Saturday, July 12, 2008

വിതുമ്പുന്ന നാട് - മുല്ലപ്പൂവിനും കോങ്കണ്ണ്

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട മറ്റു രണ്ടു കവിതകള്‍:

വിതുമ്പുന്ന നാട്
സീനത്ത് (സുല്‍ഫി)


ഒരു പുലര്‍കാല സ്വപ്‌നം പോലെന്റെയീണം
മിടിക്കുന്നതിനു മെന്‍‌സ്വന്തരാജ്യം
അതിലൊരു ചന്ദനക്കുറിയായതുണ്ടല്ലോ
ചൊല്ലുന്നു ഞാനെന്റെ ജന്മനാട്.

അംബയാം നാടിന്നും കരയുന്നു നിത്യവും
പോരൊഴിയാത്തൊരീ മക്കളെയോര്‍‌ത്തവള്‍
മാറു പിളര്‍‌ന്നവള്‍ ‌ചോരയൊലിപ്പിച്ചവള്‍
വീണുപോയ് യുദ്ധക്കളത്തിലായി.

മക്കളെയൊത്തിരി പെറ്റൊരീയമ്മ
യവള്‍‌ക്കിന്നു തുള്ളി നീരേകുവാനാരുമില്ല
വിധിയെ പഴിച്ചവള്‍‌ജന്മം ശപിച്ചവ-
ളിരുളിന്‍‌ കരങ്ങളില്‍‌ ജീവന്‍ ‌തളയ്‌ക്കുന്നു.

നദികളെയൊക്കെയും പങ്കിട്ടെടുത്തു നീ
അമ്മയെപ്പിന്നെയും മൂകയാക്കി
മരങ്ങള്‍‌ തന്‍‌മാറെല്ലാം ചീന്തിയെടുത്തിട്ടു
മാനവനെന്നു നീ ഘോഷിച്ചിടുന്നു.

നൊമ്പര ഭാരത്താല്‍ ‌കേഴുമവളെയോ
ചങ്ങലയിട്ടു നീ പാട്ടിലാക്കി
ഗര്‍‌ത്തം മെനഞ്ഞു നീയുന്നം പിടിച്ചു നീ
യമ്മ തന്‍മാനം കവര്‍‌ന്നെടുത്തു.

അന്ധയെ പ്രാപിച്ച ദുഷ്‌ടയാം നിന്നെ ഞാ-
നേതു പേരില്‍ ‌വിളിച്ചിടേണം ?
ആ പാവം മാറില്‍ ‌നിന്നിറ്റിറ്റു വീണൊരീ
ചോരയും നക്കിക്കുടിച്ചു നീയേ....

കൈവഴി താവഴി യില്ലാതെയാക്കുവാ-
നമ്മതന്‍ ‌ഗര്‍‌ഭവും ചൂഴ്‌ന്നെടുത്തു
നിന്നുടെ ചോരയെ ചാപിള്ളയെന്നു നീ
നോക്കിപ്പറഞ്ഞിട്ടു മാറി നിന്നു.

ഭാഗ്യം പിഴച്ചൊരീ പാവമാം അമ്മയെ
പിന്നെയും നീയിന്നു ചകിതയാക്കിടുന്നു.
വാളുമെടുത്തു നീ ശൂലമെടുത്തു നീ
ബലിക്കല്ലിലമ്മയെ ചേര്‍‌ത്തിടുന്നു

എന്റെയീയമ്മയെ ചണ്ടിയായ് തീര്‍‌ത്തൊരീ
ചണ്ഢാല വേഷങ്ങളെത്ര നിങ്ങള്‍?
മണ്ണോടു മണ്ണായി ചേരും മനുഷ്യാ നീ
പോരെന്തിനായിന്നു കാട്ടുന്നതിത്രമേല്‍?

നാടു മറന്നു നീ വീടു മറന്നു നീ
യമ്മയാം നാടിന്റെ സത്യം മറന്നു നീ
ഉഗ്രപ്രതാപം മറയാക്കി നീയെന്റെ
നാടെന്ന നേരിനെ ചാമ്പലാക്കി

ഞാനും കൊതിക്കുന്നു നീയും കൊതിക്കുക
നമ്മുടെ നാടൊരു സ്വര്‍‌ഗ്ഗമാകാന്‍
ഇനിയൊരു ഗാന്ധി നമുക്കായ് പിറക്കുവാന്‍
നാളിനിയെത്ര നാം കാത്തിടേണം.


മുല്ലപ്പൂവിനും കോങ്കണ്ണ്
ബാജി ഓടംവേലി


എട്ടാം ക്ലാസ്സില്‍ ഒന്നാം വര്‍‌ഷം
പഠിക്കുന്ന മകള്‍മുല്ലപ്പൂവിന്
എന്തോ കുഴപ്പം
കണ്ണുകള്‍ ‌ക്കെന്തോ കുഴപ്പം

പുസ്‌തകത്തില്‍ ‌നോക്കുമ്പോള്‍
ഒരു സുന്ദരന്‍‌ ചെക്കന്‍
വേലിക്കല്‍‌ നിന്ന് ചിരിക്കുന്നത് കാണുന്നു
കൈ കാട്ടി വിളിക്കുന്നത് കാണുന്നു
പുസ്‌തകം അടച്ചാലും
കുതിരപ്പുറത്തു പോകുന്നതും
ഐസ്‌ക്രിം കഴിക്കുന്നതും കാണുന്നു

കറിക്ക് അരിയുമ്പോള്‍
സീരിയല്‍‌ കരയുന്നത് കാണുന്നു
അരികഴുകി അടുപ്പത്തിടുമ്പോള്‍
അടുത്ത വീട്ടില്‍‌ദാമ്പത്യം പുകയുന്നത് കാണുന്നു
കണ്ണുകളടച്ച് സ്‌ക്കൂളില്‍ ‌പോകുമ്പോഴും വരുമ്പോഴും
ആയിരം കണ്ണുകള്‍‌കൊത്തിപ്പറിക്കുന്നത് കാണുന്നു

ഡോക്‌ടറെ കാണിച്ചു
ഈ രോഗം ചികിത്‌സിക്കുന്നത് കുറ്റകരമാണ്
ഇതു പകര്‍‌ച്ച വ്യാധിയാണ്
നാട്ടില്‍‌ പകരുകയാണീ രോഗം

കേസ് പോലീസിലെത്തി
വലിയൊരന്വേഷണം
ചാനല്‍‌ ക്യാമറാമാനിലെത്തിനിന്നു
ഒരു കോങ്കണ്ണന്‍ ‌ക്യാമറാമാന്‍
കോങ്കണ്ണന്‍‌ ക്യാമറകള്‍ ‌പകര്‍‌ത്തിയത്
കണ്ടവര്‍‌ക്കാണ് രോഗം പടരുന്നത്

പ്രതിയുമായി പോലീസ്
അധികാരിക്കു മുന്‍‌പിലെത്തി
മുഖം തിരിഞ്ഞിരുന്ന് അധികാരി മൊഴിഞ്ഞു
കോങ്കണ്ണ് ഒരു രോഗമല്ല
സൌഭാഗ്യമാണ് , അനുഗ്രഹമാണ്
ഒരേ നോട്ടത്തില്‍ ഇരട്ടിക്കാഴ്‌ചകള്‍

കോങ്കണ്ണന്‍‌ ക്യാമറാമാന്
ബഹുമതികള്‍ ‌നല്‍‌കി പറഞ്ഞയച്ചു
അധികാരി വീണ്ടും കിഴക്കോട്ടു നോക്കി
പടിഞ്ഞാറു കണ്ട് ആസ്വദിച്ചിരുന്നു

No comments: