Monday, April 23, 2007

പാരിസ്ഥിതിക മാര്‍ക്‌സിസം - ഭാഗം 2

A. ആദ്യകാല ചരിത്രം
റഷ്യന്‍ വിപ്ലവാനന്തരം സോവിയറ്റു യൂണിയന്‍ രൂപീകൃതമായ കാലത്തുതന്നെ പാരിസ്ഥിതികാവബോധമുള്ള ഒരു മാര്‍ക്സിസുറ്റു വീക്ഷണം വളര്‍ന്നു വന്നിരുന്നു. അദ്യകാലത്ത്‌ ഇവര്‍ക്ക്‌ ലെനിന്റെ പിന്തുണയുണ്ടായിരുന്നതായി പില്‌ക്കാല പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. അതാണ്‌ 1919-ല്‍ ലെനിന്‍ തന്നെ മുന്‍കൈ എടുത്ത്‌ റഷ്യയിലെ ആദ്യത്തെ പ്രകൃതിസംരക്ഷപ്രദേശം സ്ഥാപിച്ചത്‌. 1929 ആകുമ്പോഴേക്കും അങ്ങനെയുള്ള 61 സംരക്ഷിതപ്രദേശങ്ങള്‍ റഷ്യയില്‍ നിലവില്‍ വന്നുകഴിഞ്ഞിരുന്നു. ഭരണകൂടത്തിന്റെ ഈ പാരിസ്ഥിതികവിവേകം തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ റഷ്യയുടെ ചരിത്രം മറ്റൊന്നാകുകായിരുന്നു. എന്നാല്‍ പാശ്ചാത്യമുതാളിത്ത രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍ അവരുടെ അതേ പാത തിരഞ്ഞെടുക്കുകയാണ്‌ റഷ്യന്‍ ഭരണകൂടം പിന്നീട്‌ ചെയ്‌തത്‌. സ്റ്റാലിന്‍ പാര്‍ട്ടിയില്‍ പ്രാമുഖ്യം നേടിയതോടെ ഇക്കോളജിയെ വിധ്വംസകശാസ്‌ത്രമായി ചിത്രീകരിക്കപ്പെട്ടു. 'പിന്‍തുടരാതിരുന്ന വന്‍ സാധ്യതയുടെ വഴി' എന്നാണ്‌ അക്കാലത്തെ പാരിസ്ഥിതിക ഉണര്‍വിനെ പില്‌ക്കാല മാര്‍ക്സിസിറ്റ്‌ ചിന്തകനായ അരന്‍ ഗേറെ വിശേഷിപ്പിച്ചത്‌. അതിന്റെ തുടര്‍ച്ചയാണ്‌ ആധുനിക ഇക്കോ- മാര്‍ക്സിസം തുടരേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

B. മാര്‍ക്സിയന്‍ കൃതികളുടെ പുനര്‍വായന.
മാര്‍ക്സിന്റെ ആദ്യകാല കൃതികളിലുടനീളം മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെകുറിച്ചുള്ള വിചിന്തനങ്ങള്‍ കാണാം. ബാഹ്യപ്രകൃതി എന്നത്‌ മനുഷ്യന്റെ അജൈവമായ ശരീരമാണെന്ന് മാര്‍ക്സ്‌ പറന്‍ഞ്ഞു. ജീവിതത്തിന്റെ ആധാരം പ്രകൃതിയാണ്‌. അതിനാല്‍ പ്രകൃതിയുമായി നിരന്തരമായി ഒരു സംവാദം നിലനില്‌പ്പിന്റെ ആവശ്യമാണ്‌. മുതലാളിത്തത്തിനുകീഴില്‍ ഈ പാരസ്പര്യം നഷ്ടമാവുകയും മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അന്യവത്‌കരിക്കപ്പെടുകയും കെയ്യുന്നു. സ്വകാര്യ സ്വത്തിന്റെ ലാഭക്കൊതിയ്ക്കു പകരം സാമൂഹിക ഗുണത്തിനുവേണ്ടിയുള്ള ഉപയോഗം എന്നാണ്‌ ആദ്യകാല മര്‍ക്സിയന്‍ രചനകള്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. വിപണിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണമെന്ന സങ്കല്‌പം മാര്‍ക്സസം നിരാകരിക്കുന്നുണ്ട്‌. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും കൃഷി മണ്ണിനെ നാശോന്മുഖമാക്കുന്നതിനെക്കുറിച്ചും വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന പ്രദൂഷണത്തെക്കുറിച്ചുമൊക്കെ വ്യക്‌തമായ കാഴ്ചപ്പാടുകള്‍ 'മൂലധന'ത്തിലുമുണ്ട്‌. മുതലാളിമാര്‍ തൊഴിലാളികളുടെ അധ്വാനത്തെ ചൂഷണം കെയ്യുന്നതിന്‌ തുല്യമാണ്‌ കര്‍ഷകന്‍ മണ്ണിനെ ചൂഷണം കെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. മാര്‍സിന്റെ ആദ്യകാല രചനയ്ക്കുശേഷം ഏറ്റവും അധികം പ്രകൃത്യാവബോധം പ്രകടിപ്പിക്കുന്ന മാര്‍ക്സിയന്‍ കൃതി ഏംഗല്‍സിന്റെ 'ഡയലിറ്റിക്സ്‌ ഓഫ്‌ നേച്ചറാണ്‌' അതില്‍ തന്നെ കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ അദ്ധ്വാനം വഹിച്ച പങ്ക്‌ എന്ന ലേഖനം. അങ്ങനെ മാര്‍ക്സിസത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ നിന്നുതന്നെയാണ്‌ ഇക്കോ- മാര്‍ക്സിസം അതിന്റെ ദാര്‍ശനീകടിത്തറ കണ്ടെത്തിയിരിക്കുന്നത്‌.

C. ചില മാര്‍ക്സിയന്‍ വചനങ്ങള്‍
അ) കാര്‍ഷികോത്‌പാദനത്തെ വ്യാവസായികോദ്‌പാദനവുമായി കൂട്ടിയിണക്കുക, രാജ്യത്തിലെ ജനസംഖ്യാവിതരണം കുറേക്കൂടി സ്വീകരിച്ചിട്ട്‌ നാടും നഗരവും തമ്മിലെ വ്യത്യാസം ഇല്ലാതാക്കുക
ആ) വന്‍കിടവ്യവസായവും വ്യാവസായികാടിസ്ഥാനത്തിലുള്ള വന്‍കിട കൃഷിയും രണ്ടും ഒരേ ദ്രോഹം ചെയ്യുന്നു. ആദ്യത്തേത്‌ മനുഷ്യന്റെ അധ്വാനശേഷി നശിപ്പിക്കുന്നു. രണ്ടാമത്തേത്‌ മണ്ണിന്റെ ഊര്‍വ്വരത നശിപ്പിക്കുന്നു.
ഇ) മാനവരാശി മുഴുവന്‍ ഒരു രാഷ്ട്രമായി എന്നു വന്നാലും അവര്‍ ഭൂമിയുടെ ഉടമസ്ഥരാവുന്നില്ല. വറും കൈവശക്കാര്‍, ഗുണഭോക്‌താക്കള്‍ മാത്രമാണ്‌. ഇന്നത്തെ അവസ്ഥയില്‍ കുടുതല്‍ മെച്ചപ്പെടുത്തി അതിനെ വരും തലമുറകള്‍ക്ക്‌ കൈമാറാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്‌.

D പാരിസ്ഥിതിക സോഷ്യലിസത്തിന്റെ മുഖ്യ സങ്കല്‌പങ്ങളും പരികല്‌പനകളും.
1. ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധിക്ക്‌ മുതലാളിത്തവും സ്റ്റേറ്റ്‌ സോഷ്യലിസവും ഒരുപോലെ കുറ്റക്കാരാണ്‌. ഇവയുടെ സാമ്പത്തിക പ്രക്രിയ പ്രകൃതിവിരുദ്ധവും കേന്ദ്രീകൃതവുമാണ്‌. പാരിസ്ഥിതികാവബോധത്തില്‍ നിന്നുകൊണ്ടുള്ള വികേന്ദ്രീകൃത ഉത്‌പാദനത്തിനാണ്‌ മേലില്‍ പ്രസക്‌തി. മുതലാളിത്ത സാമ്പത്തിക ശാസ്‌ത്രത്തെ മാറ്റിയെഴുതിക്കൊണ്ടുവേണം ഇക്കോ- മാര്‍ക്സിസം നിലവില്‍ വരേണ്ടത്‌.
2. ആഗോള പരിസ്ഥിതി പ്രതിസന്ധി ഒരു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. മുതലാളിത്ത ഉത്‌പാദന ബന്ധങ്ങളെ വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കാതെ ഇതിനു പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ല. പരിസ്ഥിതി സാമ്പത്തിക പ്രതിസന്ധിയും പരിഹാരവും പരസ്പരാശ്രയവും പരസ്പരബന്ധിതവുമാണ്‌. ഡീപ്പ്‌ ഇക്കോളജിസ്റ്റുകള്‍ കരുതും പോലെ പ്രകൃതിയിലേക്കുള്ള മടക്കത്തിലൂടെ ഇത്‌ സാധ്യമാവില്ല. രാഷ്ട്രിയ ധനതത്വശാസ്‌ത്രത്തിന്റെ വഴിയിലൂടെ മാത്രമേ ഇതിനു പരിഹാരം കണ്ടെത്താന്‍ കഴിയൂ.
3. സാര്‍വ്വദേശീയ സോഷ്യലിസത്തിന്റെ ' അധ്വാനിക്കുന്ന ജനവിഭാഗം' എന്ന സാമാന്യവതകരണത്തിനപ്പുറം സാംസ്‌കാരിക ഭിന്നതകളില്‍ അധിഷ്ഠിതമായ സ്വത്വത്തിന്റെ രാഷ്ട്രീയം കുടി ഇനി മേലില്‍ പരിഗണിക്കേണ്ടതുണ്ട്‌. ബഹുസാംസ്കാരികതയെ ഉള്‍ക്കൊണ്ടുകൊണ്ടുവേണം ഇക്കോ- മാര്‍ക്സിസം നടപ്പില്‍ വരുത്തേണ്ടത്‌.
4. സാംസ്കാരിക വൈവിധ്യത്തിന്റെ സംരക്ഷണവും പരിസ്ഥിതിയുടെ സംരക്ഷണവും പരസ്പര പൂരകങ്ങളാണ്‌
5. സാമ്പ്രദായ ഇടതുപക്ഷം കുടുതല്‍ ഉത്‌പാദനത്തിനും നിലയ്ക്കാത്ത വികസനത്തിനും ആഗോള അടിസ്ഥാനത്തിലുള്ള മത്സരത്തിനുമായി നിലകൊള്ളുമ്പോള്‍ ഇക്കോ- മാര്‍ക്സിസം ഉത്പാദനത്തിന്റെ വളര്‍ച്ചയെ നിലനില്‌ക്കുന്ന രീതിയില്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നു. അതായിരിക്കും തൊഴിലാളിക്ക്‌ സ്ഥിരമായ തൊഴിലും മെച്ചപ്പെട്ട സേവനങ്ങളു ലഭ്യമാകാന്‍ ഉതകുക എന്നു വിശ്വസിക്കുന്നു.
6. സാമൂഹിക സാമ്പത്തിക നീതിയും പാരിസ്ഥിതിക നീതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇത്‌ തിരിച്ചറിയുന്നു. പരിസ്ഥിക നീതി മനുഷ്യാവകാശപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുനു.
7. പട്ടിണിയുടെയും പാരിസ്ഥിതിക നാശത്തിന്റെയും ഇരകള്‍ കുട്ടികളും സ്‌ത്രീകളും ആണെന്നും അവരുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഭരണകൂട വ്യ്‌വസ്ഥ നിലവില്‍ വരേണ്ടതുണ്ടെന്നും തിരിച്ചറിയുന്നു.
8. സോഷ്യലിസ്റ്റു രാജ്യങ്ങളില്‍ നിലവില്‍ വന്ന പാര്‍ട്ടിയ്ക്ക്‌ മേല്‍ക്കോയ്‌മയുള്ള ഉദ്യോഗസ്ഥമേധവിത്വ സംവിധാനം തിരുത്തിക്കുറിക്കേണ്ടതുണ്ട്‌.
9. പുതിയ സമൂഹത്തില്‍ - സദാചാരം, ഭൗമരക്ഷയ്ക്ക്‌ ഉതകും വിധം തിരുത്തിക്കുറിക്കേണ്ടതുണ്ട്‌.
10. അനിയിന്ത്രിതമായി ഉയരുന്ന ഭൗതിക സമൃദ്ധി എന്ന സാമ്പ്രദായിക സോഷ്യലിസ്റ്റു സമൂഹങ്ങള്‍ക്കു പറ്റിയ തെറ്റ്‌ തിരുത്തേണ്ടതുണ്ട്‌. ഒരു ഹരിത സോഷ്യലിസ്റ്റ്‌ സമൂഹത്തിന്റെ എല്ലാവരുടെയും ന്യായമായ ആവശ്യത്തിന്റെ പൂരണത്തിനാണ്‌ പ്രസക്‌തി.
11. ഉപഭോഗസംസ്കാരം തിരസ്കരിക്കപ്പെടണം.

E. ഇക്കോ മാര്‍സിസത്തിനെ എതിര്‍ക്കുന്നവര്‍
1. ഇക്കോ മാര്‍ക്സിസത്തെപ്പറ്റി വ്യക്‌തമായ അറിവും കാഴ്ചപ്പാടുമില്ലാത്തവര്‍.
2. സാമ്പ്രദായിക കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളുടെ ചെയ്‌തികള്‍ കണ്ട്‌ മനം മടുത്ത്‌ - അവരുടെ അനുബന്ധമാണ്‌ ഇക്കോ മാര്‍ക്സിസവും എന്ന് തെറ്റിദ്ധരിച്ചവര്‍.
3. ഇക്കോ മാര്‍ക്സിസം ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളിയെപ്പറ്റി കൃത്യമായ ധാരണയുള്ള മുതലാളിത്തത്തിന്റെ വക്‌താക്കള്‍. ആഗോളവത്‌കരണത്തിന്റെ ആസന്നമായ അന്ത്യത്തിനുശേഷം ലോകത്തു വ്യാപിക്കേണ്ട ഈ സോഷ്യലിസ്റ്റ്‌ ചിന്താധാരയെ തകര്‍ക്കേണ്ടത്‌ സത്യത്തില്‍ ആഗോളവത്‌കരണത്തിന്റെ തന്നെ വക്‌താക്കളുടെ ആവശ്യമാണ്‌.
4. പരമ്പരാഗത പാര്‍ട്ടി അനുഭാവികള്‍. ഇവരാണ്‌ ഇത്‌ മാര്‍ക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ശത്രുവാണെന്ന് പ്രചരിപ്പിക്കുന്നത്‌. ഈ പാര്‍ട്ടികള്‍ ഇത്രകാലം തുടര്‍ന്നുവന്ന മനുഷ്യവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ ഇക്കോ മാര്‍ക്സിസം പൊളിച്ചുകളയുന്നു എന്നത്‌ ആ പാര്‍ട്ടികളുടെ നിലനില്‌പിനെയാണ്‌ ചോദ്യം ചെയ്യുന്നത്‌. അതുമുന്‍കൂട്ടി കണ്ടുകൊണ്ടാണ്‌ അവര്‍ ഇക്കോ- മാര്‍ക്സിസം മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്നത്‌.
5. മാര്‍ക്സിസത്തെ ഒരു മതമായി കാണുന്ന വരട്ടുവാദികള്‍. അതിന്റെ നിയമങ്ങള്‍ അലംഘനീയങ്ങളാണെന്നും അത്‌ തിരുത്തപ്പെടാനാവാത്തവയാണെന്നും പുനര്‍വായനകള്‍ പാപമാണെന്നും ചിന്തിക്കുന്ന ശുദ്ധഭക്‌തര്‍. അവരെ തിരുത്താന്‍ ആര്‍ക്കും കഴിയില്ല.

F. ഉപസംഹാരം.
പുതിയ കാഴ്ചപ്പാടുകളെ അംഗീകരിക്കാന്‍ കഴിയാത്ത പുതിയ വായനകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കഴിഞ്ഞ കാലത്തെ തെറ്റില്‍ ഉറച്ചു നില്‌ക്കുന്ന ഈ വിഭാഗങ്ങളെ അപ്രസക്‌തമാക്കിക്കൊണ്ട്‌ ഇക്കോ- മാര്‍ക്സിസ്റ്റ്‌ ചിന്തകള്‍ പടര്‍ന്നു പന്തലിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ അത്‌ ഗുണകരമാകുക ഭൂമിയെ ഉപഭോഗിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയ്ക്കു തന്നെയാവും. അത്‌ ആത്യന്തികമായി കൊണ്ടുചെന്നെത്തിക്കുക പരിഥിതിയുടെയും അതുവഴി മനുഷ്യവര്‍ഗ്ഗത്തിന്റെയും അന്ത്യത്തിലായിരിക്കും. മനുഷ്യനില്ലാത്ത ഈ ലോകത്ത്‌ ഒരു പ്രത്യയശാസ്‌ത്രത്തിനും ഒരു ബ്ലോഗിനും ഒരു പ്രസക്‌തിയുമില്ലെന്ന് ഓര്‍ക്കുക...

3 comments:

vimathan said...

പ്രേരണ, നന്ന്ദി. നല്ല ലേഖനം. മുതലാളിത്ത വ്യവസ്ഥിതിയിലെ പ്രധാന വൈരുദ്ധ്യം (principal contradiction) എന്നത് ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യം എന്നതാണ്. സമൂഹത്തിലെ മറ്റ് വൈരുദ്ധ്യങള്‍ , മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തില്‍ അധികാരം നഷ്ടപ്പെടുന്ന ഫ്യൂഡലിസവും, ബൂര്‍ഷ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം, സമൂഹത്തിലെ പെറ്റി ബൂര്‍ഷ്വാസിയും, ഭരണവര്‍ഗ്ഗ-ബൂര്‍ഷ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം, തൊഴിലാളിവര്‍ഗ്ഗവും, പെറ്റി ബൂര്‍ഷ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം, സാമ്രജ്യത്വവും, നവ-കോളണീകരണത്തിന് വിധേയമാകുന്ന രാജ്യങളും തമ്മിലുള്ള വൈരുദ്ധ്യം, വിവിധ ദേശീയ ബൂര്‍ഷ്വാസികള്‍ തമ്മിലുള്ള വൈരുദ്ധ്യം, വ്യവസായവല്‍ക്കരണവും, പരിസ്ഥിതിയും തമ്മിലുള്ള വൈരുദ്ധ്യം തുടങിയ മറ്റ് വൈരുദ്ധ്യങള്‍ എല്ലാം തന്നെ മേല്‍പ്പറഞ്ഞ പ്രധാന വൈരുദ്ധ്യത്താല്‍ (principal contradiction) നിര്‍ണ്ണയിക്കപ്പെടുന്നതോ, സ്വാധീനിക്കപ്പെടുന്നതോ ആണ് എന്നതാണ് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം. പക്ഷെ മാര്‍ക്സിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്ന എക്കൊ-മാര്‍ക്സിസ്റ്റുകള്‍ പലപ്പോഴും ഈ പ്രധാന വൈരുദ്ധ്യത്തെ കാണാതെ പോകുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്. ദാരിദ്ര്യമാണ് ഈ ലോകത്തിലെ പ്രധാന പരിസ്ഥിതിപ്രശ്നം എന്ന് ഫിദെല്‍ കാസ്ട്രൊ പറഞ്ഞത് ഓര്‍മ്മ വരുന്നു.

സജിത്ത്|Sajith VK said...

നല്ല ലേഖനം... വിശദമായി കമന്റണമെന്നുണ്ട്. പക്ഷേ അത് ഒരുപാട് സമയമെടുക്കുന്നു, പിന്നീടെഴുതാം..

പിന്നേ, മലയാളം വിക്കിയില്‍ മാക്സിസം, കമ്യൂണിസം തുടങ്ങിയ ലേഖനങ്ങള്‍ ഇപ്പോള്‍ അപൂര്‍ണ്ണമാണ്.. ഇവയെക്കുറിച്ച് അറിയാവുന്നവര്‍ അത് ശരിയാക്കണം. http://ml.wikipedia.org

Anonymous said...

പാരിസ്ഥിതിക മാര്‍ക്സിസം എന്ന തലക്കെട്ടു സൂചിപ്പിക്കുന്നത്‌, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാര്‍ക്സിസം വേണ്ടത്ര ശ്രദ്ധ ചെലുത്തുകയോ പരിഗണന നല്‍കുകയോ ദീര്‍ഘ വീക്ഷണത്തോടുകൂടി കാണുകയോ ചെയ്തില്ല എന്ന ഒരു ദുഃസൂചനയാണ്‌.
നാളെയുടെ ദര്‍ശനം എന്ന അവകാശ വാദത്തോടെ പ്രചരിപ്പിക്കപ്പെടുന്ന പാരിസ്ഥിതിക മാര്‍ക്സിസം എന്ന നിലപാടുകള്‍, സോവിയറ്റ്‌ യൂണിയന്റേയും കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുടേയും തകര്‍ച്ചയ്ക്ക്‌ ശേഷം മാര്‍ക്സിസത്തിന്‌ ഒരു പുനര്‍വായന എന്ന നിലയിലാണ്‌. ഒക്‌ടോബര്‍ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിനുശേഷം ലെനിന്‍ തുടങ്ങി വച്ച സോഷ്യലിസ്റ്റ്‌ നിര്‍മ്മാണ പ്രക്രിയയും അതുവരെ റഷ്യയില്‍ നിലനിന്നിരുന്ന മുതലാളിത്ത ഉല്‍പാദന ബന്ധങ്ങളെ മാറ്റിമറിച്ച പുതിയ ഉല്‍പാദന ക്രമത്തിനും വികസന നയത്തിനും തുടക്കം കുറിക്കുന്നത്‌ മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണത്തില്‍ അടിയുറച്ചുകൊണ്ടാണ്‌. ഈ നിലപാടുകളെ പിന്‍പറ്റാന്‍ പരിസ്ഥിതി മാര്‍ക്സിസത്തിന്റെ വക്താക്കള്‍ ശ്രമിക്കുന്നുണ്ട്‌. സോവിയറ്റ്‌ യൂണിയന്റെ തിരിച്ചടിക്ക്‌ കാരണമായ അടിസ്ഥാന രാഷ്ട്രീയ കാരണങ്ങളെ വിശദീകരിക്കാനോ പഠിക്കാനോ തയ്യാറാകാതെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഉണ്ടായ അവഗണനയോ നിലപാടില്ലായ്മയോ ആയി അതിനെ ചുരുക്കി കാണുന്നുണ്ട്‌.
എന്തു വില കൊടുത്തും സമ്പദ്ഘടനയുടെ വളര്‍ച്ച ലക്ഷ്യമിടുന്ന ,മുതലാളിത്ത വികസന വക്താക്കള്‍, ദുര മൂത്ത ലാഭക്കൊതിയിലാണ്‌ ലോകത്തിന്റെ പരിസ്ഥിതി നാശത്തിന്‌ അടിത്തറപാകിയതും ഇന്നത്തെ അതി ഭീകരാവസ്ഥയിലേക്കെത്തിച്ചതും. വ്യവസായിക വിപ്ലവത്തിനുശേഷമുള്ള കാലവും, ഇന്ന് നവലിബറലിസത്തിന്റേയും ആഗോളീകരണത്തിന്റേയും കാലമാകുമ്പോഴേയ്ക്കും ആഗോള താപനത്തിന്റേയും മറ്റും കാര്യത്തില്‍ പ്രകൃതി ശാസ്ത്രജ്ഞന്മാര്‍ ഉല്‍കണ്ഠാകുലരുമാണ്‌. ഒപ്പം ലോകജനതയും പരിസ്ഥിതിവിനാശത്തിന്റെ കാരണക്കാരായ മുതലാളിത്തവും സാമ്രാജ്യത്വവും പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തു നിര്‍ത്തി വിചാരണചെയ്യപ്പെടേണ്ടതിനു പകരം " പരിസ്ഥിതി ചിന്തയിലൂന്നുന്ന മാര്‍ക്സിസം" എന്ന പുതിയ സിദ്ധാന്തം പിറവിയെടുക്കുന്നത്‌ സാമ്രാജ്യത്വ സിന്താസംഭരണികളില്‍ നിന്നു തന്നെയാണ്‌ എന്ന് തിരിച്ചറിയണം.
വര്‍ഗ്ഗ പ്രത്യശാസ്ത്രത്തിലൂന്നുന്ന മാര്‍ക്സിസത്തിനു പകരം വര്‍ഗ്ഗ നിലപാടിന്റെ കറ പുരളാത്ത " എക്കോ മാര്‍ക്സിസം" പകരം വക്കുക എന്നതിനര്‍ഥം ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ ബൃഹദാഖ്യാന സമഗ്രതയെ നിഷേധിച്ച്‌ അതിനിനി നിലനില്‍പില്ല എന്നു വരുത്തി തീര്‍ക്കുക എന്നതാണ്‌.
നിലനില്‍പിന്റേയും മനുഷ്യ സ്വാതന്ത്ര്യത്തിന്റേയും സമൂഹ സ്വാതന്ത്ര്യത്തിന്റേയും അടിസ്ഥാനത്തില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തില്‍ ഒരു ക്രമീകരണത്തിന്റെ ആവശ്യകത മാര്‍ക്സ്‌ എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നു. അദ്ധ്വാനത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്ന മനുഷ്യന്‍ യഥാര്‍ഥത്തില്‍ പ്രകൃതിയില്‍ നിന്നു തന്നെയാണ്‌ അന്യവല്‍ക്കരിക്കപ്പെടുന്നത്‌ എന്ന് മുതാലാളിത്തം സൃഷ്ടിക്കുന്ന പാരിസ്ഥികാഘാതങ്ങള്‍ക്കെതിരായി തന്റെ വിമര്‍ശനങ്ങളില്‍ മാര്‍ക്സ്‌ മുന്നോട്ട്‌ വച്ചിരുന്നു.
ആഗോളീകരണത്തിന്റേയും വിപണി വ്യവസ്ഥയുടേയും മൂലധനാധിപത്യത്തിന്റേയും നിലനില്‍പ്‌ ലാഭേഛയിലാണെന്ന് തിരിച്ചറിയുകയും, മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വത്തിന്‌ പാരിസ്ഥിതിക വിനാശം ഒരു പ്രശ്നമേ അല്ലെന്നും അത്‌ ജനങ്ങളോടും പ്രകൃതിയോടും യുദ്ധം ചെയ്യുകയാണെന്നും വര്‍ത്തമാനകാലം തെളിയിക്കുന്നുണ്ട്‌.
മാര്‍ക്സിസത്തിന്‌ പുനര്‍ വായന രചിക്കുന്ന പോസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ ബുദ്ധി ജീവികളും നവലിബറല്‍ സിന്താകേന്ദ്രങ്ങളും ചരിത്രത്തിന്റെ അന്ത്യം (end) പ്രഖ്യാപിച്ച ഹണ്ടിംഗ്‌ടണിന്റെയും ഫുക്കോയാമയുടേയും തുടര്‍ച്ചക്കാര്‍ മാത്രമാണ്‌. വര്‍ഗ്ഗസമരത്തിന്റെ കാലം കഴിഞ്ഞു എന്ന് ഉദ്ഘോഷിക്കുകയും മര്‍ക്സിസത്തിന്റെ വര്‍ഗ്ഗനിലപാടുകള്‍ക്ക്‌ കടക വിരുദ്ധമായ പ്രത്യശാസ്ത്ര സമീപനങ്ങള്‍ മാര്‍ക്സിസവുമായി കൂട്ടുകെട്ടി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ മാര്‍ക്സിസത്തേയോ പരിസ്ഥിതിയേയോ ജനങ്ങളേയോ രക്ഷിക്കാനല്ല, മറിച്ച്‌ ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ അന്ത്യം കുറിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ഗൂഢ പദ്ധതികളാണ്‌. ശുദ്ധാത്മാക്കളായ നിരവധിയാളുകള്‍ ഇന്നിത്തരം സമീപനങ്ങളില്‍ കുടുങ്ങിപ്പോകുന്നു. എന്തായാലും പാരിസ്ഥിതിക മാര്‍ക്സിസം എന്ന സംജ്ഞ മര്‍ക്സിസ്റ്റേതരമായ ഒരു സിന്താ പദ്ധതി മാത്രമാണ്‌. അതിന്റെ ഉത്‌ഭവമാകട്ടെ സാമ്രാജ്യത്വ ബുദ്ധികേന്ദ്രങ്ങളില്‍ നിന്നുമാണ്‌.

വി. എ. ബാലകൃഷ്ണന്‍