്ങളെയും യുദ്ധകരുവാക്കി മാറ്റിത്തീ-
ർത്തിരിക്കിന്നു.അതു നമ്മുടെ ബോധത്തെ ആകെ അട്ടിമറിക്കുന്നു.
കുടിക്കുകയാണെങ്കിൽ coca-cola കുടിക്കണമെന്ന്,കഴിക്കുകയാണെങ്കിൽ
pizza കഴിക്കണമെന്ന്,ധരിക്കുകയാണെങ്കിൽ Adidas ആയിരിക്കണമെ-
ന്ന്,കളിക്കുകയാണെങ്കിൽ cricket ആയിരിക്കണമെന്ന് നമ്മെ
ആഗ്രഹിപ്പിക്കുന്നത് ആ യുദ്ധ തന്ത്രത്തിന്റെ ഭാഗമാണ്.


രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാളിതുവരെയായി 8 കോടി
60 ലക്ഷത്തിലേറെ ജനങ്ങൾ വിവിധ യുദ്ധങ്ങളുടെ ഇരകളാക്കപെട്ടിട്ടുണ്ട്.
ഈ യുദ്ധങ്ങളുടെ എല്ലാം നേത്രുത്വപരമായ പങ്ക് യാങ്കികൾക്കായിരുന്നു.
കഴിഞ്ഞ 50 വർഷത്തിനിടയിൽ 20 രാഷ്ട്രങ്ങളെ അവർ ആക്രമിച്ചു.52 –
രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കി.പനാമയും,
ഗ്വാട്ടിമലയും,വിയറ്റ്നാമും,ക്യൂബയും,കോംഗോയും ഒക്കെ ഈ ദുരന്തങ്ങൾ
ഏറ്റുവാങ്ങേണ്ടിവന്നു.എല്ലാംതങ്ങളുടെ MNC(ബഹുരാഷ്ട്ര )ലോകത്തെ
പ്രീതിപെടുത്താനായിരുന്നു.


വിയറ്റ്നാമിലെ യുദ്ധം ലോകം കണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു.
പ്രസ്തുത യുദ്ധത്തിൽ 7.9 കോടി ലിറ്റർ Agent Orange( Dioxide അടങ്ങിയ )
എന്ന മാരകമായ വിഷം അവർ വിതറി.20 ലക്ഷം ഏക്കർ ഭൂമി എരിഞ്ഞമർന്നു.
4 ലക്ഷം പേർ വിഷബാധ ഏറ്റുമരിച്ചു.5 ലക്ഷം ആളുകൾ നിത്യ രോഗികളായി.
48 ലക്ഷം ആളുകൾക്ക് വിഷബാധ ഏറ്റു,ഇന്നും ദുരന്തം തുടരുന്നു.യുദ്ധങ്ങൾ
പരിസ്ഥിതി സന്തുലതാവസ്തയെ ആകെ തകിടം മറിക്കുന്നു.കമ്പോഡിയായിലെ
ആഭ്യന്തര യുദ്ധത്തിൽ അവരുടെ വനഭൂമിയുടെ 35% നശിച്ചു.ഇറാഖ്-കുവൈറ്റ്
യുദ്ധത്തിൽ 10മില്ല്യൺ ബാരൽ പെട്രോൾ കടലിലൊഴുക്കിയതിനാൽ
ചതുപ്പ് (Marshland) നിലത്തിന്റെ വിസ്തീർണ്ണം 15000 sq km ൽ
നിന്ന് 50 sq km ആയി കുറഞ്ഞു.732 എണ്ണ കിണറുകൾക്ക്തീയിട്ടതോടെ
വലിയ പാരിസ്ഥിക വ്യതിയാനങ്ങലാണു ആ മേഖലയിലുണ്ടായത്.
1945 മുതൽ ഇതുവരെയായി 2000-തോളം ആണവ പരീക്ഷണങ്ങൾ ലോക
ത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയിട്ടുണ്ട്,ഇതിലൂടെഅനിയന്ത്രിതമായ
അണുപ്രസരണങ്ങൾക്ക്വിവിധ പ്രദേശങ്ങൾ വിധേയമായി.25 മുതൽ
29 million വരെ curie cesium,15 മുതൽ 19 million curie strontium ,
10 മില്ല്യൺ curie carbon,4 ലക്ഷം curie plotonium തുടങ്ങിയ അളവുകളി-
ലാണു അണുവികിരണങ്ങൾസംഭവിച്ചത്.1997 ൽ അമേരിക്കയിലെ ഹാൻഫോർഡ
ന്യൂക്ലിയാർ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിവലിയ പാരിസ്ഥിക പ്രശ്നങ്ങളുണ്ടാക്കി.
അമേരിക്ക-ഇറാഖ് യുദ്ധത്തിൽ 40 ടൺ D-യുറേനിയം ഉപയോഗിച്ചു കഴിഞ്ഞു.
ഇത് ലക്ഷകണക്കിനു ജനങ്ങളെ ക്യാൻസർരോഗികളാക്കി.ഇസ്രായേൽ
ഫലസ്തീനികൾക്കെതിരെമാരകമായ അളവിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു.
ഇന്ത്യ യിലെ ആണവ പരീക്ഷണങ്ങളിൽ നടന്ന പോഖ് റാനിലെ
പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് വൻ തോതിൽഅണുപ്രസരണങ്ങൾ
ഏൽക്കേണ്ടി വന്നു എന്നു പoനങ്ങൾ തെളയിക്കുന്നു.

ലോകത്തിലെ 280 കോടി ജനങ്ങളും 2 ഡോളറിൽ താഴെ വരുമാനമുള്ള-
വരായി ജീവിക്കുന്നു.80 കോടി ജനങ്ങൾ പോഷകാഹാരക്കുറവനുഭവിക്കുന്നു.
130 കോടി ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമല്ല.എന്നാൽ യുദ്ധത്തിനായിപ്രതി-
വർഷം ഒരു ലക്ഷം കോടി ഡോളർ ലോകരാജ്യങ്ങൾ ചിലവഴിക്കുന്നു.ലോകത്തിൽ
എല്ലാവർക്കും കൂടി വെള്ളം,ഭക്ഷണം ,ആരോഗ്യം ,ശുചിത്വം ഇവ ലഭ്യമാക്കാൻ
ആവശ്യമുള്ള തുകയുടെ20 മടങ്ങാണു യുദ്ധത്തിനായി മാറ്റി വെക്കുന്ന ഈ തുക.
എന്നാൽ എല്ലാ ഭരണാധിപന്മാരും യുദ്ധോപകരണങ്ങൾവാങ്ങിക്കൂട്ടാൻ
അത്യൂൽസാഹരാണ്.അമേരിക്കയിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നതു തന്നെ
ലോക് ഹീഡ് മാർട്ടിൽ,ബോയിങ്ങ്,രോത്ത് യോൺ പോലെയുള്ള യുദ്ധകമ്പനികളാണ്.
ഇന്ത്യ എന്ന പരമദരിദ്ര രാഷ്ട്രം ഈ വർഷം പ്രതിരോധത്തിനു മാറ്റി-
വച്ചിരിക്കുന്നത് 1.41 ലക്ഷം കോടി രൂപയാണ്.30000 കോടി രൂപയുടെ
യുദ്ധോപകരണങ്ങൾ വാങ്ങാൻ U.S.A യുമായി കരാറുണ്ടാക്കിയിരിക്കുന്നു.
End -User Verification Agreementഅമേരിക്കയുടെ മുന്നിലെ പൂർണ്ണമായ
കീഴടങ്ങലാണ്.നാം വിദ്യാഭാസത്തിനു വേണ്ടി ,ആരോഗ്യത്തിനു വേണ്ടി
ബജറ്റ് തുകയുടെ 3% തുക മാറ്റി വെക്കുമ്പോഴാണ്ഈ പ്രതിരോധ ചിലവ്.
യുദ്ധക്കൊതി ലോകത്തിൽ പട്ടിണിരൂക്ഷമാക്കുന്നു.

എല്ലാ യുദ്ധവും സമാധാനത്തിനു വേണ്ടിയാണെന്ന്അവകാശം ഉയരാറുണ്ട്.
എന്നാൽ യുദ്ധങ്ങൾ സമാധാനത്തെഅപനിർമ്മിക്കുന്നു.യുദ്ധത്തിൽ വിജയികളും
പരാജിതരുമില്ല.അത് ദുരന്തം മാത്രം അനുഭവ വേദ്യമാക്കുന്നു.യുദ്ധം ദുഃഖം വിതക്കുന്നു.
എല്ലാ യുദ്ധവുംഅധികാര കൊതിയുടെ പ്രായോഗിക രൂപമാണ്.
അധികാരം പ്രാവർത്തികമാകുന്നത് ദേശീയതയിലൂടെയാണ്.എല്ലാ യുദ്ധവും
ദേശീയതയാൽ ന്യായീകരിക്കപെടുന്നു.നിങ്ങൾ ആരെ കൊലപ്പെടുത്തിയാലും
അത് കൊലപാതകമാണെന്നത് ഒരു സാമാന്യ ബോധമാണ്,എന്നാൽ ഒരു ഇസ്രായേലി
ഭടൻ ഒരു ഫലസ്തീനിയെ കൊലപ്പെടുത്തിയാൽ അവനെധീരനായി വാഴ്ത്തും.
ഒരിന്ത്യൻ പട്ടാളക്കാരൻ10 പാകിസ്താൻ ഭടന്മാരെ കൊലപ്പെടുത്തിയാൽ
അയാൾക്ക് ധീരതയുടെ അവാർഡ് ബുദ്ധന്റെ കർമ്മഭൂമി സമ്മനിക്കും.അഹിംസയുടെ നാട്
നടത്തിയ രണ്ട് ആണവ പരീക്ഷണങ്ങൾക്ക്
ഭരണകൂടം നൽകിയ പേർ " ബുദ്ധൻ ചിരിക്കുന്നു” എന്നതാണ്.ബുദ്ധൻ പുനർനിർവ്വചിക്കപ്പെടുന്നു.
നിങ്ങൾ രാജ്യത്തിനു വേണ്ടി മരണപ്പെട്ടാൽ വാഴ്തപ്പെടുന്നത്
റാണിയീച്ചക്കുവേണ്ടി മറ്റീച്ചകൾ മരണം വരിക്കണമെന്ന ഗോത്ര നേത്രുത്വത്തിന്റെ ശുദ്ധ തന്ത്ര
മാണ്.നാം ആർക്കും വേണ്ടി മരിക്കനുള്ളതല്ല എല്ലാവർക്കും വേണ്ടി ജീവിക്കനുള്ളതാണ്.

നമുക്കു ചുറ്റും യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണുമ്പോൾ ,യുദ്ധം സ്ര്യൂഷ്ടിക്കുന്ന
സാമ്രാജ്യത്വ വ്യവസ്ഥിതിയെയും അതിന്റെ ഇരകളെയും നാം തിരിച്ചറിയണം.
അതിനു കഴിഞ്ഞില്ല എങ്കിൽ ഈ ലോകത്തിന്റെഭാവി ഇരുളടയും.

യുദ്ധം പട്ടിണി സ്ര്യൂഷ്ട്ടിക്കുന്നു.യുദ്ധം പരിസ്ഥിതിയെതകർക്കുന്നു,
യുദ്ധംജീവിക്കാനുള്ള ഏവരുടെയും അവകാശങ്ങളെ അപകടപെടുത്തുന്നു.

Thursday, August 13, 2009

ആഗസ്ത്‌ 6 ഹിരോഷിമ നാഗസാക്കി ദിനാചരണം







ശ്രീ.ജൊമി മാത്യൂ ,
ശ്രീ.കെ.വി.പ്രകാശ്‌ ,ശ്രീ.റിയാസ്‌
എന്നിവർ
യുദ്ധവിരുദ്ധകവിതകൾ ആലപിച്ചു.

യുദ്ധം,പരിസ്ഥിതി,പട്ടിണി എന്ന വിഷയത്തിൽ
ഗ്രൂപ്പ്‌ ചർച്ച നടന്നു.
പ്രേരണ പ്രസിഡന്റ്‌.ഇ.പി.അനിൽ വിഷയം
അവതരിപ്പിച്ചു സംസാരിച്ചു.

യുദ്ധ വിരുദ്ധ ചിത്രങ്ങളുമായി പ്രേരണ ബഹറിനിലെ കലാകാരൻ മാർ