Saturday, April 14, 2007

പാരിസ്ഥിതിക മാര്‍ക്‌സിസം - നാളെയുടെ ദര്‍ശനമോ..?

മനുഷ്യനന്മയ്ക്കുതകുന്ന നാളെയുടെ വഴി അന്വേഷിക്കുന്ന ഒരുവേളയില്‍ മാര്‍ക്സിസത്തില്‍ ഒരഭയം തിരക്കുക സ്വഭാവികമാണ്‌. ഇന്നലകളില്‍ ചില നല്ല പാത തെളിക്കുവാന്‍ അതിനായിട്ടുണ്ട്‌ എന്നതുതന്നെ കാരണം. തന്നെയുമല്ല ഇന്ന് നാം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും മാര്‍ക്സും ഏംഗല്‍സും മുന്നമേ പറഞ്ഞു വച്ചിട്ടുള്ളതുമാണ്‌. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടു പ്രധാന സംഗതികള്‍ നാം കണ്ടില്ലെന്ന് നടിച്ചു കൂടാ
1. മാര്‍ക്സിസത്തിന്റെ തെറ്റായ പ്രയോഗങ്ങളും അതുമൂലമുണ്ടായ വിനകളും
2. മാര്‍ക്സിസത്തിനു ശേഷമുണ്ടായ ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വിജ്ഞാനത്തിന്റെയും വളര്‍ച്ചയും അതുണ്ടാക്കിയ പുതിയ വൈരുദ്ധ്യങ്ങളും.
എന്നാല്‍ മാര്‍ക്സിസത്തെ ഇന്നും പ്രസക്‌തമാക്കി നിര്‍ത്തുന്നത്‌ പുതിയ പരിത:സ്ഥിതികളെ സൂക്ഷ്മവിശകലനം ചെയ്യാനുതകുന്ന ഒരു കണ്ണട എന്ന നിലയിലാണ്‌. അതുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ലോകത്തെമ്പാടും സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ നേരിട്ട പ്രതിസന്ധിയും തകര്‍ച്ചയും പലരും വാദിക്കുന്നതുപോലെ മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളെ അപ്രസക്‌തമാക്കുകയല്ല ഉണ്ടായത്‌ പകരം ദാര്‍ശനീകമായ പുതിയ ഉണര്‍വ്വുകള്‍ക്ക്‌ അത്‌ വളം വയ്ക്കുകയാണ്‌ ചെയ്‌തത്‌. സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങളുടെ തകര്‍ച്ചയുടെ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണം സത്യത്തില്‍ മാര്‍ക്സിസത്തിന്റെ ധാരാളം പുനര്‍വായനകള്‍ക്ക്‌ അവസരമൊരുക്കി. അത്തരത്തില്‍ ഭാവിലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഏറ്റവും പ്രസക്‌തവുമായ മാര്‍ക്സിസ്റ്റ്‌ പുനര്‍വായനയാണ്‌ ഇക്കോ മാര്‍ക്സിസം എന്നപേരില്‍ ഇന്ന് അറിയപ്പെടുന്നത്‌.
ചരിത്രം ഒരിക്കലും പിന്‍മടക്കമല്ല. പരിസ്ഥിതി പ്രതിസന്ധിയെ ഒരിക്കലും നമുക്ക്‌ അരാഷ്ട്രീയമായി വിലയിരുത്താനാവില്ല. കാരണം അതിന്‌ കോളനീവത്‌കരണത്തിന്റെയും അന്തര്‍ദേശീയ വിഭവചൂഷണത്തിന്റെയും മുതലാളിത്ത ദുരയുടെയും പശ്ചാത്തലം ഉണ്ട്‌.
വികസ്വരദേശങ്ങളില്‍ പരിസ്ഥിതി ചിന്തയുടെ കേന്ദ്രബിന്ദു മനുഷ്യന്‍ തന്നെയാണ്‌. കാരണം വികസിത രാജ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കാടുകളും മറ്റ്‌ വന്യപ്രദേശങ്ങളും മനുഷ്യന്റെ ജീവിതായോധനോപാധികളും ആവാസകേന്ദ്രങ്ങളുമാണ്‌. കാടിനെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളും കടലിനെയും ജലാശയങ്ങളെയും ആശ്രയിച്ചുജീവിക്കുന്ന മുക്കുവരും കര്‍ഷകരും വന്‍പദ്ധതികള്‍ മൂലം കുടിയിറക്കപ്പെടുന്ന ഗ്രാമീണരും എല്ലാം പരിസ്ഥിതിയുടെ നാശം മൂലം ദുരന്തഫലം അനുഭവിക്കുന്നവരാണ്‌. പാശ്ചാത്യ ലോകത്തിന്റെ ഭൗതീകസമൃദ്ധിയുടെ ഉപോല്‌പന്നമായി വളര്‍ന്നുവന്ന ഗഹന പരിസ്ഥിതിവാദത്തെ (ഡീപ്പ്‌ ഇക്കോളജി) പാരിസ്ഥിതിക മാര്‍ക്സിസം നിരാകരിക്കുന്നുണ്ട്‌ എന്ന പ്രധാനവസ്‌തുതയും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്‌. പ്രകൃതിയുടെ വിശുദ്ധിയിലേക്ക്‌ മടങ്ങുക എന്നാതായിരുന്നു ഗഹന പരിസ്ഥിതിവാദത്തിന്റെ അടിത്തറ.മനുഷ്യകേന്ദ്രീകൃത ചിന്താഗതികള്‍ക്ക്‌ നേര്‍ വിപരീതമായി ഒരു ജൈവകേന്ദ്രീകൃത ചിന്താഗതിയായിരുന്നു അവരുടേത്‌.
അതിനാലാണ്‌ ഗഹന പരിസ്ഥിതി വാദത്തെ ഇക്കോ- മാര്‍ക്സിസം നിരാകരിക്കുന്നത്‌. മനുഷ്യനുകൂടി മുഖ്യസ്ഥാനമുള്ളതും എന്നാല്‍ പരിസ്ഥിതിയ്ക്കും സംസ്കാരത്തിനും വിനാശകരമല്ലാത്തതുമായ ഒരു പാരിസ്ഥിതികവാദമാണ്‌ അത്‌ മുന്നോട്ടു വയ്ക്കുന്നത്‌.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഓസോണ്‍ പാളിയുടെ തകര്‍ച്ചയുമൊക്കെ മനുഷ്യന്റെ അശാസ്‌ത്രീയമായ ഇടപെടല്‍കൊണ്ടുണ്ടായതാണ്‌. പുതിയപുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുക എന്നത്‌ മുതലാളിത്തത്തിന്റെ നിലനില്‌പിന്‌ അനിവാര്യമാണ്‌. വര്‍ദ്ധിച്ച ഉത്‌പാദനത്തിന്‌ വര്‍ദ്ധിച്ച തോതില്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു. തുടര്‍ച്ചയായി പുതുക്കപ്പെടുന്ന വിഭവങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹത്തിനേ ദീര്‍ഘകാലം നിലനില്‌ക്കാനാവൂ എന്നത്‌ കാലം തെളിയിച്ചിട്ടുള്ളതാണ്‌. പുരോഗതിയുടെ അടിത്തറ വര്‍ദ്ധിച്ച ഉപഭോഗമാണ്‌ എന്ന ധാരണ മാറിയെങ്കിലെ നമ്മളിന്ന് നേരിടുന്ന വലിയ വിപത്തുകളില്‍ നിന്ന് രക്ഷപെടാനാകൂ.

വന്‍തോതിലുള്ള ഉദ്‌പാദനത്തിനും വലിച്ചെറിയലിനും പകരം ദീര്‍ഘനാള്‍ നിലനില്‌ക്കുന്ന ഉത്‌പന്നങ്ങളുടെ നിയന്ത്രിത ഉത്‌പാദനത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണ്‌ സത്യത്തില്‍ വേണ്ടത്‌. വ്യവസ്ഥാപിത മാര്‍ക്സിസ്റ്റ്‌ സങ്കല്‌പത്തില്‍ സൃഷ്ടിക്കപ്പെട്ട ഭരണകൂടങ്ങള്‍ മുതലാളിത്ത രാജ്യങ്ങളുടെ അതേ പാതയിലൂടെ നീങ്ങിയതാണ്‌ അവയുടെ പരാജയങ്ങള്‍ക്ക്‌ കാരണമായതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്‌.
ജീവിതത്തെ ദുഷിപ്പിച്ച ആധുനിക വ്യവസായ സംസ്‌കൃതിയ്ക്ക്‌ ബദലായി വികേന്ദ്രീകൃതവും പരസ്പര ആശ്രയത്തില്‍ ഊന്നിയ ഗ്രാമീണരുടെ പ്രകൃത്യാനുസാരിയായ തൊഴിലുമാണ്‌ നമുക്കു വേണ്ടത്‌. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലേക്ക്‌ ഉദ്‌പാദനത്തെ പരിമിതപ്പെടുത്തുമ്പോള്‍ അത്‌ പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊള്ളും. ഇത്‌ പാരിസ്ഥിതിക മാര്‍ക്സിസത്തിന്റെ അടിസ്ഥാന ചിന്തകളില്‍ ഒന്നാണ്‌.
വര്‍ഗ്ഗ- വര്‍ണ്ണ - ലിംഗ ബോധങ്ങളെയും പാരിസ്ഥിതി ദര്‍ശനത്തിന്റെ മുഖ്യ സങ്കല്‌പങ്ങളെയും സ്വാംശീകരിക്കുക, മുതലാളിത്ത ഫാസിസ്റ്റ്‌ മത രൂപങ്ങളെ നിരാകരിക്കുക, മനുഷ്യകേന്ദ്രീകൃതമല്ലാതിരിക്കുമ്പോള്‍ തന്നെ മനുഷ്യവിരുദ്ധമാകാത്ത ഉല്‌പാദരീതിയിലും സാംസ്‌കാരിക സങ്കല്‌പത്തിലും അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റു സമൂഹം പടുത്തുയര്‍ത്തുക, എന്നിങ്ങനെ നിരവധി ഉത്തരവാദിത്വങ്ങള്‍ തങ്ങളുടെ മുന്നിലുള്ളതായി ഇക്കോ- മാര്‍ക്സിസ്റ്റുകള്‍ തിരിച്ചറിയുന്നു. അവിടെയാണ്‌ മാര്‍ക്സിയന്‍ കൃതികളുടെ പുനര്‍വായന പ്രസക്‌തമാകുന്നത്‌.
ഈ പുനര്‍വായന വ്യാപകമായ തലത്തില്‍ സാധ്യമായത്‌ നേരത്തെ പറഞ്ഞതുപോലെ സോവിയറ്റു യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ ഭരണകൂടങ്ങളുടെയും തകര്‍ച്ചയോടെയാണെങ്കിലും എഴുപതുകളുടെ തുടക്കം മുതല്‍ തന്നെ മാര്‍ക്സിയന്‍ ചിന്തകളുടെ പുനര്‍ വായന തുടങ്ങിക്കഴിഞ്ഞിരുന്നു. നിലവിലിരിക്കുന്ന സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ മുതലാളിത്തത്തിന്റെ അതേ പാതയാണ്‌ പിന്തുടരുന്നത്‌ എന്ന് തിരിച്ചറിഞ്ഞവരായിരുന്നു അതിന്റെ പിന്നില്‍.
മാര്‍ക്സിന്റെ കൃതികളുടെ പുനര്‍വായനയുടെ പ്രസക്‌തി, അത്‌ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍, പാരിസ്ഥിതിക മാര്‍ക്സിസത്തിന്റെ മുഖ്യ സങ്കല്‌പങ്ങള്‍, പരികല്‌പനകള്‍ എന്നിവ അടുത്ത ഭാഗത്തില്‍.

7 comments:

vimathan said...

നല്ല തുടക്കം, അഭിനന്ദനങള്‍,
പാരിസ്ഥിതിക മാര്‍ക്സിസം, എന്നത് എക്കോ-ഫെമിനിസം പോലെ ഒരു പോസ്റ്റ് മോഡേണ്‍ കാഴ്ച്ചപ്പാട് ആയിട്ടാണ് പലപ്പോഴും തോന്നാറുള്ളത്. മാര്‍ക്സിസത്തിന്റെ ചരിത്രപരതയെ തന്നെയാണ് ഈ പുതുവായനകള്‍ ചോര്‍ത്തി കളയുന്നത് എന്നും അതുകൊണ്ട് തന്നെ അവ വിപ്ലവകരമല്ല എന്നും “യാഥാസ്ഥിതിക” മാര്‍ക്സിസ്റ്റുകള്‍ വിമര്‍ശിക്കുമ്പോള്‍ ആ വാദങള്‍ അപ്പാടെ തള്ളിക്കളയാന്‍ നമുക്ക് സാധിക്കുമോ?

Rajeeve Chelanat said...

പ്രേരണ-ബഹറൈന്‍, ബ്ലോഗ്‌ കണ്ടു. ഇക്കോ-മാര്‍ക്സിസം പ്രസക്തമാവുന്നത്‌, അത്‌, ഭൂമിയുടെയും, മനുഷ്യന്റെയും നിലനില്‍പ്പിനെ പരസ്പരപൂരകമായി കാണുന്നു എന്നതുകൊണ്ടാണ്‌, സാമ്പ്രദായികമായ പരിസ്ഥിതിവാദത്തില്‍ നിന്ന് അത്‌ വ്യതസ്ഥമാവുന്നതും ആ നിലക്കാണ്‌.

"ഗ്രാമീണരുടെ പ്രകൃത്യനുസാരിയായ തൊഴിലുമാണ്‌ വേണ്ടത്‌"..'മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലേക്കു ഉത്‌പാദനത്തെ പരിമിതപ്പെടുത്തുമ്പോള്‍"... തുടങ്ങിയ ചില പ്രയോഗങ്ങള്‍ അവ്യക്തതയും, ആശയക്കുഴപ്പവും ഉണ്ടാക്കാന്‍പോന്നതുമാണ്‌.

അത്തരം ഒരു മടങ്ങിപ്പോക്ക്‌ അസാധ്യമാവുന്ന സാമൂഹ്യ-സാങ്കേതിക പശ്ചാത്തലമാണ്‌ ഇന്നുള്ളത്‌. മാത്രവുമല്ല, അത്‌, ഗാന്ധിജി മുന്നോട്ട്‌ വെച്ച തരത്തിലുള്ള ഉട്ടോപ്പിയന്‍ സങ്കല്‍പ്പനവുമാണ്‌. ഇന്നത്തെ നമ്മുടെ കടമ, വളരുന്ന ലോകത്തിന്റെ, സാങ്കേതികവിദ്യയുടെ, ആവശ്യങ്ങളുടെയൊക്കെ ഭൂമികയില്‍ നിന്നു കൊണ്ടുതന്നെ, അധിനിവേശത്തിന്റെ പാരിസ്ഥിതിവാദത്തെ പ്രതിരോധിക്കുക എന്നതാണ്‌.

പരിസ്ഥിതിയെ പരമാവധി ഉപയോഗിക്കുമ്പോള്‍ത്തന്നെ, ഈ പരിസ്ഥിതിയില്‍ നിന്ന് വേറിട്ടോ, അതിനെ നശിപ്പിച്ചോ മനുഷ്യന്‌ ഈ ഭൂമിയില്‍ മറ്റൊരു നിലനില്‍പ്പില്ല എന്ന (വൈരുദ്ധാത്മക)ബോധം തന്നെയാണ്‌ ഇക്കോ-മാര്‍ക്സിസം നമുക്കു വിനയപൂര്‍വ്വം കാഴ്ച്ചവെക്കുന്നത്‌.

ലോകത്തെ വ്യഖാനിക്കാനും, അതിലൂടെ, അതിനെ പുതുക്കിപ്പണിയാനും ശ്രമിച്ച ഒരേയൊരു രീതിശാസ്ത്രം എന്ന നിലക്ക്‌, മാര്‍ക്സിസം ഇന്നും പണ്ടത്തേക്കാളേറെ, കൂടുതല്‍കൂടുതല്‍ പ്രസക്തമാവുകയാണ്‌.

എതായാലും, ഇത്തരം ചര്‍ച്ചകള്‍ തുടങ്ങിവെച്ചതില്‍ സന്തോഷം.

ദുബായിലും ഒരു "പ്രേരണ" ഉണ്ടെന്ന കാര്യം അറിയാമായിരിക്കും, അല്ലേ?

സ്നേഹപൂര്‍വ്വം

paarppidam said...

മാര്‍ക്സിസമോ അതിപ്പോള്‍ ഒരു മരീചികയല്ലെ സുഹൃത്തെ? എ.ഡി.ബിക്കുമുമ്പിലും ലോകബാങ്കിനു മുമ്പിലും മുട്ടുകുത്തിയ ഇടതുപക്ഷക്കാര്‍ക്ക്‌ ഇനിയും മാര്‍ക്കിസത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുവാന്‍ മലയാളിക്ക്‌ എന്ത്‌ അവകാശം.ഇന്നു നടപ്പിലാക്കുന്ന നയങ്ങളിലെ വൈരുദ്യങ്ങളെക്കുറിച്ച്‌ തിരിച്ച്‌ ചോദിക്കാന്‍ കെല്‍പ്പില്ലാത്തെ അണികളുള്ളിടത്തോളം കാലം ഇത്‌ കേരളത്തില്‍ വിറ്റുപോകും.

ഇന്നത്തെ മാര്‍ക്കിസം പാരിസ്ഥിക്കു ദോഷമാണ്‌.പ്രസംഗങ്ങള്‍ ശബ്ദമലിനീകരണവും കുറിപ്പുകള്‍മൂലം പത്രക്കടലാസിനുവേണ്ടിമരങ്ങളും നശിപ്പിക്കപ്പെടുന്നു.

ഒരുജാഡക്കും മറ്റും ഇപ്പോഴും ചര്‍വ്വിത ചര്‍വ്വണം ചെയ്യുന്ന ആളുകള്‍ ഉണ്ട്‌. ബുദ്ധിപണയം വെച്ചവര്‍ക്ക്‌ ഇതിപ്പോഴും ഒരു ഹരമാ.നടക്കട്ടെ രാജീവെ.


തിരക്കിനിടയില്‍ വിശദമായി ഒരു കുറിപ്പിടുവാന്‍ സമയം ലഭിക്കാത്തതില്‍ ഖേദിക്കുന്നു

ബെന്യാമിന്‍ said...

ഇക്കോ മാര്‍ക്‌സിസത്തെ പോസ്‌റ്റു മോഡേണിസം എന്നു വിശേഷിപ്പിക്കുന്നതില്‍ അപാകതയുണ്ടെന്നു തോന്നുന്നു. മാര്‍ക്‌സിസത്തിന്റെ കാലത്തിനനുസരിച്ചുള്ള വായന എന്നുമാത്രം അതിനെ വിളിച്ചാല്‍ മതി. ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്നതുപോലെ ഒരു ദര്‍ശനം എന്നനിലയില്‍ മാര്‍ക്‌സിസത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ പ്രയോഗത്തില്‍ വന്നിട്ടുള്ള വീഴ്‌ചകള്‍ കാണാതെ നാം മുന്നോട്ടു പോയിട്ടുകാര്യമില്ല. ഇവിടെയാണ്‌ യാഥാസ്‌ഥിതിക മാര്‍ക്‌സിസ്റ്റുകളുടെ പരാജയവും.
ഏതൊരു ദര്‍ശനവും കാലാനുസൃതമായി പുതുക്കപ്പെടുകയും പുനര്‍വായിക്കപ്പെടുകയും വേണ്ടതുണ്ട്‌. മാര്‍ക്‌സിനുശേഷം ലോകത്തിനുവന്നിട്ടുള്ള മാറ്റങ്ങള്‍ പുതിയ ചിന്തകള്‍ക്ക്‌ കാരണമായിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കാലത്ത്‌ ഊഹിക്കാന്‍ പോലും കഴിയാതിരുന്ന പരിസ്ഥിതി നാശവും അന്തരീക്ഷ മലിനീകരണവുമാണ്‌ ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നിട്ടും മാര്‍ക്‌സ്‌ എത്രയധികം പരിസ്ഥിതി സംരക്ഷണത്തെ കാംക്ഷിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വ്യക്‌തമാക്കുന്നുണ്ട്‌. അതില്‍ ഊന്നിക്കൊണ്ടുള്ള ഒരു പുതിയ ചുവടുവയ്പ്പാണ്‌ പാരിസ്ഥിതിക മാര്‍ക്‌സിസം ഉന്നം വയ്ക്കുന്നത്‌. അതുപക്ഷേ മുതലാളിത്തത്തിന്റെ കണ്ടുപിടുത്തമാണെന്ന 'കണ്ടുപിടുത്തം' സത്യത്തില്‍ തങ്ങളുടെ അടിത്തറ തകര്‍ന്നുപോകുമോ എന്നു സംശയിക്കുന്ന യാഥാസ്ഥിതികമാര്‍ക്‌സിസ്റ്റു പാര്‍ട്ടികളുടേതാണ്‌ എന്നാണ്‌ എന്റെ പക്ഷം.
ഗ്രാമീണരുടെ പ്രകൃത്യാസുസാരിയായ തൊഴില്‍... എന്നു പറയുമ്പോള്‍ നാം ആധുനികതയിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ ഇന്നും കാര്‍ഷിക വൃത്തിയിലും പരമ്പരാഗത തൊഴിലിലും ഉപജീവനം കണ്ടെത്തുന്നവരാണെന്നോര്‍ക്കണം. ന്യൂനപക്ഷമായ ഉപരിവര്‍ഗ്ഗത്തിന്റെ സുഖഭോഗത്തിനുവേണ്ടി പ്രകൃതി ക്രമാതീതമായി നശിപ്പിക്കപ്പെടുമ്പോള്‍ തൊഴിലും അന്നവും അഭയവും നഷ്ടപ്പെടുന്നത്‌ ഈ ഭൂരിപക്ഷത്തിനാണ്‌. അതുകൊണ്ടാണ്‌ നാം ഉപഭോഗതൃഷ്‌ണ അവസാനിപ്പിക്കണമെന്ന് പറയുന്നത്‌.
യാഥാസ്‌ഥിതിക മാര്‍ക്‌സിറ്റുകളുടെ ചെയ്‌തികള്‍ കണ്ടുമടുത്തിട്ടാവണം 'പാര്‍പ്പിടം' മാര്‍ക്‌സിസത്തില്‍ ശക്‌തമായ അവിശ്വാസം രേഖപ്പെടുത്തുന്നത്‌. പക്ഷേ ഇന്നും അതിനു പകരം വയ്ക്കാന്‍ പറ്റിയ ഒരു ദര്‍ശനം നമ്മുടെ മുന്നിലില്ലെന്ന് നാം ഓര്‍ക്കണം.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഇന്നിനെ കുറിച്ച്‌ ചിന്തിക്കുകയും അതിനനുസരിച്ച്‌ പ്രതികരിക്കുകയും ചെയ്യുക.അല്ലാണ്ടെ പണ്ട്‌ ആരൊക്കെയോ റഷ്യയില്‍ പ്രസംഗിച്ചതും എഴുതിയതും ഒന്നും അവര്‍ക്കുപോലും ദഹിച്ചില്ല. അതുകൊണ്ടാണല്ലോ ലെനിന്‍പ്രതിമ തെരുവില്‍ തകര്‍ക്കപ്പെട്ടതും അവരുടെ പിന്തലമുറയിലെ യുവതികള്‍ക്ക്‌ ഗള്‍ഫുരാജ്യങ്ങളില്‍ മാംസവ്യാപാരത്തിനു വരേണ്ടിവന്നതും.



മാര്‍ക്കിസത്തെക്കുറിച്ച്‌ എഴുതുന്നതും വായിക്കുന്നതും സംസാരിക്കുന്നതും ഒക്കെ സമൂഹത്തില്‍ മാന്യത നല്‍കും എന്ന തെറ്റിദ്ധാരണയിലാണിപ്പോഴും ചിലര്‍.

പശുവും ചത്തു മോരിലെ പുളിയുമ്പോയി പിന്നാ മാര്‍ക്കിസത്തെക്കുറിച്ച്‌ ....


കേരളത്തിലും ബംഗാളിലും ഇന്നു നടക്കുന്നതിനെക്കുറിച്ച്‌ പത്തുകാശിനു വിവരം ഉള്ളവര്‍ മാര്‍ക്കിസം എന്നും പാരിസ്ഥിതിക പ്രശനം എന്നൊക്കെ പറഞ്ഞു നടക്കില്ല.


വേറേ പണിയൊന്നും ഇല്ലേല്‍ ദാ ഇവിടെ വരിക.
http://www.engandiyurcharitham.blogspot.com

എം.കെ.നംബിയാര്‍(mk nambiear) said...

very intresting, please tell your prerana,
all the best
mknambiear

Kabeer Katlat said...

The concept of Eco Marxism explained in the Perana article is positive. But the title may confuse as Post Modern (as detailed in last year october issue of Monthly Review). Instead of eco marxist, it should be understood 'The Marxist Approach towards Ecological issues. Its basic root reach upto atleast the understanding of F. Engles explained in his classic works.

Paarpidam grand a Marxist mask to anti-marxist forces (like West bangal Govt). There is a trick in it, granding a Marxist mask to anti-marxist and by then vulgurizing Marxist ideology itself.


Marxism is a noval thought process. It update upon ages, on concrete coditions. If faces new issues, new development, and explicit the nature of ever resebling laws of motion of class society. He further says 'think on today and respond accordingly' Yes, It is MARXIST Thought!!