Saturday, July 14, 2007

മാധ്യമങ്ങള്‍ പങ്കുവയ്‌ക്കുന്ന മലയാള സാഹിത്യം

പുസ്‌തകോത്സവത്തോടനുബന്ധിച്ച്‌ സുധീശ്‌ കുമാര്‍ അവതരിപ്പിച്ച ' മാധ്യമഭാഷയും മലയാളസാഹിത്യവും' എന്ന വിഷയത്തിന്റെ തുടര്‍ചര്‍ച്ചയില്‍ നിന്ന് പ്രസക്‌തഭാഗങ്ങള്‍....

ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഭാഷ വിഷ്വല്‍ മീഡിയകളുടെ ഭാഷതന്നെയാണ്‌. അത്‌ ജനങ്ങളിലേക്ക്‌ വളരെ ആഴത്തില്‍ കടന്നു ചെല്ലുന്നുണ്ട്‌. ഈ ഭാഷ മലയാളസാഹിത്യത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ട വസ്‌തുതയാണ്‌. ഈ മിഡിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാഹിത്യത്തിലേക്ക്‌ കടന്നുവരുമ്പോള്‍ അതിന്റെ സ്വാധീനം സ്വഭാവികമാണ്‌. ഏബ്രഹാം മാത്യുവിന്റെ ഒക്കെ ഭാഷ അത്തരത്തിലുള്ളതാകാം.
- ഇ.വി. രാജീവന്‍

വലിയ പഠനത്തിനു വിധേയമാക്കേണ്ട ഒരു വിഷയമാണിത്‌. ഇത്തരമൊരു ചര്‍ച്ചയ്ക്ക്‌ എത്രത്തോളം ഈ വിഷയം ഉതകും എന്ന് നിശ്ചയമില്ല. ഏതായാലും മാധ്യമങ്ങളുടെ ദൈനംദിന ഭാഷ മലയാളസാഹിത്യത്തെ സ്വാധീനിക്കുന്നുണ്ട്‌ എന്നതില്‍ സംശയമില്ല. അതത്ര ആശാസ്യകരമല്ല.
- ബിജു അഞ്ചല്‍

മുന്‍കാലങ്ങളിലെ പത്രാധിപന്മാര്‍ ഒരു ഉത്തമഭാഷ പത്രമാധ്യമങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അതിനു കാരണം അവര്‍ ധീഷണാശാലികളായിരുന്നു എന്നതുതന്നെയാണ്‌. അവരുടെ ഭാഷാപരിജ്ഞാനവും സാഹിത്യബന്ധവും ഇന്നത്തെ ഒരു പത്രാധിപന്മാര്‍ക്കോ മീഡിയാപ്രവര്‍ത്തകര്‍ക്കോ അവകാശപ്പെടാനില്ല. അങ്ങനെയാണ്‌ കനമുള്ള വാക്കുകളും നല്ല ഭാഷാപ്രയോഗങ്ങളും വര്‍ത്തമാനപത്രത്തിന്റെ ഭാഗമായത്‌. അവിടെ സാഹിത്യം മാധ്യമത്തെ സ്വാധീനിക്കുകയായിരുന്നു എന്നുകാണാം. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ സാഹിത്യത്തെയാണ്‌ സ്വാധീനിക്കുന്നത്‌. ഇത്‌ ഒരു വലിയ അപചയം നമ്മുടെ സാഹിത്യത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്‌. എല്ലാത്തിനെയും ലളിതവത്‌കരിക്കുക എന്ന ഉത്തരാധുനിക സ്വഭാവമാണ്‌ നാമിവിടെ കാണുന്നത്‌.
- ഇ.എ. സലീം

മാധ്യമഭാഷയും മലയാള സാഹിത്യവും തമ്മിലുള്ള ബന്ധത്തെ വേറൊരു വീക്ഷണകോണിലാണ്‌ ഞാന്‍ നോക്കിക്കാണുന്നത്‌. മലയാളത്തിലെ ഓരോ മാധ്യമത്തിനും അതിന്റേതായ ഒരു ഭാഷയുണ്ട്‌. മാതൃഭൂമിയുടെ ഭാഷ, മലയാളമനോരമയുടെ ഭാഷ, കേരളകൗമുദിയുടെ ഭാഷ. മനോരമയുടെതന്നെ ഉപോല്‌പന്നമായ ഭാഷാപോഷണിയ്ക്ക്‌ കൂടുതല്‍ ഗഹനമായ മറ്റൊരു ഭാഷ. ഇതില്‍ത്തന്നെ മാതൃഭൂമിയുടെ ഭാഷയെയാണ്‌ ആഢ്യത്തമുള്ള സാഹിത്യഭാഷയായി അംഗീകരിച്ചു വന്നിരുന്നത്‌. ഒരു കാലത്ത്‌ മലയാളസാഹിത്യത്തിലെ ഉന്നതന്മാരെല്ലാം മാതൃഭൂമിയുടെ സന്തതസഹചാരികള്‍ ആയിരുന്നതാവാം അതിനു കാരണം. ഇതിനെതിരെ ഒരു ബദല്‍നീക്കം അടുത്തകാലത്തായി മനോരമയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്‌. മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഒരു ഭാഗമായിവേണം അതിനെ കാണാന്‍. എഴുത്തുകാരായ സബ്‌ എഡിറ്റേഴ്‌സിനെ തങ്ങളുടെ സ്ഥാപനത്തിന്റെയും അതുവഴി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഭാഷയുടെയും വക്‌താക്കളാക്കാന്‍ മനോരമയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ബി. മുരളി, കെ.ആര്‍. മീര, കെ. രേഖ, രൂപേഷ്‌ പോള്‍, വിനു ഏബ്രഹാം എന്നിങ്ങനെ ഒരുപിടി മനോരമ എഴുത്തുകാരുടെ ഭാഷ പഠിച്ചാല്‍ ഈ വ്യത്യാസം നമുക്ക്‌ വേഗം മനസ്സിലാവും. അവരുടെ ഭാഷയെയും പ്രമേയത്തെയുമാണ്‌ നിരൂപകര്‍ ഉത്തരാധുനികത എന്ന് തെറ്റായി വ്യാഖ്യാനിച്ചത്‌. മലയാള സാഹിത്യമണ്ഡലത്തില്‍ വ്യാപരിച്ചിരിക്കുന്ന ഭാഷയെ തങ്ങളുടെ പിടിയിലാക്കാനുള്ള മനോരമയുടെ ശ്രമത്തില്‍ നീരുപകര്‍ വീണു പോകുകയാണുണ്ടായത്‌. മറുഭാഗത്ത്‌ സുഭാഷ്‌ ചന്ദ്രന്‍ എന്നൊരു എഴുത്തുകാരനെ മാത്രമേ എടുത്തുകാണിക്കുവാനുള്ളു. ഓരോ എഴുത്തുകാരനും വ്യതിരിക്‌തമായ ഒരു ഭാഷ ഉണ്ടാവേണ്ടതിനു പകരം ഒരുപിടി എഴുത്തുകാര്‍ സംഘഗാനം പോലെ ഒരു മാധ്യമത്തിന്റെ ഭാഷ എടുത്ത്‌ സാഹിത്യത്തില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതാണ്‌ നാമിന്ന് കാണുന്നത്‌. മാധ്യമഭാഷയും മലയാളസാഹിത്യവും തമ്മിലുള്ള പ്രധാന ബന്ധം ഇതാണെന്നാണ്‌ എന്റെ പക്ഷം
- ബെന്യാമിന്‍

ബെന്യാമിന്‍ പറഞ്ഞ കാര്യം തന്നെയാണ്‌ ഈ വിഷയം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന് എനിക്കുതോന്നുന്നു. ഭാഷയുടെ ഒരു പിടിച്ചടക്കലും ഭാഷയുടെ ഒരു കിടമത്സരവും മലയാളത്തില്‍ നടക്കുന്നുണ്ട്‌. ഒരു മാധ്യമം അവരുടെ സബ്‌ എഡിറ്റേഴ്‌സിനെ കൃത്യമായി ഉപയോഗിച്ചുകൊണ്ട്‌ അവരുടെ ഭാഷ മലയാളസാഹിത്യത്തില്‍ വ്യാപകമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരതില്‍ ഒട്ടൊക്കെ വിജയിച്ചു എന്നുവേണം കരുതാന്‍. ഒരു കാലത്ത്‌ ഉന്നതമായിരുന്ന മലയാളസാഹിത്യഭാഷ 'മാ' ഭാഷയിലേക്കെത്താന്‍ ഇനി അധികദൂരമില്ലെന്നു തോന്നുന്നു.
- വി.എ. ബാലകൃഷ്ണന്‍.

1 comment:

മനോജ് കുറൂര്‍ said...

