Wednesday, May 16, 2007

ഭൂമി കയ്യേറ്റങ്ങളും മനുഷ്യന്റെ ഭാവിയും.

(അന്യാധീനപ്പെടുന്ന ഭൂമി എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം. )
കേരളത്തില്‍ നടന്നഭൂപരിഷ്ക്കരണം ജനാധിപത്യപരമോ അടിയാളവര്‍ഗ്ഗ പ്രതിബദ്ധിതമോ ആയിരുന്നില്ല. നാണ്യവിളകളെ പ്രോത്‌സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ മൂലം നെല്‍കൃഷിയുടെ അവിഭാജ്യ ഘടകമായിരുന്ന അടിയാള വര്‍ഗ്ഗത്തെ ഭൂബന്ധങ്ങളില്‍ നിന്നും കൃഷിയില്‍ നിന്നും ഒഴിവാക്കിയതാണ്‌ കേരളത്തില്‍ നെല്‍കൃഷിയുടേയും നെല്‍ വയലുകളുടേയും തിരോധാനത്തിനു പ്രധാന കാരണം. കേരളത്തിലെ കാര്‍ഷികഘടനയിലെ മധ്യവര്‍ത്തികളായ കാണക്കുടിയാന്മാരും പാട്ടക്കുടിയാന്മാരും കാര്‍ഷിക പരിഷ്‌കരണത്തിലൂടെ ഭൂവുടമകളായി മാറിയപ്പോള്‍ നെല്‍കൃഷിയുടേയും തോട്ട കൃഷിയുടേയും അവിഭാജ്യ ഘടകവും കൃഷിയില്‍ നേരിട്ട്‌ കായികാദ്ധ്വാനം വിനിയോഗിച്ചിരുന്നവരുമായ അടിയാളവിഭാഗം ഭൂമിയില്‍ നിന്നും കൃഷിയില്‍ നിന്നും ഭൂപരിഷ്കരണത്തിന്റെ പുറം പോക്കുകളിലേക്ക്‌ ആട്ടിയോടിക്കപ്പെട്ടു. ഈ അടിയാള വിഭാഗം ഇന്ന് കാര്‍ഷികമേഖലയില്‍ നിന്നും പ്രതിവര്‍ഷം അന്‍പതു തൊഴില്‍ ദിനം പോലും ലഭിക്കാത്ത കര്‍ഷകത്തൊഴിലാളികളാണ്‌. ഭൂമിയില്‍ ഉടമസ്ഥതാവകാശം ലഭിച്ച മധ്യവര്‍ഗ്ഗമാകട്ടെ വിദ്യാഭ്യാസ ഉദ്ദ്യോഗമണ്ഡലങ്ങളിലും വണിജ്യ വ്യാപാര മേഖലകളിലും വിദേശ ജോലികളിലും നിര്‍ണ്ണായക സ്ഥാനമുറപ്പിച്ചു. നെല്‍കൃഷിയെപ്പോലെ ദൈനംദിന ശ്രദ്ധ ആവശ്യമായ ഹ്രസ്വ വിള കൃഷിയില്‍ ശ്രദ്ധിക്കാനോ കൃഷി നടത്താനോ ഈ വിഭാഗത്തിന്‌ സമയമോ താല്‍പര്യമോ ഇല്ല. നെല്‍കൃഷി നഷ്ടമാണെന്ന അഭിപ്രായം കാര്‍ഷികേതര വരുമാനമുള്ള ഇവരുടേതാണ്‌. യഥാര്‍ഥത്തില്‍ മണ്ണും കൃഷിയുമായി ജൈവബന്ധം ഒട്ടുമില്ലാത്ത ഈ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള നെല്‍ വയലുകളില്‍ ഏറെയും ഇപ്പോള്‍ തരിശ്‌ വിളയുകയാണ്‌.
