ടാറ്റ ഉൾപ്പെടെയുള്ള വൻകിടക്കാർ കൈവശം വച്ചിരിക്കുന്ന ഭൂമിയും ഹാരിസൺ പ്ലാന്റേഷൻ ഉൾപ്പെടെ തോട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും തിരിച്ചുപിടിച്ച് ഭൂരഹിത കർഷകതൊഴിലാളികൾക്കും നാമമാത്രഭൂമിയുള്ള മണ്ണിൽപ്പണിയെടുക്കുന്ന കർഷകർക്കും വിതരണം ചെയ്യുന്നതിനുവേണ്ടി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ഒന്നിച്ചണിനിരന്ന് പോരാടുന്നതിനുവേണ്ടി സകല പുരോഗമന ശക്‌തികളും തയ്യാറാകണമെന്ന് പ്രേരണ ബഹ്‌റൈൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മൂന്നാർ ഒഴിപ്പിക്കൽ തുടങ്ങിവച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ. അച്ചുതാനന്ദൻ നടത്തിയ പ്രഖ്യാപനങ്ങൾ വെറും വാചകമടിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. മണ്ണിൽ പണിയെടുക്കുന്നവന് കൃഷിയ്ക്കായി ഭൂമി ലഭ്യമാക്കുന്നത് അരാജകത്വമാണെന്ന് ഭരിക്കുന്ന പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു. ഭൂമി മാഫിയാകളും റിയൽ എസ്റ്റേറ്റ് മാഫിയാകളും ഭീകരരൂപത്തിൽ വളർന്ന് ഭൂമി കുത്തകവത്കരിക്കുമ്പോൾ താഴ്‌ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കും വീടുവയ്ക്കുന്നതിനുവേണ്ടിയുള്ള ഒരുതുണ്ട് സ്ഥലത്തിന് ഭീമമായ തുക ഇടാനിലക്കാർ വഴി നല്‌കേണ്ടി വരുന്നു എന്ന യാഥാർത്ഥ്യം ഭരണപക്ഷ പാർട്ടികൾ കണ്ടില്ലെന്ന് നടിക്കുന്നു. സെസ്സിന്റെ പേരിൽ ഭൂമി തട്ടിയെടുക്കുവാൻ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തുന്ന ഉദ്യമങ്ങൾക്ക് ഒത്താശ ചെയ്‌തുകൊടുക്കുംവിധമാണ് സർക്കാർ നടപടികൾ. വൻകിട വ്യവസായങ്ങളുടെ മറവിൽ മണ്ണിൽപ്പണിയെടുക്കുന്ന കർഷകരെയും കർഷകതൊഴിലാളികളെയും ആട്ടിയോടിക്കുന്ന മനുഷ്യത്വഹീനമായ നടപടികളെക്കുറിച്ച് മുഖ്യധാരാ ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രവർത്തകരെങ്കിലും ആത്മവിചിന്തനം നടത്തേണ്ടതാണ്. ഭൂരഹിതരോ നാമമാത്രഭൂമിയുള്ളതോ ആയ ആദിവാസി, ദളിത്, മറ്റ് കീഴാളജനവിഭാഗങ്ങളും തോട്ടം തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടാക്കി പ്രശ്നം ഗുരുതരമാക്കാനുള്ള ശ്രമവും നടക്കുന്നു. തോട്ടങ്ങൾ ദേശസാത്കരിച്ചോ ഭൂപരിധിയിൽ കവിഞ്ഞ തോട്ടങ്ങൾ ഏറ്റെടുത്ത് തോട്ടം തൊഴിലാളികളുടെ സഹകരണസംഘങ്ങൾക്ക് നല്‌കിയോ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകൾ നീണ്ട സമരത്തിലൂടെ ജന്മിത്വം അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും കൃഷിഭൂമിയുടെ അവകാശം മണ്ണിൽ പണിയെടുക്കുന്നവനും, ഇനിയും പിടിച്ചെടുത്തിട്ടില്ലാത്ത പ്രഖ്യാപിത മിച്ചഭൂമി മുഴുവൻ കണ്ടെത്തി വിതരണം ചെയ്യാനും മൂന്നുസെന്റും ഒരു കൂരയും എന്ന തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശക്‌തമായ ജനകീയ പ്രതികരണം ഉണ്ടാക്കുന്നതിന് സകല പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അണിനിരക്കണമെന്ന് പ്രേരണ അതിന്റെ പ്രമേയത്തിലൂടെ അഭ്യർത്ഥിക്കുന്നു.
Friday, August 22, 2008
Subscribe to:
Post Comments (Atom)
4 comments:
മാനുഷികവും,മാനവികവുമായ ഇത്തരം അഭിപ്രായങ്ങള്‍ മുഴങ്ങി കേള്‍ക്കട്ടെ ബ്ലോഗുകളില്‍!
അഭിവാദ്യങ്ങള്‍ !
പ്രേരണയ്ക്ക് എല്ലാവിധ ആശംസകളും...നിങ്ങളുടെ പ്രവർത്തികൾ പലർക്കും പ്രേരകമാകട്ടെ...
പ്രേരണയുടെ സദുദ്ദേശത്തോടെയുള്ള ഇത്തരം പോസ്റ്റുകള്‍ അധികാരത്തിന്‍റെ തണല്‍പ്പറ്റിക്കിടക്കുന്നവരുടെ ഉറക്കം കെടുത്തുന്നതാവട്ടെ എന്നാശിക്കുന്നു.
പ്രേരണയുടെ സദുദ്ദേശം ,
അവകാശ സമരത്തിലൂടെ അതികാരത്തിലെത്തിയവര്‍ക്ക്
അവകാശികളെ തിരിച്ചറിയാന്‍ പ്രേരകമാകട്ടെ..
Post a Comment