കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട കവിതകള്‍
നായാട്ട്
കവിത കെ. കെ.
ഇരുണ്ട കാനനം
അയഞ്ഞ കടിഞ്ഞാ-
ണമര്‍ഷമശ്വങ്ങള്‍
ചുരമാന്തുന്നു
ഇരയാണെനിക്ക്
ഭയമാണെന്റെ
നിഴലു പോലും
വളഞ്ഞിരിക്കുന്നു
ഭയമാണ് പുറകിലിരുട്ടാ
ണവിടെയമ്പിന്‍
മുനത്തിളക്കം
പുറകിലെപ്പോഴാ-
ണമ്പുതറച്ചതെന്നെ-
ക്കൊടിയ വേദന
യെതിരേല്‍ക്കുന്നത്
ഭയമാണ്
തണലില്‍ തളര്‍ച്ചയാറ്റാന്‍
ഇലകള്‍ക്കിടയിലൂ-
ടരിച്ചെത്തും വെളിച്ചവും
ഇവിടെയെന്നെ
ക്കാട്ടിക്കൊടുക്കും.
കുതിച്ചിടുമ്പോള്‍
ഹൃദയമിടിപ്പിന്റെ
ഗതിവേഗം തടയുന്നോ ?
തളരുന്നുവോ മനം
വിഫലമോ
ഇരയല്ല നായാടി
യെന്നറിയുമ്പോള്‍
കുതിക്കയാണു കാമന
ഏതൊരിരയ്‌ക്കു പിമ്പെ ?
ഇവിടെ ഞാനെന്റെ
ശക്തിയറിയുന്നു
തളരുമിരയെ കടന്നെടുത്ത്
മുരളും കാമന
കുടഞ്ഞെറിയുന്നു
ഭയമാണുള്ളിലിരുട്ടാണവിടെ
ഇരയായ്, വേടനായ് ഞാ-
നൊരു കുതിക്കാ
യോങ്ങിയിരിപ്പൂ
ഭയമെന്റെ മിഥ്യാ കവചം
അപ്പടം പൊഴിക്കാനു-
മെനിക്കു ഭയം.
ഒരു കാറ്റിന്റെ കഥ
രാജു ഇരിങ്ങല്‍
ഒരു കാറ്റു വന്നപ്പോഴാണ്
തലയിലെ ഇലയനങ്ങിയത്
ഒരു ഇലയനങ്ങിയപ്പോഴാണ്
ഇരകളെല്ലാം ഓടി മാളത്തിലൊളിച്ചത്
ഒരു മാളം തുരന്നപ്പോളാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ തടഞ്ഞത്.
ഒരു മനുഷ്യന്റേതാകാം
ഒരു കാട്ടു മൃഗത്തിന്റേതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്റെ തെളിവുകളാകാം
കടലിന് തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില് ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍ന്നൊരു കിളി എത്തുന്നു
കഥ പറയാനോ
അയവിറക്കാനോ
ഏതോ രാക്ഷസന്റെ ഊതലില്‍നിന്ന് ഉറ പൊട്ടിയ
നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതി കുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളം കണ്ടെത്തിയ പോലെ
ഇന്നു മാത്രമല്ലേ...
ഒരു സഹായമല്ലേ...
കരുണയല്ലേ...
എന്നേ കരുതിയുള്ളൂ
തളര്‍ന്നിരിക്കാനൊരു ദിവസമെങ്കിലും വേണമല്ലോ
ചാഞ്ഞ കൊമ്പിലല്ലേ കൂടൊരുക്കാന്‍പറ്റൂ....
നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങനെ പറയും ?
അറിയാതെ പറന്നെത്തി എന്റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ ?
അതോ തിരിച്ചു പോകാന്‍ വഴിയറിയുമോ ?
ഉപ്പു വെള്ളത്തില്‍ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്‌പിക്കാന്‍ കഴിയില്ല
ആയതിനാല്
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍ ഞാന്‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടെ....
Friday, August 1, 2008
Subscribe to:
Post Comments (Atom)
1 comment:
നല്ല കവിതകള്‍...
രാജുവിനും, കവിതക്കും അഭിനന്ദനങ്ങള്‍.
വീണ്ടും പ്രതീക്ഷയോടെ
നരിക്കുന്നന്‍
Post a Comment