Tuesday, July 17, 2007

വളരുന്ന പുസ്‌തക വിപണിയും തളരുന്ന വായനയും.

വിഷയാവതരണം : ഇ.എ.സലീം.

കണക്കുകളെ ആധാരമാക്കിയാണല്ലോ നാം പുസ്‌തകവിപണി വളരുന്നു എന്ന് അവകാശപ്പെടുന്നത്‌. ആ വളര്‍ച്ചയ്ക്ക്‌ നാലു കാരണങ്ങളാണ്‌ ഞാന്‍ കാണുന്നത്‌.
1. വിദ്യാഭ്യാസമുള്ളവരുടെ വര്‍ദ്ധനവ്‌ : മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വിദ്യാഭ്യാസത്തിലുണ്ടായ കുതിച്ചുകയറ്റം വായിക്കുന്നവരുടെ എണ്ണം/ വായിക്കാന്‍ പ്രാപ്‌തിയുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. ഇത്‌ പുസ്‌തകവിപണിയുടെ വളര്‍ച്ചയ്ക്ക്‌ കാരണമായി.
2. ധനത്തിന്റെ ദ്രവ്യത : മുന്‍പും സ്വന്തമായി ഒരു പുസ്‌തകം വാങ്ങണമെന്നും അത്‌ സൂക്ഷിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നവര്‍ ധാരാളമുണ്ടായിരുന്നെങ്കിലും അതിന്‌ കഴിവുണ്ടായിരുന്നവര്‍ തൂലോം കുറവായിരുന്നു. വളരെക്കുറച്ചുപേര്‍ക്കു മാത്രമാണ്‌ അതിനു സാധിക്കുമായിരുന്നത്‌. വായിക്കാന്‍ ആഗ്രഹമുള്ള മറ്റുള്ളവര്‍ ലൈബ്രറികളെ ആശ്രയിക്കുക എന്നതുമാത്രമായിരുന്നു അന്നത്തെ പോംവഴി. എന്നാല്‍ ഇന്ന് പണം ധാരാളമായി എല്ലാവരുടെയും കൈയില്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഒരാള്‍ക്ക്‌ ഒരു പുസ്‌തകം വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത്‌ വാങ്ങുക അത്ര പ്രയാസമുള്ള സംഗതിയല്ല. അത്‌ പുസ്‌തകവിപണിയെ വളര്‍ത്തിയിട്ടുണ്ട്‌.
3. അലങ്കാരത്തിനുവേണ്ടി വാങ്ങുന്ന പുസ്‌തകങ്ങള്‍ : ഇന്ന് പുസ്‌തകങ്ങള്‍ വാങ്ങിക്കുന്നത്‌ വായിക്കുവന്‍ വേണ്ടി മാത്രമല്ല ഷെല്‍ഫുകള്‍ അലങ്കരിക്കുന്നതിനുവേണ്ടിക്കൂടിയാണ്‌. പുസ്‌തകം പൊങ്ങച്ചത്തിനുവേണ്ടിയുള്ള പ്രദര്‍ശവസ്‌തുവായി ഇക്കാലത്ത്‌ മാറിയിരിക്കുന്നു. അതും പുസ്‌തകവിപണിയെ വളര്‍ത്തുന്നു.
4. ഉയര്‍ന്ന സര്‍ക്കാര്‍ ഗ്രാന്റ്‌ : ഇന്ന് ഗ്രന്ഥശാലകള്‍ക്ക്‌ പുസ്‌തകം വാങ്ങുന്നതിനുവേണ്ടി നല്ലൊരു തുക സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്‌. അതുകൂടാതെ സ്‌കൂളുകളിലും മറ്റും മാനേജുമെന്റുകള്‍ സ്വന്തം പണം മുടക്കിയും പുസ്‌തകങ്ങള്‍ വാങ്ങിക്കുട്ടുന്നു. ഇത്‌ പുസ്‌തവിപണിയുടെ വലുപ്പം വല്ലാതെ കൂട്ടിയിട്ടുണ്ട്‌.
പുസ്‌തകവിപണിയുടെ വളര്‍ച്ചയ്ക്ക്‌ കാരണമായ മുകളില്‍ പ്രസ്‌താവിച്ചവയില്‍ ആദ്യത്തെ ഒന്നൊഴിച്ച്‌ ബാക്കി മൂന്നും വായനയുമായി നേരിട്ട്‌ ബന്ധമൊന്നുമില്ലാത്ത വളര്‍ച്ചയാണെന്നു കാണാം. തന്നെയുമല്ല, മൂല്യവത്തായ ഒരു വായന ഇന്നു നടക്കുന്നുണ്ടോ എന്നും സംശയമുണ്ട്‌. വില്‌ക്കപ്പെടുന്ന പുസ്‌തകങ്ങളുടെ സ്വഭാവം പരിഗണിച്ചാല്‍ അത്‌ മനസ്സിലാവും. 'എങ്ങനെ ജീവിത വിജയം കൊയ്യാം..?' 'ജീവിതത്തില്‍ വിജയിക്കാനുള്ള അഞ്ചു വഴികള്‍' 'ഇവര്‍ വിജയിച്ചതെങ്ങനെ?' എന്നിങ്ങനെയുള്ള ജീവിതവിജയ ഗുളികകളാണ്‌ ഇന്ന് വില്‌ക്കപ്പെടുന്നവയില്‍ ഏറെയും. അല്ലെങ്കില്‍ ലൈംഗീക വിവാദ ഗ്രന്ഥങ്ങള്‍. കേരളത്തിലെ ലൈംഗീക തൊഴിലാളിയുടേതു മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റിന്റെ വെപ്പാട്ടിയുടെ ജീവിതകഥയും കേരളത്തിലെ ബെസ്‌റ്റ്‌ സെല്ലര്‍ ആയിരുന്നു എന്ന് ഓര്‍ക്കുക.
ഇതിനെയൊന്നും ജീവിതമൂല്യം തേടിയുള്ള വായന എന്നു വിളിക്കാനാവില്ല. ആ അര്‍ത്ഥത്തിലാണ്‌ വായന തളരുന്നു എന്ന് നാം പറയേണ്ടി വരുന്നത്‌.
വായനയുടെ തളര്‍ച്ചയെ മറ്റൊരു തരത്തിലും നാം കാണേണ്ടതുണ്ട്‌. ഓരോ പുസ്‌തകവും ഓരോ വായനക്കാരനും ഓരോ തരത്തിലാണ്‌ വായിക്കുന്നത്‌. ആ ഓരോ വായനയിലൂടെയും ആ പുസ്‌തകത്തിന്‌ ഒരു പുതിയ അര്‍ത്ഥതലം കൈവരുന്നുണ്ട്‌. പുതിയ മാനങ്ങള്‍ കൈവരുന്നുണ്ട്‌. പുതിയ ദര്‍ശനങ്ങള്‍ വെളിപ്പെട്ടുവരുന്നുണ്ട്‌. എന്നാല്‍ അത്തരത്തിലുള്ള അര്‍ത്ഥവത്തായ വായന ഇന്ന് തീര്‍ത്തും അന്യമായിക്കൊണ്ടിരിക്കുന്നു. ഒരു പുസ്‌തകം വെറുതെ വായിക്കപ്പെടുന്നു എന്നല്ലാതെ ആ പുസ്‌തകം പ്രദാനം ചെയ്യുന്ന അന്തഃസത്തയെ ഖനനം ചെയ്‌തെടുക്കാന്‍ പ്രാപ്‌തരായ വയനക്കാര്‍ ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുന്നു. അതാണ്‌ വായനയുടെ മറ്റൊരു തളര്‍ച്ച. മലയാളത്തില്‍ നിരൂപണ ശഖയ്ക്ക്‌ അന്ത്യം കുറിച്ചതും ഇത്തരം വായനയുടെ അഭാവമാണ്‌.
നല്ല വായനക്കാര്‍ എന്നും ഒരു ന്യൂനപക്ഷമായിരുന്നു. ആ ന്യൂനപക്ഷം ഇന്നും നന്നായി വായിക്കുന്നുണ്ട്‌. അത്തരത്തില്‍ വായന നിലനില്‌ക്കുന്നു എന്നും നമുക്ക്‌ പറയാം.

(പുസ്‌തകോത്സവത്തോട്‌ അനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ നിന്ന്...)