ഒരു തരത്തിലുള്ള അന്തമില്ലായ്കയില്‍നിന്നാണ് ഈ കമന്റ് എഴുതുന്നത്. കൂടുതലും കവിതയും ലേഖനവുമാണ് ഞാന്‍ എഴുതാറെന്നുള്ളതുകൊണ്ട് ഒരുതരം സുരക്ഷിതത്വവുമുണ്ട്.(ഇതേപോലെ സാമാന്യവല്‍ക്കരിച്ചുകൊണ്ട് മാധ്യമങ്ങളില്‍ ലഭിക്കുന്ന സ്പേസ് അനുസരിച്ചു പരുവപ്പെടുത്തിയതാണ് കവിത ചെറുതാകാന്‍ കാരണം എന്നൊരാക്ഷേപം കവിതയെക്കുറിച്ചു കേട്ടതോര്‍മ വരികയും ചെയ്തു. എന്നാല്‍ ഞാന്‍ എഴുതിയ കോമാ എന്ന ഒറ്റപ്പുസ്തകമാക്കാന്‍ പോന്ന ഒരു കവിത ഭാഷാപോഷിണിയുടെ ഒറ്റലക്കത്തില്‍ വരുന്നതിന് ബുദ്ധിമുട്ടുണ്ടായില്ല.(അയ്യോ! മനോരമപക്ഷത്തു ചേര്‍ക്കരുതേ! മാതൃഭൂമിയിലും മാധ്യമത്തിലുമൊക്കെ കവിത ധാരാളം വന്നിട്ടുണ്ടേ!)
ഇനി കാര്യത്തിലേക്ക്. ബന്യാമീന്‍ എന്ന ഞാനിഷ്ടപ്പെടുന്ന കഥാകൃത്ത് എഴുതിയതുകണ്ടപ്പോള്‍ ഇതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നൊരു വിചാരം തോന്നി. തീര്‍ച്ചയായും പത്രപ്രവര്‍ത്തനത്തിന്റെ ഭാഷ സമകാലികകഥയെ സ്വാധീനിച്ചിട്ടുണ്ട്. ബി.മുരളിതന്നെ തന്റെ കഥാവ്യാപാരത്തെ സമാന്തരപത്രപ്രവര്‍ത്തനമായി വ്യാഖ്യാനിച്ചതും ഓര്‍മ വരുന്നു. പക്ഷേ അതു സംഭവിച്ചതിനെക്കുറിച്ചുള്ള പത്രവാര്‍ത്തകളില്‍നിന്നു ഭിന്നമായി സമകാലികമായി സംഭാവ്യമായവയെക്കുറിച്ചുള്ള വിവരണമെന്ന അര്‍ത്ഥത്തിലാണെന്നു തോന്നുന്നു.
മനോരമയായാലും മാതൃഭൂമിയായാലും പത്രപ്രവര്‍ത്തനത്തില്‍ അത്രയധികം വ്യതിരിക്തമായ സ്വത്വം ഭാഷയില്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. ഏബ്രഹാം മാത്യുവിന്റെ ഭാഷയും ഒരര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തകന്റെ ഭാഷയാണല്ലൊ. അയാള്‍ മാതൃഭൂമിയില്‍നിന്നല്ലേ കൈരളിയിലേക്കു പോയത്? അപ്പൊ മുരളിയുടെ മനോരമഭാഷ, സുഭാഷ് ചന്ദ്രന്റെ മാതൃഭൂമിവാരിക-ബാലഭൂമി ഭാഷ, ഏഭ്രഹാം മാത്യുവിന്റെ മാതൃഭൂമിപത്ര-കൈരളി ഭാഷ എന്നൊക്കെ സാമാന്യവത്ക്കരിക്കാവുന്ന വിധത്തിലാണോ കാര്യങ്ങള്‍?
മനോരമയും മാതൃഭൂമിയും അതിനെ സബ് എഡിറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നെനിക്കറിയില്ല.(ഹൊ! ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം എന്നെ ഒന്നു പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍!) ഉണ്ടെങ്കില്‍ത്തന്നെ അത് സ്വന്തം മാധ്യമഭാഷയ്ക്ക് പ്രചാരം നല്‍കാനാണെന്നൊക്കെ പറഞ്ഞാല്‍ വിഴുങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. സാഹിത്യഭാഷ പത്രഭാഷയോടടുക്കുന്നത് മറ്റു ഭാഷകളിലെയും സമകാലികപ്രവണതയാണ്. പൈങ്കിളിയെന്നും വരേണ്യമെന്നും വേര്‍തിരിക്കാനാവാത്ത ഒരവസ്ഥ അതു സൃഷ്ടിച്ചിട്ടുമുണ്ട്. അതിനെക്കുറിച്ചാലോചിക്കാന്‍ പ്രേരിപ്പിക്കുന്ന ഉത്തരാധുനികസിദ്ധാന്തങ്ങളുടെ പ്രളയവുമുണ്ട്. ഇതു മലയാളത്തിലെ മാത്രം കാര്യമല്ല എന്നു പറയാന്‍ ധൈര്യം തരുന്ന വായന എനിക്കുണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം.
എങ്കിലും പറഞ്ഞതു ബന്യാമീന്‍ ആണെന്നത് എന്റെ അദ്ഭുതം നില നിര്‍ത്തുന്നു. എഴുതാന്‍ ശേഷിയുള്ള താങ്കളെപ്പോലുള്ളവര്‍ക്ക് ഇതുവല്ലതും ഒരു കാര്യമാണോ സുഹൃത്തേ!