Thursday, May 3, 2007

തൊഴിലനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍...

മെയ്‌ ദിനത്തോടനുബന്ധിച്ച്‌ സാധാരണ കണ്ടുവരാറുള്ളതില്‍ നിന്നും വ്യത്യസ്‌തമായ ഒരു പരിപാടിയായിരുന്നു ബഹ്‌റൈന്‍ പ്രേരണ സംഘടിപ്പിച്ചത്‌. തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട്‌ നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ആ പരിപാടി. മെയ്‌ദിന പ്രസംഗം, മെയ്‌ദിന ചരിത്രം, മെയ്‌ദിന പ്രതിജ്ഞ എന്നിങ്ങനെ കാലങ്ങളായി ആവര്‍ത്തിക്കുന്ന ചടങ്ങുപരിപാടികളില്‍ നിന്നും ഏറെ വ്യത്യസ്‌തമായിരുന്നു തൊഴിലാളികളുടെ ജീവിതം അവരില്‍ നിന്ന് നേരിട്ട്‌ കേള്‍ക്കുക എന്ന അനുഭവം. തങ്ങളുടെ ജീവിതത്തിലെ ഏറെ ദുരിതങ്ങളും വല്ലാത്ത ആധികളും നിറഞ്ഞ സങ്കടങ്ങളും ഇത്തിരി സന്തോഷങ്ങളും മറ്റുള്ളവരുമായി തുറന്ന് പങ്കുവച്ചതിലൂടെ ഈ തുരുത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നിരവധിപേര്‍ തനിക്കു ചുറ്റുമുണ്ടെന്ന് തിരിച്ചറിയാനും ഈ ഒത്തുകൂടലിലൂടെ സാധിച്ചു.
ബഹ്‌റൈനിലെ മാത്രമല്ല, ഗള്‍ഫിലെവിടെയുമുള്ള സാധാരണക്കാരായ തൊഴിലാളികള്‍ നേരിടുന്നത്‌ ഒരേ തരം പ്രശ്‌നങ്ങളാണ്‌ എന്നാണ്‌ ഈ പങ്കുവയ്ക്കലിലൂടെ ഉരുത്തിരിഞ്ഞുവന്ന പ്രധാന ആശയം. തങ്ങളുടെ തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്തിക്കിട്ടിയതിന്റെ ആഹ്ലാദമായിട്ടാണ്‌ ലോകമെമ്പാടും തൊഴിലാളികള്‍ മെയ്‌ദിനം ആഘോഷിക്കുന്നത്‌. എന്നാല്‍ ഇന്ന് ഗള്‍ഫില്‍ വ്യാപകമായ നിലയില്‍ ആ സമയപരിധി ലംഘിക്കപ്പെടുന്നുണ്ട്‌ എന്നാണ്‌ അനുഭവങ്ങള്‍ പങ്കുവച്ച എല്ലാപേരും ഒരുപോലെ പറഞ്ഞത്‌. എട്ടുമണിക്കൂര്‍ തൊഴില്‍ എട്ടുമണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന ആശയം തന്നെ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരമാവധി സമയം പണി എടുപ്പിക്കുക എന്നാല്‍ അതിന്‌ തുല്യമായ വേതനം കൊടുക്കാതിരിക്കുക എന്നത്‌ ഇന്ന് മിക്ക മാനേജുമെന്റുകളുടെയും ശീലമായി മാറിയിരിക്കുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടുത്തെ നിയമങ്ങള്‍ അപര്യാപ്‌തമാണ്‌. കരാര്‍ പണിക്കാരായാണ്‌ നമ്മളിവിടെ എത്തപ്പെട്ടിരിക്കുന്നത്‌ എന്നതുകൊണ്ട്‌ മാനേജുമെന്റുകള്‍ക്കെതിരെ ഏതുതരത്തിലുള്ള വെല്ലുവിളി ഉയര്‍ത്തിയാലും ഉടന്‍ നമ്മള്‍ കുറ്റക്കാരായി മുദ്ര ചാര്‍ത്തപ്പെടുകയും കള്ളക്കേസുകളില്‍ കുടുക്കപ്പെടുകയും അങ്ങനെ ഇവിടുന്ന് കയറ്റി അയപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്‌. അതിന്‌ നിരവധി ഉദാഹരണങ്ങള്‍ തൊഴിലനുഭവങ്ങള്‍ പങ്കുവച്ചവര്‍ നിരത്തുകയുണ്ടായി. ഇത്തരം തൊഴില്‍ ചൂഷണത്തിന്‌ മുന്നില്‍ നില്‌ക്കുന്നത്‌ മലയാളികളും ഇന്ത്യാക്കാരും മുതലാളിമാരായോ മാനേജുമെന്റിലോ ഉള്ള കമ്പിനികളിലാണ്‌ എന്നത്‌ ഒരു പ്രധാനപ്പെട്ട വസ്‌തുതയായി എടുത്തു പറയുകയുണ്ടായി. സ്വദേശികളായ മുതലാളിമാര്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക്‌ കൊടുക്കാം എന്നു തീരുമാനിച്ചാലും ഈ ഇന്ത്യക്കാരായ മാനേജുമെന്റുവിഭാഗം അതിനെ ശക്‌തമായി എതിര്‍ക്കുകയും ആ ആനുകൂല്യങ്ങള്‍ അവര്‍ പിടിച്ചു പറിക്കുകയും ചെയ്യുന്നത്‌ സ്ഥിര അനുഭവമായി മാറിയിട്ടുണ്ട്‌. നാട്ടിലെ ജീവിത സാഹചര്യങ്ങള്‍കൊണ്ടാണ്‌ പലപ്പോഴും ഈ വിഭാഗത്തിനെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത്‌ എന്നാണ്‌ മിക്കപേരും പറഞ്ഞത്‌. ഇവിടുന്ന് പറഞ്ഞുവിടപ്പെട്ടാല്‍ നാളെ എന്ത്‌ എന്നൊരു ചോദ്യം എല്ലാം നിശബ്ദം സഹിച്ച്‌ ജീവിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. മനേജുമെന്റിന്‌ അത്‌ തിരിച്ചറിയാവുന്നതുകൊണ്ട്‌ അവര്‍ നമ്മളെ കൂടുതല്‍ ചൂഷണത്തിന്‌ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.
തൊഴിലാളികള്‍ക്ക്‌ അനുകൂലമായ നിലപാടെടുക്കുന്നതില്‍ ഇന്ത്യന്‍ എംബസികള്‍ പരാജയപ്പെടുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നു. ഫിലിപ്പിയന്‍സ്‌ ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ എംബസിയുടെ പ്രവര്‍ത്തനം വളരെ മോശം നിലവാരത്തിലുള്ളതാണ്‌. എന്തെങ്കിലും പരാതി പറയാന്‍ ചെല്ലുന്നവരെ ആട്ടിയോടിക്കുന്ന സംഭവം പോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
മാനേജുമെന്റുകളെയും എംബസികളെയും കുറ്റം പറയുന്നതിലൂടെ മാത്രം ഈ പ്രശ്നത്തിന്‌ പരിഹാരമാകുമോ എന്നൊരു ചോദ്യം അതിനിടെ ഉയരുകയുണ്ടായി. നമ്മുടെ നാട്ടിലെ പരിതപകരമായ അവസ്ഥയാണ്‌ നമ്മെ ഇവിടെ അടിമപ്പണി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകമെങ്കിലും നമ്മുടെ നാട്ടില്‍ ഇന്ന് കൂലിപ്പണി ചെയ്യാന്‍ ആളെക്കിട്ടാത്ത ഒരവസ്ഥയില്ലേ..? തമിഴ്‌നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും ആന്ധ്രയില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്ന് പണിചെയ്യിപ്പിക്കേണ്ട സാഹചര്യം കേരളത്തിനുണ്ട്‌. ഇവിടെ കഠിനമായ വെയിലില്‍ക്കിടന്ന് ചെയ്യുന്ന അതേ പണിക്ക്‌ സത്യത്തില്‍ ഇവിടുത്തേതിനേക്കാള്‍ വേതനം നാട്ടില്‍ കിട്ടും എന്ന അവസ്ഥയുണ്ട്‌. ഉദാഹരണത്തിന്‌ മേശന്‍, ആശാരി, മൈക്കാട്‌... നല്ലൊരു പ്ലംബറെയോ ഇലക്ട്രീഷനെയോ കിട്ടാത്ത അവസ്ഥയും നാട്ടിലുണ്ട്‌. എന്നിട്ടും നമ്മളിവിടെക്കിടന്ന് വര്‍ഷങ്ങളോളം കഷ്ടപ്പെടുന്നു. എന്താണ്‌ അതിനു കാരണം..? മിഥ്യാബോധം നിറഞ്ഞ ഒരു തൊഴിലഭിമാനം നമുക്കുള്ളതാണ്‌ അതിനുകാരണമെന്നാണ്‌ മിക്കപേരും പറഞ്ഞത്‌. ഇതേ തൊഴില്‍ നാട്ടില്‍ ചെയ്‌താല്‍ എന്തോകുറഞ്ഞു പോകുന്നതുപോലെ. ഈ മിഥ്യാബോധം നമ്മെ മാനേജുമെന്റുകളോട്‌ വിലപേശുന്നതില്‍ നിന്നും തടയുന്നു. അത്‌ മാറേണ്ടതുണ്ട്‌.
മറ്റൊരു കാര്യം. നമ്മളില്‍ മിക്കപേരും ചെയ്‌തുകൊണ്ടിരിക്കുന്ന തൊഴിലില്‍ വേണ്ടത്ര മിടുക്കരല്ല. മുകളിലുള്ള ഒരാള്‍ പറഞ്ഞുതരുന്നത്‌ അതുപോലെ ചെയ്യാനല്ലാതെ സ്വന്തമായി ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ജോലി ചെയ്യാനുള്ള പ്രാവീണ്യം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മില്‍ പലരും സ്വായത്വമാക്കുന്നില്ല. ഈ അപൂര്‍ണ്ണത നമ്മെ മാനേജുമെന്റുകളോട്‌ വിലപേശുന്നതില്‍ നിന്നും തടയുന്നു.
ഈ സന്ദേഹങ്ങള്‍ക്കും പങ്കെടുത്തവരുടെ ഇടയില്‍ നിന്നു തന്നെ മറുപടി വന്നു. നമ്മുടെ നാട്ടില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നേടുന്നതിനപ്പുറം ഒരു തൊഴിലഭിമാനം സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മുടെ തൊഴിലാളി പ്രസ്ഥാനങ്ങളും ട്രേഡ്‌യൂണിയനുകളും അമ്പേ പരാജയപ്പെട്ടതുകൊണ്ടാണ്‌ നമ്മുടെയുള്ളില്‍ അനാവശ്യമായ മിഥ്യാബോധം വളര്‍ന്നു വന്നത്‌. വൈറ്റ്‌കോളര്‍ ജോലി മാത്രമാണ്‌ മഹത്തരമാര്‍ന്നത്‌ എന്നൊരു ബോധം നമ്മുടെ ഉള്ളില്‍ ഉറച്ചുപോയി. (എത്ര മുതലാളിത്തരാജ്യമാണെങ്കിലും അമേരിക്കയില്‍ നിലനില്‌ക്കുന്ന തൊഴിലഭിമാനം, തൊഴിലിന്റെ അടിസ്ഥാനത്തില്‍ വേറുകൃത്യമില്ലായ്മ - ഓര്‍ക്കേണ്ടതാണ്‌.) പരമ്പരാഗതമായ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെ അവരുടെ മക്കളെ ആ തൊഴില്‍ പരിശീലിപ്പിക്കുന്നതില്‍ എന്തോ അപാകത കണ്ടെത്തുകയും പിന്തിരിയുകയും ചെയ്‌തു. (എന്റെ ബാക്കി മക്കളെല്ലാം രക്ഷപെട്ടു - ഇവന്‍ മാത്രം ഇങ്ങനെയായിപ്പോയി. പരമ്പരാഗത തൊഴില്‍ ചെയ്യുന്ന പുത്രനെപ്പറ്റി അച്ഛന്റെ കമന്റ്‌! 'രക്ഷപെട്ട' സര്‍ക്കാര്‍ ഗുമസ്ഥപ്പണിക്കാരനെക്കാള്‍ ഈ പുത്രന്‍ സമ്പാദിക്കുന്നുണ്ടാകാം. എന്നിട്ടുമില്ല ഒരഭിമാനം!!) ഈ വൈറ്റ്‌കോളര്‍ മാന്യതയ്ക്ക്‌- സാധരണ തൊഴിലാളി പകരം വയ്ക്കുന്ന മാന്യതയായി 'ഗള്‍ഫ്‌' മാറിയിട്ടുണ്ട്‌. പലരും ഗള്‍ഫിലാണ്‌ എന്നല്ലാതെ അവര്‍ എന്തു തൊഴിലാണ്‌ അവിടെ ചെയ്യുന്നതെന്ന് സ്വന്തം വീട്ടുകാര്‍ക്കുപോലും അറിയാത്ത അവസ്ഥയുണ്ട്‌. നമ്മുടെ മിഥ്യാഭിമാനം കാരണം നമ്മളത്‌ പറയുന്നില്ല. നമ്മള്‍ നമ്മുടെ ജീവിതം ഒരുകള്ളത്തരത്തില്‍ അഘോഷിച്ചു തീര്‍ക്കുന്നു. അതാണ്‌ നമ്മളനുഭവിക്കുന്ന മറ്റൊരു ദുരിതത്തിനു കാരണം.
അതേസമയം മിഥ്യാബോധം മാത്രമല്ല, മിഥ്യാസ്വപനംകൂടിയാണ്‌ നമ്മെ ഇവിടേക്ക്‌ ആട്ടിത്തെളിച്ചത്‌ എന്ന് പലരും പറഞ്ഞു. അങ്ങനെയാണ്‌ സ്ഥിരമായ തൊഴിലും വരുമാനവും ഇല്ലാത്ത അവസ്ഥയില്‍ നിന്നും സ്ഥിരം തൊഴിലും വരുമാനവും ഉള്ള ഗള്‍ഫില്‍ നാം എത്തപ്പെടുന്നത്‌. പക്ഷേ എത്തിക്കഴിയുമ്പോഴാണ്‌ വന്നുചാടിയിരിക്കുന്ന ദുരന്തം ബോധ്യമാകുന്നത്‌ . തങ്ങള്‍ക്ക്‌ ഇന്നലെ വരെയില്ലാത്ത ഒരു ജീവിതസുഖം ഗള്‍ഫ്‌ തരുമെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും കടലാണ്‌ തങ്ങളെ കാത്തിരുന്നത്‌. അങ്ങനെ കടങ്ങളുടെ മേല്‍ കടങ്ങളും സ്വപ്നങ്ങളുടെ മേല്‍ സ്വപ്നങ്ങളുമായി നാമിവിടെ അടിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടു പോകുന്നു.
കഠിനമായ തൊഴില്‍. വിനോദത്തിനും വിശ്രമത്തിനും സമയമില്ലാതിരിക്കല്‍, താമസസ്ഥലത്തെ അപര്യാപ്‌തതകള്‍, തുറന്ന വാ‍ഹനങ്ങളിലെ മൃഗസമാനമായ യാത്രകള്‍, മാനസിക സംഘര്‍ഷങ്ങള്‍ ... തികച്ചും രോഗഗ്രസ്‌തമായ ഒരു സമൂഹത്തെയാണ്‌ ഗള്‍ഫ്‌ ഇന്നു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. അതേ സമയം നാട്ടിലുള്ള ഗള്‍ഫ്‌ മലയാളിയുടെ കുടുംബവും അതേ മാനസിക പിരിമുറുക്കത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്‌. 'ഗള്‍ഫ്‌ സിണ്ട്രോം' എന്ന പേരില്‍ മാനസിക രോഗം തന്നെ കേരളത്തിന്‌ ഗള്‍ഫ്‌ സമ്മാനിച്ചിരിക്കുന്നു. അതിനു കാരണമാകുന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ സെക്‌സിന്റെ അഭാവത്തെക്കുറിച്ച്‌, അക്കാര്യത്തില്‍ ഗള്‍ഫ്‌ മലയാളിയും അവന്റെ കുടുംബവും നേരിടുന്ന പ്രശ്ങ്ങളെക്കുറിച്ച്‌ മനസ്സു തുറന്ന് ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും ഒരു വേദിയില്ലെന്ന് പങ്കെടുത്തവരില്‍ പലരും തുറന്നു പറഞ്ഞു. (സോണാപ്പൂരിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഒരു തൊഴിലാളിയ്ക്ക്‌ ഒന്ന് സ്വയംഭോഗം ചെയ്യുവാന്‍ ഒരു ദിവസത്തെ അവധി വേണ്ടി വരുന്നു എന്ന അടൂര്‍ സുരേഷിന്റെ കവിതാവാചകത്തിന്റെ തീക്ഷ്‌ണത എത്രപേര്‍ക്ക്‌ മനസ്സിലായി..?!!) ഗള്‍ഫില്‍ ഇതൊക്കെയാണ്‌ സ്ഥിതിയെങ്കില്‍ നാട്ടിലെ അനുഭവവും വ്യത്യസ്‌തമല്ല എന്നു വന്നിരിക്കുന്നു. നിരന്തരമായ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഒരോന്നായി ഭരണകൂടങ്ങളും തൊഴില്‍സ്ഥാപനങ്ങളും കോടതികളും ചേര്‍ന്ന് കവര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. നമ്മുടെ നാട്ടിലെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്‌തുകൊണ്ടിരിക്കുന്നു. തൊഴിലാളി വിരുദ്ധമായ കോടതിവിധികള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. താഴ്‌ന്ന തട്ടിലുള്ള തൊഴിലാളികള്‍ മാത്രമല്ല, ഉന്നതമായ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും തൊഴിലവകാശങ്ങള്‍ അത്രയും കവര്‍ന്നെടുത്തതായി നമുക്ക്‌ കാണാന്‍ കഴിയും. ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുവാന്‍ അവര്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. ജീവിതത്തിന്‌ അനുപേക്ഷണനീയമായ വിനോദവും വിശ്രമവും അവര്‍ മറന്നു പോകുന്നു. ഇതിനിടയിലാണ്‌ തൊഴിലാളികളെ പല തട്ടുകളിലാക്കി ഭിന്നിപ്പിച്ചു നിറുത്താനുള്ള ശ്രമം. സാധാരണക്കാരുടെ സമരത്തിന്‌ എന്‍.ജി.ഒ മാര്‍ എതിരാവുന്നതും അവരുടെ സമരത്തിനെതിരെ ജനങ്ങള്‍ സംഘടിക്കുന്നതും ഇക്കാരണം കൊണ്ടുകൂടിയാണ്‌. അതേ സമയം ജനോപകാരപ്രദമായി തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടതിന്റെ കാരണംകൂടിയാണ്‌ ഇത്തരം സമരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ എന്ന് വിലയിരുത്തപ്പെട്ടു. തങ്ങളുടെ തൊഴില്‍ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരാകുക, അത്‌ നേടിയെടുക്കാന്‍ തക്കവണ്ണം കാര്യപ്രാപ്‌തിയുള്ളവരാകുക, സ്വന്തം നാട്ടിലെ തൊഴിലവസരങ്ങളെക്കുറിച്ച്‌ ബോധവാന്മാരായി അതു ചെയ്യാന്‍ തക്കവണ്ണം മിഥ്യാബോധങ്ങള്‍ അഴിച്ചു കളയുക ഇതിലൊക്കെ ഉപരി തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളെപ്പറ്റി ബോധമുള്ളവരാകുക എന്നിവയൊക്കെയാണ്‌ പങ്കെടുത്തവര്‍ മുന്നോട്ടുവച്ച ചില നിര്‍ദ്ദേശങ്ങള്‍. ഇങ്ങനെയേ ഈ അടിമത്തത്തില്‍ നിന്നും നമുക്ക്‌ പതിയെയെങ്കിലും മോചനം പ്രാപിക്കാന്‍ കഴിയൂ. അതുവരെ ഈ സങ്കടങ്ങള്‍ നാം ഒന്നു ചേര്‍ന്നു നിന്ന് പങ്കുവയ്ക്കുക. അതിനപ്പുറം മെയ്‌ദിനത്തിന്റെ പ്രസക്‌തി അപ്രസക്‌തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും.. ?!

4 comments:

പ്രേരണ - ബഹ്‌റൈന്‍ said...

മെയ്‌ ദിനത്തോടനുബന്ധിച്ച്‌ സാധാരണ കണ്ടുവരാറുള്ളതില്‍ നിന്നും വ്യത്യസ്‌തമായ ഒരു പരിപാടിയായിരുന്നു ബഹ്‌റൈന്‍ പ്രേരണ സംഘടിപ്പിച്ചത്‌. തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട്‌ നേരിടേണ്ടിവരുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു ആ പരിപാടി. മെയ്‌ദിന പ്രസംഗം, മെയ്‌ദിന ചരിത്രം, മെയ്‌ദിന പ്രതിജ്ഞ എന്നിങ്ങനെ കാലങ്ങളായി ആവര്‍ത്തിക്കുന്ന ചടങ്ങുപരിപാടികളില്‍ നിന്നും ഏറെ വ്യത്യസ്‌തമായിരുന്നു തൊഴിലാളികളുടെ ജീവിതം അവരില്‍ നിന്ന് നേരിട്ട്‌ കേള്‍ക്കുക എന്ന അനുഭവം.

K.V Manikantan said...

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു മെയ്ദിനത്തില്‍ ചെറിയ റിപ്പയറിംഗ്‌ പണിക്ക്‌ വന്ന ഷണ്മുഖന്‍ ചേട്ടന്റെ വാക്കുകള്‍ ടേപ്പില്‍ പകര്‍ത്തിയത്‌. ആ ലക്കം മൂന്നാമിടം ഇന്റര്‍നെറ്റ്‌ മാഗസിന്റെ എഡിറ്റോറിയല്‍ ആയിരുന്നു അത്‌. അവസാനഭാഗത്ത്‌ കളര്‍ ചെയ്തഭാഗം ശ്രദ്ധിക്കുക. വീക്ഷണങ്ങള്‍ ജീവിതത്തിന്റെ മൂശയില്‍ നിന്നാണ്‌ ഉരുത്തിരിയുന്നതെന്ന് മനസിലാകും.

മെയ്‌ ഒന്ന്‌, 2002
അബുദാബി

എനിക്ക്‌ പരിചയമുള്ളത്‌ മരപ്പണിയാണ്‌. മുഖപ്രസംഗമായതുകൊണ്ട്‌ ചെയ്തുകളയാമെന്ന്‌ കരുതി. മലയാളികള്‍ക്ക്‌ ഏറെ വശമുള്ള ഒരു കാര്യമാണിത്‌. പക്ഷേ പ്രസംഗിച്ചുനടക്കുന്നവര്‍ക്കില്ലാത്ത ഒന്നെനിക്കുണ്ട്‌. കൈത്തഴമ്പ്‌. എന്റെ മൂന്ന്‌ വിരലുകളുടെ അറ്റം ഒന്നിച്ച്‌ ഉളി ഛേദിച്ചുകളഞ്ഞത്‌ പണിപഠിക്കുന്ന കാലത്താണ്‌. ഏതൊരാളും സ്വന്തം കഥ ഇഷ്ടത്തോടെയും രസത്തോടെയും പറയും. കഥ എന്നൊക്കെ പറയുന്നത്‌ നിങ്ങളുടെ ഭാഷയാണ്‌. ജീവിതത്തെ കഥയെന്ന്‌ വിളിക്കുന്നതെന്തിനാണെന്ന്‌ അറിഞ്ഞുകൂടാ. പണിത്തിരക്കിനിടയില്‍ അത്തരം കാര്യങ്ങളൊന്നും ആലോചിക്കാന്‍ സമയം കിട്ടിയിട്ടില്ല. മുത്തച്ഛന്‍ കൊത്തുപണിക്കാരനും പാവ പണിക്കാരനും പ്രസിദ്ധനുമായിരുന്നു. ഏതാണ്ടെല്ലാ ആശാരിമാരും ഇത്തരം വലിപ്പം പറയും. ഞാനും കുറച്ച്‌ അലങ്കാരപ്പണികള്‍ ചെയ്തിരുന്നു. 15,000 രൂപ വരെ പണിക്കൂലി വരുന്ന കതകൊക്കെ കൊത്തിയിട്ടുണ്ട്‌. പിന്നെ ഇടക്ക്‌ പടം വരക്കുമായിരുന്നു. അങ്ങനെ കലയുമായി ഒരടുപ്പമുണ്ടെന്ന്‌ പറയാം. പക്ഷേ തൊഴിലാളിക്ക്‌ അയാളുടെ ജീവിതത്തെക്കുറിച്ച്‌ പറയാന്‍ കലയുടെ ഒന്നും കെയറോഫ്‌ അവശ്യമില്ല.

പതിനെട്ട്‌ വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു. പന്ത്രണ്ട്‌ വര്‍ഷം ഒമാനിലെ സലാലയിലായിരുന്നു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍. അവിടെ കാലവസ്ഥാ വ്യത്യാസമില്ല. കേരളത്തിന്‌ പുറത്താണെന്ന്‌ അങ്ങനെ അറിയുകയില്ല. അബുദാബിയില്‍ വന്നിട്ട്‌ ആറു വര്‍ഷമായി. കൈരളി ഫര്‍ണിച്ചറിലാണ്‌ ജോലി. ആളുകള്‍ ഉപയോഗിച്ചത്‌, സെക്കന്റ്‌ ഹാന്റ്‌ ഫര്‍ണിച്ചറുകള്‍ ഞങ്ങള്‍ വിലക്കുവാങ്ങും. കേടുപാടുകള്‍ മാറ്റി, ചിന്തേരിട്ട്‌, വാര്‍ണിഷ്‌ തേച്ച്‌ പുത്തനാക്കി വില്‍ക്കാന്‍ വയ്ക്കുന്നു. കട്ടിലും അലമാരയും ടി. വി സ്റ്റാന്റും മുതല്‍ ഷൂ റാക്കു വരെ ഇങ്ങനെ പുതുക്കി എടുക്കുന്നു. കേടുപാടുകള്‍ മാറ്റലാണ്‌ പ്രധാന ജോലി. മരത്തിന്‌ ജീവിതത്തിന്റെ അത്രയും കടുപ്പമില്ല. കൈരളി എന്നത്‌ കച്ചവടത്തിന്‌ പറ്റിയ പേരാണ്‌. ആവശ്യക്കാര്‍ കൂടുതലാണ്‌. ഞങ്ങളുടെ മുതലാളിക്കിപ്പോള്‍ ത്രിശ്ശൂരില്‍ സ്വര്‍ണ്ണക്കടയൊക്കെ ഉണ്ട്‌.രാവിലെ 9 മണി മുതല്‍ ഒരു മണി വരെയും വൈകീട്ട്‌ 4 മുതല്‍ 10 വരെയുമാണ്‌ ജോലി സമയം. എവിടെയെങ്കിലും ഫര്‍ണിച്ചര്‍ ഫിറ്റ്‌ ചെയ്യാന്‍ പോയാല്‍ പതിനൊന്നോ പന്ത്രണ്ടോ ആകും. അങ്ങനെ ജോലി പന്ത്രണ്ട്‌ മണിക്കൂറിലേക്ക്‌ നീളും. ഫര്‍ണിച്ചര്‍ വാങ്ങിയവര്‍ ഫിറ്റ്‌ ചെയ്തുകഴിയുമ്പോള്‍ എന്തെങ്കിലും തന്നാല്‍ വാങ്ങും. ഇല്ലെങ്കില്‍ ഇല്ല. അധികജോലിക്കങ്ങനെ പ്രത്യേക കണക്കൊന്നുമില്ല.

ശമ്പളം 1350 ദിര്‍ഹമാണ്‌. വച്ചുണ്ടാക്കികഴിക്കാനൊന്നും നേരം കിട്ടില്ല. ഹോട്ടല്‍ ചാപ്പാടാണ്‌. വട്ടച്ചെലവ്‌ ഉള്‍പ്പെടെ 350 ദിര്‍ഹമാകും ഓരോ മാസവും. മുറി വാടക 250 ദിര്‍ഹം. വീട്ടിലേക്ക്‌ എല്ലാമാസവും 5000 രൂപ വീതമയക്കും. ഭാര്യയും രണ്ട്‌ ആണ്‍മക്കളുമാണ്‌. ഒരാള്‍ കമ്പ്യൂട്ടര്‍ കോഴ്സിനും രണ്ടാമന്‍ പത്തിലും പഠിക്കുന്നു. ശരാശരി 300 ദിര്‍ഹം മിച്ചം കിട്ടും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകണം. ടിക്കറ്റ്‌ കമ്പനി തരില്ല. വിമാനക്കൂലിയും ലൊട്ട്‌ ലൊടുക്ക്‌ സാധനങ്ങളും ചേര്‍ത്ത്‌ 4000 ദിര്‍ഹമാവും കുറഞ്ഞത്‌. ഇങ്ങനെ മിച്ചം വയ്ക്കുന്നത്‌ തികയാതെ കൂട്ടുകാരില്‍ നിന്ന്‌ കടം വാങ്ങും. എന്തെങ്കിലും അസുഖം വന്നാല്‍, നാട്ടില്‍ പ്രത്യേക വിശേഷങ്ങള്‍ ഉണ്ടായാല്‍ മിച്ചം വയ്ക്കുന്ന കാശ്‌ അങ്ങനെതന്നെ പോയിക്കിട്ടും. ഭൂരിപക്ഷം ഗള്‍ഫുകാരുടേയും സാമ്പത്തികം ഇങ്ങനെ തന്നെ. 300 ദിര്‍ഹം ശമ്പളവും 150 ഓവര്‍ടൈം കാശുമായി 450 ദിര്‍ഹത്തിന്‌ പണിയെടുക്കുന്ന സുഹൃത്തുക്കളുണ്ട്‌. അവരെ ഓര്‍ക്കുമ്പോള്‍ എന്റെ കാര്യം മെച്ചമാണ്‌.

ആദ്യകാലത്ത്‌ നാട്ടില്‍ പണിക്ക്‌ പോയിരുന്നത്‌ കുഞ്ചുമേശിരി എന്നൊരാളുടെ ഒപ്പമാണ്‌. ഒരോ വീടുകളില്‍ പണിക്ക്‌ ചെല്ലുമ്പോള്‍, ഒത്തിരിനാളായി ഇയാള്‍ കുഞ്ചുമേശിരിയുടെ കൂടെ ഉണ്ടല്ലോ എന്താ മരുമോനാക്കുന്നോ എന്നൊക്കെ ആളുകള്‍ ചോദിക്കും. അതുകേട്ടാണ്‌ എനിക്കും ഒരാശ തോന്നിയത്‌. വീട്ടുകാര്‍ എതിര്‍ത്തു. കല്യാണം കഴിഞ്ഞപ്പോള്‍ കുടുംബത്ത്‌ കേറരുതെന്ന്‌ പറഞ്ഞു. അങ്ങനെ വാടകവീട്ടിലായി...... ഇപ്പോള്‍ സ്വന്തമായി കുറച്ച്‌ വസ്തു വാങ്ങിയതില്‍ ചെറിയൊരു വീടുണ്ട്‌, അതിലാണ്‌ താമസം. അതൊന്നു മാറ്റി പണിയണം. സലാലയില്‍ അഞ്ചുകൊല്ലം നാട്ടില്‍ പോകാതെ ഒരേ നില്‍പു നിന്നിട്ടാണ്‌ അന്നത്രയുമൊക്കെ കഴിഞ്ഞത്‌.ആറു സഹോദരിമാരുണ്ട്‌. ഗള്‍ഫില്‍ വരുമ്പോള്‍ ഒരാളുടെ വിവാഹമേ നടന്നിരുന്നുള്ളൂ. പിന്നീട്‌ നാലു പേരുടെ കല്യാണക്കാര്യത്തില്‍ നന്നായി സഹായിച്ചു. അനിയന്‍ ഒരാളുണ്ട്‌. ഗള്‍ഫില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നിട്‌ ആഫ്രിക്കയില്‍ പോയി. രക്ഷപിടിക്കാതെ മടങ്ങി. എനിക്ക്‌ അമ്പത്തൊന്ന്‌ വയസ്സുണ്ട്‌, കണ്ടാല്‍ തോന്നില്ലെങ്കിലും.

പ്രാരാബ്ധങ്ങളുടെ ഇത്തരം കഥകള്‍ പഴയ തലമുറയിലെ എല്ലാ ഗള്‍ഫുകാരും പറയുന്നതാണ്‌. സത്യമായത്‌ പറയാതിരിക്കാന്‍ പറ്റുമോ? കുട്ടികള്‍ ഇപ്പോള്‍ ഒന്നും രണ്ടുമൊക്കെ ആയതുകൊണ്ട്‌ പുതിയ ഗള്‍ഫുകാര്‍ക്കും ഇനി വരുന്നവര്‍ക്കും ഈ കഥകള്‍ ആവര്‍ത്തിക്കേണ്ടിവരില്ല. ഇനി വരുന്നവര്‍ എന്ന്‌ കേട്ട്‌ ചിരിക്കണ്ട. ഗള്‍ഫ്‌ പ്രതിസന്ധി പ്രതിസന്ധി എന്ന്‌ പത്രങ്ങള്‍ ദിവസവും ഉമ്മാക്കി കാണിക്കുന്നുണ്ട്‌. കള്ളക്കടത്തായി പണ്ട്‌ ഗള്‍ഫില്‍ വന്ന്‌ നിറയെ കാശുണ്ടാക്കിയ കിളവന്മാര്‍ ആ വാതിലടഞ്ഞു ഈ വാതിലടഞ്ഞു എന്ന്‌ ഉപന്യാസങ്ങളെഴുതുന്നുണ്ട്‌. ഞങ്ങള്‍ വാതിലുകള്‍ പണിയുന്നത്‌ അടക്കാന്‍ വേണ്ടി മാത്രമല്ല. തുറക്കാനും കൂടിയാണ്‌. സ്വന്തമായി ഒരു തൊഴിലറിയുന്നവന്‍ ഇതൊന്നും കൂസുകയില്ല. എന്റെ മക്കള്‍ക്ക്‌ ഭൂമിയിലൊരിടത്തും വേല കിട്ടുകയില്ലെന്ന്‌ പറഞ്ഞ്‌ നടക്കാന്‍ തക്ക കിറുക്കൊന്നും എനിക്കില്ല. ഒരു ആശാരിയുടെ അത്ര പോലും കണക്കുകൂട്ടാനുള്ള കഴിവോ പ്രവര്‍ത്തിക്കുന്ന മനസോ ഇല്ലാത്തവരാണ്‌ ഗള്‍ഫുകാരുടെ ജാതകം എഴുതുന്നത്‌. പ്രതീക്ഷ കൊടുത്തില്ലെങ്കിലും ആളുകള്‍ക്ക്‌ നിരാശ കൊടുക്കരുത്‌. അതാണ്‌ എന്റെ മെയ്ദിന സന്ദേശം. വിശ്വകര്‍മ്മാവ്‌ എന്നുപറഞ്ഞാല്‍ അറിയാമല്ലോ, ലോകത്തെ സൃഷ്ടിച്ചവനെന്നാണ്‌.....എനിക്ക്‌ കൈരളി ഫര്‍ണിച്ചറിലേക്ക്‌ പോകാന്‍ നേരമായി, ടേപ്പ്‌ കറങ്ങുന്നുണ്ടല്ലോ അല്ലേ, ഇനി പിന്നെക്കാണാം.നമസ്കാരം.

എസ്‌. ഷണ്‍മുഖന്‍
കാര്‍പ്പെന്റര്
‍കൈരളി ഫര്‍ണിച്ചര്‍
അബുദാബി

chithrakaran ചിത്രകാരന്‍ said...

തിയ്യില്‍ കുരുത്ത അനുഭവങ്ങള്‍ക്കുമുന്നില്‍ ചിത്രകാരന്‍ ശിരസു നമിക്കുന്നു. ഗള്‍ഫിലെ ജോലി എന്താണെന്നു തുറന്നു പറഞ്ഞ്‌ അഭിമാനിക്കാന്‍ ഗള്‍ഫ്‌ മലയാളിക്ക്‌ കഴിയട്ടെ എന്ന് ആശംശിക്കുന്നു.
കേരളത്തില്‍ തൊഴിലിന്‌ അന്തസ്സില്ലാതാക്കിയത്‌ ജാതിവ്യവസ്ഥയാണ്‌. ജാതി ഇപ്പോള്‍ പൊങ്ങച്ചത്തിന്റെ ഭാഗമായി ശക്തമായി വരുന്നതിനാല്‍ ഒരു തിന്മയെ ചെറുത്തുതോല്‍പ്പിക്കുന്ന അന്തസ്സില്‍തന്നെ തൊഴിലിന്റെ അന്തസ്സിനെ ഉയര്‍ത്തികൊണ്ടുവരേണ്ടിയിരിക്കുന്നു.
തൊഴില്‍ അറിയുന്നവന്‌ ഒന്നിനേയും ഭയക്കേണ്ടതായിട്ടില്ല.

ബെന്യാമിന്‍ said...

ചിത്രകാരന്റെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു. തൊഴിലിനോട് നമുക്കൊരു വിവേചനം തോന്നാന്‍ പ്രധാനകാര്യം ജാതി വ്യവസ്ഥ തന്നെയാണ്. താഴ്ന്ന ജാതിക്കാര്‍ ചെയ്‌തിരുന്ന ജോലി ചെയ്‌താല്‍ താനും ആ ജാതിക്കാരനാണോ എന്ന് സമൂഹം ചിന്തിക്കുമോ എന്ന പേടി. രണ്ടുപേടിയും നാം ഉപേക്ഷിക്കാതെ കേരളം രക്ഷപെടില്ല, ജാതിപ്പേടിയും ജോലിപ്പേടിയും.