Friday, August 3, 2007

രണ്ടു കവിതകള്‍

1. നാളികേരത്തിന്റെ നാട്ടില്‍
രചന: അനില്‍കുമാര്‍ എസ്‌.

വിരല്‍ തുമ്പില്‍ നിന്ന്
ഒഴുക്കിലേക്ക്‌ വഴുതിപ്പോയതെന്ത്‌?
വെളുപ്പിനുകണ്ട കിനാവില്‍
കോഴിക്കു മുല വന്നു.
അട്ടയ്ക്കു കൊമ്പുമുളച്ചു
കാക്ക മലര്‍ന്നു പറന്നു
ചങ്ങലയ്ക്ക്‌ ഭ്രന്തു പിടിച്ചു.
എന്റെ രാജ്യം വന്നില്ല
അവന്റെ രാജ്യം വരികയും ചെയ്തു.
മഴത്തുള്ളികളും ആരോ വിലയ്ക്കു വാങ്ങി
ഉറവകളോ?
കുപ്പിയില്‍ ഭദ്രം പതഞ്ഞു.
ആഹ്ലാദം പൊട്ടിത്തെറിച്ചു.
മരിച്ച കുട്ടികള്‍........
മണ്ണിരയുടെ പാട്ട്‌ കേട്ട്‌
മണ്ണിന്റെ മണമറിഞ്ഞ്‌
മയങ്ങുന്നുണ്ടാവണം
ഓര്‍ക്കുക...
കുട്ടികള്‍ക്കാണ്‌ ഭൂമിയുടെ ഗന്ധമറിയുക


2. കവിയും കവിതയും
രചന: സുധി പുത്തന്‍വേലിക്കര

ഈണം പിണങ്ങുന്നു താളം പിഴയ്ക്കുന്നു
പാടട്ടെ ഞാനെന്റെ കവിത
അമ്മതന്‍ മാറില്‍ ചുരത്താത്ത അമൃതിന്റെ
മധുരം നുണയുന്ന..
കരളിലെ മോഹങ്ങള്‍ കനവിന്റെ തന്ത്രിയില്‍
പാഴ്½ശ്രുതി മീട്ടുന്ന...
മിഴിനീരു കൊണ്ടെന്‍ മനസ്സില്‍ കുറിച്ചിട്ട
നോവിന്റെ നനവൂറും കവിത!
ഇരവിന്റെയവസാന യാമത്തിലുയിരാര്‍ന്ന
ഇരുളിന്റെ നിറമോലും..
വിഗതമാമേതോ വിഷാദതീരങ്ങളില്‍
വിരഹമുണര്‍ത്തുന്ന
വ്യര്‍ത്ഥമാം ജീവന്റെയുഷ്ണപ്രവാഹത്തി-
ലര്‍ത്ഥങ്ങള്‍ തേടുന്ന കവിത!
ജനമൃതി ജന്മാന്തരങ്ങളില്‍ ശാശ്വത
സത്യം തിരയുന്ന
ആത്മാവിലെരിയുന്ന ചുടുലയിലഗ്നിയാ-
യാളിയടങ്ങുന്ന
അഴലിന്റെയാഴിയിലലയുന്ന ചിന്ത-
കളലയായലറുന്ന
അകലെയണയാത്ത പകലിന്റെയുലകളി-
ലുരുകിയുറയുന്ന കവിത!
ഇവിടെയുറങ്ങാത്ത ഇടയന്റെ വേണുവി-
ലിനിയുമുണരാത്ത കവിത!
ഈണം പിണങ്ങുന്നു താളം പിഴയ്ക്കുന്നു
എങ്കിലും പാടട്ടെ ഞാനൊരു കവിത
ആരും ഇതുവരെ പാടാത്ത കവിത!!

3 comments:

ബാജി ഓടംവേലി said...

രണ്ടും നന്നായിരിക്കുന്നു

ബാജി ഓടംവേലി said...

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക

രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308

kadathanadan:കടത്തനാടൻ said...

noore chuvppan abivadhyanngal