കാര്‍ഷികപരിഷ്കരണത്തിന്റെ ബാക്കിപത്രമായി കാര്യങ്ങള്‍ മറ്റൊരുതരത്തിലും സംഭവിച്ചുകൊണ്ടിരിക്കയാണ്‌. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും പണം നിക്ഷേപിക്കാനുള്ള ഒരു വസ്തുവായും നിരന്തരം മാറ്റപ്പെട്ടുകൊണ്ടിരിക്കയാണ്‌. ഗല്‍ഫ്‌ മേഖലയില്‍ നിന്ന് വരുന്ന വിദേശ മലയാളികളുടെ സമ്പത്തിന്റെ വലിയൊരുഭാഗം ഉപയോഗിക്കപ്പെടുന്നത്‌ ഒരു നിക്ഷേപവസ്തുവായി ഭൂമി വാങ്ങിക്കൂട്ടുന്നതിലാണ്‌. (കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗല്‍ഫ്‌ വരുമാനമുള്ള തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ നടത്തിയ പഠനത്തില്‍ നിന്ന് മനസ്സിലാക്കുന്നത്‌ ഗല്‍ഫ്‌ വരുമനത്തിന്റെ 79% ശതമാനം നിക്ഷേപിക്കുന്നത്‌ ഭൂമിവാങ്ങുന്നതിനു വേണ്ടിയാണ്‌ എന്നാണ്‌. കേരളത്തിലെ കൃഷിഭൂമിയുടെ സിംഹഭാഗവും കാര്‍ഷികവൃത്തിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കേണ്ടതല്ലാത്ത ഒരു പുത്തന്‍ ഭൂവുടമാ വിഭാഗത്തിന്റെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ കാര്‍ഷിക രംഗം മുച്ചൂടും മുരടിച്ചുനില്‍ക്കയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഭൂരഹിത കര്‍ഷക വിഭാഗത്തിന്റെ ജീവിതം ദുരിതപൂര്‍ണ്ണമാവുകയും ചെയ്‌തിരിക്കുന്നു. ഈ പശ്‌ചാത്തലത്തില്‍ വേണം ആഗോളീകരണത്തിന്റെ ഫലമായി വര്‍ത്തമാന കേരളത്തില്‍ ഭൂബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കൂടി കൂട്ടി വായിക്കേണ്ടത്‌.നിയമം മൂലം എല്ലാ ജനാധിപത്യ സമൂഹങ്ങളിലും നിരോധിക്കപ്പെട്ട പാട്ട കൃഷി സ്ഥാപനവല്‍ക്കരിക്കാനും പിന്തിരിപ്പന്‍ ഭൂബന്ധങ്ങള്‍ തിരിച്ചുകൊണ്ടുവരാനും ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കയാണ്‌. ആഗോളീകരണത്തിന്റെ ഘടനാ ക്രമീകരണ പദ്ധതികള്‍നടപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍ വാങ്ങുന്നതുമൂലം രൂപപ്പെടുന്ന ശൂന്യത നികത്താന്‍ അയല്‍ക്കൂട്ടങ്ങള്‍, സ്വയം സഹായസംഘങ്ങള്‍, കുടുംബശ്രീകള്‍ മുതലായവയിലൂടെ ക്ഷേമപ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ ചിലവില്‍ അവരെക്കൊണ്ട്‌ തന്നെ നിര്‍വഹിക്കപ്പെടുന്ന പങ്കാളിത്ത വികസന പദ്ധതികള്‍ സാമ്രാജ്യത്വം ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്‌. ആഗോളീകരണത്തെ സൂക്ഷ്‌മതലത്തിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ നടപ്പിലാക്കപ്പെടുന്ന ഇത്തരം പോസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പദ്ധതികളുടെ നിര്‍വഹണാത്തില്‍ കേരളത്തില്‍ ഏറെ മുന്നേറിയിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളുടെ മുഖ്യ ദൗത്യം വീണ്ടും പാട്ട കൃഷിയെ കേരളത്തില്‍ പുനസ്ഥാപിക്കുക എന്നതാണ്‌. 1970 ലെ ഭൂപരിഷ്ക്കരണത്തിന്റെ ഫലമായി ആകെ വിതരണം ചെയ്തത്‌ അര ലക്ഷത്തോളം ഏക്കര്‍ ഭൂമിയായിരുന്നെങ്കില്‍ ഇന്ന് കുടുംബശ്രീ നടത്തുന്ന പാട്ടകൃഷി 5700 ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചിരിക്കുന്നു. ഭൂപരിഷ്ക്കരണത്തിനു ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെയാണ്‌ കുടുംബശ്രീ ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്നാണ്‌ നവലിബറല്‍ വാദികളും നാലാം ലോകവാദക്കാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഏക്കറിന്‌ 10,000 രൂപവരെ കൂലി നല്‍കി പാട്ടകൃഷി നടക്കുന്ന കേരളത്തില്‍ കൃഷി ആദായകരമല്ലെന്നും കാര്‍ഷിക വൃത്തിക്ക്‌ ആളെ കിട്ടാനില്ലെന്നും മട്ടും പ്രചരിപ്പിക്കുന്നത്‌ വളരെ ആസൂത്രിതമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ സമ്പത്ത്‌ വ്യവസ്ഥയില്‍ പിടിമുറുക്കികൊണ്ടിരിക്കുന്ന റീയല്‍ എസ്റ്റേറ്റ്‌ ലോബിയും മതസ്ഥാപനങ്ങളും എല്ലാം ഭൂമിവര്‍ദ്ധിച്ച തോതില്‍ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. സര്‍ക്കാരാകട്ടെ ടൂറിസം, ഐ. ടി മേഖലകളില്‍ വിദേശ മൂലധന ശക്തികള്‍ക്കുവേണ്ടി വന്‍ തോതില്‍ കൃഷിഭൂമി അക്വയര്‍ ചെയ്തുകൊണ്ടിരിക്കയാണ്‌. ദുബൈ ഇന്റര്‍നെറ്റ്‌ സിറ്റിക്കുവേണ്ടി 30 വര്‍ഷത്തെ പാട്ടത്തിനു 300 ഏക്കര്‍ സ്ഥലം കര്‍ഷകറില്‍ നിന്നും അക്വയര്‍ ചെയ്യാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നയം റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതാണ്‌. വ്യവസായം, ടൂറിസം, ഐ. ടി മെഖലകളിലെ ആഭ്യന്തര വിദേശ സം രംഭകര്‍ക്ക്‌ നേരിട്ട്‌ യഥേഷ്ടം ഭൂമി ഇടപാടു നടത്താവുന്നരീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച്‌ നല്‍കുന്നു. കോട്ടയം ,എറണാകുളം ആലപ്പുഴ എന്നീ ജില്ലകളില്‍ നൂറുകണക്കിനേക്കര്‍ തീരദേശഭൂമികളും കായലോരങ്ങളും പാടശേഖരങ്ങളും കരഭൂമികളും റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാര്‍ മുഖേന അജ്ഞാത ഉടമസ്ഥതയിലേക്ക്‌ കൈമാറിക്കഴിഞ്ഞിരിക്കുന്നു. വാഗമണ്ണിലും മൂന്നാറിലും നൂറുകണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യൂ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജപട്ടയങ്ങളുണ്ടാക്കി ടൂറിസ്റ്റ്‌ മാഫിയകളും സമ്പന്ന വിഭാഗവും കൈവശപ്പെടിത്തിക്കഴിഞ്ഞിരിക്കുന്നു. മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിക്കുണ്ടായിരുന്ന 65000 ഏക്കര്‍ തരിശ്‌ ഭൂമി 1970 ല്‍ ഭൂപരിഷ്ക്കരണ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായതാണ്‌. കേരളത്തിലെ ഭൂരഹിത വിഭാഗങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട ഈ ഭൂമി ടാറ്റാ അനധികൃതമായി കൈയ്യടക്കി വചിരിക്കുന്നതിനെതിരേയും വാഗമണ്ണിലെ പുല്‍മേടുകള്‍ അന്നത്തെ റവന്യൂ മന്ത്രിയുടെ ബന്ധുക്കള്‍ കയ്യടക്കി വചിരിക്കുന്നതിനെതിരേയും മാധ്യമ പരിവാരങ്ങളോടെ പ്രക്ഷോഭയാത്രകള്‍ നടത്തിയ പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിയായപ്പോള്‍ നിശബ്ദനായിരിക്കുന്നു. (ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്ക്‌ മുന്‍പ്‌ എഴുതിയതാണ്‌ ഈ ലേഖനം)
കേരളത്തില്‍ വരുന്ന ഹവാലപ്പണത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കപ്പെട്ടത്‌ ഭൂമി ഇടപാടുകളിലാണ്‌. അടുത്തനാളിലാണ്‌ അമേരിക്കന്‍ ബന്ധമുള്ള പ്രമുഖ സുവിശേഷ പ്രാസംഗികന്‍ കെ. പി. യോഹന്നാന്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ 3000 ഏക്കറോളം വരുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ്‌ വാങ്ങി ബിലീവേര്‍സ്‌ എസ്റ്റേറ്റ്‌ എന്ന് നാമകരണം ചെയ്തത്‌. സുനാമി ദുരന്തം കശക്കി എറിഞ്ഞ ആലപ്പാട്ടു പഞ്ചായത്തിലും കായലിനു കിഴക്കുള്ള കുപ്പന പഞ്ചായത്തിലും ഏക്കര്‍ കണക്കിനു ഭൂമി അമൃതാനന്ദമയി മഠം മോഹവില നല്‍കി വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കയാണ്‌. അങ്ങിനെ കേരളത്തിലെ കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ്‌ ലോബിയുടേയും പള്ളിയുടെയും മഠത്തിന്റേയുമെല്ലാം നേതൃത്വത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌.ഇന്ത്യയില്‍ ഏറ്റവും പുരോഗമനപരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭൂപരിഷ്ക്കരണത്തിനു ശേഷവും കേരളത്തിലെ ഭൂകേന്ദ്രീകരണം അഖിലേന്ത്യാ ശരാശരിക്കൊപ്പമാണ്‌. മാത്രമല്ല, ഭൂകേന്ദ്രീകരണ പ്രവണത അനുദിനം ശക്തിപ്പെടുകയുമാണ്‌. സംസ്ഥാന വരുമാനത്തിന്റെ നാല്‍പതു ശതമാനം കയ്യടക്കിയിട്ടുള്ള ഏറ്റവും മുകള്‍ത്തട്ടിലുള്ള പത്തു ശതമാനം പേരുടെ കയ്യിലാണ്‌, മുഖ്യ ഉല്‍പാദനോപാധിയായ, എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടേയും ദിശ നിര്‍ണ്ണയിക്കുന്ന ഭൂമിയുടെ 60% കേന്ദ്രീകരിച്ചിരിക്കുന്നത്‌. അതേ സമയം തല ചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിപോലുമില്ലാതെ ലക്ഷം വീടു കോളനികളിലും സെറ്റില്‍മന്റ്‌ കോളനികളിലും പുറമ്പോക്കുകളിലും കഴിയുന്ന 15% വരുന്ന യാചക സമാനരായി ജീവിക്കുന്നവരടക്കം അന്‍പതു ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യ രേഖയുടെ താഴെ കഴിയുന്നു. കാര്‍ഷിക രംഗത്തെ ജീര്‍ണ്ണിച്ച ഭൂബന്ധങ്ങളെ അഴിച്ചുപണിഞ്ഞുകൊണ്ടു മാത്രമേ ഇത്തരം ദുരവസ്ഥയില്‍ അവശേഷിക്കുന്ന കൃഷിയിടങ്ങളെയെങ്കിലും സംരക്ഷികാനാവൂ. ഭൂമിയില്‍ അദ്ധ്വാനിക്കുന്ന യഥാര്‍ത്ഥ കര്‍ഷകന്റെ ഉടമസ്ഥത കൃഷി ഭൂമിയില്‍ സ്ഥാപിക്കുകയും അങ്ങനെ കാര്‍ഷിക രംഗത്തെ ഉല്‍പ്പാദന ശക്തികളെ കെട്ടഴിച്ചുവിടാന്‍ പര്യാപ്തമായ രീതിയില്‍ ഭൂമിയുടെ പുനര്‍വിന്യാസം നടത്തേണ്ടതുമാണ്‌. ഭൂബന്ധങ്ങളെ ജനധിപത്യവല്‍ക്കരിക്കുന്നതും, അതുമായി ബന്ധപ്പെട്ട്‌ വികസനത്തിന്റെ സമസ്ത മേഖലകളേയും പുനസംഘടിപ്പിക്കുന്നതുമായ ഒരു ജനകീയ വികസന അജണ്ട രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ആ വികസന നയം സ്വാശ്രിതവും ആഭ്യന്തര വിഭവ സമാഹരണത്തിലൂന്നുന്നതുമായിരിക്കണം. സാമ്രാജ്യത്വ മൂലധനത്തേയും വികസനപദ്ധതികളേയും പൂര്‍ണമായും നിരാകരിക്കുന്നതായിരിക്കണം. ഈ മാറ്റങ്ങള്‍ കേരളത്തിനെ അടിസ്ഥാന ജനാധിപത്യവല്‍ക്കരണത്തിലേക്ക്‌ നയിക്കും.
അന്യാധീനപ്പെടുന്നഭൂമിയുടെ പ്രശ്നവുമായി ബന്ധിപ്പിക്കേണ്ട വളരെ കാലികവും പ്രസ്ക്തവുമായ വിഷയം എക്കോ രാഷ്ട്രീയത്തിന്റേതാണ്‌. മനുഷ്യ വര്‍ഗ്ഗത്തിന്റെ അധീനതയില്‍ നിന്നും മൊത്തമായിത്തന്നെ ഭൂമി അന്യധീനപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ പ്രവണതകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഈയിടെ യൂറോപ്പില്‍ നടന്ന ശാസ്ത്രജ്ഞന്മാരുടെ വേദിയില്‍ സ്റ്റീഫന്‍ ഹോക്കിന്‍സ്‌ നല്‍കിയ താക്കീത്‌ വളരെയേറെ ഗൗരവ സ്വാഭാവമുള്ളതാണ്‌. ഭൂമിക്ക്‌ അതിന്റെ മൊത്തം ആവാസ വ്യവസ്ഥയുടെ ഇക്വിലിബ്രിയം (സമതുലിതാവസ്ഥ) നിലനില്‍ക്കണമെങ്കില്‍ മനുഷ്യ വംശം ഭൂമിയുടെ ആവാസ വ്യവസ്ഥയില്‍ നിന്നും ബഹിഷ്ക്കരിക്കപ്പെടുക അനിവാര്യമായിത്തീരുന്ന ഘട്ടം സംജാതമയിക്കൊണ്ടിരിക്കുന്നു എന്നാണ്‌ പഠനം നല്‍കുന്ന സൂചന. ഭൂമിയില്‍ അധിവസിക്കുന്ന ദശലക്ഷക്കണക്കിനു സ്പീഷീസുകളുടെ ചരിത്രം വ്യക്തമാക്കുന്നത്‌, ഇതില്‍ ഏതെങ്കിലും ഒരു ശൃംഖല ഭൂമിയുടെ സംതുലിതാവസ്ഥക്ക്‌ വിഘാതമാവുന്ന രീതിയില്‍ വികസിച്ച്‌ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഭൂമി അതിനെ ഒഴിവാക്കുന്നു എന്ന പ്രകൃതി നിയമമാണ്‌. മനുഷ്യ വംശത്തിന്റെയും വിധി താമസിയാതെ അതായിത്തീരാനുള്ള സാദ്ധ്യത ശാസ്ത്ര ലോകം നല്‍കുന്നു. മനുഷ്യന്റെ അധിവാസം ഭൂമിയില്‍ അസാദ്ധ്യമാക്കുന്ന രീതിയില്‍ ഭൗമാന്തരീക്ഷം മാറിക്കൊണ്ടിരിക്കുകയാണ്‌.
ഒരു വംശം എന്ന നിലയില്‍ ഐശ്വര്യപൂര്‍ണ്ണമായ നിലനില്‍പ്‌ സാദ്ധ്യമാക്കുന്ന ആവശ്യത്തിനു വേണ്ടിയുള്ള ഉല്‍പാദനം എന്ന നൈസര്‍ഗ്ഗികവും പ്രാകൃതവും ആയ ഉല്‍പാദന സമ്പ്രദായത്തില്‍ നിന്നും മനുഷ്യ സമൂഹം ലാഭത്തിനു വേണ്ടിയുള്ള ഉല്‍പാദനം എന്ന മുതലാളിത്ത ഉല്‍പാദന സമ്പ്രദായത്തിലേക്ക്‌ മാറിയതോടെയാണ്‌ ഇത്തരം ഒരു ദുരന്തം ആരംഭിക്കുന്നത്‌.വികസനത്തിന്റെ നൈസര്‍ഗ്ഗികതയും പ്രകൃത്യോന്മുഖതയും പുനസ്ഥാപിക്കുന്ന, എക്കോ സൌഹൃദ വികസന പരിപ്രേക്ഷ്യങ്ങള്‍, സാമൂഹ്യ വികസന പരികല്‍പനകളുമായി കണ്ണിചേര്‍ക്കപ്പെടേണ്ടതുണ്ട്‌. ഇത്‌ വെറുമൊരു പ്രകൃതി സ്നേഹത്തിന്റെ പ്രശ്നം മാത്രമല്ലെന്നും, ആജീവനത്തിന്റെ ഗൗരതരമായ പ്രശ്നമാണെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്‌.

No comments: