Wednesday, July 9, 2008

പുറത്താട്ട് - പൂജ്യം - രണ്ടു കവിതകള്‍

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു കവിതകള്‍:

പുറത്താട്ട്
എം.കെ. നംമ്പ്യാര്‍


മന്ദത്തെക്കണ്യാര്‍ ‌കൊടിയേറി
ഏഴുവര്‍ണ്ണങ്ങളില്‍ എഴുന്നൂറുകൂറകള്‍
കൊടിമരച്ചില്ലയില്‍ ‌ചാര്‍‌ത്തി
കിഴക്കു പടിഞ്ഞാറു ദിക്കു നോക്കി
കണ്യറോരല്‍‌പ്പം ചരിഞ്ഞു നിന്നാല്‍,
വന്നിടും വ്യാധികളെന്നുമെല്ലാം,
വര്‍ണ്ണിച്ചു ചൊല്ലുന്നു ദേശമെല്ലാം.
നിയതമായ് നീചര്‍‌ക്കു ദോഷമുണ്ടേ...
നിന്നുപോയാല്‍‌ മന്ദതട്ടകത്തില്‍.
ആ ശരവംശത്തിന്‍ ‌ചേഷ്‌ടകളെ,
നാശം വരുത്തിയ മന്ദമാണേ
വംശം നശിക്കരുതെന്നു ചൊല്ലി,
ദേശങ്ങള്‍‌തീര്‍ത്തു പോയ് വേലകള്
മുത്തീടെ കുമ്മാട്ടിപ്പാട്ടുപാടി,
മന്ദത്തെ കന്നിക്കളി തുടങ്ങി.
ദേശത്തെ നായന്മാര്‍ ‌കൂട്ടമായി,
ദേവിയാം മുത്തിതന്‍‌ മന്ദമതില്‍,
വട്ടക്കളിക്കുള്ള പാട്ടുപാടി..
കൊട്ടിത്തിമര്‍‌ത്തു കളി തുടങ്ങി.
തട്ടകം തീണ്ടുവാനര്‍ഹരല്ല-
താഴ്‌ന്നവരെന്നു പറഞ്ഞ കൂട്ടര്‍,
തീര്‍‌ത്തുപോയ് മലയന്‍ ‌കുറവന്‍ ‌കളി.
മലമക്കളി നൂറു കവറക്കളി.
ചെണ്ടയിലുയരുന്ന താളമത്തില്‍,
ദേശത്തെ മങ്കമാര്‍‌ മെയ്‌കുലുക്കി
നായന്മാര്‍‌ പത്തുപേര്‍ ‌കച്ചകെട്ടി
വട്ടക്കളിക്കു തുടക്കമിട്ടു.
മലയഭഗവതി മലയില്‍ ‌നിന്നും,
മാരുതന്‍‌ വന്നു തഴുകിയപ്പോള്‍,
കണ്യാര്‍‌ കിലുങ്ങിക്കലങ്ങിയുള്ളില്‍
ഉള്ളുകൊണ്ടായിരം ഉരു ഉറഞ്ഞു.
മാറത്തടിച്ചു കരഞ്ഞു പാടി...
തട്ടകം തീണ്ടാത്ത താഴ്‌ന്ന കൂട്ടര്‍
മുക്‌തി ലഭിക്കുന്ന നേരം വരെ,
മുത്തിക്കു മുന്‍പില്‍ ‌കരഞ്ഞ കൂട്ടര്‍.
മണമുള്ള കൈതതന്‍ ‌ഘ്രാണവുമായ്
മാരുതന്‍‌ മന്ദത്തു ആട്ടമാടി
പുതിയ കുളത്തില്‍‌കുളി കഴിഞ്ഞ്
പുറത്തു നിന്നാട്ടം തുടങ്ങി കൂട്ടര്‍.
മന്ദത്തെ മിത്തിക്കു മുമ്മാട്ടി...
കുമ്മാട്ടിമാരും കളിച്ചു പാടി.
മന്ദത്തെ മുത്തിടെ കരിവേല..
കരുവാരും കവറയും കൂടിയാടി.
ചാബ്ബല്‍‌ വേല മന്ദമുത്തിക്ക്...
ചെറുമരും പറയരും പാടിയാടി.
പിന്നെപ്പുറത്താട്ടു മേളയായി
മന്ദത്തെ മുത്തിക്കതിഷ്‌ടമായി.
അനതി വ്യാകുല ചിത്തരായി
ആട്ടങ്ങളായിരം ആടിടുന്നു..
നിലയെന്നിയേ പാട്ടു പാടിടുന്നു.


പൂജ്യം
എസ്. അനില്‍‌കുമാര്‍

വെള്ള പൂശിയ ശവ വണ്ടികള്‍
തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടേയിരുന്നു
ഏറുകൊണ്ട നായെപ്പോലെ
അവ നിര്‍‌ത്താതെ മോങ്ങുന്നുണ്ട്
കുഞ്ഞുങ്ങളെ ഒളിപ്പിക്കാന്‍
ചിറകില്ലാത്ത അമ്മമാര്‍‌ഹതാശരായി
ഓര്‍‌ക്കാപ്പുറത്തോ
ഓര്‍‌ത്തിരിക്കുമ്പോഴോ
ഒരു പച്ചോല പൊടുന്നനെ
നിലം പതിച്ചു
ഒറ്റക്കണ്ണുള്ള അമ്മൂമ്മ
മുകളിലേക്കു നോക്കി
‘നാരായണ‘ എന്നു ജപിച്ചുവോ ?
വെറും തോന്നലാണ്
അവര്‍ ‌നാരായണന്റെ പാലം കടന്ന്
പണ്ടേ പോയതാണല്ലൊ
പണ്ടൊക്കെ നല്ല മരണങ്ങളായിരുന്നു
എഴുതി വച്ച മരണ കാവ്യങ്ങളോടെ
എത്രയും കാല്പനികം
ഇന്ന് മരണ കണക്കുകളുടെ പത്രങ്ങള്‍
തീപിടിച്ചും കൊടുംകാറ്റില്‍ ‌കീറിപ്പറിഞ്ഞും
വിലയിടിയുന്നതെന്തിന്
പ്രാണനോ, നാണയത്തിനോ ?
കണക്കിനു പണ്ടേ പൂജ്യമാണെനിക്ക്.

2 comments:

ഞാന്‍ ഇരിങ്ങല്‍ said...

പുറത്താട്ട് എന്ന കവിത:

ബിംബകല്‍പ്പനകളാല്‍ അലംകൃതമാണ് ഈ കവിത. ഒരു കാലഘട്ടത്തിന്‍ റെ പൈതൃകത്തെ പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന ഈ കവിത വൃത്തത്തില്‍ ചൊല്ലാനായി തന്നെ എഴുതിയതില്‍ നന്നായിരിക്കുന്നു. പഴയതിനെ തിരിച്ചറിയാതിരിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്കും പ്രവാസത്തിന്‍ റെ വേലിയേറ്റത്തില്‍ മറന്നു പോയ നാടന്‍ ശീലുകള്‍ക്കും ഈ കവിത തികച്ചും പുതുമ നല്‍കുന്നു.
ഒരു വടക്കന്‍ പാട്ടിന്‍ റെ ഈരടി ഓര്‍മ്മവരുന്നു ഈ കവിത.
കണ്ണൂരുകാരനായ എനിക്ക് ‘കടവാങ്കോട്ട് മാക്കം’ എന്ന വടക്കന്‍ പാട്ടിന്‍ റെ ശീലുകള്‍ ഈ കവിത കേള്‍ക്കുമ്പോള്‍ വല്ലാതെ ഓര്‍മ്മവരുന്നു എന്നു പറയാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ.
എന്നിരുന്നാലും തൊടിയലും തീണ്ടലും ഇന്ന് പണക്കാരും പാവപ്പെട്ടവരും എന്ന തലത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് കവിയെ ഓര്‍മ്മപ്പെടുത്താനും ഈ അവസരം ഉപയോഗിക്കുന്നു.

അനില്‍കുമാറിന്‍ റെ കവിതയും മനോഹരമായി.
വാക്കുകളില്‍ മിതത്വവും ‘പച്ചയോല’ എന്ന പ്രാചീന ബിംബവും മരണത്തിന്‍ റെ മണവും ശീലും കവിതയെ മോടിപിടിപ്പിക്കുന്നു.
നാമെല്ലാം കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് ഈ കവിതയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

രണ്ട് കവികള്‍ക്കും അഭിനന്ദനങ്ങള്‍.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

പ്രേരണ - ബഹ്‌റൈന്‍ said...

നന്ദി ഇരിങ്ങല്‍. കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.