Saturday, April 28, 2007

അന്യാധീനപ്പെടുന്ന ഭൂമി

പാരിസ്ഥിതിക മാര്‍ക്സിസത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തപ്പോള്‍ ഞങ്ങള്‍ പറഞ്ഞു നിറുത്തിയ പ്രധാന കാര്യം. ഈ ഭൂമിയുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ലെന്നും ഇന്നത്തെ അവസ്ഥയില്‍ നിന്നും കൂടുതല്‍ മെച്ചെപ്പെടുത്തി ഈ ഭൂമി വരുംതലമുറയ്ക്ക്‌ കൈമാറാന്‍ നാം ബാദ്ധ്യസ്ഥരാണ്‌ എന്നുമാണ്‌. ഭൂമി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഇന്നു ലോകത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സംഘം ചേരലുകളുടേയും സമരങ്ങളുടേയും പുതിയ രാഷ്ട്രീയം നമുക്ക്‌ മനസ്സിലാവും. അതാകട്ടെ ഭരണവര്‍ഗ്ഗത്തെയാകെ, (മുതലളിത്ത ഭരണകൂടമായാലും "മാര്‍ക്സിസ്റ്റ്‌" എന്ന് പേരുവഹിക്കുന്ന ഭരണകൂടമായാലും) ഒരു ഐക്യത്തില്‍ എത്തിച്ചിരിക്കുന്നു. ഇന്ന് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അതുവഴി ഭരണത്തെയും നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന രണ്ടു കക്ഷികളാണ്‌ റിയല്‍ എസ്റ്റേറ്റു ലോബിയും മതസ്ഥാപനങ്ങളും. ഈ സ്വാര്‍ത്ഥമോഹികളുടെ പിടിയില്‍പ്പെട്ട്‌ ഇന്ന് യഥാര്‍ത്ഥത്തില്‍ വലയുന്നത്‌ കര്‍ഷരാണ്‌, പാവപ്പെട്ടവരാണ്‌. ഈ പശ്‌ചാത്തലത്തില്‍ അന്യാധീനപ്പെടുന്ന ഭൂമിയെക്കുറിച്ചുള്ള ഞങ്ങളുടെ ചര്‍ച്ച ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നു.
ഏതൊരു രാജ്യത്തിന്റേയും വ്യാവസായിക വളര്‍ച്ചക്ക്‌ അടിസ്ഥാനമാവുന്നത്‌ കാര്‍ഷിക മേഖലയിലെ പ്രാഥമിക ഉല്‍പാദന പ്രവര്‍ത്തനങ്ങളാണ്‌. എണ്‍പതു ശതമനത്തോളം വരുന്ന കര്‍ഷകരുടെ അദ്ധ്വാനശക്തി വ്യാവസായിക വികസനത്തിനായി സഞ്ചിതമാക്കപ്പെടും വിധം നടപ്പിലാക്കപ്പെടുന്നില്ല. അതുമൂലം അവര്‍ സാമൂഹ്യ ഉല്‍പ്പാദനമണ്ഡലത്തില്‍ ബഹിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യയുടെ ബഹുഭൂരിപക്ഷം വരുന്ന ഈ ജനസഞ്ചയം അവരുടെ താഴ്‌ന്ന ക്രയശേഷിനിമിത്തം പൊതുകമ്പോളത്തില്‍ കാര്യമായപങ്കൊന്നും വഹിക്കാന്‍ പറ്റാത്തവിധം പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ഒരു വ്യാവസായിക സമൂഹത്തിന്റെ നിലനില്‍പ്പിന്‌ അസംസ്കൃത വസ്തുക്കളുടെ ലഭ്യതപോലെ തന്നെ അനുപേക്ഷണീയമാണ്‌ ഉല്‍പ്പന്നങ്ങള്‍ ഉപഭോഗിക്കാന്‍ ക്രയശേഷിയുള്ള ഒരു കമ്പോളത്തിന്റെ നിലനില്‍പ്പ്‌. അതുകൊണ്ട്‌ തന്നെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷക ജനവിഭാഗത്തെ പട്ടിണിക്കാരും അര്‍ദ്ധപട്ടിണിക്കാരുമാക്കി നിലനിര്‍ത്തിന്ന ഭൂവുടമസ്ഥതാ ബന്ധങ്ങള്‍ നിലനില്‍ക്കുന്നകാലത്തോളം യാതൊരുവിധ സാമൂഹ്യ വികസനവും സാധ്യമാകാത്തവിധം സമ്പദ്‌ വ്യവസ്ഥ മുരടിച്ചുതന്നെ നില്‍ക്കും. അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദന ശക്തികളെ കെട്ടഴിച്ചുവിടുന്നതിനു വിഘാതമായിനില്‍ക്കുന്ന എല്ലാ ജീര്‍ണ്ണിച്ച ഭൂബന്ധങ്ങളേയും തകര്‍ക്കേണ്ടതാണ്‌. കൃഷിഭൂമിയുടെ കൈവശക്കാര്‍ മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ഥ കര്‍ഷകനാകുവിധം ഭൂബന്ധങ്ങളെ പുനര്‍ വ്യനിസിക്കേണ്ടത്‌ എല്ലാ വിധ വികസന പ്രവര്‍ത്തനങ്ങളുടേയും മുന്നുപാധിയാണ്‌.
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നും വളരെയേറെ വിഭിന്നമായ രീതിയിലാണ്‌ ഭാരതത്തില്‍ ഫ്യൂഡലിസത്തിന്റെ വളര്‍ച്ച സംഭവിക്കുന്നത്‌ എന്നാണ്‌ ചരിത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. പ്രാചീന കാലഘട്ടം മുതല്‍ മധ്യകാലഘട്ടം വരെ സ്വകാര്യ ഭൂവുടമസ്ഥത നിലവിലില്ലായിരുന്നു എന്നതാണ്‌ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ സവിശേഷത. ഭൂമിയാകെ സ്വയം പര്യാപ്ത ഗ്രാമീണ സമൂഹങ്ങളൂടെ പൊതുസ്വത്തായിരുന്നു. ഉത്‌പാദനവും വിതരണവും കൂട്ടായി നിര്‍വഹിക്കപ്പെട്ടിരുന്നു. പേരിനുമത്രം ഉടമാവകാശം ഉണ്ടായിരുന്ന ചക്രവര്‍ത്തിമാര്‍, വ്യക്തികള്‍ക്കല്ല മൊത്തം ഗ്രാമീണ സമൂഹത്തിനായിരുന്നു നികുതി ചുമത്തിയിരുന്നത്‌. 1793-ല്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നടപ്പിലാക്കിയ സ്ഥിരം സെറ്റില്‍മന്റ്‌ സമ്പ്രദായം ഭൂവുടമാബന്ധങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി. ഇത്‌ മദ്ധ്യവര്‍ത്തികളായ വ്യക്തികളൂടെ സ്വകാര്യ ഉടമസ്ഥത സൃഷ്ടിച്ചുകൊണ്ടായിരുന്നു. പുതുതായി സൃഷ്ടിക്കപ്പെട്ട ഈ ഭൂസ്വാമിമാര്‍ക്ക്‌ സുഖലോലുപ ജീവിത സാഹചര്യം ഒരുക്കി ബ്രിട്ടീഷുകാരോട്‌ വിധേയത്വവും കടപ്പാടും സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഈ പുത്തന്‍ ഭൂസ്വാമിമാര്‍ അടിച്ചേല്‍പ്പിച്ച അധിക നികുതിഭാരം മൂലം സ്വന്തം ഭൂമിയില്‍ അദ്ധ്വാനിച്ചു കഴിഞ്ഞിരുന്ന കൃഷിക്കാരന്‍ ഭൂമിയില്‍ ആരുമല്ലാതാവുകയും സ്വന്തം കൃഷിഭൂമി ഉപേക്ഷിച്ചുപോകേണ്ടിവരുകയും ഭൂമിയുമായി വിദൂര ബന്ധം മാത്രമുള്ള ജന്മി ഭൂമിയുടെ യഥാര്‍ഥ അവകാശിയാവുകയും ചെയ്തു. തല്‍ഫലമായി ഉല്‍പാദനം മുരടിക്കുകയും ദാരിദ്ര്യം സര്‍വസാധാരണമാവുകയുമുണ്ടായി. ഇതിനിടയില്‍ 1860-ല്‍ അമേരിക്കയിലെ ആഭ്യന്തരയുദ്ധം മൂലം ലങ്കാഷയറിലെ തുണിമില്ലുകളില്‍ അനുഭവപ്പെട്ട പഞ്ഞിക്ഷാമം മറികടക്കാനായി ബ്രിട്ടീഷ്‌ ഭരണകൂടം പശ്ചിമേഷ്യയിലാകെ വന്‍ തോതില്‍ പരുത്തികൃഷി ആരംഭിച്ചു. ഇതാണ്‌ ഇന്ത്യയില്‍ വാണിജ്യ വിളകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഇതോടൊപ്പം നീലം, ചണം തുടങ്ങിയ വാണിജ്യവിളകളുടെ ഉല്‍പ്പാദനം ആരംഭിക്കുകയും, കൃഷിയുടെ വാണിജ്യവല്‍ക്കരണത്തിന്‌ പ്രാമുഖ്യം നല്‍കുകയും ചെയ്തതോടെ, ഉപഭോഗത്തിനു പകരം വിപണിക്കുവേണ്ടിയുള്ള ഉല്‍പാദനം നിലവില്‍ വരുകയും ചെയ്തു. ഇത്‌ ഭക്ഷ്യോല്‍പാദനത്തെ മരവിപ്പിക്കുക മാത്രമല്ല കര്‍ഷകരുടേയും ചെറുകിട ഉല്‍പാദകരുടേയും സാമൂഹ്യാവസ്ഥ ഒന്നുകൂടി ശോചനീയമാക്കി. ബംഗാളിലെ നെയ്തുകാര്‍ സ്വന്തം പെരുവിരല്‍ മുറിച്ചു നടത്തിയ വിചിത്രമായ ഒരു സമരത്തെക്കുറിച്ച്‌ ആനന്ദ്‌ എഴുതുകയുണ്ടായി. ലങ്കാഷയറിലെ ടെക്സ്റ്റയില്‍ വ്യവസായം എങ്ങിനെയാണ്‌ ഭാരതത്തിന്റെ ഗ്രാമീണ കൈത്തറിമേഖലയെ തകര്‍ത്തുകളഞ്ഞത്‌ എന്നതിന്റെ ഗംഭീര നിരീക്ഷണമയിരുന്നു അത്‌.
ഭാരതത്തില്‍ ഫ്യൂഡല്‍ ഭൂവുടമാബന്ധങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായി ചില സവിശേഷതകളോടെയാണ്‌ കേരളത്തില്‍ ഭൂവുടമാബന്ധങ്ങള്‍ വികസിച്ചുവരുന്നത്‌. കേരളത്തില്‍ വന്‍ കിട ഭൂവുടമകള്‍ക്കൂം അടിയാളന്മര്‍ക്കും ഇടയിലായി ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു കൂട്ടം അവകാശികള്‍ ഉണ്ടായിരുന്നു. ഈ ശ്രേണിയില്‍പ്പെട്ട ഇടത്തരക്കാര്‍ക്ക്‌ കൃഷിയില്‍ നിന്ന് സ്വരൂപിക്കപ്പെട്ട അല്‍പ മിച്ചം മൂലം വിദ്യാഭ്യാസത്തിലും വൈദ്യത്തിലും കലയിലുമെല്ലാം പാവീണ്യം നേടാന്‍ കഴിഞ്ഞിരുന്നു.
കേരളത്തിലെ ഭൂവുടമബന്ധങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ 1957 ലെ ഭൂപരിഷ്ക്കരണ നടപടികള്‍ക്ക്‌ മുന്‍പ്‌ തന്നെ തുടങ്ങിയിരുന്നു. തിരുവിതാംകൂര്‍ രാജാവിന്റെ 1865- ലെ വിളംബര പ്രകാരം കുടിയാന്മാര്‍ക്ക്‌ പാട്ടം നല്‍കി ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം നല്‍കിയിരുന്നു. 1925 ലെ നായര്‍ റെഗുലേഷന്‍ ആക്റ്റും 1928 ലെ ഈഴവ റെഗുലേഷന്‍ ആക്റ്റും 1931 ലെ ബ്രാഹ്മിന്‍ റെഗുലേഷന്‍ ആക്റ്റും പ്രസ്തുത സമുദായങ്ങളില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബ സമ്പ്രദായവും അതുമായി ബന്ധപ്പെട്ട ഭൂകേന്ദ്രീകരണവും അവസാനിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിചു. ഇങ്ങനെ വികേന്ദ്രീകരണം സൃഷ്ടിച്ച സാമ്പത്തിക മിച്ചശേഖരം വ്യവസായത്തിലേക്ക്‌ പ്രവേശിക്കാതെ കേരളത്തില്‍ ഹുണ്ടിക ഇടപാടുകളെ ശക്തിപ്പെടുത്തി. ഇങ്ങനെ സ്വരുക്കൂട്ടിയ ധനം കൊണ്ട്‌ ഭൂമിവാങ്ങിക്കൂട്ടി തോട്ടവിളകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഒരു വിഭാഗം വളര്‍ന്നു വരികയും ഈ പ്രവര്‍ത്തനത്തെ സഹായിക്കുന്ന മുലധന സ്വരൂപണ സ്ഥാപനങ്ങള്‍ വളര്‍ന്നു വരുകയും ചെയ്തു. ക്രമേണ ഭൂമിയുടെ നല്ലൊരുപങ്കും കാര്‍ഷികവൃത്തിയെ വരുമാനമായി ആശ്രയിക്കാത്ത വിഭാഗങ്ങളുടെ കൈകളിലേക്ക്‌ ഭൂമി കേന്ദ്രീകരിക്കപ്പെടുകയും കെയ്തു.1957- ല്‍ അധികാരമേറ്റ മന്ത്രിസഭ 1959-ല്‍ നിയമസഭയില്‍ പാസാക്കിയ കാര്‍ഷികബന്ധ ബില്‍ കുടിയൊഴിപ്പിക്കല്‍ പൂര്‍ണ്ണമായും തടയുന്നതും എല്ലാവിധ കുടിയാന്മാര്‍ക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും കൊടുക്കുന്നതും കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിന്‌ കുടിയാന്‌ അധികാരം കൊടുക്കുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിയമമായിരുന്നു. പക്ഷേ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി നിയമമാകുന്നതിനുമുന്‍പ്‌ തന്നെ മന്ത്രിസഭയെ ഡിസ്‌മിസ്‌ ചെയ്ത ചരിത്രം നമുക്കറിയാം. ഒട്ടേറെ തിരുത്തലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും ശേഷം അത്‌ പ്രാബല്യത്തില്‍ വന്നപ്പോള്‍ വളരെ പ്രതിലോമപരമായ ഒരു നിയമമായിത്തീരുകയാണുണ്ടായത്‌.
(തുടരും)

Monday, April 23, 2007

പാരിസ്ഥിതിക മാര്‍ക്‌സിസം - ഭാഗം 2

A. ആദ്യകാല ചരിത്രം
റഷ്യന്‍ വിപ്ലവാനന്തരം സോവിയറ്റു യൂണിയന്‍ രൂപീകൃതമായ കാലത്തുതന്നെ പാരിസ്ഥിതികാവബോധമുള്ള ഒരു മാര്‍ക്സിസുറ്റു വീക്ഷണം വളര്‍ന്നു വന്നിരുന്നു. അദ്യകാലത്ത്‌ ഇവര്‍ക്ക്‌ ലെനിന്റെ പിന്തുണയുണ്ടായിരുന്നതായി പില്‌ക്കാല പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. അതാണ്‌ 1919-ല്‍ ലെനിന്‍ തന്നെ മുന്‍കൈ എടുത്ത്‌ റഷ്യയിലെ ആദ്യത്തെ പ്രകൃതിസംരക്ഷപ്രദേശം സ്ഥാപിച്ചത്‌. 1929 ആകുമ്പോഴേക്കും അങ്ങനെയുള്ള 61 സംരക്ഷിതപ്രദേശങ്ങള്‍ റഷ്യയില്‍ നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഭരണകൂടത്തിന്റെ ഈ പാരിസ്ഥിതികവിവേകം തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ റഷ്യയുടെ ചരിത്രം മറ്റൊന്നാകുകായിരുന്നു. എന്നാല്‍ പാശ്ചാത്യമുതാളിത്ത രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍ അവരുടെ അതേ പാത തിരഞ്ഞെടുക്കുകയാണ്‌ റഷ്യന്‍ ഭരണകൂടം പിന്നീട്‌ ചെയ്‌തത്‌. സ്റ്റാലിന്‍ പാര്‍ട്ടിയില്‍ പ്രാമുഖ്യം നേടിയതോടെ ഇക്കോളജിയെ വിധ്വംസകശാസ്‌ത്രമായി ചിത്രീകരിക്കപ്പെട്ടു. 'പിന്‍തുടരാതിരുന്ന വന്‍ സാധ്യതയുടെ വഴി' എന്നാണ്‌ അക്കാലത്തെ പാരിസ്ഥിതിക ഉണര്‍വിനെ പില്‌ക്കാല മാര്‍ക്സിസിറ്റ്‌ ചിന്തകനായ അരന്‍ ഗേറെ വിശേഷിപ്പിച്ചത്‌. അതിന്റെ തുടര്‍ച്ചയാണ്‌ ആധുനിക ഇക്കോ- മാര്‍ക്സിസം തുടരേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

B. മാര്‍ക്സിയന്‍ കൃതികളുടെ പുനര്‍വായന.
മാര്‍ക്സിന്റെ ആദ്യകാല കൃതികളിലുടനീളം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെകുറിച്ചുള്ള വിചിന്തനങ്ങള്‍ കാണാം. ബാഹ്യപ്രകൃതി എന്നത്‌ മനുഷ്യന്റെ അജൈവമായ ശരീരമാണെന്ന് മാര്‍ക്സ്‌ പറന്‍ഞ്ഞു. ജീവിതത്തിന്റെ ആധാരം പ്രകൃതിയാണ്‌. അതിനാല്‍ പ്രകൃതിയുമായി നിരന്തരമായി ഒരു സംവാദം നിലനില്‌പ്പിന്റെ ആവശ്യമാണ്‌. മുതലാളിത്തത്തിനുകീഴില്‍ ഈ പാരസ്പര്യം നഷ്ടമാവുകയും മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അന്യവത്‌കരിക്കപ്പെടുകയും കെയ്യുന്നു. സ്വകാര്യ സ്വത്തിന്റെ ലാഭക്കൊതിയ്ക്കു പകരം സാമൂഹിക ഗുണത്തിനുവേണ്ടിയുള്ള ഉപയോഗം എന്നാണ്‌ ആദ്യകാല മര്‍ക്സിയന്‍ രചനകള്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. വിപണിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണമെന്ന സങ്കല്‌പം മാര്‍ക്സസം നിരാകരിക്കുന്നുണ്ട്‌. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും കൃഷി മണ്ണിനെ നാശോന്മുഖമാക്കുന്നതിനെക്കുറിച്ചും വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന പ്രദൂഷണത്തെക്കുറിച്ചുമൊക്കെ വ്യക്‌തമായ കാഴ്ചപ്പാടുകള്‍ 'മൂലധന'ത്തിലുമുണ്ട്‌. മുതലാളിമാര്‍ തൊഴിലാളികളുടെ അധ്വാനത്തെ ചൂഷണം കെയ്യുന്നതിന്‌ തുല്യമാണ്‌ കര്‍ഷകന്‍ മണ്ണിനെ ചൂഷണം കെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. മാര്‍സിന്റെ ആദ്യകാല രചനയ്ക്കുശേഷം ഏറ്റവും അധികം പ്രകൃത്യാവബോധം പ്രകടിപ്പിക്കുന്ന മാര്‍ക്സിയന്‍ കൃതി ഏംഗല്‍സിന്റെ 'ഡയലിറ്റിക്സ്‌ ഓഫ്‌ നേച്ചറാണ്‌' അതില്‍ തന്നെ കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ അദ്ധ്വാനം വഹിച്ച പങ്ക്‌ എന്ന ലേഖനം. അങ്ങനെ മാര്‍ക്സിസത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ നിന്നുതന്നെയാണ്‌ ഇക്കോ- മാര്‍ക്സിസം അതിന്റെ ദാര്‍ശനീകടിത്തറ കണ്ടെത്തിയിരിക്കുന്നത്‌.

C. ചില മാര്‍ക്സിയന്‍ വചനങ്ങള്‍
അ) കാര്‍ഷികോത്‌പാദനത്തെ വ്യാവസായികോദ്‌പാദനവുമായി കൂട്ടിയിണക്കുക, രാജ്യത്തിലെ ജനസംഖ്യാവിതരണം കുറേക്കൂടി സ്വീകരിച്ചിട്ട്‌ നാടും നഗരവും തമ്മിലെ വ്യത്യാസം ഇല്ലാതാക്കുക
ആ) വന്‍കിടവ്യവസായവും വ്യാവസായികാടിസ്ഥാനത്തിലുള്ള വന്‍കിട കൃഷിയും രണ്ടും ഒരേ ദ്രോഹം ചെയ്യുന്നു. ആദ്യത്തേത്‌ മനുഷ്യന്റെ അധ്വാനശേഷി നശിപ്പിക്കുന്നു. രണ്ടാമത്തേത്‌ മണ്ണിന്റെ ഊര്‍വ്വരത നശിപ്പിക്കുന്നു.
ഇ) മാനവരാശി മുഴുവന്‍ ഒരു രാഷ്ട്രമായി എന്നു വന്നാലും അവര്‍ ഭൂമിയുടെ ഉടമസ്ഥരാവുന്നില്ല. വറും കൈവശക്കാര്‍, ഗുണഭോക്‌താക്കള്‍ മാത്രമാണ്‌. ഇന്നത്തെ അവസ്ഥയില്‍ കുടുതല്‍ മെച്ചപ്പെടുത്തി അതിനെ വരും തലമുറകള്‍ക്ക്‌ കൈമാറാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്‌.

D പാരിസ്ഥിതിക സോഷ്യലിസത്തിന്റെ മുഖ്യ സങ്കല്‌പങ്ങളും പരികല്‌പനകളും.
1. ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധിക്ക്‌ മുതലാളിത്തവും സ്റ്റേറ്റ്‌ സോഷ്യലിസവും ഒരുപോലെ കുറ്റക്കാരാണ്‌. ഇവയുടെ സാമ്പത്തിക പ്രക്രിയ പ്രകൃതിവിരുദ്ധവും കേന്ദ്രീകൃതവുമാണ്‌. പാരിസ്ഥിതികാവബോധത്തില്‍ നിന്നുകൊണ്ടുള്ള വികേന്ദ്രീകൃത ഉത്‌പാദനത്തിനാണ്‌ മേലില്‍ പ്രസക്‌തി. മുതലാളിത്ത സാമ്പത്തിക ശാസ്‌ത്രത്തെ മാറ്റിയെഴുതിക്കൊണ്ടുവേണം ഇക്കോ- മാര്‍ക്സിസം നിലവില്‍ വരേണ്ടത്‌.
2. ആഗോള പരിസ്ഥിതി പ്രതിസന്ധി ഒരു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. മുതലാളിത്ത ഉത്‌പാദന ബന്ധങ്ങളെ വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കാതെ ഇതിനു പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ല. പരിസ്ഥിതി സാമ്പത്തിക പ്രതിസന്ധിയും പരിഹാരവും പരസ്പരാശ്രയവും പരസ്പരബന്ധിതവുമാണ്‌. ഡീപ്പ്‌ ഇക്കോളജിസ്റ്റുകള്‍ കരുതും പോലെ പ്രകൃതിയിലേക്കുള്ള മടക്കത്തിലൂടെ ഇത്‌ സാധ്യമാവില്ല. രാഷ്ട്രിയ ധനതത്വശാസ്‌ത്രത്തിന്റെ വഴിയിലൂടെ മാത്രമേ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയൂ.
3. സാര്‍വ്വദേശീയ സോഷ്യലിസത്തിന്റെ ' അധ്വാനിക്കുന്ന ജനവിഭാഗം' എന്ന സാമാന്യവതകരണത്തിനപ്പുറം സാംസ്‌കാരിക ഭിന്നതകളില്‍ അധിഷ്ഠിതമായ സ്വത്വത്തിന്റെ രാഷ്ട്രീയം കുടി ഇനി മേലില്‍ പരിഗണിക്കേണ്ടതുണ്ട്‌. ബഹുസാംസ്കാരികതയെ ഉള്‍ക്കൊണ്ടുകൊണ്ടുവേണം ഇക്കോ- മാര്‍ക്സിസം നടപ്പില്‍ വരുത്തേണ്ടത്‌.
4. സാംസ്കാരിക വൈവിധ്യത്തിന്റെ സംരക്ഷണവും പരിസ്ഥിതിയുടെ സംരക്ഷണവും പരസ്പര പൂരകങ്ങളാണ്‌
5. സാമ്പ്രദായ ഇടതുപക്ഷം കുടുതല്‍ ഉത്‌പാദനത്തിനും നിലയ്ക്കാത്ത വികസനത്തിനും ആഗോള അടിസ്ഥാനത്തിലുള്ള മത്സരത്തിനുമായി നിലകൊള്ളുമ്പോള്‍ ഇക്കോ- മാര്‍ക്സിസം ഉത്പാദനത്തിന്റെ വളര്‍ച്ചയെ നിലനില്‌ക്കുന്ന രീതിയില്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നു. അതായിരിക്കും തൊഴിലാളിക്ക്‌ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട സേവനങ്ങളു ലഭ്യമാകാന്‍ ഉതകുക എന്നു വിശ്വസിക്കുന്നു.
6. സാമൂഹിക സാമ്പത്തിക നീതിയും പാരിസ്ഥിതിക നീതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇത്‌ തിരിച്ചറിയുന്നു. പരിസ്ഥിക നീതി മനുഷ്യാവകാശപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുനു.
7. പട്ടിണിയുടെയും പാരിസ്ഥിതിക നാശത്തിന്റെയും ഇരകള്‍ കുട്ടികളും സ്‌ത്രീകളും ആണെന്നും അവരുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഭരണകൂട വ്യ്‌വസ്ഥ നിലവില്‍ വരേണ്ടതുണ്ടെന്നും തിരിച്ചറിയുന്നു.
8. സോഷ്യലിസ്റ്റു രാജ്യങ്ങളില്‍ നിലവില്‍ വന്ന പാര്‍ട്ടിയ്ക്ക്‌ മേല്‍ക്കോയ്‌മയുള്ള ഉദ്യോഗസ്ഥമേധവിത്വ സംവിധാനം തിരുത്തിക്കുറിക്കേണ്ടതുണ്ട്‌.
9. പുതിയ സമൂഹത്തില്‍ - സദാചാരം, ഭൗമരക്ഷയ്ക്ക്‌ ഉതകും വിധം തിരുത്തിക്കുറിക്കേണ്ടതുണ്ട്‌.
10. അനിയിന്ത്രിതമായി ഉയരുന്ന ഭൗതിക സമൃദ്ധി എന്ന സാമ്പ്രദായിക സോഷ്യലിസ്റ്റു സമൂഹങ്ങള്‍ക്കു പറ്റിയ തെറ്റ്‌ തിരുത്തേണ്ടതുണ്ട്‌. ഒരു ഹരിത സോഷ്യലിസ്റ്റ്‌ സമൂഹത്തിന്റെ എല്ലാവരുടെയും ന്യായമായ ആവശ്യത്തിന്റെ പൂരണത്തിനാണ്‌ പ്രസക്‌തി.
11. ഉപഭോഗസംസ്കാരം തിരസ്കരിക്കപ്പെടണം.

E. ഇക്കോ മാര്‍സിസത്തിനെ എതിര്‍ക്കുന്നവര്‍
1. ഇക്കോ മാര്‍ക്സിസത്തെപ്പറ്റി വ്യക്‌തമായ അറിവും കാഴ്ചപ്പാടുമില്ലാത്തവര്‍.
2. സാമ്പ്രദായിക കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളുടെ ചെയ്‌തികള്‍ കണ്ട്‌ മനം മടുത്ത്‌ - അവരുടെ അനുബന്ധമാണ്‌ ഇക്കോ മാര്‍ക്സിസവും എന്ന് തെറ്റിദ്ധരിച്ചവര്‍.
3. ഇക്കോ മാര്‍ക്സിസം ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളിയെപ്പറ്റി കൃത്യമായ ധാരണയുള്ള മുതലാളിത്തത്തിന്റെ വക്‌താക്കള്‍. ആഗോളവത്‌കരണത്തിന്റെ ആസന്നമായ അന്ത്യത്തിനുശേഷം ലോകത്തു വ്യാപിക്കേണ്ട ഈ സോഷ്യലിസ്റ്റ്‌ ചിന്താധാരയെ തകര്‍ക്കേണ്ടത്‌ സത്യത്തില്‍ ആഗോളവത്‌കരണത്തിന്റെ തന്നെ വക്‌താക്കളുടെ ആവശ്യമാണ്‌.
4. പരമ്പരാഗത പാര്‍ട്ടി അനുഭാവികള്‍. ഇവരാണ്‌ ഇത്‌ മാര്‍ക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ശത്രുവാണെന്ന് പ്രചരിപ്പിക്കുന്നത്‌. ഈ പാര്‍ട്ടികള്‍ ഇത്രകാലം തുടര്‍ന്നുവന്ന മനുഷ്യവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ഇക്കോ മാര്‍ക്സിസം പൊളിച്ചുകളയുന്നു എന്നത്‌ ആ പാര്‍ട്ടികളുടെ നിലനില്‌പിനെയാണ്‌ ചോദ്യം ചെയ്യുന്നത്‌. അതുമുന്‍കൂട്ടി കണ്ടുകൊണ്ടാണ്‌ അവര്‍ ഇക്കോ- മാര്‍ക്സിസം മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്നത്‌.
5. മാര്‍ക്സിസത്തെ ഒരു മതമായി കാണുന്ന വരട്ടുവാദികള്‍. അതിന്റെ നിയമങ്ങള്‍ അലംഘനീയങ്ങളാണെന്നും അത്‌ തിരുത്തപ്പെടാനാവാത്തവയാണെന്നും പുനര്‍വായനകള്‍ പാപമാണെന്നും ചിന്തിക്കുന്ന ശുദ്ധഭക്‌തര്‍. അവരെ തിരുത്താന്‍ ആര്‍ക്കും കഴിയില്ല.

F. ഉപസംഹാരം.
പുതിയ കാഴ്ചപ്പാടുകളെ അംഗീകരിക്കാന്‍ കഴിയാത്ത പുതിയ വായനകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കഴിഞ്ഞ കാലത്തെ തെറ്റില്‍ ഉറച്ചു നില്‌ക്കുന്ന ഈ വിഭാഗങ്ങളെ അപ്രസക്‌തമാക്കിക്കൊണ്ട്‌ ഇക്കോ- മാര്‍ക്സിസ്റ്റ്‌ ചിന്തകള്‍ പടര്‍ന്നു പന്തലിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ അത്‌ ഗുണകരമാകുക ഭൂമിയെ ഉപഭോഗിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയ്ക്കു തന്നെയാവും. അത്‌ ആത്യന്തികമായി കൊണ്ടുചെന്നെത്തിക്കുക പരിഥിതിയുടെയും അതുവഴി മനുഷ്യവര്‍ഗ്ഗത്തിന്റെയും അന്ത്യത്തിലായിരിക്കും. മനുഷ്യനില്ലാത്ത ഈ ലോകത്ത്‌ ഒരു പ്രത്യയശാസ്‌ത്രത്തിനും ഒരു ബ്ലോഗിനും ഒരു പ്രസക്‌തിയുമില്ലെന്ന് ഓര്‍ക്കുക...

Saturday, April 14, 2007

പാരിസ്ഥിതിക മാര്‍ക്‌സിസം - നാളെയുടെ ദര്‍ശനമോ..?

മനുഷ്യനന്മയ്ക്കുതകുന്ന നാളെയുടെ വഴി അന്വേഷിക്കുന്ന ഒരുവേളയില്‍ മാര്‍ക്സിസത്തില്‍ ഒരഭയം തിരക്കുക സ്വഭാവികമാണ്‌. ഇന്നലകളില്‍ ചില നല്ല പാത തെളിക്കുവാന്‍ അതിനായിട്ടുണ്ട്‌ എന്നതുതന്നെ കാരണം. തന്നെയുമല്ല ഇന്ന് നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും മാര്‍ക്സും ഏംഗല്‍സും മുന്നമേ പറഞ്ഞു വച്ചിട്ടുള്ളതുമാണ്‌. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടു പ്രധാന സംഗതികള്‍ നാം കണ്ടില്ലെന്ന് നടിച്ചു കൂടാ
1. മാര്‍ക്സിസത്തിന്റെ തെറ്റായ പ്രയോഗങ്ങളും അതുമൂലമുണ്ടായ വിനകളും
2. മാര്‍ക്സിസത്തിനു ശേഷമുണ്ടായ ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വിജ്ഞാനത്തിന്റെയും വളര്‍ച്ചയും അതുണ്ടാക്കിയ പുതിയ വൈരുദ്ധ്യങ്ങളും.
എന്നാല്‍ മാര്‍ക്സിസത്തെ ഇന്നും പ്രസക്‌തമാക്കി നിര്‍ത്തുന്നത്‌ പുതിയ പരിത:സ്ഥിതികളെ സൂക്ഷ്മവിശകലനം ചെയ്യാനുതകുന്ന ഒരു കണ്ണട എന്ന നിലയിലാണ്‌. അതുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ലോകത്തെമ്പാടും സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ നേരിട്ട പ്രതിസന്ധിയും തകര്‍ച്ചയും പലരും വാദിക്കുന്നതുപോലെ മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളെ അപ്രസക്‌തമാക്കുകയല്ല ഉണ്ടായത്‌ പകരം ദാര്‍ശനീകമായ പുതിയ ഉണര്‍വ്വുകള്‍ക്ക്‌ അത്‌ വളം വയ്ക്കുകയാണ്‌ ചെയ്‌തത്‌. സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങളുടെ തകര്‍ച്ചയുടെ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണം സത്യത്തില്‍ മാര്‍ക്സിസത്തിന്റെ ധാരാളം പുനര്‍വായനകള്‍ക്ക്‌ അവസരമൊരുക്കി. അത്തരത്തില്‍ ഭാവിലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഏറ്റവും പ്രസക്‌തവുമായ മാര്‍ക്സിസ്റ്റ്‌ പുനര്‍വായനയാണ്‌ ഇക്കോ മാര്‍ക്സിസം എന്നപേരില്‍ ഇന്ന് അറിയപ്പെടുന്നത്‌.
ചരിത്രം ഒരിക്കലും പിന്‍മടക്കമല്ല. പരിസ്ഥിതി പ്രതിസന്ധിയെ ഒരിക്കലും നമുക്ക്‌ അരാഷ്ട്രീയമായി വിലയിരുത്താനാവില്ല. കാരണം അതിന്‌ കോളനീവത്‌കരണത്തിന്റെയും അന്തര്‍ദേശീയ വിഭവചൂഷണത്തിന്റെയും മുതലാളിത്ത ദുരയുടെയും പശ്ചാത്തലം ഉണ്ട്‌.
വികസ്വരദേശങ്ങളില്‍ പരിസ്ഥിതി ചിന്തയുടെ കേന്ദ്രബിന്ദു മനുഷ്യന്‍ തന്നെയാണ്‌. കാരണം വികസിത രാജ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കാടുകളും മറ്റ്‌ വന്യപ്രദേശങ്ങളും മനുഷ്യന്റെ ജീവിതായോധനോപാധികളും ആവാസകേന്ദ്രങ്ങളുമാണ്‌. കാടിനെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളും കടലിനെയും ജലാശയങ്ങളെയും ആശ്രയിച്ചുജീവിക്കുന്ന മുക്കുവരും കര്‍ഷകരും വന്‍പദ്ധതികള്‍ മൂലം കുടിയിറക്കപ്പെടുന്ന ഗ്രാമീണരും എല്ലാം പരിസ്ഥിതിയുടെ നാശം മൂലം ദുരന്തഫലം അനുഭവിക്കുന്നവരാണ്‌. പാശ്ചാത്യ ലോകത്തിന്റെ ഭൗതീകസമൃദ്ധിയുടെ ഉപോല്‌പന്നമായി വളര്‍ന്നുവന്ന ഗഹന പരിസ്ഥിതിവാദത്തെ (ഡീപ്പ്‌ ഇക്കോളജി) പാരിസ്ഥിതിക മാര്‍ക്സിസം നിരാകരിക്കുന്നുണ്ട്‌ എന്ന പ്രധാനവസ്‌തുതയും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്‌. പ്രകൃതിയുടെ വിശുദ്ധിയിലേക്ക്‌ മടങ്ങുക എന്നാതായിരുന്നു ഗഹന പരിസ്ഥിതിവാദത്തിന്റെ അടിത്തറ.മനുഷ്യകേന്ദ്രീകൃത ചിന്താഗതികള്‍ക്ക്‌ നേര്‍ വിപരീതമായി ഒരു ജൈവകേന്ദ്രീകൃത ചിന്താഗതിയായിരുന്നു അവരുടേത്‌.
അതിനാലാണ്‌ ഗഹന പരിസ്ഥിതി വാദത്തെ ഇക്കോ- മാര്‍ക്സിസം നിരാകരിക്കുന്നത്‌. മനുഷ്യനുകൂടി മുഖ്യസ്ഥാനമുള്ളതും എന്നാല്‍ പരിസ്ഥിതിയ്ക്കും സംസ്കാരത്തിനും വിനാശകരമല്ലാത്തതുമായ ഒരു പാരിസ്ഥിതികവാദമാണ്‌ അത്‌ മുന്നോട്ടു വയ്ക്കുന്നത്‌.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഓസോണ്‍ പാളിയുടെ തകര്‍ച്ചയുമൊക്കെ മനുഷ്യന്റെ അശാസ്‌ത്രീയമായ ഇടപെടല്‍കൊണ്ടുണ്ടായതാണ്‌. പുതിയപുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുക എന്നത്‌ മുതലാളിത്തത്തിന്റെ നിലനില്‌പിന്‌ അനിവാര്യമാണ്‌. വര്‍ദ്ധിച്ച ഉത്‌പാദനത്തിന്‌ വര്‍ദ്ധിച്ച തോതില്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു. തുടര്‍ച്ചയായി പുതുക്കപ്പെടുന്ന വിഭവങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹത്തിനേ ദീര്‍ഘകാലം നിലനില്‌ക്കാനാവൂ എന്നത്‌ കാലം തെളിയിച്ചിട്ടുള്ളതാണ്‌. പുരോഗതിയുടെ അടിത്തറ വര്‍ദ്ധിച്ച ഉപഭോഗമാണ്‌ എന്ന ധാരണ മാറിയെങ്കിലെ നമ്മളിന്ന് നേരിടുന്ന വലിയ വിപത്തുകളില്‍ നിന്ന് രക്ഷപെടാനാകൂ.

വന്‍തോതിലുള്ള ഉദ്‌പാദനത്തിനും വലിച്ചെറിയലിനും പകരം ദീര്‍ഘനാള്‍ നിലനില്‌ക്കുന്ന ഉത്‌പന്നങ്ങളുടെ നിയന്ത്രിത ഉത്‌പാദനത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണ്‌ സത്യത്തില്‍ വേണ്ടത്‌. വ്യവസ്ഥാപിത മാര്‍ക്സിസ്റ്റ്‌ സങ്കല്‌പത്തില്‍ സൃഷ്ടിക്കപ്പെട്ട ഭരണകൂടങ്ങള്‍ മുതലാളിത്ത രാജ്യങ്ങളുടെ അതേ പാതയിലൂടെ നീങ്ങിയതാണ്‌ അവയുടെ പരാജയങ്ങള്‍ക്ക്‌ കാരണമായതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്‌.
ജീവിതത്തെ ദുഷിപ്പിച്ച ആധുനിക വ്യവസായ സംസ്‌കൃതിയ്ക്ക്‌ ബദലായി വികേന്ദ്രീകൃതവും പരസ്പര ആശ്രയത്തില്‍ ഊന്നിയ ഗ്രാമീണരുടെ പ്രകൃത്യാനുസാരിയായ തൊഴിലുമാണ്‌ നമുക്കു വേണ്ടത്‌. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലേക്ക്‌ ഉദ്‌പാദനത്തെ പരിമിതപ്പെടുത്തുമ്പോള്‍ അത്‌ പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊള്ളും. ഇത്‌ പാരിസ്ഥിതിക മാര്‍ക്സിസത്തിന്റെ അടിസ്ഥാന ചിന്തകളില്‍ ഒന്നാണ്‌.
വര്‍ഗ്ഗ- വര്‍ണ്ണ - ലിംഗ ബോധങ്ങളെയും പാരിസ്ഥിതി ദര്‍ശനത്തിന്റെ മുഖ്യ സങ്കല്‌പങ്ങളെയും സ്വാംശീകരിക്കുക, മുതലാളിത്ത ഫാസിസ്റ്റ്‌ മത രൂപങ്ങളെ നിരാകരിക്കുക, മനുഷ്യകേന്ദ്രീകൃതമല്ലാതിരിക്കുമ്പോള്‍ തന്നെ മനുഷ്യവിരുദ്ധമാകാത്ത ഉല്‌പാദരീതിയിലും സാംസ്‌കാരിക സങ്കല്‌പത്തിലും അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റു സമൂഹം പടുത്തുയര്‍ത്തുക, എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങള്‍ തങ്ങളുടെ മുന്നിലുള്ളതായി ഇക്കോ- മാര്‍ക്സിസ്റ്റുകള്‍ തിരിച്ചറിയുന്നു. അവിടെയാണ്‌ മാര്‍ക്സിയന്‍ കൃതികളുടെ പുനര്‍വായന പ്രസക്‌തമാകുന്നത്‌.
ഈ പുനര്‍വായന വ്യാപകമായ തലത്തില്‍ സാധ്യമായത്‌ നേരത്തെ പറഞ്ഞതുപോലെ സോവിയറ്റു യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ ഭരണകൂടങ്ങളുടെയും തകര്‍ച്ചയോടെയാണെങ്കിലും എഴുപതുകളുടെ തുടക്കം മുതല്‍ തന്നെ മാര്‍ക്സിയന്‍ ചിന്തകളുടെ പുനര്‍ വായന തുടങ്ങിക്കഴിഞ്ഞിരുന്നു. നിലവിലിരിക്കുന്ന സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ മുതലാളിത്തത്തിന്റെ അതേ പാതയാണ്‌ പിന്തുടരുന്നത്‌ എന്ന് തിരിച്ചറിഞ്ഞവരായിരുന്നു അതിന്റെ പിന്നില്‍.
മാര്‍ക്സിന്റെ കൃതികളുടെ പുനര്‍വായനയുടെ പ്രസക്‌തി, അത്‌ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍, പാരിസ്ഥിതിക മാര്‍ക്സിസത്തിന്റെ മുഖ്യ സങ്കല്‌പങ്ങള്‍, പരികല്‌പനകള്‍ എന്നിവ അടുത്ത ഭാഗത്തില്‍.

Thursday, April 12, 2007

ബഹ്‌റൈന്‍ പ്രേരണ - ഒരു ആമുഖക്കുറിപ്പ്‌

പ്രവാസി മലയാളികളുടെ ബഹ്‌റൈനിലെ ഒരു കൂട്ടായ്‌മയാണ്‌ പ്രേരണ. 1993-ല്‍ സ്ഥാപിതമായതു മുതല്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പ്രേരണ സജീവമായി ഇടപെടുന്നുണ്ട്‌.
ലോകം അതിശീഘ്രം ഭീതിതമായ ഒരു ദിശയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തെയാണ്‌ നാം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷമായിത്തന്നെ നാം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. പുറംപോക്കിലേക്ക്‌ ആട്ടിപ്പായിക്കപ്പെടുന്നവര്‍, ഭൂമുഖത്തു നിന്നു തന്നെ ഉന്മൂലനം ചെയ്യപ്പെടുന്നവര്‍, പാരിസ്ഥിതിക തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍, അന്യവത്‌കരണം സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളിലുടെയാണ്‌ ഇന്ന് മനുഷ്യസമൂഹം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌. കൃത്യമായ നേതൃത്വമോ പ്രത്യയശാസ്‌ത്രത്തിന്റെ പിന്‍ബലമോ ഒന്നുമില്ലാതെതന്നെ കഷ്ടപ്പെടുന്നവര്‍ പലയിടത്തും അവരുടെ പ്രശ്നങ്ങളോട്‌ കൂട്ടമായി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ലോകം ഇന്ന് ഒരു ധ്രുവീകരണത്തിന്റെ പാതയിലാണ്‌. പുതിയ വഴി നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനുള്ള അന്വേഷണത്തിലെ ഒരു കണ്ണിയാണ്‌ ബഹ്‌റൈനിലെ പ്രേരണയും. ലോകത്താകമാനം ചിതറിക്കിടക്കുന്ന സമാന ചിന്തഗതിക്കാരായ വ്യക്‌തികളും സംഘങ്ങളും പരസ്പരം അറിയുകയും ബന്ധപ്പെടുകയും ചെയ്യുക എന്നത്‌ നാളെയുടെ ആവശ്യമാണ്‌. ആ ഉദ്യമത്തിന്റെ ഭാഗമായാണ്‌ പ്രേരണ സ്വന്തമായി ഒരു ബ്ലോഗ്‌ ആരംഭിക്കുന്നത്‌.
മുന്‍കാലങ്ങളില്‍ പ്രേരണ സജീവമായ ചര്‍ച്ച ചെയ്‌തിട്ടുള്ള വിഷയങ്ങളാണ്‌ ഈ ബ്ലോഗിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്‌. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയുവാനും സാംശീകരിക്കുവാനും പ്രേരണയ്ക്ക്‌ താത്‌പര്യമുണ്ട്‌. സദയം ഞങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കുക. ലോകത്തിന്‌ തെളിച്ചമാകുന്ന ഒരു പാത കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാകുക.