Thursday, August 14, 2008

മടക്കയാത്ര - അലറല്‍

കടമ്മനിട്ട കാവ്യോത്സവത്തില്‍ നിന്നും മറ്റ് രണ്ടു കവിതകള്‍:

മടക്കയാത്ര
മൊയ്‌തീന്‍‌കായണ്ണ


മക്കളെ നിങ്ങളുടെ അച്ഛന്‍
കുടുംബത്തെ പച്ച പിടിപ്പിക്കാന്‍
ഒത്തിരി വേദന സഹിച്ചൊരാള്‍
വീണ്ടും യാത്ര പോകുന്നു
ഇനിയില്ല ഒരു മടക്കയാത്ര
എന്നു കരുതിയ ഒരു മൂഢന്‍

ജനിച്ചു വളര്‍‌ന്ന നാടിന്ന്
വെറുമൊരു അതിഥിയായ്
ആര്‍‌ക്കും വേണ്ടാത്ത ഓട്ട നാണയമായ്
സഹികെട്ടു വീണ്ടും യാത്ര പോകുന്നു

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്
ആദ്യമായ് യാത്ര തിരിക്കവെ
കരഞ്ഞു തളര്‍‌ന്ന അമ്മയിന്ന്
എയര്‍‌പോര്‍‌ട്ടിലേക്കുള്ള യാത്രയ്‌ക്ക്
സാരിയുടെ കളര്‍‌തിരയുകയാണ്.

ശത്രുക്കളായ് മൂട്ടയുണ്ടെങ്കിലും
ഉറങ്ങുവാനാകും മക്കളെ
നാട്ടിലെ പുഴയൊക്കെ
ദിശതെറ്റി ഒഴുകുന്നു
മക്കളെ നിങ്ങള്‍ സ്വയം കാക്കുക
അച്‌ഛന്‍‌ വീണ്ടും യാത്ര പോകുന്നു.



അലറല്‍
സജ്ജീവ് കടവനാട്


രാത്രി ഉറങ്ങാന്‍ ‌കിടക്കുമ്പോഴും
ടിക് ടിക്കെന്ന് മിടിച്ചിരുന്നതാണ്
രാവിലെ നേരത്തിന്
വിളിച്ചുണര്‍‌ത്താഞ്ഞപ്പോള്‍
കട്ടിലോട് കട്ടിലുരുമ്മിക്കിടന്ന
കിടപ്പറയിലെ
കന്യാകുമാരിക്കാരന്‍ ‌പങ്കാളി
തെല്ലമര്‍‌ഷത്തോടെ
ബാറ്ററി വീക്കാണെന്ന്
പല്ലിറുമ്മി പ്രസ്‌താവിച്ച്
ആപ്പീസിലേക്കിറങ്ങി

പ്രഭാതത്തില്‍നിന്നു
പ്രദോഷത്തിലേക്കോടിപ്പോകുന്ന
ആകാശപാതയിലെ
ഓട്ടക്കാരന്‍‌ പയ്യനൊരിക്കല്‍
നിശ്ചലനാകുന്നത് സ്വപ്‌നം കണ്ടു.

മഞ്ഞുരുകി
മലയുടെ വേര്‍‌പ്പുചാലായൊലിച്ച്
മലയന്റെ, പുലയന്റെ കുടിനീരായി
സമുദ്രത്തിലലിയുന്ന
നാണം കുണുങ്ങി പെണ്ണൊരിക്കല്‍
നിശ്ചലയാകുന്നത് സ്വപ്‌നം കണ്ടു.

നഗരത്തില്‍നിന്ന്
നഗരത്തിലേക്കൊഴുകുന്ന
സമയത്തിന്റെ
അതിവേഗ പാതയൊരിക്കല്‍
നിശ്ചലയാകുന്നത് സ്വപ്‌നം കണ്ടു.

സ്വപ്‌നം കണ്ട്
സ്വപ്‌നം കണ്ട് ഉറങ്ങവെ
ഉറക്കറപ്പങ്കാളി
വിരസമായ ആവര്‍ത്തനത്തിന്റെ
ഒരു ജോലിദിനം കൂടി പിന്നിട്ട്
കിടപ്പറയില്‍ ‌തിരിച്ചെത്തി
കയ്യിലെ കൊച്ചു ബാറ്ററി
തിരിച്ചും മറിച്ചും സ്ഥാപിച്ചു
അനക്ക മില്ലെന്നുറപ്പാക്കി
പതുക്കെയെന്നെ പൊക്കിയെടുത്ത്
പാതയരികിലെ
അളിഞ്ഞു നാറുന്ന
കുപ്പതൊട്ടിയിലേക്കെറിഞ്ഞ്
പതിയെ തിരിഞ്ഞു നടന്നു പോയ്.

3 comments:

പ്രേരണ - ബഹ്‌റൈന്‍ said...

കടമ്മനിട്ട കാവ്യോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു കവിതകള്‍ കൂടി. സജീവിന്റെ അലറല്‍ - മൊയ്‌തീന്‍ കായണ്ണയുടെ മടക്കയാത്ര

OAB/ഒഎബി said...

ശത്രുക്കാളായ് മൂട്ടയുണ്ടെങ്കിലും സുഖമായ് ഞാനുറങ്ങാറുണ്ട്. വിളിച്ചുണറ്ത്താന്‍ ഒരു ടിക് ടിക്ന്റെ ആവശ്യം ഇതു വരെ വന്നിട്ടില്ല.
ഒന്നമത്തേത് നന്നായിഷ്ടപ്പെട്ടു.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു