Tuesday, August 14, 2007

കാണുക ഒരു സമാധാന ശില്‍പം


പ്രകൃതിയുടെയും മനുഷ്യന്റെയും ആകുലത ചിത്രീകരിക്കുന്ന ഒരു ശില്‌പം

പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാത്ത ജൈവബന്ധത്തെ ചരിത്രവീക്ഷണത്തോടെ സമീപിക്കാനും അത്‌ വര്‍ത്തമാന ജീവിതാവസ്ഥകളുമായി ബന്ധപ്പെടുത്താനും കഴിയുന്ന ശേഷിയുള്ള കലാകാരന്മാര്‍ ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തിലാണ്‌ കോഴിക്കോട്‌ നടുവത്തൂര്‍ സ്വദേശിയായ ഷൈജുവിന്റെയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ അനീഷിന്റെയും കലപരമായ കഴിവിന്റെ വ്യാപ്‌തി ബോധ്യപ്പെടുന്നത്‌.
ബഹ്‌റൈന്‍ പ്രേരണ സംഘടിപ്പിച്ച ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഈ രണ്ട്‌ സര്‍ഗ്ഗപ്രതിഭകള്‍ ചേര്‍ന്ന് രൂപം കൊടുത്ത 'സമാധാന ശില്‌പം' കലയുടെ കരുത്തും സൗന്ദര്യവും ഒത്തുകേര്‍ന്നൊരു മഹാനുഭവമായിരുന്നു.
ചിത്രകല പ്രധാന മാധ്യമമായി സ്വീകരിച്ചിട്ടുള്ള ഈ യുവ കലാകാരന്മാരില്‍ അനീഷ്‌ അന്‍പതോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്‌. ഷൈജുവാകട്ടെ അക്കര്‍ലിക്കും വാട്ടര്‍ കളറും ഉപയോഗിച്ച്‌ നൂറിലേറെ ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്‌. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഇവര്‍ ഒഴിവുവേളകളില്‍ യാദൃശ്ചികമായിട്ടാണ്‌ ശില്‌പരചനയിലേക്ക്‌ പ്രവേശിക്കുന്നതെങ്കിലും ഈ രംഗത്ത്‌ പ്രതിഭ തെളിയിക്കുന്ന വിധമാണ്‌ ഇവരുടെ ശില്‌പനിര്‍മ്മിതി!!

ഒരു ശില്പാ‍സ്വാദനം
ഇബ്രാഹിം. എം.
ചരിത്രത്തില്‍ സംഭവിച്ച സമാനതകളില്ലാത്ത ഒരു കൊടുംക്രൂരതയുടെ വിസ്ഫോടനം പ്രകൃതിയിലും മനുഷ്യാവസ്ഥയിലും സൃഷ്ടിച്ച ആഘാതങ്ങളെയും അന്ത:ക്ഷോഭങ്ങളെയും ബിംബീകരിക്കുന്ന ദൃശ്യചാരുത ശില്‌പത്തിന്റെ ആദ്യകാഴ്ചയില്‍ തന്നെ കാഴ്ചക്കാരനിലേക്ക്‌ സംപ്രേക്ഷിക്കുന്നു. അപാരമായ വ്യാകുലതകളും ദൈന്യതയും ഘനീഭവിച്ച ഒരു മുഖം. അര്‍ദ്ധമൃതമായ കണ്ണുകളിലൂടെ അത്‌ ലോകത്തെ, ജീവിതത്തെ തന്നെ നോക്കുകയാണ്‌. അപമാനിതന്റെ പീഢിതന്റെ നോട്ടംപോലെ നേര്‍ക്കുനേര്‍ മുഖാമുഖമാകുവാന്‍ കഴിയാതെ ഭൂമിയിലേക്ക്‌ ചാഞ്ഞുവീഴുന്ന നോട്ടമാണിത്‌. ആന്തരികമായ വിലാപത്തില്‍ പ്രാണന്റെ പിടച്ചിലില്‍ തുറന്നുപോയ വായ, ശൂന്യതയിലേക്ക്‌ അഭിമുഖം നില്‌ക്കുന്ന ഗുഹാകവാടം പോലെ അനിശ്ചിതത്വത്തിലേക്ക്‌ തുറക്കുന്നു. മുമ്പിലുള്ള ജീവിതത്തിന്റെ ശൂന്യതയെ ദ്യോതിപ്പിക്കും പോലെ തായ്‌ത്തടിയില്‍ നിന്നും ജീവന്റെ തുടിപ്പുകള്‍ കരിഞ്ഞുപോയ രണ്ടു ശാഖികള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു നില്‌ക്കുന്നത്‌ അശരണന്റെ ആത്മവിലാപത്തെ ദൃശ്യവത്‌കരിക്കുന്നുണ്ട്‌.
തായ്‌തടിയിലും മൃതശാഖിയിലും പൊട്ടുന്ന തളിരിലകളുടെ പൊടിപ്പ്‌ പ്രത്യാശാഭരിതമായ ജീവിതത്തിന്റെ പുതിയ സ്വപ്‌നങ്ങളെ താലോലിക്കുകയാണ്‌. യുദ്ധത്തിന്റെ ആസുരത പ്രകൃതിയിലും മനുഷ്യനിലും സൃഷ്ടിക്കുന്ന ആഘാതത്തെയും പ്രതിസന്ധികളെയും ഭാവസാന്ദ്രതയോടെ ബിംബീകരിക്കുന്നതിലും പ്രകൃതിയും മനുഷ്യനുമെല്ലാം ഉരുകി ഒന്നായിത്തീരുന്ന ഒരവസ്ഥയെ ചിത്രീകരിക്കുന്നതിലും ഈ ശില്‌പം വിജയിച്ചിരിക്കുന്നു.

No comments: